Image

ഈദുല്‍ ഫിത്വര്‍ (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 24 June, 2017
ഈദുല്‍ ഫിത്വര്‍ (കവിത: മഞ്ജുള ശിവദാസ് റിയാദ്)
അംബരമുറ്റത്തമ്പിളി തെളിയുകി
ലാനന്താരവമുള്‍ക്കാമ്പില്‍.
മലിനത നീങ്ങിയ മാനവ ഹൃത്തില്‍
സ്‌നേഹ നിലാവൊളി തൂകുന്നൂ..

ഉടയവനുടെ അരുളപ്പാടതുപോല്‍
ഉരുകും ചൂടിലുമുപവാസത്താല്‍
ഉപസേവിച്ച ദിനങ്ങള്‍ക്കേകും
ഉപഹാരം പോല്‍ ഒരു സുദിനം.

ഊഷര മര്‍ത്യമനസ്സുകള്‍ തന്‍
ഉഷ്ണമറിഞ്ഞു കുളിര്‍ പകരാന്‍,
ഉര്‍വ്വിയിലുണ്ണാനില്ലാത്തവനുടെ
ദണ്ണമറിഞ്ഞവനേകീടാന്‍.

കളവുകളാല്‍ കറ പുരളാതെ,
കടമകളില്‍ കാലിടറാതെ,
സമഭാവനയാല്‍ സഹസൃഷ്ടികളില്‍
സൗഹൃദചിന്ത വളര്‍ത്തീടാന്‍.

കഷ്ടിക്കാരനു കരുതലു നല്‍കു
ന്നെത്ര മനോഹരമീ കാഴ്ച്ച,
ഇല്ലിതുപോലെ മഹത്തരമൊരു ദിന
മിത്ര മഹോന്നത ചിന്തകളും.
Join WhatsApp News
വിദ്യാധരൻ 2017-06-25 13:37:43
ജാതിമതങ്ങൾ മാനുജരെയിന്ന് 
ഭിന്നതയാലെ അകറ്റുമ്പോൾ.
ജാതിമതത്തിൻ  വേലിതകർക്കാൻ
നിങ്ങടെ തൂലിക ചലിക്കുമ്പോൾ 
കാണുന്നു കവി നിങ്ങടെ ഹൃദയം
ഞങ്ങൾ നിങ്ങടെ കവിതകളിൽ  
ആശയമില്ലാതിവിടെ കവികൾ 
ശ്വാസം മുട്ടി മരിക്കുന്നു 
ചീഞ്ഞു പഴുത്ത കവിതകളാലെ  
നാട്ടിൽ ഭിന്നത ഏറുന്നു
തുടരുക നിങ്ങടെ രചനകളാലെ 
മാനവ മനസ്സുകൾ കുളിരട്ടെ   
Faizal 2017-06-28 00:24:02
മനസ്സിൻ്റെ സൌന്ദര്യം കവിതയ്ക്കഴക് കൂട്ടുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക