Image

മീന്‍കറി (കവിത)

Prof. ES SATHEESAN Published on 22 June, 2017
മീന്‍കറി (കവിത)
ഞാനൊന്നു പറഞ്ഞാല്‍ അവള്‍ രണ്ടു പറയും.
എങ്കിലും,
രാവിലെത്തന്നെ ചത്തുമലച്ച രണ്ടയിലകള്‍ വാങ്ങി
അടുക്കളയിലെ ചട്ടിയില്‍ കൊണ്ടുവെച്ചു.
അവള്‍ രൂക്ഷമായൊന്നു നോക്കി.
ഒന്നു പറഞ്ഞാല്‍ അവള്‍ രണ്ടു പറയും, തീര്‍ച്ച.

മീന്‍ കഴുകിമുറിക്കുമ്പോള്‍ അവളെന്നെ നോക്കി പറഞ്ഞു,
"ഇതുപോലെ നിങ്ങളെ കഷണംകഷണമായി അറുക്കണം"
ഒന്നും പറയാതെതന്നെ അവള്‍ രണ്ടു പറഞ്ഞു.

കറിയ്ക്കരയ്ക്കുമ്പോള്‍,
"നിങ്ങളെ അമ്മിയില്‍വെച്ച് ഇതുപോലെ കുത്തിച്ചതയ്ക്കണം"
എന്നുതന്നെയാകും അവള്‍ പിറുപിറുത്തത്.

മീനില്‍ കുരുമുളകരച്ചുപുരട്ടുമ്പോള്‍
അവള്‍ പിന്നെയും പറഞ്ഞു,
"ഇതു നിങ്ങടെ രണ്ടുകണ്ണിലും തേയ്ക്കാ വേണ്ടത്"
ഇപ്പോഴെങ്ങാന്‍ ഞാനൊന്നു മിണ്ടിയാല്‍,
അവള്‍ രണ്ടല്ല സകലതും വിളിച്ചുപറയും.

ഉച്ചയൂണിന് പൊരിച്ചമീനും കറിയും വിളമ്പിത്തന്ന്,
അരികില്‍ ചേര്‍ന്നുനിന്ന്,
അവള്‍ ചെവിയില്‍ ചോദിച്ചു,
"മീന്‍കറി ഇഷ്ടായോ?"
"ഭേഷ്!"
ഇനി ഞാനൊന്നു പറഞ്ഞാല്‍
അവള്‍ക്കൊരായിരം പറയാനുണ്ടാകും.

എത്രകാലമായി അവളെന്നെ
അരിശംകൊണ്ടു വെട്ടിനുറുക്കി
രുചികരമായ മീന്‍കറി വെക്കുന്നു!
Join WhatsApp News
വിദ്യാധരൻ 2017-06-23 08:33:46

അടിമുടി പെരുക്കുന്നു ദേഹമാകെ
ചൊറിഞ്ഞങ്ങു കേറുന്നീക്കവിതകണ്ട്.
അല്ലല്ല ഇതോരു കവിതയല്ല
അളിഞ്ഞുപുളിഞ്ഞൊരു മീൻകറിയാ.
ഭാര്യയും ഭർത്താവും തമ്മിലുള്ള
നാറുന്ന മീൻ ബന്ധം എന്തിനാണ്
കവിതയിൽ കുത്തിചെലുത്തിടുന്നു?
അയലയും മത്തിയും ചീഞ്ഞഴിഞ്ഞാൽ
അയലത്തെ വീട്ടിലേക്കെറിഞ്ഞിടാതെ
അവനവൻ കറിവച്ചു കൂട്ടിടേണം
വെറുതെ വിട്ടീടു കാവ്യാംഗനയെ
നാറ്റല്ലേ ചാളകഴുകിയ വെള്ളംകൊണ്ട്!
ഇതുപോലെ കവിതയെന്നു ചൊല്ലി
പടക്കല്ലേ പ്രഫസറെ കപിത മേലിൽ
'ആശാനക്ഷരം ഒന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴക്കും ശിഷ്യന്'


Philip 2017-06-23 12:27:15
ഇതൊന്നു പാരായണം ചെയ്തു കേൾക്കുവാൻ കൊതിയാകുന്നു... വീണ്ടും വീണ്ടും കേൾക്കണം ... മന്ത്രി വിചാരിച്ചാൽ ഏതെങ്കിലും പാഠപുസ്തകത്തിൽ ചേർത്ത് കുട്ടികൾ പടിക്കട്ടെ... വീണ്ടും എഴുതണം...ചക്കക്കുരുവും മാങ്ങയും എന്ന ഒരു കവിത ഒന്നെഴുതുമോ ? 
വായനകാരി 2017-06-23 11:36:14
കൊല്ലാം  അല്ല കൊള്ളാം , ഇനിയും എഴുതണം ഇതുപോല  കവിതകള്‍ . വായിച്ചു  വായില്‍ വെള്ളം  ഊറി . അടുത്ത  പ്രാവിസം  പന്നി ഇറച്ചി  വാങ്ങി കൊടുക്കണം - അപ്പോള്‍ അവള്‍ പന്നി എന്ന് വിളിക്കും
പിന്നെ കാള  ഇറച്ചി  അപ്പോള്‍ അവള്‍  ................കാള , മുതു കാള  ......................................
പിന്നെ  ആട്ടു മുട്ടന്‍  ......................................................................
പിന്നെ  പശു  ഇറച്ചി ....................
അതോടെ  കവിതയും  മലയാള  ഭാഷയും  രക്ഷ പെടും.
Concerned 2017-06-23 13:23:15
വിദ്യാധരൻമാസ്റ്ററുടെ കവിത എനിക്കിഷ്ടപ്പെട്ടു. ഒന്നുമല്ലെങ്കിൽ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടല്ലോ മലയാള കവിതയെ നാറ്റിയ്ക്കുന്നവരെ വെല്ലുവിളിക്കാൻ? അപ്പറെ ഒരു സ്ത്രീ പരുഷന്റെ അരക്കെട്ടിനെ കുറിച്ചെഴുതിയിരിക്കുന്നു? വിദ്യാസമ്പന്നർക്കാണ് ഇപ്പോൾ കുഴപ്പം പി എച്ച് ഡി വാലിലുള്ളവർ ഇന്നുവരെയുള്ള കവിത പാരമ്പര്യത്തെ നശിപ്പിച്ച് അവരുടെ ഒരു ശൈലി ഉണ്ടാക്കി എടുക്കാനുള്ള ശ്രമത്തിലാണ്. ഇതുകൊണ്ടൊന്നും മലയാള കവിത നശിക്കില്ല പ്രൊഫസറിൻമാരെ. കഷ്ടം തന്നെ 
Dr. Sasi 2017-06-24 12:58:26
നാം ജീവിക്കുന്ന ഈ ലോകത്തിലെ പല വിഭാവങ്ങള്‍ തന്നെയാണ് ഈ കവിതയില്‍ സൂചകമാകുന്നത് .ഈ ലോകത്തിലുള്ള വിവിധ പ്രകാരത്തിലുള്ള ഭാവവിശേഷങ്ങളില്‍ ഒന്ന് തന്നെയാണ് മീന്‍കറി .ജീവിതത്തില്‍ കാണുകയും ,കേള്‍ക്കുകയും അനുഭവിച്ചറിയുന്നതിന്റെയും അനുകരണം തന്നെയാണ് കവിതയുടെ ഉറവിടം .കവി എന്താണ് കവന പ്രകൃയയിലൂടെ ഇവിടെ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വാച്യാര്‍ത്ഥവും ,വ്യംഗ്യാര്‍ത്ഥവും തമ്മിലുള്ള പ്രത്യക്ഷമായ ബന്ധവും പരോക്ഷമായ ബന്ധവും ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.എത്ര മനോഹരമായാണ് ഭാര്യയും ,ഭര്‍ത്താവും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ആഴവും ,ആനന്ദവും ഒരു മീന്‍ കറിയിലൂടെ ഇവിടെ കവി അനുമാനിച്ചിരിക്കുന്നത്! വാച്യാര്‍ത്ഥങ്ങളില്‍ നിന്നും എത്ര സുന്ദരമായാണ് ജീവിതത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ കവി ഈ കവിതയിലൂടെ സാധാരണീകരണം നടത്തി ശ്രദ്ധാപൂര്‍വം വര്‍ത്തമാനകാലത്തിന്റെ അനുഭവ സാരമാക്കിയിരിക്കുന്നത്.
(ഡോ.ശശിധരന്‍ ) 
Jack Daniel 2017-06-24 13:33:45
ഞാന്‍  ബ്രാണ്ട്  മാറ്റണോ ബ്രാണ്ടി അടിക്കണോ  ശശിദര ?
വേദങ്ങള്‍ എഴുതിയ മുനി മാരുടെ  പുനര്‍ജ്ജന്മമോ  അങ്ങ് ?
എഴുതുകില്ലേ  ഒരു  പി ഐച്  ഡി  കവിത ?
പളനി 2017-06-24 19:46:29
അതെ ഇത്തരം മുത്തുകൾ കടലിലെറിയുക അത് മീനായി വളർന്നു വലുതാകുമ്പോൾ അതിനെ പിടിച്ചു ചീച്ച്  വീണ്ടും പ്രൊഫസർക്ക് വിൽക്കാംൽ, അവരുടെ കുടുംബ ബന്ധങ്ങൾ ശരിയാകട്ടെ
പരീക്കുട്ടി 2017-06-24 20:27:11
ഇതിനെ മുത്തെന്ന് പറേണ പന്നീനെ പിടിച്ചു കടലിലെറിയണം . ഇല്ലെങ്കി ഞമ്മടെ കറുത്തമ്മക്ക് സഹിക്കില്ല
സാദാ കവിതകൾ 2017-06-24 17:48:09
ശശിയോട് യോജിക്കുന്നു. ഇത്തരം കവിതകൾ ഈമലയാളിയിൽ പ്രസിദ്ധീകരിക്കുന്നത് മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുന്നതുപോലെയാണ്. അവർക്കു 'സൂപ്പർമാൻ' പോലെയുള്ള സാദാ കവിതകൾ വിളമ്പുക. 
വിദ്യാധരൻ 2017-06-24 16:02:26
ഞാനൊന്നു പറഞ്ഞാൽ അവൾ രണ്ടു പറയും എങ്കിലും "  രണ്ടു ചത്തുമലച്ച അയില വാങ്ങി അയാൾ ചട്ടിയിൽ കൊണ്ടുവച്ചു  ഇതിനെ നമ്മൾക്ക് സാധാരണ മനസ്സ് വച്ച് ഒന്ന് അപഗ്രഥിക്കാം.   ഒന്നാമതായി  ഇയാൾക്ക് ഭാര്യഭത്തൃ  ബന്ധത്തെക്കുറിച്ച് ഒരു നികൃഷട്മായ ചിന്തയാണുള്ളത്. അതിന് കാരണം തെറ്റായ പാരമ്പര്യങ്ങൾ അയാളിൽ അടിച്ചേൽപ്പിച്ച ധാരണകളാണ്.  ഭക്ഷണം പാകം ചെയ്യേണ്ടത് ഭാര്യയുടെ കടമയാണ് എന്നുള്ള തെറ്റായ ധാരണയാണ് മീൻ വാങ്ങി ചട്ടിയിൽ കൊണ്ടുവയ്‌ക്കാൻ അയാളെ പ്രേരിപ്പിച്ചത്.  അയാൾ അവളെ സഹായിക്കാനുള്ള ഒരു പുറപ്പാടും കാണുന്നുമില്ല. 'ഒന്ന് പറഞ്ഞാൽ അവൾ രണ്ടു പറയുമെന്നു തീർച്ച' യുണ്ടായിട്ടും   അയാൾ അവളിലെ ആ പ്രവണതയെ മാറ്റിഎടുക്കാൻ സ്നേഹമസൃണമായ യാതൊരു ശ്രമങ്ങളും നടത്തുന്നുമില്ല.  അയാൾ ഉന്നത വിദ്യാഭ്യാസമുള്ളവനായിട്ടും മനുഷ്യ ബന്ധങ്ങളെ മനസിലാക്കാനുള്ള കഴിവ് അയാൾക്ക് നഷ്ട്ടപെട്ടിരിക്കുന്നു.  'നാ സ്ത്രീ സ്വാതന്ത്ര്യമർഹതെ' എന്ന മനോഭാവം അയാളെ ഒരു വൈരാഗ്യബുദ്ധിയുള്ളവനാക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ഒന്ന് പറഞ്ഞാൽ രണ്ടു പറയുന്ന അവൾക്ക് അയാൾ 'ചത്തുമലച്ച ' മീൻ വാങ്ങികൊണ്ടുകൊടുത്തത്. സ്നേഹമുള്ള ഒരു ഭർത്താവായിരിന്നെങ്കിൽ  നല്ല മീൻ വാങ്ങി കൊണ്ടുവരികയും അത് വെട്ടി വൃത്തിയാക്കി കറിവയ്ക്കാൻ സഹായിക്കുകയും ചെയ്യുമായിരുന്നു   'പെണ്ണിനേം മണ്ണിനേം നന്നാക്കിയാൽ നന്നാക്കാനുള്ളതേയുള്ളെന്ന പൂർവ്വികരുടെ ഉപേദശത്തിന് ഇയാൾ ഒരിക്കലും ചെവികൊടുത്തിട്ടില്ല. തന്റെ വിദ്യാഭ്യാസവും സമൂഹം നല്കുന്ന പദവിയും ഇയാളെ അഹങ്കാരിയാക്കി മാറ്റിയിരിക്കുന്നു.  ഈ പ്രവണത കേരളത്തിൽ നിന്ന് വരുന്ന പല വ്യക്തികളിലും കാണാവുന്നതാണ്.  ആ സ്വഭാവങ്ങൾ ആധുനിക കവിത എന്ന പേരിൽ ഒരാവരണം ഉണ്ടാക്കി മലയാള കവിതയുടെ പേരുകളയുന്നത് മലയാള കാവ്യപാരമ്പര്യത്തോട് കാണിക്കുന്ന അനീതിയാണ്.  കുറ്റവാളിയെപ്പോലെ തുല്യ ശിക്ഷയ്ക്കർഹനാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് . 

അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കവിത കുറിച്ചോളു പക്ഷെ തെറ്റായ അനുഭവങ്ങളും കാഴ്ചപ്പാടുകളും എങ്ങനെ മനുഷ്യ ബന്ധത്തെ ശിഥിലാക്കുമെന്ന് കാണിച്ചു കൊടുക്ക തക്കരീതിയിൽ  "ജനക്കൂട്ടത്തെ ബാധിക്കുന്ന മനോരോഗത്തിനും  വ്യക്തികളെ പീഡിപ്പിക്കുന്ന ശാരീരിക രോഗത്തിനും'' (ഡോ . എം. ലീലാവതി, കാവ്യരതി)  ഔഷധങ്ങളാകുന്ന  ഭാവപൂർണ്ണമായ കവിതകളാണ് സൃഷ്ടിക്കേണ്ടത്. ലവകുശവന്മാർ രാമായണം പാടി നടന്നു .  അതുകേട്ടപ്പോൾ സീതയെപ്പറ്റി അപവാദം പറഞ്ഞവർ തെറ്റു തിരുത്തി .  പരിത്യക്തയായ സീതയെ കണ്ടപ്പോൾ പെട്ടെന്ന് മഹർഷിയുടെ ശോകം ശ്ലോകമായി മാറി .
'മാ നിഷാധ പ്രതി ഷ്‌ഠാമ് ത്വമഗമഃ  ശാശ്വതീസമാഃ- അല്ലയോ അപവാദമേ നീ ഏറെക്കാലം നിലനിൽക്കൊല്ലാ) 
പോത്തുള്ള 2017-06-24 20:29:23
ആർ എസ് എസ് കണ്ടമാനം കാവ്യലോകത്ത് നുഴഞ്ഞു കയറുന്നു.
മാധവൻ 2017-06-26 20:05:01
ആ യു ട്യൂബിന്റെ ലിങ്ക് ഒന്ന് അയച്ചുതരുമോ മാധവിക്കുട്ടി .  ചത്തുമലച്ച മീൻകൊണ്ട് കറി വയ്ക്കുന്ന വിധം പഠിക്കാന 
MADHAVI 2017-06-26 15:44:20
ഈ കവിത യെ പറ്റി മലയാള ത്തിലെ ഒരു പ്രമുഖൻ നടത്തിയ അവലോകനം കവിയുടെ യൂട്യൂബ് ചാനൽ ഇൽ ഉണ്ട് ... അപാരം !!!
കേട്ട് നോക്ക് ... പണ്ട് ലൈക്ക എന്ന പട്ടി  ബഹിരാകാശത്തു പോയപ്പോൾ ആരോ മലയാളത്തിൽ അതിനെ കുറിച്ച് എഴുതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..അതോർത്തു പോകും !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക