Image

എതിരാളികളുടെമേല്‍ എന്നും കാലുയര്‍ത്തിവെയ്ക്കാമെന്ന് ചിന്തിക്കുന്നവര്‍ ഭാര്‍ഗവഗര്‍വ്വശമനം വായിക്കണം

അനില്‍ കെ. പെണ്ണുക്കര Published on 19 July, 2017
എതിരാളികളുടെമേല്‍ എന്നും കാലുയര്‍ത്തിവെയ്ക്കാമെന്ന് ചിന്തിക്കുന്നവര്‍ ഭാര്‍ഗവഗര്‍വ്വശമനം വായിക്കണം
എതിരാളികളുടെമേല്‍ എന്നും കാലുയര്‍ത്തിവെയ്ക്കാമെന്ന് ചിന്തിക്കുന്നവര്‍ ഭാര്‍ഗവ ഗര്‍വ്വ ശമനം വായിക്കണം. ഇരുപത്തിയൊന്നു പ്രാവശ്യം ക്ഷത്രിയ കുലത്തെ കൊന്നു മുടിച്ച ഭൃഗുരാമന്‍ ശ്രീരാമനെന്ന ബാലന്റെ മുന്നില്‍ പതറിപ്പോകുന്നത് ഒരു പാഠമാണ്. ഒരു കുലത്തിനോ ജാതിയ്‌ക്കോ സ്വന്തക്കാര്‍ക്കോ വേണ്ടി ഒരാള്‍ ചെയ്യുന്നത് എന്നും ആ കുലത്തിനു ബാധയാരിക്കും എന്നുകൂടി അര്‍ത്ഥമുണ്ട് ക്ഷത്രിയ കുലത്തിതിരെ  ഉണ്ടായ പരശുരാമന്റെ പ്രവര്‍ത്തികള്‍ക്കു കാര്‍ത്തവീര്യാര്‍ജ്ജുനില്‍ നിന്നാണല്ലോ ഭാര്‍ഗവരാമന്റെ തുടക്കം.

ഭാര്‍വരാമന്റെ ശക്തിയ്ക്കു മുന്നിലും പ്രതാപത്തിന്റെ മുന്നിലും പിടിച്ചു നില്‍ക്കാനാവാതെ കുഴയുകയാണ് ക്ഷത്രിയരാകെ. ദശരഥന്‍ പോലും ഭാര്‍ഗവ രാമനെ ഭയക്കുന്നു. പക്ഷേ കാലം ഭൃഗുരാമനെ തോല്പിക്കുന്നു. ബാലനായ രാമന്റെ മുന്നില്‍ പ്രതാപിയായ ഭൃഗുരാമന്‍ തോല്ക്കുമ്പോള്‍ ഒരു സത്യം വെളിപ്പടുന്നു. അടിച്ചമര്‍ത്തല്‍ എക്കാലവും നിലനില്‍ക്കുന്നതല്ലെന്നത്.

ആധുനിക ലോകത്തെ കരുത്തരുടെ മേല്‍ക്കോയമയും അധികാരവും അതിനു ബലിയാടാകുന്നവരേയും ഈ രംഗത്തിലെ കഥാപാത്രമായി ഒന്നു കരുതിനോക്കാം. ഇവിടെ മേല്‍ക്കോയ്മയെ നമുക്കു പരശുരാമനായിക്കാണാം. രാമനെ അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീകമായും കാണാം. ഭൃഗുരാമന്‍ തോല്ക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം ഉയരുന്നു. അവിടെ അവന്റെ സ്വാതന്ത്ര്യത്തിന്റെ ലോകം തുറക്കുന്നു. പകയുടേയും ഭയത്തിന്റേയും ലോകം എന്നും നിലനില്‍ക്കുയില്ലെന്ന സത്യമാണ് ഇവിടെ രഘുരാമവിജത്തിലൂടെ പ്രകാശിതമാകുന്നത്.

ഒരുകാലത്ത് നമ്മുടെ രാജ്യത്ത് പലതരം ദുഃഷ്പ്രതാപങ്ങള്‍ നിലനിന്നിരുന്നു. ഒരേസമൂഹത്തിലും വിശ്വാസത്തിലും കഴിഞ്ഞവരെ പലത്തട്ടായി തിരിച്ചും അടിച്ചമര്‍ത്തിയും ചൂഷണംചെയ്യതും പുലര്‍ന്നിരുന്ന മേല്‍ക്കോയ്മകളുണ്ടായിരുന്നു. അഭിനവഭൃഗുരാമന്മാര്‍ ശക്തികൊണ്ട് ഗര്‍വ്വിഷ്ടന്മാരായി വിലസിയിരുന്നു. ആ ഗര്‍വ്വുകള്‍ പലതും കൊച്ചുകൊച്ചു രാമന്മാരുടെ മുന്നില്‍പ്പെട്ട് പരാജയപ്പെട്ടുപോയി. ശ്രീബുദ്ധനും വിവേകാനന്ദനും ശ്രീനാരായണഗുരവും അംബേദക്കറും മഹാത്മജിയുമൊക്കെ ആ പ്രതാപങ്ങളോടെ ഏറ്റുമുട്ടിയ വിജയിച്ച കൊച്ചുരാമന്മാരായിരുന്നു. ജാതിക്കെട്ടുകളും സാമ്രാജ്യത്തിന്റെ കോട്ടകളും തകര്‍ക്കാനെത്തുന്ന രഘുരാമന്മാരുടെ വിജയകഥകാണ് രാമായണത്തില്‍ നാം കാണുന്നത്.

ഹിന്ദുക്കളെ നിറത്തിന്റെപേരില്‍ ചൂഷണം ചെയ്യതു കഴിഞ്ഞ അഭിനവ ഭാര്‍ഗരാന്മാര്‍ക്കു തിരിച്ചടികള്‍ കിട്ടുന്നത് നാം കണ്ടു. പുരോഹിത മേധാവിത്ത്വത്തിന്റെ വേദങ്ങളുടെ മേലുള്ള കുത്തക നമ്മുടെ ദേശീയതയ്ക്കുണ്ടാക്കിയ ക്ഷയം കുറച്ചൊന്നുമല്ല. ഈ മേധാവിത്ത്വത്തിനെരെയുള്ള രാമായണത്തിന്റെ പ്രവചനം പ്രതാപികള്‍ മനസ്സിലാക്കിയില്ല. അല്ലെങ്കില്‍ മനസ്സിലായിട്ടും ഭാവിക്കാതിരുന്നതാവാം.
കാലത്തിന്റെ പ്രവാഹത്തില്‍ ഒന്നും സ്ഥിരമല്ല. പ്രതാപവും പേരും ശൗര്യവും ഒക്കെ അതിന്റെ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോകും. ആര്‍ക്കും എന്നും ഒരിടത്തും അധീശനായിരിക്കാനാവില്ല.  ഈ സന്ദേശമാണ് ഭാര്‍ഗവ ഗര്‍വ ശമനത്തിലൂടെ വെളിപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക