Image

ഇറ്റലിയും ഇന്ത്യയും വീസാ നിയമങ്ങള്‍ ലഘൂകരിക്കുന്നു

Published on 01 March, 2012
ഇറ്റലിയും ഇന്ത്യയും വീസാ നിയമങ്ങള്‍ ലഘൂകരിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും ഇറ്റലിയും വീസാ ചട്ടങ്ങള്‍ ഉദാരമാക്കുന്നു. ഇറ്റലിയുടെ വിദേശകാര്യമന്ത്രി ഗിയൂലിയോ ടെര്‍സി അഗാത്തയും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ബിസിനസ് ഡെലിഗേഷനുമായി കണ്‍സ്ട്രക്ഷന്‍ മേഖലയെ ലക്ഷ്യമാക്കി ഇന്ത്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

ബിസിനസ് വീസ ചട്ടങ്ങളില്‍ ഉദാരമാക്കിക്കൊണ്ട് ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍ക്ക് കൂടുതല്‍ സഹകരണത്തോടെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പോയ വര്‍ഷം ഫെബ്രുവരിയില്‍ മന്ത്രി ആനന്ദ് ശര്‍മ ഇറ്റലി സന്ദര്‍ശിച്ചപ്പോഴാണ് ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 

ഇന്ത്യ ഇപ്പോള്‍ ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി (ഒരു വര്‍ഷത്തെ) ദീര്‍ഘകാല ബിസിനസ് വീസയാണ് നല്‍കുന്നത്. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യം. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇറ്റലിയില്‍ നിലവിലുണ്‌ടെന്നും മന്ത്രി ടെര്‍സി അറിയിച്ചു. പുതിയ ഷെംഗന്‍ വീസയുടെ വെളിച്ചത്തില്‍ ബിസിനസ് വീസായുടെ കാലാവധി ലോംഗ് ടേം മള്‍ട്ടിപ്പിള്‍ എന്‍ട്രിയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഇറ്റലിയുമായുള്ള വാണിജ്യം 2010/11ല്‍ 9 ബില്യണ്‍ ഡോളറിന്റേതായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത് 21.27 ശതമാനം വര്‍ധിച്ചിട്ടുണ്ട്്. ഇറ്റലിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഈ ഒരു വര്‍ഷം 33.85 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇറക്കുമതിയിലും 20 ശതമാനത്തോളം വര്‍ധനയുണ്ടായതായി മന്ത്രി പറഞ്ഞു. 

ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മാനുഫാക്ച്ചറിംഗ്, ഐസിടി, ഇന്നോവേഷന്‍ തുടങ്ങിയവയില്‍ കൈമാറ്റവും ഫാര്‍മസ്യൂട്ടിക്കല്‍സ്, ലെതര്‍,റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, എന്നിവയ്ക്കു പുറമേ പെട്രോളിയം ഉത്പന്നങ്ങളുമാണ് ഇന്ത്യ ഇറ്റലിയിലേയ്ക്കു കൂടുതലായും കയറ്റി അയയ്ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക