Image

എലിസബത്ത്‌ രാജ്‌ഞിയുടെ വജ്രജൂബിലി ആഘോഷ വിരുന്നില്‍ മലയാളി സാന്നിധ്യം.

Published on 02 March, 2012
എലിസബത്ത്‌ രാജ്‌ഞിയുടെ വജ്രജൂബിലി ആഘോഷ വിരുന്നില്‍ മലയാളി സാന്നിധ്യം.

സെന്റ് ലുസിയ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരീബിയന്‍ ദ്വീപായ സെന്റ് ലുസിയയില്‍ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ വിരുന്നു സല്‍ക്കാരത്തില്‍ മലയാളി സാന്നിധ്യം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണന്‍ ആണ് ഈ വിരുന്നിലെയ്ക്ക് ക്ഷണിക്കപ്പെട്ട ഏക മലയാളി.

എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ അറുപതാം വര്‍ഷം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ചു സെന്‍റ് ലൂസിയയില്‍ എത്തിയ, രാജ്ഞിയുടെ മൂന്നാമത്തെ മകനും, ചാള്‍സ് രാജകുമാരന്‍റെ സഹോദരനുമായ എഡ്വേഡ് രാജകുമാരന്‍റെയും രാജകുടുംബാങ്ങളുടെയും ബഹുമാനാര്‍ത്ഥം സെന്‍റ് ലൂസിയായിലെ ഗവര്‍ണര്‍ ജനറല്‍ ഒരുക്കിയ പ്രത്യേക വിരുന്നു സല്‍ക്കാരത്തിലേയ്ക്കാണ് സിബി ക്ഷണിക്കപ്പെട്ടത്.

2004 മുതല്‍ സെന്‍റ് ലൂസിയയില്‍ താമസിക്കുന്ന സിബി കേരള അസോസിയഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസ് എന്ന, വെസ്റ്റ് ഇന്‍ഡീസിലെ ആദ്യ മലയാളി സംഘടനയുടെ സ്ഥാപക സെക്രട്ടറി ആണ്. തിരുവനന്തപുരം സ്വദേശിനിയും അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ രജനിയാണ് ഭാര്യ. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സിബി ലയന്‍സ് ക്ലബ് ഓഫ് വ്യൂക്‌സ് ഫോര്‍ട്ടിന്റെ ഡയറക്ടറായും വര്‍ത്തിച്ചിട്ടുണ്ട്. സെന്റ് ലുസിയയിലെ ഇന്‍റെര്‍നാഷണല്‍ യൂണിവേര്‍സിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്നു. സാമൂഹിക, ജീവകാരുണ്യ മേഘലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2008 ല്‍ ചാള്‍സ് രാജകുമാരനോടൊപ്പം അത്താഴ വിരുന്നിനും സിബി ഗോപാലകൃഷ്ണന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് രാജകുടുംബാംഗങ്ങള്‍ ലോകപര്യടനം നടത്തുന്നത്. അടുത്തവര്‍ഷം അധികാരത്തിന്റെ 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന എലിസബത്ത് രാജ്ഞി (86) ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ വാഴുന്ന രണ്ടാമത്തെ രാജകുടുംബാംഗമാണ്. എലിസബത്തിന്റെ മുതുമുത്തശ്ശി വിക്‌ടോറിയാ രാജ്ഞി 63 വര്‍ഷം ബ്രിട്ടന്‍ വാണു. 1952 ഫിബ്രുവരി ആറിന് പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞി പദവിയിലെത്തിയത്. 1837 മുതല്‍ 1901 വരെ ഭരിച്ച വിക്‌ടോറിയ രാജ്ഞിക്കു ശേഷം ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്നത് എലിസബത്ത് രാജ്ഞിയാണ്.

ജൂണിലായിരിക്കും പ്രധാന ആഘോഷങ്ങള്‍ നടക്കുക.ടെംസ് നദിയില്‍ ആയിരം കപ്പലുകളുടെ ഘോഷയാത്ര, ബക്കിങ്ങാം കൊട്ടാരത്തില്‍ സംഗീതപരിപാടി തുടങ്ങിയവ ഇതോടനുബന്ധിച്ചു നടക്കും. ജൂണ്‍ മൂന്ന് ഞായറാഴ്ച വജ്ര ജൂബിലി ആഘോഷത്തിന് പരിസമാപ്തി കുറിക്കുന്ന ദിവസമായിരിക്കും.അന്നേ ദിവസം ഏഴ് മൈല്‍ നീളത്തില്‍ ആയിരം ബോട്ടുകള്‍ പങ്കെടുക്കുന്ന തെംസ് നദിയുടെ 350 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ ഫ്ലോട്ടിലയാണ് അരങ്ങേറുക. ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ക്കു പുറമേ ലോകമെമ്പാടും ശതകോടികളായിരിക്കും ഇത് കാണുക.


റിപ്പോര്‍ട്ട്‌: ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
എലിസബത്ത്‌ രാജ്‌ഞിയുടെ വജ്രജൂബിലി ആഘോഷ വിരുന്നില്‍ മലയാളി സാന്നിധ്യം.
പ്രിന്‍സ് എഡ്വേഡ്, സിബി ഗോപാലകൃഷ്ണന്‍
എലിസബത്ത്‌ രാജ്‌ഞിയുടെ വജ്രജൂബിലി ആഘോഷ വിരുന്നില്‍ മലയാളി സാന്നിധ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക