Image

സംഗീതം (കവിത) - ജോസ് ഓച്ചാലില്‍

ജോസ് ഓച്ചാലില്‍ Published on 02 March, 2012
സംഗീതം (കവിത) - ജോസ് ഓച്ചാലില്‍
സകല ചരാചരസ്പന്ദനം ഉണര്‍ത്തുന്ന
സംഗീതം സംഗീതം പ്രകൃതിയില്‍ നിറയും
സ്വരലയ താള മേള സമന്വയമായുണര്‍ന്ന്
സര്‍ഗ സൗകുമാര്യം വിരിയിക്കും സംഗീതം

സ്വര്‍ഗ മണി മന്ദിരത്തിലാരോ ശ്രുതിമീട്ടും
സപ്ത സ്വരരാഗ മേളമതല്ലോ സംഗീതം
സ്‌നേഹ കരസ്പര്‍ശം ചേരുമിടങ്ങളില്‍
സുരഭില സുന്ദര മണിനാഥം സംഗീതം

അമ്മതന്‍ താരാട്ടില്‍ നിറയുന്നു സംഗീതം
അനുരാഗത്തില്‍ സംഗീതം വിരഹത്തിലും
നീറുന്ന ദുഃഖമിഴിനീരിലൊഴുകുന്ന ചുടു..
കണ്ണീര്‍ തുള്ളിയില്‍ പോലുമേ സംഗീതം

ആയിരം വര്‍ണ്ണങ്ങള്‍ വിരിയും പൂവിലും
ആയതില്‍ തേന്‍തേടും വണ്ടിലും സംഗീതം
കാറ്റിനും സംഗീതം കടലിനും സംഗീതം
കരയേപ്പുല്‍കുന്ന തിരകള്‍ക്കും സംഗീതം

മലകളില്‍ സംഗീതം മരങ്ങളില്‍ സംഗീതം
മാനത്ത് പറക്കും കിളികളില്‍ സംഗീതം
അരുവിക്ക് സംഗീതം കാട്ടാറിന് സംഗീതം
അലയാഴി തേടും പുഴകള്‍ക്കും സംഗീതം

മഴയില്‍ സംഗീതം മഞ്ഞിലും സംഗീതം
മലരില്‍ സംഗീതം പൂത്തുമ്പിയില്‍ സംഗീതം
പ്രകൃതിയിലോരോ അണുവിലും സംഗീതം
സംഗീതം സംഗീതം അത് സ്വര്‍ഗീയ വരദാനം
സംഗീതം (കവിത) - ജോസ് ഓച്ചാലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക