Image

നാടകാന്തം ശശിക്ക്‌ ശരിയായ വഴി

ജി.കെ. Published on 26 June, 2011
നാടകാന്തം ശശിക്ക്‌ ശരിയായ വഴി
തിരുവിതാംകൂര്‍ ഭാഗത്ത്‌ അടുത്തിടെ വളരെയേറെ പ്രചാരം ലഭിച്ച ഒരു പുതുമൊഴി പ്രയോഗമുണ്‌ട്‌. ഏതെങ്കിലും കാര്യത്തില്‍ ഇളിഭ്യരാവുന്നവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗം. `അങ്ങനെ അവന്‍ ശശിയായി' എന്ന്‌. ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചശേഷമാണ്‌ ഇത്തരമൊരു പുതുമൊഴി പ്രചരിച്ചതെന്നും അല്ലെന്നും വാദമുണ്‌ട്‌. അത്‌ എന്തായാലും ഒടുവില്‍ സിപിഎം ജനങ്ങളെയും അണികളെയും ഒരു പോലെ `ശശി'മാരാക്കിയിരിക്കുന്നു എന്ന്‌ പറയാതിരിക്കാനാവില്ല.

പിന്‍കഴുത്തിലെ ഞരമ്പ്‌ പിണഞ്ഞതിന്‌ ചികിത്സാര്‍ത്ഥം സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ അവധിയെടുത്ത്‌ പോയ പി.ശശിയ്‌ക്കെതിരെ നടപടിയുണ്‌ടാവുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്‌ടാണ്‌ സിപിഎം ഇന്നാട്ടിലെ ജനങ്ങളെയും അതിന്റെ തന്നെ അണികളെയും ഒരു പോലെ ശശിമാരാക്കിയത്‌. പാലൊളിയുടെയും ശ്രീമതി ടീച്ചറുടെയും ഇപ്പോഴത്തെ പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോള്‍ പി.ശശിയുടെ അസുഖം ഞരമ്പിന്റേത്‌ തന്നെയാണെന്ന്‌ പണ്‌ടേ പറഞ്ഞുവെച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ദീര്‍ഘദര്‍ശനമോര്‍ത്ത്‌ പാര്‍ട്ടി സഖാക്കള്‍ ഇപ്പോള്‍ പുളകം കൊള്ളുന്നുണ്‌ടാവണം.

എന്തായാലും സഖാവിന്റെ അസുഖം എന്താണെന്ന്‌ ഔദ്യോഗികപക്ഷ നേതാക്കള്‍ തന്നെ പരസ്യമായി വിളിച്ചു പറഞ്ഞത്‌ ശശിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി എന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്‌ നല്‍കുന്നത്‌. അത്‌ ഒരു പക്ഷേ പുറത്തേക്കുള്ള വഴിയായാലും അത്ഭുതപ്പെടാനില്ല. കാരണം ശശിയെ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ നടപടി അപര്യാപ്‌തമാണെന്ന്‌ അടുത്തിടെ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി തന്നെ അഭിപ്രായപ്പെട്ട പശ്ചാത്തലത്തില്‍ പുറത്താക്കുക എന്നല്ലാതെ മറ്റൊരു ശിക്ഷയും ഇനി ശശിയ്‌ക്കെതിരേ അവശേഷിക്കുന്നില്ല.

തലശ്ശേരിയില്‍ അഭിഭാഷകനായി പ്രാക്‌ടീസ്‌ തുടങ്ങിയ ശശിയുടെ കാര്യത്തില്‍ തിടുക്കപ്പെട്ടൊരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെ നിര്‍ബന്ധിതരാക്കുന്ന നിരവധി ഘടകങ്ങളുണ്‌ട്‌. അതില്‍ ഒന്നാമത്തേത്‌ ഇനിയും ശശിയെ ചുമന്നാല്‍ കാലിനടിയിലെ മണ്ണ്‌ ഒലിച്ചുപോകുമെന്ന പിണറായിയുടെ തിരിച്ചറിവാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‌ വീണ്‌ടും സീറ്റു നിഷേധിച്ചുവെന്ന പ്രചാരണം മാധ്യമങ്ങളില്‍ കൊഴുക്കുമ്പോള്‍ അതിനെതിരെ പരസ്യമായി രംഗത്തുവന്ന നേതാക്കള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ ശക്തരായ വക്താക്കളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇ.പി.ജയരാജനും പി.കെ.ശ്രീമതിയുമായിരുന്നു വി.എസിനെ മത്സരിപ്പിക്കണമെന്ന്‌ സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായി വാദിച്ചവരില്‍ പ്രമുഖര്‍.

ഇതിനെ ഒറ്റപ്പെട്ട പിന്തുണയായി കാണാന്‍ മാത്രം ബുദ്ധിശൂന്യനല്ല പിണറായി സഖാവ്‌. പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായിക്ക്‌ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്‌ടിവരുമെന്നകാര്യം ഉറപ്പാണ്‌. അങ്ങനെവന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്‌ടമാക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായി നടക്കുന്ന ബ്രാഞ്ച്‌, ഏരിയാ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ശശി വിഷയം ഉയര്‍ത്തിപ്പിടിച്ച്‌ വി.എസ്‌ വിഭാഗം ആഞ്ഞടിച്ചാല്‍ അതിനെ പിന്തുണയ്‌ക്കാന്‍ കണ്ണൂരില്‍ നിന്നുള്ള തന്റെ സ്വന്തം സഖാക്കള്‍ കൂടിയുണ്‌ടാകുമെന്നും പിണറായി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്‌ട്‌.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ ശക്തമായി ഉന്നയിക്കുമ്പോഴും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഘടകം ശശിയ്‌ക്കെതിരായ ആരോപണങ്ങളായിരുന്നു. ശശിയെവെച്ച്‌ യുഡിഎഫ്‌ കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിച്ചപ്പോള്‍ അത്‌ മലബാര്‍ മേഖലിയില്‍ പാര്‍ട്ടിയ്‌ക്ക്‌ ക്ഷീണമുണ്‌ടാക്കിയെന്നും ഇല്ലെങ്കില്‍ ഭരണത്തുടര്‍ച്ചയുണ്‌ടാകുമായിരുന്നുവെന്നുമൊരു വാദം വി.എസ്‌പക്ഷം മുന്നോട്ടുവെയ്‌ക്കുന്നുണ്‌ട്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ആദ്യം പൊങ്ങിവന്നപ്പോള്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയാണ്‌ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖരെ രക്ഷിക്കാന്‍ കൂട്ടുനിന്നതെന്ന ആരോപണത്തെ ഫലപ്രദമായി ചെറുക്കാനും പാര്‍ട്ടിക്കായില്ല.

ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കണ്ണൂരിലെത്തിയ വി.എസിന്റെ യോഗങ്ങള്‍ക്കെല്ലാം വന്‍ജനക്കൂട്ടമാണെത്തിയത്‌. എന്നിട്ടും 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉരുക്കുക്കോട്ടയായ കണ്ണൂരില്‍ പത്തില്‍ എട്ടു സീറ്റും സ്വന്തമാക്കി കരുത്തുകാട്ടിയ പാര്‍ട്ടിക്ക്‌ ഇത്തവണ നേടാനായത്‌ 11ല്‍ ആറു സീറ്റ്‌ മാത്രമാണ്‌. പരമ്പരാഗത യുഡിഎഫ്‌ മണ്‌ഡലമായ പേരാവൂരില്‍ പോലും വിജയിക്കാന്‍ 2006ല്‍ എല്‍ഡിഎഫിനായെങ്കില്‍ ഇത്തവണ അഞ്ചിടത്ത്‌ യുഡിഎഫ്‌ ജയിച്ചു എന്നതിനേക്കാള്‍ തലശ്ശേരി, ധര്‍മടം തുടങ്ങിയ ഉറച്ച മണ്‌ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞുവെന്നതും ശശി വിഷയം അണികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തി എന്നതിന്റെ തെളിവായി വി.എസ്‌ പക്ഷം ചൂണ്‌ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ശശിയായിരിക്കും ഇത്തവണ കണ്ണൂരുകാര്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമെന്ന്‌ വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി കൈയേറ്റം ചെയ്‌തതുകൊണ്‌ട്‌ മാത്രം മൂടിവെയ്‌ക്കാവുന്ന വിഷയമല്ല അതെന്ന്‌ ഇപ്പോള്‍ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്‌ട്‌. അതുകൊണ്ടു തന്നെ 30ന്‌ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം ശശിയെ കൈയൊഴിയാന്‍ എന്നെന്നേക്കുമായി തീരുമാനമെടുക്കുമെന്നുള്ള കാര്യം ഏതാണ്‌ട്‌ ഉറപ്പാണ്‌. അപ്പോഴും ജനങ്ങള്‍ക്കിടയിലും അണികള്‍ക്കിടയിലും ബാക്കിയാവുന്ന ചില ചോദ്യങ്ങളുണ്‌ട്‌.

ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി ചികിത്സയുടെ മറ ഉപയോഗിച്ചതെന്തിനെന്നാണ്‌ ഇതില്‍ പ്രധാനം. ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയ്‌ക്കെതിരെ അപമര്യാദയായി പെരുമാറിഎന്നതാണ്‌ ശശിക്കെതിരായ കുറ്റമെന്ന്‌ കണ്ണൂരിലെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്‌ പോലും അറിയാമിയിരുന്നിട്ടും ശശിയുടെ കാര്യത്തില്‍ ശരിയായ നടപടിയെടുക്കാനും അത്‌ വിളിച്ചുപറയാനും ഇത്രയും കാലം താമസിച്ചതെന്തിനെന്ന ചോദ്യത്തിനും പാര്‍ട്ടി സെക്രട്ടറി ഉത്തരം പറയേണ്‌ടിവരും.

അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ അത്‌ സിപിഎമ്മിനെക്കുറിച്ചുള്ള ജനങ്ങളുടെയും അണികളുടെയും മതിപ്പ്‌ ഉയരാന്‍ മാത്രമെ ഇടയാക്കുമായിരുന്നുള്ളു. അത്‌ ഒരു പക്ഷെ തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ പോലും പ്രതിഫലിച്ചേനെ. അത്‌ എന്തായാലും ട്രാക്‌ടറായാലും കമ്പ്യൂട്ടറായാലും ആദ്യം കണ്ണടച്ച്‌ എതിര്‍ക്കുകയും പിന്നെ വിഷമത്തോടെയാണെങ്കിലും അംഗീക്കേണ്‌ടിവരികയും ചെയ്യുന്ന സിപിഎമ്മിന്റെ പതിവ്‌ പരിപാടി തന്നെയാണ്‌ ശശിയുടെ കാര്യത്തിലും സംഭവിച്ചത്‌. അത്‌ നിഷേധിച്ചതാകട്ടെ ഭരണത്തുടര്‍ച്ചയെന്ന ഇടത്‌ സ്വപ്‌നവും.
നാടകാന്തം ശശിക്ക്‌ ശരിയായ വഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക