Image

സ്‌കോട്ടിഷ്‌ കൊടുമുടി കീഴടക്കാന്‍ ഇന്ത്യന്‍ ബാലന്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 03 March, 2012
സ്‌കോട്ടിഷ്‌ കൊടുമുടി കീഴടക്കാന്‍ ഇന്ത്യന്‍ ബാലന്‍
ലണ്ടന്‍: ജയ്‌ ശര്‍മ എന്ന ഏഴുവയസുകാരനായ ഇന്ത്യന്‍ ബാലന്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാനൊരുങ്ങുന്നു. മൂന്നു തവണ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിട്ടുള്ള ജയ്‌ ശര്‍മയോടൊപ്പം അച്ഛന്‍ സഞ്‌ജേഷ്‌ ശര്‍മയുമുണ്ടാകും.

ബെന്‍ നെവിസ്‌ കൊടുമുടി കീഴടക്കുക വഴി ഹാര്‍ട്ട്‌ ലിങ്ക്‌ സന്നദ്ധ സംഘടനയ്‌ക്കുവേണ്ടി അയ്യായിരം പൗണ്ട്‌ സ്വരൂപിക്കുകയാണ്‌ ജയ്‌ ശര്‍മയുടെ ലക്ഷ്യം.

ലെസ്റ്ററിലാണ്‌ സഞ്ചേഷും കുടുംബവും താമസിക്കുന്നത്‌. ഒറ്റ ദിവസം കൊണ്ടു തന്നെ കൊടുമുടി കയറാനാണ്‌ തീരുമാനം. സിസ്റ്റോണിലെ മെട്രോണ്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌ ജയ്‌. സഞ്‌ജേഷിന്റെ ഭാര്യ ലീആന്‍ 20 ആഴ്‌ച ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ ജയ്‌യുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച്‌ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പ്രഗ്‌നന്‍സി തുടരണോ എന്നു പോലും ഡോക്‌ടര്‍മാര്‍ ചോദിച്ചതാണെങ്കിലും മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു ദമ്പതിമാര്‍.

ഹൃദയത്തില്‍ ഒരു അറ കുറവായ ജയ്‌ ജനിച്ച്‌ ആറാഴ്‌ചയ്‌ക്കുള്ളില്‍ ആദ്യത്തെ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. ഒരു വയസില്‍ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറി, നാലാം വയസില്‍ അടുത്തതും.

ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്‌ ജയ്‌. തന്നെപ്പോലെയുള്ള മറ്റു കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അവന്റെ ആഗ്രഹമാണ്‌ കൊടുമുടി കയറ്റത്തിനു പ്രേരണയാകുന്നതെന്നും സഞ്‌ജേഷ്‌ പറയുന്നു.
സ്‌കോട്ടിഷ്‌ കൊടുമുടി കീഴടക്കാന്‍ ഇന്ത്യന്‍ ബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക