Image

ഇവര്‍ സ്വയം രക്ഷപ്പെടട്ടെ... (പകല്‍ക്കിനാവ്- 60: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 03 July, 2017
ഇവര്‍ സ്വയം രക്ഷപ്പെടട്ടെ...  (പകല്‍ക്കിനാവ്- 60: ജോര്‍ജ് തുമ്പയില്‍)
മലയാളികള്‍ ഉള്ളിടത്തെല്ലാം ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സംഭവം കേരളത്തിലെ പ്രമുഖ നടിയ്ക്കു സംഭവിച്ച അക്രമത്തെക്കുറിച്ചാണ്. അതില്‍ ജനപ്രിയ നടന്‍ ഉള്‍പ്പെട്ടോ ഇല്ലയോ എന്നുള്ളതൊന്നുമല്ല നമ്മുടെ പ്രശ്‌നം, ഈ നടിയുടെ മേല്‍ക്കുണ്ടായ ആക്രമണം ഒന്നു മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ ലോകത്തില്‍ സ്ത്രീ സെലിബ്രറ്റികള്‍ക്കു മേല്‍ ഉണ്ടായിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് ഒന്നു അന്വേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നോക്കിയപ്പോള്‍ കിം കര്‍ദേഷിയന്‍ മുതല്‍ അങ്ങ് താഴോട്ട് ഒരു ഡസനു മേലുള്ള ആക്രമണങ്ങളുടെ നീണ്ട ലിസ്റ്റാണ് കണ്ടത്. അതില്‍ പലതും മലയാളത്തിലെ പ്രിയ നടിക്ക് സംഭവിച്ചതിലും ക്രൂരമായ അനുഭവങ്ങള്‍. ഇത്തരത്തിലൊരു ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവതാരമായിരുന്നു ക്രിസ്റ്റീന ഗ്രിമ്മി എന്ന ഗായിക. യുട്യൂബിലൂടെ കോടിക്കണക്കിന് ആരാധകരെ ഉണ്ടാക്കിയ ഗ്രിമ്മി കരിയറിലെ ഏറ്റവും പോപ്പുലാരിറ്റിയില്‍ നില്‍ക്കുമ്പോഴാണ് വെടിയുണ്ടകള്‍ക്ക് മുന്നില്‍ ജീവന്‍ സമര്‍പ്പിച്ചത്.

ഇതു പോലെയല്ലെങ്കിലും പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് തോക്കിന്‍ മുനയില്‍ കിം കര്‍ദേഷിയന്‍ ആക്രമിക്കപ്പെട്ടത്. ദേഹോപദ്രവം ഏറ്റില്ലെങ്കിലും കിമ്മിന്റെ കൈയും കാലും കെട്ടിയിട്ട് കക്കൂസില്‍ തള്ളിയിട്ട് അവരുടെ വിലപിടിച്ച വജ്രാഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ സ്ത്രീകളിലൊരാളാണ് കിം എന്ന ഈ മോഡല്‍. അതു കൊണ്ടു തന്നെ സംഭവം വലിയ ചര്‍ച്ചയായി. പോലീസ് വേഷത്തിലെത്തിയ മോഷ്ടാക്കള്‍ കിമ്മിന്റെ റൂമിലേക്ക് കയറി അവരുടെ 10 മില്യണ്‍ ഡോളര്‍ വിലയുള്ള ആഭരണങ്ങളും 1000 യൂറോകളും രണ്ടു സെല്‍ ഫോണുകളും പേഴ്‌സുമെല്ലാം മോഷ്ടിച്ചു കളഞ്ഞു. ആധുനിക സുരക്ഷകളെല്ലാമുള്ള ഹോട്ടല്‍ മുറിയിലാണ് ഇതു സംഭവിച്ചത്. അതിനു തൊട്ടു പിന്നാലെ തന്നെ കിം പാരീസ് വിട്ട് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പറക്കുകയും ചെയ്തു. ഏറെ ദിവസമെടുത്തു ഈ സംഭവത്തില്‍ നിന്ന് അവര്‍ക്കു മോചിതയാവാന്‍.

ഇറ്റലിയിലെ മിലാന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമുഖ മോഡല്‍ ജിജി ഹാദിദാണ് ആക്രമിക്കപ്പെട്ട മറ്റൊരു പ്രമുഖ. ഹോളിവുഡ് നടന്‍ വിറ്റാലി സെഡ്യൂക്കായിരുന്നു അവരെ അന്ന് പിന്നില്‍ നിന്നും പിടിച്ചുയര്‍ത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ നിലവിളിച്ചു പോയ ജിജിയ്‌ക്കൊപ്പം അവരുടെ സഹോദരി ബെല്ലയുമുണ്ടായിരുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കൈമുട്ടു കൊണ്ട് അക്രമിയുടെ മുഖത്തിനിടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു ജിജി.

ആദ്യമായി റെഡ് കാര്‍പ്പെറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴായിരുന്നു എംടിവിയിലെ ഹാര്‍പ്പര്‍ മണ്‍റോ എന്ന സീരിയലിലെ പ്രമുഖ താരം കാതറിന്‍ ഗ്രേസ് മക്‌നമാറയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന വിലയേറിയ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു മോഷ്ടാവ് ഓടുമ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ കാതറിന്‍ വാവിട്ടു നിലവിളിക്കുകയായിരുന്നു. പിന്നാലെ എത്തിയ സുരക്ഷാ ഭടന്മാര്‍ ആക്രമിയെ കീഴടക്കി ഫോണ്‍ മടക്കി ഏല്‍പ്പിച്ചെങ്കിലും താരം ഭയന്ന് നാട്ടിലേക്ക് മടങ്ങി. അമേരിക്കന്‍ ഗായികയും നടിയുമായ സെലീന മാരി ഗോമസിനും നേരിടേണ്ടി വന്നത് സമാന ആക്രമണം. ചെ ക്രൂസ് എന്നയാള്‍ സെലീനയെ ആക്രമിച്ചത് രണ്ടു തവണയാണ്. ആദ്യത്തെ ആക്രമണം 2014-ലായിരുന്നു. ഗോഡ് ഫോര്‍ യു എന്ന ഗാനത്തിലൂടെ ലോകമെങ്ങും തരംഗമായി കൊണ്ടിരുന്ന സെലീന ആക്രമണത്തെത്തുടര്‍ന്ന് കുറച്ചു നാള്‍ വേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. പിന്നീട് ആക്രമി ജയില്‍ മോചിതനായി വീണ്ടും സെലീനയെ ആക്രമിച്ചു. അയാള്‍ക്ക് മാനസിക വിഭ്രാന്തിയായിരുന്നു കാരണം. കോടതി ഇടപെട്ട് ഈ അക്രമിയെ പിന്നീട് സംസ്ഥാനം കടത്തി.
2013-ലായിരുന്നു പാരീസ് ഹില്‍ട്ടനു നേരെയുള്ള ആക്രമണം. സ്വന്തം വീട്ടില്‍ നീട്ടി പിടിച്ച കത്തിക്കു മുന്നില്‍ മണിക്കൂറുകളോളം ഹില്‍ട്ടനു ഭയന്നു നില്‍ക്കേണ്ടി വന്നു. പിന്നീട് ബോയ്ഫ്രണ്ട് സൈ വെയ്റ്റ്‌സ് എത്തിയാണ് ഹില്‍ട്ടനെ മോചിപ്പിച്ചത്. അന്നത്തെ സംഭവത്തിനു ശേഷം ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് ഹില്‍ട്ടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നത്. യുവതരംഗമായ മിലി സൈറസ് ആക്രമിക്കപ്പെട്ടത് വേദിയില്‍ പാടുമ്പോഴായിരുന്നു. ആരാധകരിലൊരാള്‍ വേദിയിലേക്ക് ചാടികയറി മിലിയെ കടന്നു പിടിക്കുകയായിരുന്നു. സുരക്ഷ ഭടന്മാര്‍ ഓടി വന്നപ്പോഴേയ്ക്കും മിലി താഴെ വീണിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍ മനസ്സിലാക്കിയപ്പോഴേയ്ക്കും മിലി വേദി വിട്ടു. മാനസികമായി ഏറെ തളര്‍ത്തിയ സംഭവമായിരുന്നു ഇതെന്ന് മിലി പിന്നീട് പറഞ്ഞപ്പോള്‍ ലോകം കേട്ടിരുന്നത് അത്ഭുതത്തോടെ...

ബ്രിട്ട്‌നി സ്പിയേഴ്‌സിനെ ഏറ്റവും കൂടുതല്‍ കാലം ശല്യം ചെയ്തത് മസാഹിക്കോ ഷിസാവാ എന്ന ആരാധകന്‍ തന്നെയായിരുന്നു. നിരവധി ഇ-മെയ്‌ലുകള്‍, കത്തുകള്‍, ഫോണ്‍ വിളികള്‍- സ്പിയേഴ്‌സിനു ശല്യമായതോടെ പോലീസിനെ അഭയം പ്രാപിച്ചെങ്കിലും ആരാധകന്‍ ശല്യം തുടര്‍ന്നു. ബ്രിട്‌നിയെ ഒരിക്കല്‍ പോലും അയാള്‍ ആക്രമിച്ചില്ലെങ്കിലും ആരാധകന്‍ ശാപമാണെന്ന് നിരവധി തവണ സ്പിയേഴ്‌സ് തുറന്നു പറഞ്ഞിട്ടുണ്ട്. കൈലി ജെന്നറെ പിസ ഡ്രോപ്പ് മാന്‍ എന്ന പേരിലെത്തിയാണ് ആക്രമി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തക്ക സമയത്ത് സുരക്ഷാഭടന്മാരുടെ ഇടപെടല്‍ ഉണ്ടായതോടെ കൈലിയും രക്ഷപ്പെട്ടു. എന്നാല്‍ അതുണ്ടാക്കിയ മാനസിക സംഘര്‍ഷം മറികടക്കാന്‍ ഏറെ നാളുകളോളം കീപ്പിങ് അപ് വിത്ത് ദി കര്‍ദാഷിയാന്‍സ് എന്ന കുടുംബ ടിവി പരമ്പരയില്‍ നിന്നും യുവതാരം മാറി നിന്നു.

സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്കു വരികയായിരുന്ന അമേരിക്കന്‍ ഗായിക ബീ മില്ലറെ ഒരു കൂട്ടമാളുകള്‍ വീടിനോടു ചേര്‍ന്നു വളഞ്ഞു പിടിച്ചു മാനസികമായി പീഡിപ്പിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ബീ-യുടെ ചുറ്റും കൂടിയവര്‍ അവരുടെ മൊബൈല്‍ തട്ടിയെടുത്ത് തിരികെ കൊടുക്കാതെ വട്ടം ചുറ്റിച്ചു. ഒടുവില്‍ പോലീസ് എത്തിയാണ് അവരെയും രക്ഷിച്ചത്. നിക്കി മിനാജെയുടെ ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മോഷ്ടാക്കള്‍ കടന്നു കയറി വിലപിടിപ്പുള്ളതെല്ലാം കടത്തിക്കൊണ്ടു പോവുകയും എല്ലാം നശിപ്പിക്കുകയും ചെയ്തപ്പോള്‍ നിസ്സഹായി നോക്കി നില്‍ക്കാനെ താരത്തിനു കഴിഞ്ഞുള്ളു. അന്നത്തെ മാനസികവാസ്ഥയില്‍ നിന്നു വര്‍ഷങ്ങള്‍ വേണ്ടി വന്നു നിക്കിക്ക് തിരിച്ചു കയറാന്‍. അങ്ങനെ എത്രയെത്ര ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് സെലിബ്രിറ്റികളായ വനിതകള്‍ക്ക് നേരെ. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെ വാ തോരാതെ സംസാരിക്കുമ്പോഴും അമേരിക്കയിലടക്കം ലോകത്ത് സാംസ്‌ക്കാരികമായി മുന്നില്‍ നില്‍ക്കുന്ന മിക്കിയിടങ്ങളിലും ഇതൊക്കെ സംഭവിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

Join WhatsApp News
Vayanakkari 2017-07-03 18:25:14
എന്താണ് ഈ പറഞ്ഞതിന്റെ അർഥം? ഇങ്ങനെയുള്ള അക്രമങ്ങൾ സാര്വത്രികമാണ് അതുകൊണ്ടു സാരമില്ല എന്നാണോ?
ഏലിയമ്മ eapen 2017-07-04 05:30:30
സ്ത്രി  പീഡനത്തില്‍  നിങ്ങളുടെ പ്രസിഡന്റ്  അല്ലേ  ഒന്നാമന്‍ .
നിങ്ങളുടെ സഭയില്‍ സ്ത്രികള്‍ക്ക്  താണ നിലവാരം അല്ലേ 
പഷേ അവരുടെ പണം മാത്രം നിങ്ങള്ക്ക്  ദിവ്യം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക