Image

എന്റിക്ക ലെക്‌സിയിലെ നിര്‍ണായക രേഖയായ വൊയേജ് ഡാറ്റാ റെക്കോര്‍ഡര്‍ കാണാതായി

Published on 03 March, 2012
എന്റിക്ക ലെക്‌സിയിലെ നിര്‍ണായക രേഖയായ വൊയേജ് ഡാറ്റാ റെക്കോര്‍ഡര്‍ കാണാതായി
കൊച്ചി: രണ്ട് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സിയിലെ നിര്‍ണായക രേഖയായ വൊയേജ് ഡാറ്റാ റെക്കോര്‍ഡര്‍(വിഡിആര്‍)കാണാതായതായി സൂചന. വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിനു സമാനമായതാണ് കപ്പലുകളിലെ വിഡിആര്‍. എല്ലാ പന്ത്രണ്ട് മണിക്കൂറിലും കപ്പലിന്റെ യാത്രസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന സംവിധാനമാണിത്.

കപ്പലിലോ സമീപത്തോ എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടായിട്ടുണെ്ടങ്കില്‍ പിന്നീടുള്ള അന്വേഷണത്തിന് ഇത് ഏറെ സഹായകരമാണ്. കപ്പലിലുണ്ടായിട്ടുള്ള സംഭാഷണങ്ങള്‍ അടക്കമുള്ള ശബ്ദം ഇതില്‍ രേഖപ്പെടുത്തും. എന്റിക്ക ലെക്‌സി മത്സ്യബന്ധന തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തതിന്റെ വിശദാംശങ്ങള്‍ ഈ രേഖയിലുണ്ടാകും. എന്തെങ്കിലും സംഭവങ്ങള്‍ നടക്കുമ്പോള്‍ വിഡിആര്‍ ക്യാപ്റ്റന്‍ സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതുമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.

ഇത് കൈമാറ്റം ചെയ്യാന്‍ ക്യാപ്റ്റന് കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ നിയമമുണ്ട്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവമായതു കൊണ്ട് ഈ സമയത്തിനുള്ളില്‍ വിഡിആറിലെ രേഖകള്‍ മായ്ച്ചു കളയാന്‍ സാധ്യതയുണെ്ടന്നാണ് സൂചന. വെടിവെയ്പ് നടന്ന സമയത്ത് എന്റിക്ക ലെക്‌സിയുടെ കൃത്യമായ സ്ഥാനം നിര്‍ണയിക്കാന്‍ ഇതുവഴി കഴിയുമായിരുന്നു.

വിഡിആറും ലോഗ് ബുക്കുമില്ലെങ്കില്‍ കേസ് ദുര്‍ബലമാകുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന വിവരം. അതേസമയം കപ്പലില്‍ പരിശോധന നടത്തിയ പോലീസ് ആയുധങ്ങളല്ലാതെ മറ്റു രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക