Image

ആഞ്ചല എന്ന അത്ഭുതം (പകല്‍ക്കിനാവ്- 58 -ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 19 June, 2017
ആഞ്ചല എന്ന അത്ഭുതം (പകല്‍ക്കിനാവ്- 58 -ജോര്‍ജ് തുമ്പയില്‍ )
ആഞ്ചലാ ടഗ്ഗാര്‍ എന്ന സ്ത്രീയെ കഴിഞ്ഞ ദിവസം വരെ എനിക്ക് അറിയുകയേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴവര്‍ എനിക്ക് അത്ഭുതമാണ്. മെഡിക്കല്‍ രംഗത്തെ ആകമാനം വിസ്മയിപ്പിക്കുന്ന അപൂര്‍വ്വതയ്ക്ക് ഉടമയാണ് ഈ ന്യൂജേഴ്‌സിക്കാരി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ആഞ്ചലാ ടഗ്ഗാര്‍ ഡയാലിസിസിനു വിധേയമാകുന്നു. അവരുടെ വൃക്കകള്‍ തകരാറിയാതിനെത്തുടര്‍ന്ന് ട്രാന്‍സ്പ്ലാന്റ് നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട്, ഡയാലിസിസ് മാത്രമായി ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള മാര്‍ഗ്ഗം. എന്നാല്‍ അതിനും പരിമിതികളേറെ. അവയെ ഒക്കെയും ദൈവകൃപയാല്‍ മറികടന്ന് ആഞ്ചല മുന്നേറുന്നു. നാലോ അഞ്ചോ വര്‍ഷം മാത്രം ആയുസ്സു പറഞ്ഞിരുന്ന മെഡിക്കല്‍ രംഗത്തിനാകമാനം അത്ഭുതമായി മാറിയിരിക്കുന്ന ആഞ്ചല ഇന്നു ഡയാലിസിസ് തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിടുന്നു. ട്രിനിറ്റാസ് റീജണല്‍ മെഡിക്കല്‍ സെന്ററിലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ കാലം ഡയാലിസ് ചെയ്തു ജീവന്‍ നിലനിര്‍ത്തിയ ന്യൂജേഴ്‌സിയിലെ രണ്ടാമത്തെ ആളാണ് ആഞ്ചല. ആദ്യത്തെയാള്‍ ഡയാലിസ് ചെയ്തു തുടങ്ങിയിട്ട് 42 വര്‍ഷം.

1977-ലാണ് കിഡ്‌നി ട്രാന്‍സ്പ്ലാന്റിനെത്തുടര്‍ന്ന് ടഗ്ഗാര്‍ ഡയാലിസിസിന് ആദ്യമായി വിധേയയാവുന്നത്. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ നാലോ അഞ്ചോ വര്‍ഷം മാത്രം ജീവിക്കുമ്പോള്‍ ഈ സ്ത്രീ അതിജീവനത്തിന്റെ മനഃശക്തി കൊണ്ട് ജീവിതത്തെ തിരിച്ചു പിടിച്ചു മാനവരാശിക്കു മുഴുവന്‍ വിസ്മയമായി മാറുകയാണ്.

ആദ്യകാലത്ത് ഡയാലിസിസിനു വിധേയമാവുമ്പോള്‍ മരിച്ചു എന്നു വിധിയെഴുതിയവരോടാണ് ആത്മധൈര്യം കൊണ്ടു മാത്രം ടഗ്ഗാര്‍ മുന്നേറുന്നത്. എല്ലാവരെയും പോലെ ഡയാലിസിസ് മുറിക്കു പുറത്ത് ജീവിതം നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് ഖിന്നയായി നില്‍ക്കുമ്പോഴാണ് പ്രായമായ ഒരാളെ ആഞ്ചല കാണുന്നത്. അതൊരു തിരിച്ചറിവായിരുന്നുവത്രേ. അയാളുടെ വാക്കുകളാണ് മുന്നോട്ടുള്ള ഓരോ വീഴ്ചയിലും പിടിച്ചു കയറാനുള്ള പ്രചോദനമായി ടഗ്ഗാറിനു മാറിയത്. അന്ന് ആ വൃദ്ധന്‍ ടഗ്ഗാറിനോട് പറഞ്ഞു, നിന്റെ ജീവിതം നിര്‍ണ്ണയിക്കുന്നത് നീ തന്നെയാണ്. ജീവിതത്തില്‍ ഏതായാലും മരിച്ചേ തീരു. അപ്പോള്‍ പിന്നെ ഈ രോഗാവസ്ഥയോട് കീഴടങ്ങി മരിക്കണമോയെന്നു നീ തന്നെ തീരുമാനിക്കൂ. അങ്ങനെ ചെയ്താല്‍ അത് മാനവകുലത്തില്‍ ഓരോ യോദ്ധാവും പടക്കളത്തില്‍ പൊരുതാതെ വീണു മരണപ്പെടുന്നതിനു തുല്യമാവും. പടപൊരുതി മരിച്ച വീഴുന്ന യോദ്ധാവിനെ പോലെ ധീരയും വീരയുമായി പൊരുതൂ- ആ ആഹ്വാനമാണ് ആഞ്ചലയ്ക്ക് തുണയായത്. ഓരോ തവണ താഴേയ്ക്ക് വീഴുമ്പോഴും ആഞ്ചല ചിന്തിക്കും, മരിച്ചു വീഴുന്നതിനേക്കാള്‍ ധീരതയോടെ പൊരുതി ജീവിക്കുക. അതൊരു തുടക്കമായിരുന്നുവത്രേ. പിന്നീട് ആഴ്ചയില്‍ മൂന്നു ഡയലാസിസ് വീതം ഒരു വര്‍ഷം ആയിരത്തോളം ഡയാലിസിസുകള്‍. അത് 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആഞ്ചല തിരിച്ചറിയുന്നു, താന്‍ മാറിയിട്ടില്ല. എന്നാല്‍ ശാസ്ത്രസാങ്കേതിക  ലോകത്തിനുണ്ടായ മാറ്റം ആരോഗ്യമേഖലയില്‍ പുതിയ മെഷിനറികളെയും പുതിയ രീതികളെയും ആധുനികവത്ക്കരിച്ചു. തുടക്കത്തിലേതു പോലെയുള്ള വിഷമതകളില്ലാതെ മുന്നോട്ടു പോകാന്‍ ആഞ്ചലയ്ക്ക് തുണയാകുന്നതും ഈ മാറ്റത്തോട് അതിവേഗം പൊരുത്തപ്പെടാനുള്ള മനക്കരുത്തു കൂടിയായിരുന്നു.

ഡയറ്റിങ്ങിന്റെ ഭാഗമായി എത്രയോ വര്‍ഷമായി പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളൊക്കെയും മാറ്റിവച്ചിരിക്കുന്നു. എന്നാല്‍ സഹിക്കാന്‍ പറ്റാത്തത് വീക്കെന്‍ഡില്‍ ഒരു ട്രിപ്പ് പോകാന്‍ പറ്റാത്തതും ബീച്ചിലോ, ഇഷ്ടപ്പെട്ടയിടത്തോ ഒരു പാര്‍ട്ടിക്കു പോകാന്‍ പറ്റാത്തതോ ആയ നഷ്ടങ്ങളാണ്. ജീവിതത്തിലെ വര്‍ണ്ണവസന്തങ്ങളാണ് അതൊക്കെയുമെന്ന് ആഞ്ചലയ്ക്ക് അറിയാം. പക്ഷേ, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലെ ഡയാലിസ്സ് ഒഴിവാക്കാനാവില്ലല്ലോ. 

വിസ്മയമായി മാറിക്കഴിഞ്ഞു ഈ വനിത. തുടക്കത്തില്‍ ന്യൂജേഴ്‌സിയിലെ ആരോഗ്യമേഖലയിലെങ്ങും ആഞ്ചലയെക്കുറിച്ച് പറയുമ്പോള്‍ അത്ഭുതമായിരുന്നു. എന്നാല്‍ അതിജീവനത്തിന്റെ അവധൂതയെ പോലെ ആഞ്ചല തന്റെ ജീവിതത്തെ രോഗാവസ്ഥകളെ തോല്‍പ്പിക്കുമ്പോള്‍ ജയിക്കുന്നത് മാനവകുലം കൂടിയാണെന്ന് അവര്‍ തിരിച്ചറിയുന്നു. അവര്‍ അതു കൊണ്ടു തന്നെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. അവിവാഹിതയാണെങ്കിലും ബന്ധുക്കളുടെ കുട്ടികള്‍ക്കെല്ലാം പ്രിയ ആന്റിയാണ് ആഞ്ചല ടഗ്ഗാര്‍. ഡയാലിസ്സ് രോഗികള്‍ക്ക് എല്ലാം തന്നെ കടുത്ത വിഷാദരോഗം, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന, ഉറക്കമില്ലായ്മ, സെക്‌സില്‍ താത്പര്യമില്ലായ്മ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളുണ്ടെന്ന് നാഷണള്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് വാസലോട്ടി പറയുന്നു. എന്നാല്‍ ഇതൊന്നും പുറമേ ആഞ്ചലയില്‍ കാണാനേയില്ല. ഇതിനു പുറമേ ഡയാലിസിസിന് എത്തുന്ന ഓരോരുത്തര്‍ക്കും ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നു തരുന്ന വിധത്തില്‍ അവര്‍ സംസാരിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരു ചെറു പുഞ്ചിരി. അങ്ങനെ ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സ്വന്തം ജീവിതം കൊണ്ട് ആത്മധൈര്യം പകരുകയാണിവര്‍, ഒരു മാലാഖയെ പോലെ.

(ഡയാലിസിസിനെക്കുറിച്ച്:- വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ യന്ത്രത്തിന്റെ സഹായത്താല്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ആരോഗ്യമുള്ള വൃക്ക ശരീരത്തില്‍ നിര്‍വ്വഹിക്കുന്ന ചില ധര്‍മ്മങ്ങള്‍ ഉപകരണസഹായത്തോടെ ചെയ്യുകയാണ് ഡയാലിസിസില്‍. ഇങ്ങനെ, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങള്‍, ലവണങ്ങള്‍, അധികമുള്ള ജലം എന്നിവ നീക്കം ചെയ്ത് അവ ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാവും. പൊട്ടാസ്യം, സോഡിയം ബൈകാര്‍ബണേറ്റ് തുടങ്ങിയവ പോലുള്ള രാസവസ്തുക്കളുടെ അളവ് ശരീരത്തില്‍ സുരക്ഷിതമായി നിലനിര്‍ത്തുക, രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുക തുടങ്ങിയവയും ഡയാലിസിസിന്റെ ഗുണങ്ങളാണ്. ചികിത്സയില്‍ കൃത്രിമ വൃക്കയുടെ സ്ഥാനമാണ് ഡയാലിസിസിനുള്ളത്. ഹോര്‍മോണ്‍ ഉത്പാദനം പോലെ വൃക്ക നിര്‍വ്വഹിക്കുന്ന മറ്റു സുപ്രധാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡയാലിസിസിനാവില്ല. ഒരു അര്‍ദ്ധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങള്‍ മറ്റൊരു മാദ്ധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയല്‍ ഡയാലിസിസും.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക