Image

നിയമ നടപടി സ്വീകരിക്കുമെന്ന് നടി ഭാവന

Published on 27 June, 2017
നിയമ  നടപടി സ്വീകരിക്കുമെന്ന് നടി ഭാവന
നിക്കെതിരെ അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ  നടപടി സ്വീകരിക്കുമെന്ന് നടി ഭാവന.

ഭാവനയുടെ കുറിപ്പ്

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ

ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. . അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.

നന്ദിയോടെ ,
ഭാവന

സലീം കുമാറിന് പിറകെ ക്ഷമാപണവുമായി നടന്‍ അജു വര്‍ഗീസും.
നടിയുടെ പേര് പരാമര്‍ശിച്ചതിനാണ് അജു ക്ഷമാപണം നടത്തിയത്.
എന്റെ സഹപ്രവര്‍ത്തകയുടെ (നടി) പേര് ചുവടെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തില്‍ അത് തിരുത്തുന്നു. നടിയോട് മാപ്പ് ചോദിക്കുന്നുഅജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അറസ്റ്റിലായ പള്‍സര്‍ സുനിയെയും തട്ടിക്കൊണ്ടുപോകപ്പെട്ട നടിയെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറഞ്ഞതിനാണ് സലീം കുമാര്‍ ക്ഷമാപണം നടത്തിയത്.
പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാധവും സ്ത്രീവിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ട് നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നുവെന്നാണ് സലീം കുമാര്‍ പറഞ്ഞത്.

ഭാഗ്യലക്ഷ്മി

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്‌കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്..ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല.ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ.
എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?..പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.
വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും
മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം..
ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.?
നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ
സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ...


വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. 2013ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല.

 കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു.

ടോമിച്ചന്‍ മുളകുപാടം

വളരെയേറെ വേദനയോടെയാണ് ഇതെഴുതുന്നത്. വളരെയേറെ നാളുകളായി പരിചയമുള്ള ദിലീപ് എന്ന നടനെതിരെയും ഞങ്ങള്‍ ഒരുമിക്കുന്ന രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേദനാജനകമാണ്. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനുശേഷമാണ് കുതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും സജീവമായതെന്നതിനാല്‍ ഒന്നുറപ്പിക്കാം, അവരുടെ ലക്ഷ്യം ദിലീപ് മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം.

നൂറുക്കണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്‌നങ്ങളും രാമലീല എന്ന ചിത്രമായി തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാനടക്കമുള്ളവര്‍. നല്ലൊരു മുതല്‍മുടക്കില്‍ അരുണ്‍ ഗോപിയെന്ന നവാഗത സംവിധായകന്റെ കൂടി ഒരു സ്വപ്നമാണിത്. എഴുപതിലധികം ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി രാമലീലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന നാണംകെട്ട പ്രവൃത്തികള്‍. അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകള്‍. നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോര്‍ക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷക പിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.


 നടനും സംവിധായകനുമായ ജോയ് മാത്യു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് 

എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെ മാത്രം
സിനിമയില്‍ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആള്‍ എന്നതുകൊണ്ടും സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ ഞാന്‍ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കനോ അല്ലെങ്കില്‍ സിനിമയില്‍ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും മുഖ്യമന്ത്രിയെയും ഭരണത്തെയും വിമര്‍ശിക്കാന്‍ മാത്രമാണു ഞാന്‍ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമര്‍ശിക്കുന്നു
എന്നാല്‍ ഒരു കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ. എനിക്ക് നമ്മുടെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം. അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതില്‍ 'ഗൂഢാലോചന നടന്നിട്ടില്ലെന്ന്' ഞാനത് വിശ്വസിക്കുന്നു അദ്ദേഹം അതില്‍ ഉറച്ചു നില്‍കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും അതല്ലേ അതിന്റെ ശരി?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക