Image

പ്രസ്‌താവന വേദനിപ്പിച്ചു: ദിലീപിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ആക്രമിക്കപ്പെട്ട നടി

Published on 27 June, 2017
 പ്രസ്‌താവന വേദനിപ്പിച്ചു:  ദിലീപിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടന്‍ ദിലീപിനെതിരെ നടി രംഗത്ത്‌. തനിക്ക്‌ പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നുവെന്ന ദിലീപിന്റെ പ്രസ്‌താവന ത്‌നെ ഏറെ വേദനിപ്പിച്ചെന്നായിരുന്നു നടിയുടെ പ്രതികരണം. സംഭവത്തിനു ശേഷം ഇതാദ്യമായാണ്‌ നടി പ്രതികരണം അറിയിച്ചിരിക്കുന്നത്‌. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ താന്‍ ഇതുവരേയും പ്രതികരിക്കാതിരുന്നതെന്നും നടി പറഞ്ഞു.

നടക്കുന്നത്‌ മനസാക്ഷിയുടെ യുദ്ധമാണെന്നും ആരെയും ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ദിലീപിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും വേണമെങ്കില്‍ ദിലീപിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നടി വ്യക്തമാക്കി. അതേസമയം, കേസ്‌ ശരിയായ ദിശയിലാണെന്നും പൊലീസില്‍ വിശ്വാസമുണ്ടെന്നും നടി പറഞ്ഞു. എന്നാല്‍ കേസില്‍ ആരോപിക്കപ്പെട്ടവരുടെ പേരുകള്‍ തള്ളാനോ സ്ഥിരീകരിക്കാനോ അവര്‍ തയ്യാറായില്ല.

കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടിക്ക്‌ അടുത്ത സൗഹൃദമുണ്ടെന്നായിരുന്നുവെന്നാണ്‌ ദിലീപ്‌ പറഞ്ഞത്‌. `അവര്‍ ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതാണ്‌ അപകടത്തിലേക്ക്‌ വഴിവെച്ചത്‌' എന്നും റിപ്പേര്‍ാട്ടര്‍ ചാനലില്‍ ന്യൂസ്‌ നൈറ്റില്‍ പങ്കെടുത്ത്‌  ദിലീപ്‌ പറഞ്ഞിരുന്നു.

തന്നോട്‌ ഈ കാര്യം സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞായിരുന്നു ദിലീപ്‌ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്‌. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയുള്ള ദിലീപിന്റെ പ്രസ്‌താവന വിവാദമായിരുന്നു.

`ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച്‌ വര്‍ക്ക്‌ ചെയ്‌തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത്‌ പറഞ്ഞതല്ലേ. അതാണ്‌ അപകടത്തിന്‌ വഴിവെച്ചത്‌. താന്‍ ആരുമായിട്ട്‌ കൂട്ടുകൂടണമെന്നത്‌ അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന്‌ തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്‌. ' എന്നും ദിലീപ്‌ പറഞ്ഞിരുന്നു.

നടിയുടെ കൂട്ടുകെട്ടാണ്‌ പ്രശ്‌നമായത്‌ എന്നു സൂചിപ്പിക്കുന്ന രീതിയിലായിരുന്നു ദിലീപ്‌ സംസാരിച്ചതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്‌.

നേരത്തെ നടിയെ നുണപരിശോധനക്ക്‌ വിധേയമാക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന്‌ തന്റെ പരാമര്‍ശത്തില്‍ സലിം കുമാര്‍ മാപ്പുചോദിച്ചു. കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റില്‍ പറഞ്ഞുപോയ കാര്യം തെറ്റാണെന്ന്‌ ബോധ്യമായെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നടിയുടെ പ്രസ്‌താവനയുടെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ
ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്‌. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്‌. 

ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്‌ ഈ കുറിപ്പ്‌ പങ്കുവയ്‌ക്കുന്നത്‌. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ്‌ ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന്‌ ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട്‌ . പൊലീസില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസവുമുണ്ട്‌. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലീസ്‌ ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്‌. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്‌. 

 കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്‌. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ്‌ ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. . അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്‌. 

എന്റെ മനസാക്ഷി ശുദ്ധമാണ്‌. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്‌തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.

Join WhatsApp News
Tomabachen 2017-06-27 10:18:31

Yes, Dileep s statement is malicious.

He wants to harm Bhavana

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക