Image

കടുവയെ പിടിച്ച കിടുവകള്‍ (അദ്ധ്യായം 19: ഫ്രാന്‍സിസ് തടത്തില്‍)

Published on 17 June, 2017
കടുവയെ പിടിച്ച കിടുവകള്‍ (അദ്ധ്യായം 19: ഫ്രാന്‍സിസ് തടത്തില്‍)
മുലപ്പാലില്‍ ഫിനോബാര്‍ബിറ്റോണ്‍ , ഡയസഫാം എന്നിവ അടങ്ങിയിട്ടുണ്ടോ..? വളരെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ വിചാരണയ്ക്കിടെ പ്രതിഭാഗം വക്കീലിന്റെ വാദത്തിനിടെ സമര്‍പ്പിച്ച ഒരു രേഖയാണ് ഇത്തരത്തിലൊരു ചോദ്യചിഹ്നത്തില്‍ വന്നു നിന്നത് . ഏതാണ്ട് 20വര്‍ഷം മുമ്പ് തൃശൂരിലെ പ്രമുഖ അബ്കാരി കോണ്‍ട്രാക്റ്ററായ അശോകന്റെ വീട്ടിലും വ്യാജക്കള്ളു നിര്‍മാണ കേന്ദ്രത്തിലും നടന്ന റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍ പോയ അശോകന്‍ കോടതിയില്‍ കീഴടങ്ങി ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് കേസില്‍ വളരെ രസകരമായ ഒരു ട്വിസ്റ്റ് വന്നത് . ഈ സംഭവം വിവരിക്കും മുമ്പ് അതിനാസ്പദമായ വ്യാജക്കള്ളു വേട്ടയെ കുറിച്ച് അറിയണം .

അന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിക്കാറാം മീണ എന്ന സത്യസന്ധനായ ഐഎഎസ് ഓഫീസറായിരുന്നു . ഒറീസയിലെ ഒരു കുഗ്രാമത്തില്‍ ആദിവാസി ഗോത്രത്തില്‍ ജനിച്ചു വളര്‍ന്ന് പഠിച്ചുയര്‍ന്ന ഈ' വെളുത്തു മെലിഞ്ഞ ഐഎ
എസുകാരന്‍ അന്ന് തൃശൂരിലെ കൈക്കൂലിക്കാരുടെയും കൊള്ളിവയ്പുകാരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ കണ്ണിലെ കരടായിരുന്നു.

മീണയ്ക്ക് കൂട്ടായി ജില്ലാ പോലീസ് തലപ്പത്ത് ഇരുന്നയാളാകട്ടെ സത്യസന്ധതയ്ക്കു പേരു കേട്ട മറ്റൊരു വ്യക്തി. കേരളത്തിലെ രണ്ടാമത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ബി . സന്ധ്യ. ഇന്ന അഡീഷനല്‍ ഡിജിപി യാണ് സന്ധ്യ. ഇരുവരും തമ്മില്‍ ഊഷ്മളമായ ബന്ധത്തിലും നല്ല ടീം സ്പിരിറ്റിലുമാണ് പ്രവര്‍ത്തിച്ചിരുന്നത് .
ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരുമായി മാത്രം നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന മീണയുടെ ഗുഡ് ബുക്കില്‍ ഞാനുമുണ്ടായിരുന്നു . ഒരിക്കല്‍ മീണയെക്കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയപ്പോള്‍ ഇറങ്ങാന്‍ നേരം അദ്ദേഹം ഒരു കാര്യം പറഞ്ഞു-
ആരോടും ഷെയര്‍ ചെയ്യരുത് ..ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വലിയ ന്യൂസ് ഉണ്ടാകും , സമയമാകുമ്പോള്‍ അറിയിക്കാം .
എന്റെ ഉള്ളില്‍ അപ്പോള്‍ മുതല്‍ ഒരു സ്‌കൂപ്പിനുള്ള സ്‌കോപ്പ് വളര്‍ന്നു കഴിഞ്ഞു. പിറ്റേന്നു മുതല്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഞാന്‍ കളക്ടറെ വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. മറ്റെന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞാണു വിളിക്കുന്നതെങ്കിലും അവസാനം ചോദ്യം ഇതിലെത്തി.
വടക്കേ ഇന്ത്യക്കാരനാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഉള്ളിലിരുപ്പ് ശരിക്കും മനസിലാക്കിയ ആളാണ് മീണ. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു-
താങ്കളുടെ ഉദ്ദേശം എനിക്കു മനസിലായി .അതിനു വേണ്ടി ഇത്ര കഷ്ടപ്പെടേണ്ടതില്ല . ഞാന്‍ പറഞ്ഞില്ലേ സമയമാകുമ്പോള്‍ അറിയിക്കാമെന്ന് ...അദ്ദേഹം വീണ്ടുമാവര്‍ത്തിച്ചു. പിന്നീട് വിളി ഒന്നു രണ്ടു ദിവസം കൂടുമ്പോഴായി . കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഉച്ചയ്ക്ക് കളക്ടറുടെ ഓഫീസില്‍ നിന്നൊരു ഫോണ്‍ സന്ദേശം - എന്റെ ഓഫീസിലേയ്‌ക്കൊന്നു വേഗം വരൂ. ഫോട്ടോഗ്രാഫറെയും കൂട്ടിക്കോളൂ.

ഞാനലറിക്കൂവി ബ്യൂറോയിലുണ്ടായിരുന്നവരോട് ഒരു വലിയ സ്‌കൂപ്പു പൊക്കാന്‍ പോകുകയാ , ചിലപ്പോള്‍ മെയിന്‍ സ്റ്റോറിയായിരിക്കും എന്നു പറഞ്ഞു .
ശരിശരി ചെല്ല് ചെല്ല് ..മറ്റുള്ളവര്‍ ഒന്നാക്കി. ഫോട്ടോഗ്രാഫറെയും കൂട്ടി അതിവേഗം കളക്ട്രേറ്റിലെത്തി . കളക്ടറുടെ ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീറ്റിനു മുമ്പിലായി ഒരുപാടു പേര്‍ . കൂടുതലടുത്തു ചെന്നപ്പോള്‍ ഞെട്ടിപ്പോയി..തൃശൂര്‍ ജില്ലയിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുമുണ്ട് .
വറു വറു , താങ്കള്‍ക്കു വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു . നാന്‍ പറഞ്ചു താങ്കള്‍ വരാതെ സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന് . ..അസല്‍
വടക്കേയിന്ത്യക്കാരന്റെ മലയാളത്തില്‍ അയാള്‍ മധുരമായി മൊഴിഞ്ഞു.

എനിക്ക് അടിമുടി പെരുത്തു കയറി. കഴിഞ്ഞ രണ്ടാഴ്ചയായി എന്റെ ഊണിലുമുറക്കത്തിലും ഞാന്‍ താലോലിച്ച എന്റെ സ്‌കൂപ്പ് ഇതാ തകിടം മറിഞ്ഞ് താഴേക്ക് . എന്തായാലും സ്‌കൂപ്പിനുള്ള സ്‌കോപ്പു പോയി , ഇനി സ്റ്റോറിയെടുക്കാം .

മീണ സംഭവം വിവരിച്ചു . അന്നു വെളുപ്പിനു മൂന്നു മണിക്ക് കളക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം അശോകന്റെ ഇരിഞ്ഞാലക്കുടയിലുള്ള വ്യാജക്കള്ളു നിര്‍മാണ ശാലയിലും എസ്പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം അശോകന്റെ തൃശൂരുള്ള ഭവനത്തിലും ഒരേ സമയം റെയ്ഡ് നടത്തി . സംഘാംഗങ്ങളില്‍ പോലീസ് , എക്‌സൈസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നുവെങ്കിലും അതീവരഹസ്യമായി നടത്തിയ ഈ ഓപ്പറേഷനെ കുറിച്ച് സ്ഥലത്തെത്തുന്നതു വരെ ഏതാനും ചില ഉന്നതോദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും സംഭവത്തെക്കുറിച്ചറിയാമായിരുന്നില്ല .
പുറത്തറിഞ്ഞാല്‍ സംഘാംഗങ്ങള്‍ തന്നെ ഒറ്റിയേക്കാമെന്നതായിരുന്നു കാരണം . അങ്ങനെയാണ് അവരുടെയൊരു സെറ്റപ്പ് . ഇതു വരെ സത്യസന്ധതയോടെ എല്ലാവരോടും കൂടിയാലോചിച്ചു നടത്താനിരുന്ന പദ്ധതികളെല്ലാം അവസാന നിമിഷം ചോര്‍ന്നു പോയതിനാല്‍ പാഴായിപ്പോയ അനുഭവം കൊണ്ടാണ് ടിക്കാറാം മീണ ഇത്തവണ റെയ്ഡു വിവരം പരമരഹസ്യമാക്കി വച്ചത് . ഇരിങ്ങാലക്കുടയിലെ പടുകൂറ്റന്‍ ഗോഡൗണ്‍ റെയ്ഡു ചെയ്ത സംഘത്തിനു ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ലഭിച്ചത് .

വേണമെങ്കില്‍ ഒരു തുള്ളി കള്ളു പോലും ഉപയോഗിക്കാതെ യഥാര്‍ത്ഥ കള്ളിന്റെ വീര്യത്തെ വെല്ലുന്ന കള്ളു നിര്‍മിക്കാന്‍ കഴിയുന്ന വ്യാജക്കള്ളു കേന്ദ്രമാണ് അവര്‍ കണ്ടത് . ഗോഡൗണ്‍ വളഞ്ഞ പോലീസ് സംഘം ഒരൊറ്റ ജീവനക്കാരനെ പോലും പുറത്തു വിടാന്‍ അനുവദിച്ചില്ല . രേഖകളൊന്നും പുറത്തു പോകാതിരിക്കാന്‍ കനത്ത പോലീസ് ബന്ദവസാക്കി .

വിശാലമായ ഗോഡൗണുകളില്‍ കാര്‍ട്ടുകളിലായി നിറച്ചടുക്കി വച്ചിരിക്കുന്ന കള്ളു കുപ്പികള്‍ . കണ്ടാല്‍ പാലക്കാട്ടു നിന്നു കൊണ്ടു വന്ന യഥാര്‍ഥ കള്ളാണെന്നേ തോന്നൂ. കൂറ്റന്‍ബാരലുകളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലുമായി ആയിരക്കണക്കിനു ലിറ്റര്‍ കള്ളു ശേഖരിച്ചു വച്ചിട്ടുണ്ട് . ഇതിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന പടുകൂറ്റന്‍ മിക്‌സറുകളും ബോട്ടിലിങ് പ്ലാന്റും വേറെ .

വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകിച്ച് പാലക്കാട്ടു നിന്നും കൊണ്ടു വരുന്ന യഥാര്‍ത്ഥ കള്ള് ശേഖരിച്ച് ഷാപ്പുകളിലേക്ക് വിതരണം ചെയ്യാനെന്ന വ്യാജേനയാണ് ഈ കള്ളു ഗോഡൗണ്‍ എന്നാണ് സമീപവാസികള്‍ പോലും വിശ്വസിച്ചിരുന്നത് . ഗോഡൗണിനകത്തെ സ്റ്റോറേജ് റൂമുകളിലൊന്നില്‍ കുറേ ചാക്കുകളിലായി രാസവസ്തുക്കള്‍ .

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാനുപയോഗിക്കുന്ന കടുത്ത മയക്കു മരുന്നുകളായ ഡയസപാം , ഫിനോബാര്‍ബിറ്റോണ്‍ എന്നിവ അടങ്ങിയ രാസവസ്തുക്കളാണിവ . മറ്റൊരു റൂമില്‍ കുമ്പളങ്ങ , മൈസൂര്‍ പൂവന്‍ പഴം തുടങ്ങിയവയുമുണ്ട് . വ്യജകള്ളുണ്ടാക്കാന്‍ ഒരു തുള്ളി യഥാര്‍ഥ കള്ളു പോലും വേണ്ടത്രേ . കുമ്പളങ്ങയും മൈസൂര്‍ പൂവന്‍ പഴവും രാസവസ്തുക്കളും ചേര്‍ത്താല്‍ നല്ല സൊയമ്പന്‍ കള്ളുണ്ടാക്കാന്‍ പറ്റുമത്രേ .ഡയസപാമും ഫിനോബാര്‍ബിറ്റോണും ചേരുമ്പോള്‍ വീര്യം കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട .

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ രോഗികളെ മയക്കി കിടത്താനും മനോരോഗാശുപത്രികളില്‍ രോഗികളെ ഉറക്കിക്കിടത്താനും ഉപയോഗിക്കുന്ന മരുന്നുകളാണിവ .

നല്ല പാലക്കാടന്‍ ഒറിജിനല്‍ അന്തിക്കള്ള് മലകയറി തൃശൂരെത്തും മുമ്പേ മെയ്ഡ് ഇന്‍ ഇരിങ്ങാലക്കുട എല്ലാ കള്ളുഷാപ്പുകളിലും എത്തിയിരിക്കും . ഒരു കുപ്പി അകത്താക്കിയാല്‍ വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നുന്ന ആനമയക്കി എന്ന ഓമനപ്പേരുള്ള ഇവനെ അടിച്ചു കഴിഞ്ഞാല്‍ പൂസാകുക മാത്രമല്ല ഷാപ്പിലോ വീട്ടിലേയ്ക്കുള്ള മാര്‍ഗമധ്യേയോ നിദ്ര പ്രാപിച്ചിരിക്കും . എങ്ങനെ മയങ്ങാതിരിക്കും ... ആളെ മയക്കാനുള്ള മരുന്നല്ലേ കള്ളിലുള്ളത് ...

ഗോഡൌണിലെ മറ്റൊരു മുറി അതു ഗോഡൌണ്‍ മാനെജരുടെ റൂമാണ് . എല്ലാ പഴുതുകളുമടച്ച് മാനെജരുടെ മുറിയ്ക്കകത്തു കടന്ന സംഘം മുറി അകത്തു നിന്നു പൂട്ടി . എല്ലാ രേഖകളും നല്‍കാന്‍ കളക്ടര്‍ ടിക്കാറാം മീണ മാനേജരോടാവശ്യപ്പെട്ടു. ചില രജിസ്റ്ററുകളും മറ്റും എടുത്തു കൊടുത്ത ശേഷം മാനേജര്‍ കുറെ കടലാസുകള്‍ വേസ്റ്റ് കുട്ടയിലേക്കു തള്ളി . അയാളുടെ മുഖത്തു നോക്കിയപ്പോള്‍ എന്തോ പന്തികേടു തോന്നിയ കളക്ടര്‍ അയാളെ മുറിയുടെ ഒരു മൂലയിലേക്കു മാറ്റി നിര്‍ത്തി .

മാനേജരുടെ കസേരയിലിരുന്നു കൊണ്ട് ഓരോ മേശ വലിപ്പും തുറന്നു നോക്കി പരിശോധന നടത്തിയെങ്കിലും പന്തികേടു തോന്നും വിധം യാതൊന്നും കണ്ടെത്തിയില്ല . അപ്പോളാണ് മാനേജര്‍ വേസ്റ്റ് ബാസ്‌കറ്റില്‍ എന്തോ തള്ളിയപ്പോള്‍ പരുങ്ങിയത് മീണയ്ക്ക് ഓര്‍മ വന്നത് . വേയ്സ്റ്റു കൊട്ട വലിച്ചെടുത്ത് കടലാസുകള്‍ പുറത്തെടുത്തു . അപ്പോഴതാ , ഒരു ചുവന്ന തടിയന്‍ ഡയറി വേസ്റ്റു കൊട്ടയില്‍ .

ഉദ്യോഗസ്ഥര്‍ മുറിയിലേക്കു കയറി വന്നപ്പോള്‍ ധൃതി പിടിച്ചെറിഞ്ഞതാണ് . അതു മൂടി വയ്ക്കാനാണ് കടലാസു കൂമ്പാരം അതിലെറിഞ്ഞത് , അതിനാലാണ് അയാള്‍ വിയര്‍ത്തത്. .

മീണയെന്ന അന്വേഷണോദ്യോഗസ്ഥന്‍ സടകുടഞ്ഞെണീറ്റു . ഈ ഡയറിയായിരുന്നു ഈ അന്വേഷണത്തിലെ ഒന്നാം നമ്പര്‍ തെളിവ് .
ഇതേസമയം അശോകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എസ്.പി. സന്ധ്യയ്ക്കും കിട്ടി ഒട്ടേറെ ക്രമക്കേടുകളുടെയും അനധികൃത സ്വത്തു സമ്പാദനത്തിന്റെയും തെളിവുകള്‍ . ഇവിടെയും അശോകനും കിങ്കരന്മാര്‍ക്കും ഒന്നനങ്ങാന്‍ പോലും ഇടം നല്‍കാതെയായിരുന്നു റെയ്ഡ് സംഘം കത്രികപൂട്ടിട്ടത് . ഇവര്‍ റെയ്ഡ് നടത്താനെത്തുമ്പോള്‍ അശോകനും കുടുംബവും ഗാഢനിദ്രയിലായിരുന്നു .

ഒരു സിനിമാസ്‌റ്റൈലിലെന്ന പോലെ വീടു വളഞ്ഞ അന്വേഷണ സംഘം വീട്ടിലെ താമസക്കാരെയും കാവല്‍ക്കാരെയും അനങ്ങാന്‍ സമ്മതിച്ചില്ല . ഇവര്‍ കാലു കുത്തിയ നിമിഷം മുതല്‍ അശോകന്റെ വീട്ടിലെ ടെലിഫോണുകള്‍ നിര്‍ത്താതെ ശബ്ദിച്ചു തുടങ്ങി. റെയ്ഡ് വിവരം ചോര്‍ത്തിക്കൊടുക്കാനായി വിളിച്ചവര്‍ക്കു പക്ഷേ , സമയം തെറ്റിപ്പോയി . ഫോണ്‍ അറ്റന്‍ഡ് ചെയ്തത് സന്ധ്യയും മറ്റു പോലീസ് ഉദ്യോഗസ്ഥരുമാണെന്നു മാത്രം . ഇതില്‍ പലരും സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉന്നതരുമായിരുന്നെന്നാണ് മീണ അന്നു വെളിപ്പെടുത്തിയത് .

എന്തായാലും സ്‌കൂപ്പ് കിട്ടിയില്ലെങ്കിലെന്താ ....രാഷ്ട്രദീപികയ്ക്ക് ലീഡ് സ്റ്റോറിയായി . റെയ്ഡിനെക്കുറിച്ചുള്ള വിശദീകരണത്തില്‍ ഒരു കാര്യം മാത്രം കളക്ടര്‍ വെളിപ്പെടുത്തിയില്ല . നേരത്തെ സൂചിപ്പിച്ച കുപ്പയിലെ മാണിക്യം ....വേസ്റ്റ് ബാസ്‌കറ്റിലെ ഡയറി- യുടെ ഉള്ളടക്കം . ഡയറി ലഭിച്ചെന്നു പറഞ്ഞപ്പോള്‍ അതിലെ ഉള്ളടക്കത്തെ പറ്റിയറിയാന്‍ ഞാനടക്കമുള്ള പത്രപ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും മീണ വ്യക്തമാക്കിയില്ല .കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജില്ലയിലെ ഉദ്യോഗസ്ഥ , രാഷ്ട്രീയ പ്രമുഖരടങ്ങിയവരുടെ മാസപ്പടി അടങ്ങിയ ഡയറിയാണതെന്നൊരു സൂചന മാത്രം നല്‍കി മീണ മീഡീയാ ബ്രീഫിങ് അവസാനിപ്പിച്ചു .

പിറ്റേന്ന് പല പത്രങ്ങളും പൊടിപ്പും തൊങ്ങലും വച്ച് ഭാവനാ സൃഷ്ടികള്‍ നടത്തി . റെയ്ഡ് പൂര്‍ത്തിയാകും മുമ്പു തന്നെ അശോകനും കൂട്ടരും അറസ്റ്റിലാകുമെന്നു വരെയായി വാര്‍ത്തകള്‍. അശോകന്‍ സൂര്യനു കീഴെ ഒന്നും സംഭവിക്കാത്തതു പോലെ ഞെളിഞ്ഞു നടന്നു .

പിന്നീടങ്ങോട്ട് എല്ലാ പത്രക്കാരുടെയും ശ്രമം ഡയറിക്കുറിപ്പുകളിലെ രഹസ്യം അറിയുകയെന്നതായിരുന്നു . രാവും പകലും ഡയറിയെക്കുറിച്ച് ചോദിച്ച് പത്രക്കാര്‍ മീണയെ പൊറുതി മുട്ടിച്ചു . ഞാന്‍ വിളിക്കുമ്പോള്‍ ഡയറിക്കാര്യം സൂചിപ്പിക്കുന്നത് ഏറ്റവും ഒടുവിലായിരിക്കും . അതും ഒട്ടൊരു പരിഭവത്തോടെ അന്നു സ്‌കൂപ്പു തരാമെന്നു പറഞ്ഞു വാക്കു പാലിക്കാത്തതിനെ കുറിച്ചുള്ള സൂചന .

രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഒരു സംഭാഷണത്തിനിടെ ഞാന്‍ ചൂണ്ടയില്‍ ഒരു ഇര ഇട്ടു കൊടുത്തു..തൃശൂര്‍ ജില്ലയിലെ ഏറ്റവും സത്യസന്ധരായ ഉദ്യോഗസ്ഥരായി അറിയപ്പെട്ടിരുന്നത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ .കെ. ഇസ്മയിലും എസ്.ഐ രാധാകൃഷ്ണനുമായിരുന്നു . അവര്‍ നടത്തിയ വ്യാജമദ്യ-വ്യാജക്കള്ള് -മയക്കുമരുന്നു വേട്ടയോളം ഇന്നോളം മറ്റൊരു ഉദ്യോഗസ്ഥരും നടത്തിക്കാണില്ല . മിക്കവാറും എല്ലാ ആഴ്ചയിലും പത്രങ്ങളില്‍ ഇവരുടെ ചിത്രം സഹിതം വാര്‍ത്തകള്‍ വരാറുണ്ട് .

എന്റെ സംഭാഷണത്തില്‍ ഞാന്‍ ഇരുവരെയും കുറിച്ച് സൂചിപ്പിച്ചു -അടിമുടി അഴിമതിയാ സാറെ , എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നു പറയുന്നത് അനധികൃത മദ്യക്കച്ചവടത്തിനു കുടപിടിച്ചു കൊടുക്കാന്‍ മാത്രമുണ്ടാക്കിയ വിഭാഗമാണ് . അഴിമതിയില്ലാത്തവരാരുമില്ല .ഇസ്മയിലും രാധാകൃഷ്ണനും മാത്രമാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ കറ പുരളാത്ത കരങ്ങളുള്ളവര്‍ . ഇവരെക്കൊണ്ടു മാത്രമെന്തു ചെയ്യാനാണ് ...

ഇതു പറഞ്ഞു തീര്‍ന്നതും അങ്ങേത്തലയ്ക്കല്‍ നിന്നൊരാത്മഗതം - കറപുരളാത്തവര്‍....വാട്ട് ഡു യു മീന്‍ ....കറ പുരളാത്തവര്‍ ...മാസപ്പടി ഡയറിയില്‍ അവരുടെ പേരെങ്ങനെ ആദ്യം തന്നെ വരും ... എന്റെ കയ്യില്‍ നിന്ന് റിസീവര്‍ താഴെ തെറിച്ചു പോയി. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി അസ്തപ്രജ്ഞനായി ഞാന്‍ നിന്നു ...വെറുതെയിട്ട ചൂണ്ടയില്‍ ഇത്ര വലിയൊരിര കുരുങ്ങുമെന്നു തീരെ പ്രതീക്ഷിച്ചില്ല . അപ്പോള്‍ ദാ അടുത്ത ഷോക്ക് -

അവര്‍ മാത്രമല്ല ഫ്രാന്‍സിസേ , എന്റെയും സന്ധ്യയുടെയും കൂടെ റെയ്ഡിനു വന്ന ഉദ്യോഗസ്ഥരില്‍ പലരുടെയും പേരുണ്ടാ മാസപ്പടി ഡയറിയില്‍ . വ്യാജമദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍...കക്ഷിരാഷ്ട്രീയ ഭേദമെന്യേ ലോക്കല്‍ -ജില്ലാ-സംസ്ഥാന നേതാക്കന്‍മാര്‍ വരെ ...മാസം 100 രൂപ മുതല്‍ 50,000 രൂപ വരെ കൈക്കൂലി വാങ്ങിയതിന്റെ രേഖകളാണ് ആ ഡയറിയിലുള്ളത് . ആരോടും പറയേണ്ട ..ഒരാഴ്ചയ്ക്കുള്ളില്‍ ഡയറിയിലെ മുഴുവന്‍ വിവരങ്ങളും പുറത്തു വിടും.

പിന്നെ എനിക്കു കൂടുതലൊന്നും ചോദിക്കാനുണ്ടായിരുന്നില്ല . ശ്വാസമിടിപ്പു വര്‍ധിച്ച് ഒരു വിധം ഫോണ്‍ വച്ചു . ഫ്രാങ്കോ സര്‍ വരുന്നതു വരെ കാര്യം രഹസ്യമാക്കി വച്ചു . സര്‍ വന്നപ്പോള്‍ വിവരം പറഞ്ഞു . ആരോടും പറയേണ്ടെന്നാ പറഞ്ഞത് . ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം സര്‍ പറഞ്ഞു - ആദ്യത്തെ സ്‌കൂപ്പു പോയി , ഇത് നിന്റെ എ്കസ്‌ക്ലൂസീവ് ആരോടും പറയണ്ടാ എന്നാണന്നു കരുതിയാല്‍ മതി . പിറ്റേന്നത്തെ ഒന്നാം പേജ് ലീഡ് സ്റ്റോറി . മാസപ്പടി ഡയറിവിശേഷങ്ങള്‍ ചോര്‍ന്നു .ഒന്നും രണ്ടും പേരുകള്‍ സത്യസന്ധതയ്ക്ക് അവാര്‍ഡ് കിട്ടിയവര്‍ . പിന്നെ രാഷ്ട്രീയ- ഉദ്യോഗസ്ഥ വൃന്ദത്തിനു നല്‍കുന്ന കണക്കുകള്‍ . ഒന്നും രണ്ടും സ്ഥാനക്കാരുടെ പൂര്‍വ ചരിത്രം . ആകെയൊരു തകര്‍പ്പന്‍ സ്റ്റോറി .
പിറ്റേന്ന് പരാതിയും നിലവിളിയുമായി സത്യസന്ധര്‍ ഫ്രാങ്കോ സാറിനെ വിളിച്ചു കാലു പിടിക്കാന്‍ തുടങ്ങി .

ഉപദ്രവിക്കരുത്. അശോകന്റെ ആളുകള്‍ ഞങ്ങളെ മനപ്പൂര്‍വം കുടുക്കുന്നതാണ് . ആ ഡയറിയില്‍ ഞങ്ങളുടെ പേര് മനപ്പൂര്‍വം എഴുതിയതാണ് തുടങ്ങി മുടന്തന്‍ ന്യായങ്ങള്‍ .

റെയ്ഡ് ദിവസങ്ങളോളം നീണ്ടു നിന്നു, രാഷ്ട്ര ദീപികയ്ക്ക് ലീഡ് സ്റ്റോറികളും . അശോകന്റെ മറ്റു സ്ഥാപനങ്ങളിലേക്കും റെയ്ഡ് വ്യാപിച്ചതോടെ അവരുടെ കച്ചവടത്തെ തന്നെ അതു ബാധിച്ചു . ഇതേ തുടര്‍ന്ന്‌ന അശോകന്റെ ഗുണ്ടകളും സില്‍ബന്ധികളും ഫോണില്‍ വിളിച്ച് വിരട്ടല്‍ തുടങ്ങി . യാതൊരു വിരട്ടലും എശുന്നില്ലെന്നു കണ്ടപ്പോള്‍ നേരില്‍ വന്നു സംസാരിക്കണമെന്ന് ഒരു ദിവസം അദ്ദേഹത്തിന്റെ മാനേജരും വലം കയ്യുമായ ഷൈജന്‍ എന്നയാള്‍ ഫോണില്‍ ബന്ധപ്പെട്ടാവശ്യപ്പെട്ടു .

അങ്ങനെ ഒരു ദിവസം രാവിലെ 11.30 ന് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍ തടിമാടന്മാരായ രണ്ടു മൂന്നു പേര്‍ക്കൊപ്പം ന്യൂസ് ബ്യൂറോയിലേക്കു വന്നു . ഞാനും പോളും മാത്രം ഓഫീസില്‍ . ഫ്രാങ്കോ സാറും സുതനും പുറത്തു പോയിരിക്കുന്നു . വളരെ ഗൌരവത്തിലായിരുന്ന അയാള്‍ സ്വയം പരിചയപ്പെടുത്തി .
ഞാന്‍ ഷൈജന്‍ .
ഫോണില്‍ കേട്ട സ്വരം പെട്ടെന്നു മനസിലായി .

കൂടെ ഉണ്ടായിരുന്നവരെ കണ്ടാലറിയാം അസല്‍ ഗുണ്ടകളാണെന്ന് . നിര്‍ഭയ പത്രപ്രവര്‍ത്തനമെന്നതൊക്കെ ശരി ...അപ്പോളെന്റെ ഉള്ളൊന്നു കാളി . ഞാനയാളോടു മാത്രം ഇരിക്കാന്‍ പറഞ്ഞു . കസേര വലിച്ചിട്ടിരുന്ന ശേഷം അയാള്‍ ചോദിച്ചു .
ഫ്രാങ്കോ എവിടെ ...

പുറത്തു പോയതാണ് . പ്രസ് ക്ലബില്‍ കാണും .
ഇരിക്കണോ അതോ പിന്നീടു വരണോ ..
ഇരിക്കൂ ...ഇപ്പോള്‍ വരും .
എന്റെ പേരു ചോദിച്ചു . അറിയാതെ ശരിയ്ക്കുള്ള പേരു പറഞ്ഞു .
ഇയാളാണല്ലേ അശോകേട്ടനെതിരെ ഏറ്റവും കൂടുതല്‍ എഴുതുന്നത് ...
അപ്പോള്‍ കൂടെ വന്നവരുടെ കണ്ണുകള്‍ രോഷം കൊണ്ടു ജ്വലിക്കുന്നു , പേശികള്‍ വലിഞ്ഞു മുറുകുന്നു ,,,,,എന്റെയുള്ളില്‍ തീയും പുകയും ഉയരുന്നു .....
നിങ്ങള്‍ക്കെന്തറിയാം ...അയാള്‍ തുടര്‍ന്നു . ഒരു കുന്തവുമറിയില്ല . ആ മാസപ്പടി ഒന്നുമല്ല . വേറെയുമുണ്ട് ഡയറികള്‍ . അശോകേട്ടന്റെ രോമത്തില്‍ തൊടാന്‍ നിങ്ങള്‍ക്കെന്നല്ല ഒരാള്‍ക്കും കഴിയില്ല . അതാ ഞങ്ങടെ സെറ്റപ്പ് . നിങ്ങളുടെ ഈ പടച്ചു വിടല്‍ ഉണ്ടല്ലോ ...അതു ഞങ്ങളുടെ കച്ചവടത്തെ ബാധിക്കും . നിങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായൊന്നും എഴുതണ്ട . ഉപദ്രവിക്കുന്നതൊന്നു നിര്‍ത്തിയാല്‍ മതി .

പെരുമഴ ആര്‍ത്തലച്ചു പെയ്യുന്ന പോലെ അയാള്‍ തുടര്‍ന്നു . ഞാനാണെങ്കില്‍ ഫ്രാങ്കോ സാറിന്റെ വരവും കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു . മാത്രമല്ല , അയാള്‍ക്കു കൊടുക്കാനുള്ള ഉത്തരമൊന്നും എന്റെ കയ്യിലില്ല താനും . അതിനിടെ ഞാന്‍ ചോദിച്ചു -
കുടിക്കാന്‍ ചായ പറയട്ടെ ...
വേണ്ട .

കുടിക്കാന്‍ എന്ന വാക്കില്‍ കയറിപ്പിടിച്ച് എന്നോടു ചോദിച്ചു -
കുടിക്കുമോ ...
ഞാന്‍ തലയാട്ടി .
ഏതാ ബ്രാന്‍ഡ് ...
അങ്ങനൊന്നുമില്ല .
അപ്പോള്‍ തടിമാടന്മാരിലൊരാള്‍ -
സര്‍, ഈ സാറ് നമ്മുടെ കടയില്‍ നിന്നാണ് സാധനം വാങ്ങിക്കുന്നത് . ഞാനിദ്ദേഹത്തെ കണ്ടിട്ടുണ്ട് .

അപ്പോഴേയ്കും അതും കണ്ടു പിടിച്ചോ ...ഞാനോര്‍ത്തു .
പിന്നെ ഓഫറുകളുടെ പെരുമഴ ..ഹണീബീ...മാക്‌ഡെവല്‍ , സെലിബ്രേഷന്‍ ,വിന്റേജ് ---അനങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ റോയല്‍സ്റ്റാഗ് , സിഗ്‌നേച്ചര്‍ ,പീറ്റര്‍ സ്‌കോട്ട് ..അതോ ബിയറോ ...എത്ര കെയ്‌സ് വേണം ...അഞ്ചോ പത്തോ ....എത്ര വേണമെങ്കിലും വീട്ടിലെത്തിച്ചു തരാം. അല്ലെങ്കില്‍ .....
സ്‌നേഹിച്ചാല്‍ അശോകേട്ടനെ പോലെ നല്ലൊരാള്‍ വേറെയില്ല . .....
അതിനൊരു മറുവശമുണ്ടല്ലോ എന്ന നടുക്കം അപ്പോഴെന്നില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചു .

ഭാഗ്യം - ഫ്രാങ്കോ സാറെത്തി. ഞാനും പോളും എഴുന്നേറ്റു നിന്നു . മുമ്പിലിരുന്നിരുന്ന ഷൈജനും അറിയാതെ ചാടി എണീറ്റു .
എന്താടാ പ്രാഞ്ചീസേ പ്രശ്‌നം ...ഘനഗാംഭീര്യമുള്ള സാറിന്റെ ചോദ്യം .
ഷൈജന്‍ ....ഞാന്‍ പറഞ്ഞു .
ഓ ...ഷൈജന്‍ ...വാ ഇങ്ങോട്ടിരിക്ക് ... അദ്ദേഹത്തിന്റെ ചേംബറിലേക്കു കൊണ്ടു പോയി .പിന്നീടൊരു രണ്ടര മണിക്കൂറോളം വാഗ്വാദം...ഭീഷണി..വിലപേശല്‍...ഒടുവില്‍ ഞങ്ങളെ മൊത്തം വിലയ്‌ക്കെടുക്കാമെന്നു വരെയായി ഓഫറുകള്‍ ...ഒടുവില്‍ അല്‍പം മയപ്പെടുത്തി ഫ്രാങ്കോ സാര്‍ പറഞ്ഞു .

ഇത്തരം റിസ്‌കുകള്‍ പ്രതീക്ഷിച്ചാണ് ഇപ്പണിക്കിറങ്ങിയത് . അല്ലെങ്കില്‍ വല്ല കോളെജ് വാധ്യാരുടെ പണിക്കും പോകാമായിരുന്നല്ലോ . അതു കൊണ്ട് വിരട്ടല്‍ വേണ്ട . വാര്‍ത്തകള്‍ വന്നാല്‍ ശരിയായ അന്വേഷണം നടത്തി കൊടുത്തിരിക്കും . നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങളുടെ
ഭാഗവും വിശദീകരിക്കാം. അതും കൊടുക്കും .

ഇതു കേട്ട് ഷൈജനും സംഘവും ഒട്ടൊന്ന് തണത്ത മട്ടില്‍ തിരിച്ചു പോയി ...എന്നാല്‍ കഥയിവിടൊന്നും നിന്നില്ല . ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കഥയാകെ മാറി മറിഞ്ഞു . അതു വരെ ഒന്നുമറിയാത്ത ഭാവത്തില്‍ നടന്ന അശോകന്‍ കിടുകിടാ വിറച്ചു ....
അത് അടുത്ത അധ്യായത്തില്‍ .
കടുവയെ പിടിച്ച കിടുവകള്‍ (അദ്ധ്യായം 19: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Francis E Thadathil 2017-06-20 20:01:40
Thank you Mr. Thomas for your nice and kind words.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക