Image

കുരുക്ക് മുറുകുമ്പോള്‍ ഓര്‍ക്കേണ്ട ദിലീപിന്റെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്‌

എ.എസ് ശ്രീകുമാര്‍ Published on 12 July, 2017
കുരുക്ക് മുറുകുമ്പോള്‍ ഓര്‍ക്കേണ്ട ദിലീപിന്റെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്‌
കൊച്ചി: 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ യുവനടി ഓടുന്ന വണ്ടിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിന് അഞ്ച് മാസം തികയാന്‍ ഏതാനും ദിവസമുള്ളപ്പോഴാണ് പെണ്ണിന്റെ മാനത്തിന് വിലയിട്ട പീഡനത്തിന്റെ സൂത്രധാരന്‍ എന്ന് പോലീസ് കണ്ടെത്തിയ ദിലീപ് അഴിക്കുള്ളിലായത്. എന്നാല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ദിലീപിനെതിരായ കുരുക്ക് മുറുകുമ്പോള്‍ ഈ പകല്‍ മാന്യന്റെ ഹിപ്പോക്രസി വെളിവാക്കുന്ന ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നു. 2016 മെയ് നാലാം തീയതിയിലെ ഈ പോസ്റ്റില്‍ സ്ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വലിയ കാവലാള്‍ എന്ന നിലയിലാണ് സദാചാര സാഹിത്യം വിളമ്പിയിരിക്കുന്നത്. 

നാട്ടില്‍ നടക്കുന്ന പീഡനങ്ങളില്‍ തന്റെ ധാര്‍മിക രോഷം തുളുമ്പുന്ന ഈ എഴുത്തും ടിയാന്റെ കൈയിലിരിപ്പും തമ്മില്‍ 'ഡല്‍ഹിയും പെരുമ്പാവൂരും' തമ്മിലുള്ള അന്തരമുണ്ട്. അതറിയാന്‍ പ്രസ്തുത പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കുക...''നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്...? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്ത്‌വരുന്നത്. ഒരമ്മയുയുടെ മകന്‍ എന്ന് നിലയില്‍, ഒരു സഹോദരിയുടെ ഏട്ടന്‍ എന്ന നിലയില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയും ചെയ്യുന്നു...'' ഇനിയുമുണ്ട്...

''സ്വന്തം വീടിന്റെ ഉള്ളില്‍പ്പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നെപ്പോലെ പെണ്‍ മക്കളുള്ള എല്ലാ അച്ഛനമ്മമാരുടേയും തീരാവേദനയാണ്. ഡല്‍ഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മള്‍ അറിയുന്നു. ആരെയാണു നമ്മള്‍ രക്ഷകരായ് കാണേണ്ടത്...? ഗോവിന്ദച്ചാമിമാര്‍ തിന്നുകൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാര്‍...? നമ്മള്‍ തന്നെ, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം...! അതെ കൊടുംകുറ്റവാളികള്‍ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ ''ലൂപ്പ് ഹോള്‍സി''ലൂടെ ആയുസ് നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടും ക്രൂരതകള്‍ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടേ...'' ദിലീപ് ചോദിക്കുന്നു. തിര്‍ന്നില്ല...

''കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികള്‍ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോ കുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട് വേട്ടക്കാരന്‍ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിനുകാണിക്കണം. നിയമങ്ങള്‍ കര്‍ക്കശമാവണം, നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലേ കുറ്റങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും കുറവുണ്ടാവൂ. എങ്കിലെ സൗമ്യമാരും, നിര്‍ഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന് ഒറ്റയാള്‍ പോരാട്ടങ്ങളല്ല വേണ്ടത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തരും ചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ്. ഇത് ഞാന്‍ പറയുന്നത് എനിക്കുവേണ്ടി മാത്രമല്ല, പെണ്‍ മക്കളുള്ള എല്ലാ അച്ഛനമ്മമാര്‍ക്കും വേണ്ടിയാണ്...'' 
 
പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ഭാഗത്ത് നിന്ന് മകനായും സഹോദരനായും അച്ഛനായും ഹൃദയ സ്പര്‍ശിയായ ഭാഷയില്‍ ദിലീപ് ഇട്ട ഈ പോസ്റ്റും യഥാര്‍ത്ഥത്തില്‍ സിനിമാ സ്‌റ്റൈലിലുള്ളതായിരുന്നോ എന്നിപ്പോള്‍ പൊതുജനം സംശയിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകരനെന്ന നിലയിലാണ് ദിലീപിന്റെ ഈ അഭിപ്രായ പ്രകടനം എന്ന് ഇത് വായിക്കുന്നവര്‍ക്ക് ആദ്യം തോന്നും. പക്ഷേ പുതിയ ചുറ്റുപാടില്‍ ഇരയ്ക്ക് വേണ്ടി വാദിക്കുന്ന പ്രതിയുടെ ആസൂത്രിതമായ വൈരുദ്ധ്യം ഇതില്‍ കാണാന്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു എന്ന് തോന്നുമ്പോഴും അതില്‍ സിനിമാ സ്‌റ്റൈലിലുള്ള ഒരു പ്രതിനായക ശബ്ദം ഉയരുന്നില്ലേ...ഒരു ഹിപ്പേക്രാറ്റിന്റെ സാന്നിധ്യമില്ലേ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനിവില്ല. 

ഏതായാലും ഇന്ന് ദിലീപിന്റെ ജാമ്യ ഹര്‍ജി, മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍ മുഖേന അങ്കമാലി കോടതിയില്‍ നല്‍കിയെങ്കിലും അത് പരിഗണിക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ദിലീപിനെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ്. ഗൂഡാലോചന നടന്ന ഹോട്ടല്‍, ദിലീപും പള്‍സര്‍ സുനിയും താമസിച്ചുവെന്ന് പറയുന്ന ഹോട്ടല്‍, ഇരുവരും ഒന്നിച്ചുണ്ടായിരുന്ന സിനിമാ ലൊക്കേഷന്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ശേഷിക്കുന്ന മണിക്കൂറുകളില്‍ ഇത് പൂര്‍ത്തിയാക്കുക എന്നത് പോലീസ് നേരിടുന്ന വെല്ലുവിളിയാണ്. കാരണം ബുധനാഴ്ച ദിലീപിന്റെ കസ്റ്റഡി സമയം കഴിയുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.   

അതേസമംയം, ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരെ കണ്ടതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ ദിലീപിനെതിരായ കുരുക്ക് മുറുകുയാണ്. എറണാകുളത്ത് ഏലൂരിലെ ടാക്‌സി സ്റ്റാന്‍ഡില്‍ ഏപ്രില്‍ 14ന് ഉച്ചയ്ക്ക് 1.25 നാണ് അപ്പുണ്ണിയും വിഷ്ണുവും കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് പള്‍സര്‍ സുനി എഴുതിയ കത്ത് നല്‍കാന്‍ വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി. ആ സമയം ദിലീപ് ഇല്ലാതിരുന്നതിനാല്‍ സഹോദരന്‍ അനൂപിന്റെ കയ്യിലാണ് കത്ത് കൊടുത്തത്. ഈ സംഭവത്തിന് നാലു ദിവസം മുന്‍പ് വിഷ്ണു നാദിര്‍ഷയെ മൂന്നു തവണ വിളിച്ചിരുന്നു. ഇതിന് പിന്നാലെ നാദിര്‍ഷ ദിലീപുമായി ഏഴ് തവണ സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് നാദിര്‍ഷയും വിഷ്ണുവും തമ്മില്‍ 17 മിനിട്ട് സംസാരിച്ചുവെന്നും പോലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാദിര്‍ഷ, അപ്പുണ്ണി, അനൂപ് എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.

ദിലീപിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിലീപും നടിയും മഞ്ജുവാര്യരും തമ്മില്‍ വസ്തു ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. സംസ്ഥാനത്തിനും അകത്തും പുറത്തുമുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. കൊച്ചിയില്‍ മാത്രം മുപ്പത്തിയഞ്ചോളം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെ ഭാര്യ കാവ്യാമാധവനെതിരേ നടപടിയുണ്ടവുമത്രേ. നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കാവ്യയുടെ പേര് കേസിലേക്ക് ശക്തമായി ഉയര്‍ന്ന സാഹചര്യമാണിപ്പോള്‍. പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പള്‍സര്‍ സുനി ആക്രമണത്തിന് ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സുനി ജയിലില്‍ നിന്നെഴുതിയ കത്തിലും സൂചിപ്പിക്കുന്നുണ്ട്. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് വേറെയും തെളിവ് ലഭിച്ചിട്ടുണ്ടത്രെ. തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ലക്ഷ്യയില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. പല രേഖകളും പോലിസ് പിടിച്ചെടുത്തിരുന്നു. 

കുരുക്ക് മുറുകുമ്പോള്‍ ഓര്‍ക്കേണ്ട ദിലീപിന്റെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്‌
Join WhatsApp News
Tom abraham 2017-07-12 10:51:32
Dileep s Attorney argues Supreme Court case support. Livelihood stopped by arrest, imprisonment ! Will not help, in the case of this rich star, business man. Attorney Ramlal s stupid movement.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക