Image

നടിയെ പീഡിപ്പിക്കല്‍ കേസ്: ഗൂഢാലോചന കുരുക്കില്‍ നായകനും ഇരയും (എ.എസ് ശ്രീകുമാര്‍)

Published on 27 June, 2017
നടിയെ പീഡിപ്പിക്കല്‍ കേസ്: ഗൂഢാലോചന കുരുക്കില്‍ നായകനും ഇരയും (എ.എസ് ശ്രീകുമാര്‍)
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു സത്യമുണ്ട്...വ്യക്തമായ പ്ലാനിങും കൃത്യമായ തിരക്കഥയും പിഴവുപറ്റിയ ഗൂഢാലോചനയുമാണിത്. തേഞ്ഞുമാഞ്ഞു പോകാമായിരുന്ന ഈ കേസ് വീണ്ടും തികട്ടി പൊങ്ങി വരുമ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് നടന്‍ ദിലീപാണ്. ദിലീപും സുഹൃത്ത് നാദിര്‍ഷായും പള്‍സര്‍ സുനിയും സഹതടവുകാരായ പത്തനംതിട്ട സ്വദേശി സനല്‍, ഇടപ്പള്ളിക്കാരന്‍ വിഷ്ണു എന്നിവും ഇരയായ നടിയുമാണ് ഇപ്പോഴത്തെ പ്രധാന കഥാപാത്രങ്ങള്‍. കൊച്ചി കാക്കനാട് ജയിലിലാണ് പള്‍സര്‍ സുനി. ജയിലിന്റെ സീലുള്ള രണ്ട് സര്‍ക്കാര്‍ കടലാസില്‍ സുനി ദിലീപിനു വേണ്ടി സഹതടവുകാരെക്കൊണ്ട് എഴുതിച്ചെന്ന് പറയപ്പെടുന്ന കത്തും സുനിയുടേതെന്ന് സ്ഥിരീകരിക്കാത്ത, ജയിലില്‍ നിന്നുള്ള ഫോണ്‍ വിളിയുമാണ് കേസിനെ വീണ്ടും ബലപ്പെടുത്തിയിരിക്കുന്നത്.

കത്തിന്റെ കോപ്പിയും ഫോണ്‍ വിളിയുടെ റെക്കോഡും വച്ച് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസില്‍ പരാതി നല്‍കി. തന്റെ സ്റ്റാര്‍ഡം തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് കാട്ടിയായിരുന്നു പരാതി. പരാതി സ്വീകരിച്ച പോലീസ് മൗനം പാലിച്ചുവെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത കത്തും ഫോണ്‍ വിളിയുടെ റെകക്കോഡുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെയും ചാനലുകളിലൂടെയുമെല്ലാം ജനം വായിക്കുകയും കേള്‍ക്കുകയും ചെയ്തു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കാണ് ഫോണ്‍ കോള്‍ വന്നത്. ഒന്നര കോടി രൂപ തരികയാണെങ്കില്‍ കാര്യങ്ങള്‍ പറയുകില്ല. രണ്ടര കോടി തരാന്‍ ആള്‍ക്കാര്‍ ഉണ്ട് അപ്പോള്‍ പറഞ്ഞു പോകും. എന്ന രീതിയിലുള്ള മധുരത്തില്‍ ചാലിച്ച ഭീഷണിയായിരുന്നു അതത്രേ. നാദിര്‍ ഷാ ചാനലില്‍ ഇതു സംബന്ധിച്ച് വിശദീകരിച്ചു. അപ്പുണ്ണി ഫോണ്‍ വിളിച്ചവനോട് നാടന്‍ ഭാഷയില്‍ കയര്‍ത്തു. 

സംഗതി രണ്ട് ഗൂഢാലോലനയായി മാറിയിരിക്കുന്നു. നടിയെ തട്ടിക്കൊണ്ട് പോയ സംഭവം ഒന്ന്. മറ്റേത്, തനിക്കെതിരെയുള്ളതെന്ന് ദിലീപും. ഇതിലേതാണ് സത്യമെന്നറിയാന്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കസറി. ദിലീപിനും ഇരയ്ക്കും അനുകൂലവും പ്രതികൂലവുമായി രണ്ടു പക്ഷങ്ങള്‍ വാദമുഖങ്ങള്‍ നിരത്തി. പലപല ചാനലുകളുടെ സൂപ്പര്‍ പ്രൈം ടൈമും ന്യൂസ് അവറും ഡിബേറ്റുമൊക്കെ ജനം റിമോട്ടാല്‍ മാറിമാറി നോക്കിക്കണ്ട് സിനിമാ സുഖം കൈവരിച്ചു. കത്തിന്റെയും ഫോണ്‍ വിളിയുടെയും കാര്യത്തില്‍ കാക്കനാട് ജയില്‍ അധികൃതര്‍ക്ക് വിഴ്ചപറ്റിയെന്നത് സത്യമാണ്. നമ്മുടെ സിസ്റ്റത്തില്‍ സ്വാഭാവികവും. ഇത് ജയില്‍ സിസ്റ്റത്തിന്റെ വീഴ്ചയാണെന്ന് മുന്തിയ വക്കീലന്‍മാര്‍ നിയമത്തിന്റെ തലനാരിഴ കീറി സ്ഥാപിച്ചു. 

സാധാരണ ജയില്‍ പുള്ളികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനും ചില മാനുഷികമായ അത്യാവശ്യങ്ങള്‍ കൈമാറാനും മറ്റും ജയിലില്‍ നിന്ന് ഡേറ്റും അതാത് ജയില്‍ സീലോടും കൂടിയ പേപ്പര്‍ നല്‍കാറുണ്ട്. അത്തരത്തിലുള്ള രണ്ട് ഷീറ്റ് കടലാസിലാണ് പള്‍സര്‍ സുനിയുടെ കത്ത് എഴുതപ്പെട്ടത്. ഇത് പുറത്ത് പോകണമെങ്കില്‍ ജയില്‍ അധികൃതരുടെ അനുവാദം വേണം. അതില്ലാതെയാണ് സംഗതി കൂറ്റന്‍ മതിലിന് പുറത്തേയ്ക്ക് പോയത്. ഇതിനിടെ കത്തിലെ കൈയക്ഷരവും ഭാഷയും സുനിയുടേതല്ലെന്നും ഇക്കാര്യത്തില്‍ മിടുക്കന്‍മാരായ സഹതടവുകാര്‍ എഴുതിയതാണെന്നും വാര്‍ത്ത വന്നു. ജയില്‍ ചട്ടങ്ങളനുസരിച്ച് തടവറയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ കോയിന്‍ ബോക്‌സില്‍ ഒരു രൂപയിട്ട് വിളിക്കാം. അതും ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രം. കാക്കനാട് ജയിലില്‍ നിന്നുള്ളത് മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളിയായിരുന്നു.

ഈ ഫോണും സിം കാര്‍ഡും പിന്നീട് പോലീസ് കണ്ടെടുത്തു. വിദേശ നിര്‍മിതമാണ് ഫോണ്‍. റ്റാറ്റാ ഡോകോമിന്റെ സിം തമിഴ്‌നാട്ടിലെ വ്യാജ പേരിലുള്ളതും. ഏറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള കടയില്‍ നിന്ന് മേടിച്ച ഷൂവിന്റെ സോളില്‍ വിദഗ്ധമായി പ്രത്യേക അറകള്‍ ഉണ്ടാക്കി അതിനകത്ത് ഒളിപ്പിച്ചാണ് ഫോണും സിമ്മും ജയിലിലേയ്‌ക്കെത്തിച്ചത്. സുനി സഹതടവുകാരുടെ സഹായത്തോടെ അധികൃതര്‍ ആരും പരിസരത്തില്ല എന്ന് ഉറപ്പാക്കിയാണത്രേ വിളിച്ചത്. തടവുപുള്ളികള്‍ക്ക് കാവല്‍നില്‍ക്കേണ്ട ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ ഫോണ്‍ വിളിക്ക് കാവല്‍ നിന്നത് ആരാണെന്ന് ദൈവത്തിനുപോലും അറിയാമെന്ന് തോന്നുന്നില്ല. ഏതായാലും വിളിയും കത്തും ഉദ്ദേശിക്കപ്പെട്ടവരുടെ കാതിലും കൈയിലുമെത്തി. ഇത് കേരളത്തിലെ ജയില്‍ സുരക്ഷയുടെ ഏറ്റവും പുതിയ ഉദാഹരണമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പടും.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തന്റെ പേര് വന്നപ്പോള്‍ ദിലീപ്, സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ സാരഥിയും എം.പിയുമായ ഇന്നസെന്റിന്റെ വീട്ടിലെത്തുകയും ഇരുവരും കൂടി മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കാണുകയും മമ്മൂട്ടി മുഖ്യമന്ത്രി പിണറായിയെ വിളിക്കുകയും അങ്ങനെ കേസ് ക്ലോസ് ചെയ്തുവെന്നും ചാനലില്‍ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പറയുകയുണ്ടായി. ഈ പരാമര്‍ശത്തിന്റെ ഭവിഷ്യത്ത് അദ്ദേഹം അനുഭവിക്കട്ടെ. അപ്പോഴാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സലീംകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പുള്ളിക്കു തന്നെ പാരയായത്. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും വിധേയരാക്കണമെന്നായിരുന്നു മികച്ച ഇന്ത്യന്‍ നടന്റെ ധാര്‍മിക രോഷം. കൂലിത്തല്ലുകാരന്റെ ഭാഷയുലുള്ളതാണ് സലീം കുമാറിന്റെ പരാമര്‍ശമെന്നതുള്‍പ്പെടെയുള്ള ചാനല്‍ ആങ്കര്‍മാരുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചു.

നടന് സൈഡ് പറയുന്നവര്‍ ഇരയായ നടിക്കനുകൂലമായി മനപ്പൂര്‍വം മിണ്ടാത്തത് 'നപുംസക നിസംഗത'യാണെന്ന് മറ്റൊരു വാര്‍ത്താ അവതാരകനും ക്ഷോഭിച്ചപ്പോള്‍ കളം മൂത്തു. അമ്മ സംഘടന അടുത്ത ദിവസം ജനറല്‍ ബോഡി ചേരുമെന്നും തട്ടിക്കൊണ്ടു പോകല്‍ സംഭവത്തില്‍ പ്രതികരിക്കുമെന്നും പറഞ്ഞ് ഒരു സിനിമാക്കാരന്‍ തലയൂരി. ഇതൊക്കെ മുന്‍കൂട്ടി കണ്ടോ എന്തോ, ദിലീപ് വ്യക്തമാക്കിയത് താന്‍ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നാണ്. സമ്മതിക്കത്തില്ല. ഒരു ഇന്ത്യന്‍ പൗരന് സ്വന്തം ഇഷ്ടപ്രകാരം നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ പറ്റില്ലെന്നാണ് ഇക്കാര്യത്തില്‍ വിദഗ്ധനായ ആളുടെ അഭിപ്രായം. ഇനി മിണ്ടിയില്ലെങ്കില്‍, അവന്‍ കുറ്റവാളിയെന്ന് മുദ്രകുത്തപ്പെടും. അങ്ങനെ മിണ്ടാന്‍ നിയമം അനുവദിക്കുന്നുമില്ല. മിണ്ടിയാലും ഇല്ലെങ്കിലും കുറ്റം. ഇതെന്താ വെള്ളരിക്കാ പട്ടണമോ.

ഗൂഢാലോചന സിനിമാ കൂടാരത്തില്‍ നിന്നുതന്നെ എന്ന് സമര്‍ത്ഥിക്കാന്‍ ചില സിനിമാക്കാര്‍ ഉഷാറായി രംഗത്തുണ്ട്. അവര്‍ അമ്മയുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയവരാണെന്നതാണ് രസകരം. ഈ പള്‍സര്‍ സുനി കൊടും ക്രിമിനലാണെന്നാണ് അവര്‍ തങ്ങളുടെ വെള്ളിത്തിര അറിവിന്റെ വെളിച്ചത്തില്‍ പറയുന്നത്. സുനി പണ്ട് നിര്‍മാതാവ് സുരേഷ്‌കുമാറിന്റെ ഭാര്യയും നടിയുമായ മേനകയെ എറണാകുളം നഗരത്തിലിട്ട് ചുറ്റിച്ചത്രേ. നടന്‍ മുകേഷിന്റെയും ജോണി സാഗരികയുടെയും ഡ്രൈവറായിരുന്നു പള്‍സര്‍. വേണ്ടാതീനം കാട്ടിയപ്പോള്‍ അവരെല്ലാം പള്‍സറിന്റെ സേവനം മതിയാക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. എന്നിട്ടും പള്‍സര്‍ സിനിമാക്കാരുടെ ഇടയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ വിലസി. ആരാണ് പള്‍സറിനെ ഇത്രയും കാലം പണവും ഭക്ഷണവും നല്‍കി പോറ്റിയത് എന്ന കാര്യവും ദുരൂഹം.

നടിയെ തട്ടിക്കൊണ്ടുപോയത് വലിയ ക്രൈം തന്നെ. അത് ഇപ്പോഴും നിലനില്‍ക്കുന്നു. അതില്‍ ഗൂഢാലോചനയുണ്ട് എന്ന വാദത്തെ ബലപ്പെടുത്തുന്ന ചില ലീഡുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ മോട്ടീവ് പരമപ്രധാനമാണ്. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ നശിപ്പിക്കപ്പെടരുത്. അതിലൊരെണ്ണം പോയി. പള്‍സര്‍ സുനി വാഹനത്തില്‍ വച്ച് നടിയെ ഉപദ്രവിക്കുന്നത് ഷൂട്ട് ചെയ്ത മൊബൈല്‍ ഫോണ്‍. അത് കണ്ടെത്താന്‍ സ്‌കോട്ടാലാന്റ് യാര്‍ഡിനെ വെല്ലുന്ന കേരള പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന് ഇനിയെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ ഈ കേസിന്റെ കാര്യത്തില്‍ എന്ന് കണ്ടറിയണം. സസ്‌പെന്‍സ് നിറഞ്ഞ ആ ക്ലൈമാക്‌സിനുമുമ്പ് ഒരിടവേള. 

നടിയെ പീഡിപ്പിക്കല്‍ കേസ്: ഗൂഢാലോചന കുരുക്കില്‍ നായകനും ഇരയും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക