Image

പകര്‍ച്ചപ്പനി ബാധിച്ച ആരോഗ്യ രംഗം; പട്ടിപ്പനിയും പൂച്ചപ്പനിയും കാത്ത് ജനങ്ങള്‍! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 25 June, 2017
പകര്‍ച്ചപ്പനി ബാധിച്ച ആരോഗ്യ രംഗം; പട്ടിപ്പനിയും പൂച്ചപ്പനിയും കാത്ത് ജനങ്ങള്‍! (ലേഖനം: ജയന്‍ വര്‍ഗീസ്)
ആലങ്കാരികമായിട്ടാണെങ്കിലും 'ദൈവത്തിന്റെ സ്വന്തം നാട് ' എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കേരളം. സമാനതകളില്ലാത്ത ഒട്ടേറെ നന്മകള്‍ ഈ പ്രദേശത്ത് മുളച്ചുവളര്‍ന്നു പൂവിട്ടു നിന്നിരുന്നു! മാറി മാറി വന്ന രാഷ്ട്രീയ, സാമൂഹ്യ, ശാസ്ത്രീയ പരിഷ്ക്കര്‍ത്താക്കള്‍ പുരോഗതിയുടെ പാതയില്‍ നാട്ടിയ പുത്തന്‍ നാഴികക്കല്ലുകള്‍ ജന സാമാന്യത്തിന്റെ ജീവിത യാത്രയില്‍ വിലങ്ങു തടികളാവുകയാണുണ്ടായത്. ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെയും തണല്‍ മരങ്ങളായി പരിണമിക്കുവാന്‍ അവക്ക് സാധിച്ചുമില്ല. ഇവിടെയാണ്, ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താന്റെ നാട്ടിലേക്ക് വഴി പിരിയുന്നത്.

ഈറന്‍ മുടിത്തുന്പില്‍ കുടമുല്ലപ്പൂ ചൂടി നിന്ന കേരളം ഇന്ന് പനിച്ചു വിറച്ചു തുള്ളുകയാണ്. പക്ഷിയുടെയും, പന്നിയുടെയും, എലിയുടെയും, ഡെങ്കിയുടെയും പേരുകള്‍ ചാര്‍ത്തി ശാസ്ത്ര സത്തമന്മാര്‍ ജനങ്ങളെ പിഴിയുകയാണ്. ഈ പനികളുടെ മുഖ്യ സംഘാടകര്‍ കൊതുകുകളാണെന്നാണ് ശാസ്ത്രീയ കണ്ടെത്തല്‍.ഇതേ കൊതുകുകളെ തുരത്താന്‍ ഏ കെ ഫോര്‍ട്ടീ സെവനുമായി ഇന്ത്യന്‍ പട്ടാളം രംഗത്തിറങ്ങിയ നാണം കേട്ട ചരിത്രവും നമുക്കുണ്ട്. ഇപ്പോള്‍ വിഷപ്പുകയാണ് താരം. ചെറിയ ജീവിയായ കൊതുകിനെ പെട്ടന്ന് കൊല്ലുന്ന ഈ വിഷപ്പുക വലിയ ജീവിയായ മനുഷ്യനെ സാവധാനം കൊല്ലുന്നുവെന്ന നഗ്‌ന സത്യം, ശാസ്ത്ര സത്തമന്മാരുടെ ആള്‍ താമസമില്ലാത്ത മണ്ടയില്‍ കയറുന്നുമില്ല.

എന്താണ് പനിയെന്നും, അത് എങ്ങിനെ ഉണ്ടാവുന്നുവെന്നും, അതുണ്ടാവാതിരിക്കാനുള്ള മാര്‍ഗ്ഗം എന്തെന്നും ശരീര ശാസ്ത്രം പഠിച്ച ഏവര്‍ക്കുമറിയാം. മിണ്ടത്തില്ല. മിണ്ടിയാല്‍, കോടാനുകോടികള്‍ ഒഴുകി മറിയുകയും, അതില്‍ ഒരു വലിയ പങ്ക് സ്വന്തം പോക്കറ്റില്‍ വീഴുകയും ചെയ്യുന്ന ഈ വന്പന്‍ ബിസ്സിനസ് നിന്ന് പോകും. സ്വന്തം കീശ കാലിയാക്കിയിട്ട് പൊതുജനത്തെ രക്ഷിക്കാന്‍ ആര്‍ക്കാണ് ഇത്ര താല്‍പ്പര്യം? കൊടികളെറിഞ്ഞു കൊയ്‌തെടുത്ത മെഡിക്കല്‍ ബിരുദം നാല് കാശുണ്ടാക്കാനാ അല്ല പിന്നെ!

പനിക്ക് ഒരേയൊരു പേരേയുള്ളു. അതാണ് പനി. ഈ ഒറ്റപ്പേരന്‍ പനിക്ക് ഒരു പുത്തന്‍ പേര് ചാര്‍ത്തി പുത്തന്‍ ചികിത്സയും, പുത്തന്‍ മരുന്നുമായി നാല് ചക്രമുണ്ടാക്കാനുള്ള തത്രപ്പാടിലാണ്, അന്താരാഷ്ട്ര ഫര്‍മസ്യൂട്ടിക്കല്‍ വന്പന്‍ സ്രാവുകളും, അവരുടെ ഏജന്റുമാരായി സാമൂഹ്യ സേവനത്തിനിറങ്ങിയ നമ്മുടെ അപ്പോത്തിക്കിരികളും!

കൊതുകും, ഡെങ്കിയും, എലിയും, പന്നിയും, പക്ഷിയും, മനുഷ്യനും, കരിന്പും, കാഞ്ഞിരവും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് പ്രകൃതി. ഒന്നിനെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനെ നിലനിര്‍ത്താന്‍ പ്രകൃതി തയ്യാറല്ല. എല്ലാറ്റിനെയും സഹകരിപ്പിച്ചു സംരക്ഷിക്കുന്നതാണ് പ്രകൃതി സംവിധാനം!

സാമൂഹ്യ സേവനം ജീവിത വൃതമായി സ്വീകരിച്ച മനുഷ്യ സ്‌നേഹികളായ ഭിഷഗ്വരന്മാരുണ്ട്. മുന്‍പ് പൊതുവായിപ്പറഞ്ഞ കാര്യങ്ങള്‍ അവരെക്കുറിച്ചല്ല. അവരെക്കൂടി അപമാനിച്ചു നാണം കെടുത്തുന്ന കള്ള നാണയങ്ങളെക്കുറിച്ചാണ്.

വീണ്ടും പനിയെപ്പറ്റിത്തന്നെ. കേരളത്തിലെ ജനങ്ങളെ കോച്ചി വിറപ്പിക്കുന്ന ഈ പകര്‍ച്ചപ്പനി ഒന്നൊഴിവാക്കിക്കിട്ടുവാന്‍ ഇനി ഏതു മൂര്‍ത്തിയുടെ തൃപ്പാദങ്ങളിലാണ് വീഴേണ്ടത്? ഡെങ്കിയുടെയോ, എലിയുടെയോ, പന്നിയുടെയോ, പക്ഷിയുടെയോ? എന്തുകൊണ്ടെന്നാല്‍, ഇന്ത്യയിലെ ഏറ്റവും വിദഗ്ദ്ധരായ അപ്പോത്തിക്കിരിമാര്‍ വാഴുന്ന കേരളത്തിലെ ആരോഗ്യ വകുപ്പ് പീലാത്തോസിനെപ്പോലെ മാന്യമായി കൈ കഴുകിക്കഴിഞ്ഞു.

മലയാളത്തിലെ പ്രമുഖ ചാനലുകളിലൊന്ന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്, ആരോഗ്യ രംഗത്തെ അറിയപ്പെടുന്ന ഒരാള്‍ പറഞ്ഞത് തങ്ങള്‍ നിസ്സഹായരാണെന്നാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത മെഡിക്കല്‍ രംഗത്തു നിന്നുള്ള മറ്റു പ്രമുഖരും ഇത് തന്നെ ആവര്‍ത്തിച്ചു. ഒരു ഡോക്ടറുടെ വായില്‍ നിന്ന് അറിയാതെ ഒരു സത്യം പുറത്തു വന്നത് കൂടുതല്‍ പടരാതെ മറ്റുള്ളവര്‍ കാത്തു. ചെറിയൊരു ജലദോഷപ്പനിക്ക് പോലും രോഗി അകത്താക്കുന്ന മരുന്നുകളാണ് പനി മരണങ്ങള്‍ക്ക് കാരണമാവുന്നത് എന്ന സത്യമായിരുന്നു അത്. എങ്കിലും അവതാരകനായ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയം തങ്ങളുടെ ട്രാക്കിലേക്ക് തന്ത്ര പൂര്‍വം തിരിച്ചു വിടുകയാണുണ്ടായത്. പനി പടരുന്നതിനെതിരെ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും, പനിപിടിച്ചെത്തുന്നവര്‍ക്കു നല്ല പെനിസിലില്‍ കുത്തി വയ്ക്കുവാനേ തങ്ങള്‍ക്കു കഴിയൂ എന്നും അവര്‍ തുറന്നടിച്ചു.

പനി പടരാതെ നോക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമാണെന്നും, ഇതിനായി വന്പിച്ച മൂലധന നിക്ഷേപം നടത്തുന്നുണ്ടന്നും, ഇതുപയോഗിച്ചു മാലിന്യങ്ങള്‍ നീക്കം ചെയ്യനാമെന്നും, പന്നി, പക്ഷി, എലി, ഡെങ്കി എന്നിവകളെ കൊന്നൊടുക്കണമെന്നും അവര്‍ ഉത്‌ബോധിപ്പിച്ചു.

തങ്ങള്‍ക്ക് ആകെ ചെയ്യാന്‍ പറ്റുന്നത്, പനി മാത്രമല്ല, മഞ്ഞപ്പിത്തവും, കോളറയും പടരുന്ന മേഖലകളില്‍ സംഘം സംഘമായി സന്നര്‍ശനം നടത്തുകയും, രോഗികളുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു ഇത്ര പേര്‍ക്ക് ഇന്ന രോഗം ബാധിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക കണക്കുകള്‍ തയ്യാറാക്കി മാധ്യമങ്ങള്‍ക്കു നല്‍കുകയും, അത് വഴി അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടാനിരിക്കുന്ന ഇന്ത്യന്‍ പുരോഗതിക്കു കനത്ത സംഭാവനകള്‍ അര്‍പ്പിച്ചു സായൂജ്യമടയുന്ന നല്ല പിള്ളകളാകാം എന്നൊക്കെയായി നീണ്ടു നീണ്ടു പോകുന്നു അവരുടെ വാദ മുഖങ്ങള്‍?

'കൊല്ലനുമറിഞ്ഞില്ല, കൊല്ലത്തീമറിഞ്ഞില്ല, തിത്തിത്തേയ്‌ന്നൊരു കൊച്ചരിവാള്‍' എന്ന് പറഞ്ഞത് പോലെ , ഇന്നലെ പെട്ടന്ന് പൊട്ടി വീണതല്ല കേരളം എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. യുഗങ്ങളായി, നൂറ്റാണ്ടുകളായി ഈ ശ്യാമ സുന്ദര നാട് ഇവിടെയുണ്ട്.കോടാനുകോടി ജനങ്ങള്‍ ഇവിടെ ജനിച്ചു മരിച്ചു. ലോകത്ത് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അന്‍പതു നാടുകളില്‍ രണ്ടാമത്തേതായി യുണൈക്കോ രേഖപ്പെടുത്തിയ ഈ നാട്ടില്‍; വൃത്തിയും, വെടിപ്പുമുള്ളവര്‍ എന്ന് മുഴുവന്‍ ഭാരതീയരും ആദരവോടെ അഭിവീക്ഷിക്കുന്ന ഈ നാട്ടില്‍; രണ്ടു നേരവും കുളിക്കുന്ന കുറേപ്പേരെങ്കിലും ജീവിച്ചിരിക്കുന്ന ലോകത്തിലെ ഒരേയൊരിടം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നാട്ടില്‍.....ഈ നാടിനെന്തു പറ്റി ?

ഇരുപതാം നൂറ്റാണ്ടിന്റെ അവസ്സാന പാദങ്ങളില്‍ മൂന്നാം ലോക രാഷ്ട്രങ്ങളുടെ സാംസ്ക്കാരികത്തനിമയില്‍ ഇടിച്ചു കയറി സ്ഥാനം ഉറപ്പിച്ചതും, അടിപൊളിയെന്നു മലയാളീകരിക്കപ്പെട്ടതുമായ ' എന്‍ജോയ് ദി ലൈഫ് ' എന്ന പടിഞ്ഞാറന്‍ യാഗാശ്വത്തിന്റെ കുളന്പടികളില്‍ പിടഞ്ഞു മരിച്ച ഭാരതീയ മൂല്യാവബോധത്തിന്റെ ചീഞ്ഞ ശവങ്ങളാണ് കേരളത്തില്‍ ഈ ദുരന്തം കൊണ്ട് വന്നതെന്ന് എനിക്ക് തോന്നുന്നു?

ഈ അശ്വമേധത്തിന് ആമേന്‍ പാടാന്‍ പോയ വരട്ടു കിഴവന്മാരും, മോന്ത കാട്ടികളുമായ കേരളത്തിലെ സാംസ്ക്കാരിക നായകന്മാരെ നെഞ്ചിലേറ്റിയ ഒരു ജനതയ്ക്കു സംഭവിച്ച വന്‍ ദുരന്തം ഇതേ മീഡിയയില്‍ മുന്‍പ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

പനി ഒരു രോഗമല്ല എന്ന സത്യം തുറന്നു പറയാന്‍ ചംകൂറ്റമുള്ള ഒരൊറ്റ അപ്പോത്തിക്കിരി കേരളത്തില്‍ ഇല്ലെന്നുള്ളതാണ് പരമ ദയനീയം."എനിക്ക് പനി തരൂ, അത് കൊണ്ട് ഞാന്‍ സകല രോഗവും സുഖപ്പെടുത്താം " എന്ന് നെഞ്ചു വിരിച്ചു നിന്ന് പ്രസ്താവിച്ചത് സാക്ഷാല്‍ ഹിപ്പോക്രാറ്റസ്സാണ്. ആ ഹിപ്പോക്രാറ്റസിന്റെ പേരില്‍ പ്രതിജ്ഞയെടുത്ത് ജന സേവനത്തിനിറങ്ങിയ ഈ യോഗ്യന്മാര്‍ അദ്ദേഹത്തെപ്പോലും അപമാനിച്ചു കൊണ്ടാണ് തങ്ങളുടെ പോക്കറ്റുകളില്‍ പച്ച നോട്ടുകള്‍ കുത്തി നിറക്കുന്നത്.

പനി ഒരു രോഗമേയല്ല. മനുഷ്യ ശരീരത്തില്‍ അടിഞ്ഞു കൂടിയ വിഷങ്ങളെ ( ടോക്‌സിന്‍സ് )പുറം തള്ളുന്നതിനായി പ്രാണന്‍ തുറന്നു വച്ച ഒരു ഔട് ലെറ്റ് മാത്രമാണത്. ശരീരത്തിന്റെ താപനില ക്രമാതീതമായി ഉയര്‍ത്തി വച്ച് കൊണ്ട് ;അതിലൂടെ ശാരീരിക വിഷങ്ങളെ നിര്‍വീര്യമാക്കിക്കളയുന്ന പ്രിക്രിയയാണ് നടന്നു കൊണ്ടിരിക്കുന്നത്. ടോക്‌സിന്‍ ഡിസ്ചാര്‍ജ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഔട് ലറ്റ് അടക്കും,പനി മാറും. വിഷയങ്ങളുടെ വീര്യം അനുസരിച്ചു ഈ പ്രിക്രിയ ഒന്നോ, രണ്ടോ, മൂന്നോ, നാലോ, അഞ്ചോ ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കാം. നാം ചെയ്യേണ്ടത് പ്രാണന്റെ ഈ സല്‍പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക എന്നത് മാത്രമാണ്. ഈ സമയത്തു ശരീരത്തിലേക്ക് കട്ടിയാഹാരം ഇട്ടു കൊടുത്താല്‍ ആകെ പ്രശ്‌നമാവും. ആഹാരം ദഹിപ്പിക്കുന്നതിനും, ശരീരത്തിന്റെ റിപ്പയറിങ്ങിനുമായി പ്രാണശക്തി പങ്ക് വയ്ക്കപ്പെടേണ്ടി വരുന്നത് കൊണ്ട് പനി നീണ്ടു നീണ്ടു പോകുകയും; തലവേദന, വയറിളക്കം, ശര്‍ദ്ദി മുതലായ ത്വരിത ഔട് ലെറ്റുകള്‍ തുറക്കപ്പെടേണ്ടി വരികയും ചെയ്യുന്നു.ഇതിനായി വന്‍ തോതില്‍ ശാരീരികോര്‍ജ്ജം ചെലവഴിക്കപ്പെടേണ്ടി വരുന്നതിനാല്‍ രോഗി അപകട നിലയില്‍ എത്തിച്ചേരുന്നതിനുള്ള ഒരു സാഹചര്യം സംജാതമാകുന്നതാണ്.

ഊര്‍ജ്ജനഷ്ടം ഒഴിവാക്കുന്നതിനുള്ള നടപടികളാണ് നാം സ്വീകരിക്കേണ്ടത്. ഇതിനായി പരിപൂര്‍ണ്ണ ബെഡ് റസ്റ്റ് എടുക്കണം. പനിയുള്ള ഒരാള്‍ക്ക് വിശപ്പ് ഉണ്ടാവുകയില്ല.ആഹാരം അകത്തേക്കിടല്ലേ എന്ന മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.പൂര്‍ണ്ണമായ ഉപവാസമാണ് ഉത്തമം.അത് സാധിക്കാത്തവര്‍ക്ക് അര്‍ദ്ധ ഉപവാസമാവാം. ഈ സമയത്ത് കരിക്കിന്‍ വെള്ളമോ, പഴച്ചാറുകളോ മിതമായി ഉപയോഗിക്കാം. പച്ചവെള്ളത്തില്‍ നനച്ചു പിഴിഞ്ഞെടുത്ത തുണി എട്ടു പത്ത് ഇഞ്ചു വീതിയില്‍ മടക്കി നെഞ്ചിനു താഴെ വയറ്റില്‍ ചുറ്റി വയ്ക്കണം.ഇരുപതു മിനിറ്റില്‍ ഈ തുണി ചൂടാവുന്നതാണ്. അപ്പോള്‍ മാറ്റണം. ആവശ്യമെങ്കില്‍ വീണ്ടും ആവര്‍ത്തിക്കാം, എത്ര തവണ വേണമെങ്കിലും. ഓരോ തവണയും ഒന്നോ, രണ്ടോ ഡിഗ്രി പനി കുറയുന്നതായി കാണാം. തലവേദനയുണ്ടെങ്കില്‍ നെറ്റിയില്‍ തുണി .നനച്ചിടണം. ഈറന്‍ തുണി കൊണ്ട് ശരീരം ഇടക്കിടെ തുടക്കണം. വലിയ ചൂടുണ്ടങ്കില്‍ മാത്രം തല പച്ചവെള്ളത്തില്‍ കഴുകി തുടക്കണം. ഇതിനെല്ലാം ശുദ്ധജലം മാത്രം ഉപയോഗിക്കണം, ക്ലോറിന്‍വാട്ടര്‍ ഉപയോഗിക്കരുത്.

ഇത്രയും കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ 24 മണിക്കൂറിനകം പനി മാറും. പരമാവധി 48 മണിക്കൂര്‍. പനി കഴിഞ്ഞെണീറ്റു പന്ത് കളിക്കാം.ശരീര ക്ഷീണം തോന്നുകയേയില്ല. കാരണം, മുഴുവന്‍ വിഷവും നേര്‍ വഴിയിലൂടെ പുറം തള്ളി കഴിഞ്ഞത് കൊണ്ട് എണ്ണയിട്ട യന്ത്രം പോലെ ശരീരം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു എന്നത് കൊണ്ട് തന്നെ! അമേരിക്കയില്‍ ജീവിക്കുന്ന ആരും ഇത് ചെയ്യരുത്. അവര്‍ എഫ്. ഡി. എ യുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം സ്വീകരിക്കുക.

ശരീരം വിഷ മയമാണെങ്കില്‍ മാത്രമേ പനിയുണ്ടാവുകയുള്ളു. വിഷം പുറന്തള്ളി ശരീരത്തെ രക്ഷിക്കുകയാണ് പ്രാണന്റെ ലക്ഷ്യം.എന്നാല്‍,തീവ്രമായ വിഷജ്വാലയേറ്റു നാശോന്മുഖമായ ശരീരത്തില്‍ പനിയുണ്ടാവുകയില്ല. തീവ്രമായ ഈ വിഷ ശേഖരം പുറം തള്ളുന്നതിനുള്ള ശാരീരിക ഊര്‍ജ്ജം ശരീരത്തില്‍ സ്‌റ്റോക്കില്ലാത്തതു കൊണ്ടാണിത്. കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പനി വരാതിരിക്കുന്നത് ഇത് കൊണ്ടാണ്.

എങ്കിലും ചില സന്നിഗ്ദാവസ്ഥകളില്‍, അറ്റകൈ എന്ന നിലയില്‍ പ്രാണന്‍ പനി കൊണ്ട് വന്നേക്കാം.ശാരീരിക സാഹചര്യങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയാത്ത ഡോക്ടറും, രോഗിയും പനിയെ അടിച്ചമര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയും, ശാരീരിക ഊര്‍ജ്ജത്തിന്റെ ഉറവ അവസാന തുള്ളിയും വറ്റി വരണ്ട് രോഗി അനിവാര്യമായ മരണത്തിനു കീഴടങ്ങേണ്ടി വരികയും ചെയ്യുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ അറിയാതെ ഈ സത്യം പുറത്തു വിട്ടുവെങ്കിലും മറ്റുള്ളവര്‍ അത് മൂടിക്കളഞ്ഞു.

വിഷ വിസര്‍ജ്ജനത്തിനു പ്രാണന്‍ തിരഞ്ഞെടുക്കുന്ന കാലമാണ് മഴക്കാലം.ശരീരത്തിന് ഏറ്റവും സുഖകരമായ കാലം ഇളം തണുപ്പുള്ള ഇക്കാലമാണ്.ഇത്തരം ഒരവസ്ഥയില്‍ ആയിരിക്കും ശരീരം റിപ്പയര്‍ ചെയ്യുന്നതിനായി പ്രാണന്‍ തയ്യാറാവുക. പനി ഉള്‍പ്പടെയുള്ള അനേകം രോഗങ്ങള്‍ ഇക്കാലത്തു പ്രക്ത്യക്ഷപ്പെടും. ശരീര ശുദ്ധിക്കുള്ള റിപ്പയര്‍ ഷോപ്പുകള്‍ പ്രാണന്‍ തുറന്നു വയ്ക്കുകയാണെന്നു മനസിലാക്കാതെ നമ്മള്‍ ഇവയെ മഴക്കാല രോഗങ്ങള്‍ എന്ന് വിളിച്ചു ഭയപ്പെടുന്നു!

ശരീരം വിഷ വിമുക്തമാണെങ്കില്‍ ഏതു കാലവും രോഗ വിമുക്തവുംാ ആയിരിക്കും. ആയതിനാല്‍ ശരീരത്തെ വിഷ വിമുക്തമായി സൂക്ഷിക്കുവാന്‍ നാം തയ്യാറാവണം. പുളിക്കലിനും അമ്ല (അസിഡിറ്റി ) ഉല്‍പ്പാദനത്തിനും കാരണമാവുന്നത് മാംസ ജന്യ ഭക്ഷണങ്ങളാകയാല്‍ ആവുന്നത്ര അവ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മടങ്ങുക.ഇതില്‍ വിഷം കലര്‍ന്നിട്ടില്ലന്നുറപ്പ് വരുത്തുക വിഷം കലരാത്തതായി നാട്ടില്‍ ലഭ്യമാവുന്ന ചക്ക,മാങ്ങ, തേങ്ങാ മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ ജൈവാവസ്ഥയില്‍ ഉല്‍പ്പാദിപ്പിക്കുക. പറന്പിലോ, മുറ്റത്തോ, ചെടിച്ചട്ടികളിലോ, ടെറസ്സിലോ ഇവക്കുള്ള ഇടം കണ്ടെത്തുക!

ഏതൊരു വിഷവും (ടോക്‌സിന്‍ ) പ്രാഥമികമായി പ്രത്യക്ഷപ്പെടുന്നത് അമ്ലഅവസ്ഥയില്‍ ആയിരിക്കും.ഇതിനെ നേരിടാനും, നിര്‍ വീര്യമാക്കാനും നമുക്ക് വേണ്ടത് ഭക്ഷ്യ രൂപത്തിലുള്ള ആല്‍ക്കലിയാണ്. ഭക്ഷ്യ യോഗ്യമായ ഇലകളില്‍ തന്നെയാണ് ആല്‍ക്കലിയുടെ വന്‍ നിക്ഷേപമുള്ളത്.ഇലക്കറികള്‍ ഒരു ശീലമാക്കുന്നതിലൂടെ ആസിഡുകളുടെ (ടോക്‌സിനുകളുടെ ) നിര്‍ വീര്യമാക്കലും, അതിലൂടെ ആരോഗ്യ രക്ഷ ഉറപ്പു വരുത്താവുന്നതുമാണ്. ഓരോ വീട്ടിലും ഓരോ ചീരത്തോട്ടം ഉണ്ടായിരിക്കട്ടെ.നൂറു ഗ്രാം ചീര ഓരോ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതായാല്‍, അനുഭവങ്ങള്‍ ഉള്ള ഒരു പ്രകൃതി ചികിത്സകന്‍ എന്ന നിലയില്‍ ഞാനുറപ്പു പറയാം; അടുത്ത വര്ഷം തൊണ്ണൂറ്റി ഒന്‍പതു ശതമാനവും നിങ്ങള്ക്ക് പനി ഉണ്ടാവുകയില്ല. ആശുപത്രി മാഫിയകളും, അവരുടെ അപ്പോത്തിക്കിരിമാരും ഇത് കേട്ടാല്‍ ഊറിച്ചിരിച്ചേക്കാം അല്ലെങ്കില്‍ ഉറഞ്ഞു തുള്ളിയേക്കാം. അവരെ അവഗണിക്കുക, ആരോഗ്യത്തോടെ
അന്തസായി ജീവിക്കുക!

തെറ്റായ വിദ്യാഭ്യാസത്തിലൂടെ ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ തലയിലേറ്റി വച്ച ഒരു ജനതയാണ് നമ്മള്‍.ഉടയോന്റെ ഉഴവ് നുകം ചുമലിലേറ്റുന്ന അടിമകളാണ് ഇന്നും നമ്മള്‍.ഇത് മാറി വരാന്‍ വളരെ സമയമെടുക്കും. ഇതിനിടയില്‍ വീണടിയുന്ന ആയിരങ്ങള്‍! നിസ്സഹായരായി നോക്കി നില്‍ക്കുവാനേ നമുക്ക് കഴിയൂ. വെളിച്ചം അകലെയാണ്; ഇനിയും അകലെ ....?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക