Image

വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ യാക്കോബായ സഭ

Published on 10 July, 2017
വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ യാക്കോബായ സഭ
കോലഞ്ചേരി: വിധിയില്‍ വ്യക്തത തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചു. തര്‍ക്ക വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും ഇന്ന് ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു.

കോലഞ്ചേരി പള്ളി അവകാശ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി എതിരായ സാഹചര്യത്തിലാണ് അടിയന്തിര സുന്നഹദോസ് പുത്തന്‍ കുരിശില്‍ ചേര്‍ന്നത്. 

ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയമ പോരാട്ടം തുടരാനും തീരുമാനിച്ചു.

ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ മാതൃ സഭയിലേക്ക് തിരിച്ച് വരണമെന്നു ബാവ പറഞ്ഞു. സഭയുടെ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും ബാവ കൂട്ടിച്ചേര്‍ത്തു.

നാലു പള്ളികളുടെ കാര്യത്തില്‍ മാത്രമാണു വിധി. ഇതിന്റെ പേരില്‍ മറ്റു പള്ളികളില്‍ അവകാശം സ്ഥാപിക്കുന്നത് അനുവദിക്കില്ല. പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യാ സിംഹാസനത്തില്‍ നിക്ഷിപ്തമാണ്. ഇതു കോടതിക്കു മനസിലായിട്ടില്ലെന്നും സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അഭിപ്രായപ്പെട്ടു.
 
കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കിയതു പോലെയാണ് സുപ്രീംകോടതി വിധിയെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അങ്ങനെ വെറുതെ കോടതി ഒരു പൂന്തോട്ടം കൊടുക്കില്ലെന്നും അതിന് പിന്നില്‍ പ്രത്യേക കാരണങ്ങളുണ്ടെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു. 

ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും 1934 ലെ സഭാ ഭരണഘടന മാത്രമേ നിലനില്‍ക്കുവെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണര്‍കാട് പള്ളിയില്‍ ചേര്‍ന്ന വിശദീകരണ  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിനായി നേരത്തെ പള്ളികളും സെമിത്തേരിയും സ്വത്തുക്കളും വിട്ടുകൊടുത്തു. എന്നാല്‍ ഇനി ഒരിഞ്ച് പോലും വിട്ടുകൊടുക്കാന്‍ സഭ തയ്യാറല്ല എന്നും മെത്രാപ്പൊലീത്ത പറഞ്ഞു. എന്ത് വില കൊടുത്തും പള്ളികളും സ്വത്തുക്കളും സംരക്ഷിക്കുകതന്നെ ചെയ്യും. അന്ത്യോഖ്യാ സിംഹാസനത്തില്‍ ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടാന്‍ മണര്‍കാട് പള്ളിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അതേസമയം, കേസില്‍ സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നും പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയാന്‍ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ലെന്നും മുതിര്‍ന്ന മെത്രാപ്പൊലീത്ത തോമസ് മാര്‍ തിമോത്തിയോസ് പറഞ്ഞു. 

പള്ളികള്‍ പണിതുയര്‍ത്തിയത് അന്തോഖ്യാ സിംഹാസനത്തിന് കീഴില്‍ ആരാധനയ്ക്കാണെന്നും സഭാവിശ്വാസം ഭരണഘടനയ്ക്ക് കീഴില്‍ ബലികഴിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മീയകാര്യങ്ങളില്‍ അവസാനവാക്ക് ലോകത്തിന്റേതല്ല ദൈവത്തിന്റേതാണ്. രക്തവും പണവും ചെലവഴിച്ച് സ്ഥാപിച്ച പള്ളികളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഒരു വ്യവസ്ഥിതിക്കും പറയാനാകില്ല. സുപ്രീംകോടതി വിധിയില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ചില നിയമപ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. 

1934ലെ ഏതെങ്കിലും ഭരണഘടനയുടെ പേരില്‍ വിശ്വാസവും പാരമ്പര്യവും ബലികഴിക്കാനാവില്ല. യാക്കോബായ സഭ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റാണ്. കേരളത്തിനു വെളിയിലുള്ള പള്ളികള്‍ ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഇതൊന്നും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഉടമ്പടിയുള്ളപ്പോള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭരണഘടന പിന്തുടരണമെന്നത് വിരോധാഭാസമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ ഭരണഘടനയ്ക്കുമുകളില്‍ ആരുടെയെങ്കിലും അധികാരത്തിന് കീഴില്‍ പോകാനുള്ള ബാധ്യത യാക്കോബായ സഭക്കില്ല. നിലവിലുള്ള അധികാര അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കാനുള്ള ഉറപ്പ് സഭയ്ക്കുണ്ട്. 1995ലെ സുപ്രീംകോടതി വിധിയില്‍ സഭ തീര്‍ന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ അതിനുശേഷം വിദേശരാജ്യങ്ങളിലുള്‍പ്പെടെ പല പുതിയ ഇടവകകളും പള്ളികളും യാക്കോബായ സഭ സ്ഥാപിച്ചു. പ്രതിസന്ധികളെ സാധ്യതകളായി കരുതി സഭ മുന്നേറും, സഭാ നേതൃത്വം അറിയിച്ചു. (Mathrubhumi)
Join WhatsApp News
യേശു 2017-07-10 08:11:18

പത്മാനാഭസ്വാമി ക്ഷേത്രത്തിൽ കണ്ടുകിട്ടിയതിൽ കൂടുതൽ സ്വർണ്ണ സാമഗ്രികൾ ഇദ്ദേഹത്തിന്റെ കഴുത്തിലും കയ്യിലും ഒക്കെയുണ്ട്. ഇനി എത്ര കുഴിച്ചിട്ടിട്ടുണ്ടെന്ന് ആർക്കറിയാം.


Orthodox faithful, Nalunnakkal 2017-07-10 11:47:41
നാലുന്നാക്കല്‍  ആദായി  പള്ളി  ഓര്‍ത്തഡോക്‍സ്‌  കാരുടെ വക അല്ലേ  തിരുമേനി  ?
കരിപ്പാല്‍ വലിയ മാത്യു  വക  സ്ഥലം , കരിപ്പാല്‍ - മറുകുംമൂട്  കുടുംബ  വക . അതു അങ്ങ്  തിരികെ  കൊടുക്ക്‌ . അടുത്ത  കാതോലിക്ക ആകാന്‍ ഉള്ള ശ്രമം എന്ന്  കരുതട്ടെ . വിവരവും  വിദ്യയും  ഇല്ലാത്ത  ശ്രേഷ്ടന്‍  കുഴിയില്‍ ചാടിക്കും .
ഓർത്തഡോക്സ് തിരുമേനി 2017-07-10 13:34:43
പുത്തന്കുരിശുകാരൻ തിരുമേനിയുടെ കഴുത്തിൽ കിടക്കുന്ന കുരിശുമലകൾ, സ്വർണ്ണ കുരിശ് സ്വർണ്ണ അംശവടി ഇതെല്ലാം സുപ്രീം കോർട്ട് വിധിയിൽ ചേർത്തിട്ടുണ്ടെന്ന് കരുതുന്നു.

Johny 2017-07-10 14:43:20
പിരിക്കാനും  കേസ്സു നടത്താനും ഞങ്ങടെ ബാവയുടെ ജന്മം ഇനിയും ബാക്കി. ഈ ബാവ തിരുമേനിയുടെ ലളിത ജീവിതം യേശു ക്രിസ്തുവിനു പോലും തന്റെ രണ്ടാമത്തെ വരവിൽ മാതൃക ആക്കാവുന്നതാണ്. കർത്താവ് ആരും കയറിയിട്ടില്ലാത്ത കഴുതയുടെ പുറത്തു സഞ്ചരിച്ചു. ബാവ തിരുമേനി ആരും ഓടിച്ചിട്ടില്ലാത്ത  'ചെറിയ' കാറിൽ സഞ്ചരിക്കുന്നു. ചില ഓർത്തഡോൿസ് കാര് ഇതിനെ ആഡംബരം എന്നും പറഞ്ഞു ബെൻസ് ബാവ എന്ന് കളിയാക്കി വിളിക്കാറുണ്ട്. പക്ഷെ കരുണാമയനായ ബാവ തിരുമേനി അവരോടൊക്കെ അപ്പൊ തന്നെ ക്ഷമിക്കാറുമുണ്ട്. 
കായംകുളം കൊച്ചുണ്ണി 2017-07-10 18:21:06
നല്ല തങ്കത്തിൽ തീർത്തതാണെന്ന തോന്നുന്നേ!
Philip 2017-07-11 10:34:04
1934 അമേരിക്കയിൽ ബാധകമാണോ ? പിന്നെ കേസൊക്കെ തീർന്നു സമാധാനം ആയാൽ രണ്ടു ഭാഗത്തെയും മെത്രാന്മാർ എന്ത് പറഞ്ഞു പിരിക്കും ? 
അടിച്ചുകൊണ്ടിരുന്നാൽ കസേര തെറിക്കാതെ ഇരിക്കും ...രണ്ടിടത്തും പിറകെ കൂടാൻ കുറെ മണ്ടമാർ ഉണ്ട്... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക