Image

ആല്‍ഫ്രഡ് ഏബ്രഹാം- മാരിക്കോപ്പാ ഹൈസ്കൂള്‍ കോ- വാലിഡിക്‌ടോറിയന്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2017
ആല്‍ഫ്രഡ് ഏബ്രഹാം- മാരിക്കോപ്പാ ഹൈസ്കൂള്‍ കോ- വാലിഡിക്‌ടോറിയന്‍
ഫീനിക്‌സ്: അരിസോണയിലെ മാരിക്കോപ്പാ ഹൈസ്കൂളില്‍ നിന്നും 5.1 ഗ്രേഡ് പോയിന്റോടെ ആല്‍ഫ്രഡ് ഏബ്രഹാം കോ വാലിഡിക്‌ടോറിയനായി ഗ്രാഡ്വേറ്റ് ചെയ്തു. ചെറിയ പ്രായത്തില്‍ സംസാരിക്കാനും, എഴുതാനും പ്രയാസമുണ്ടായിരുന്നതിനാല്‍ സ്പീച്ച് ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പി പരിശീലിച്ചിരുന്നു. വലിയ ദൈവാനുഗ്രഹവും, കഠിനാധ്വാനവും, മാതാപിതാക്കളുടേയും ഇളയ സഹോദരിയുടേയും അതോടൊപ്പം നിരവധി അധ്യാപകരുടേയും സഹകരണവും പ്രോത്സാഹനവും കൊണ്ടാണ് ഈ ഉന്നത വിജയം സാധ്യമായതെന്ന് ആല്‍ഫ്രഡ് തന്റെ വാലിഡിക്‌ടോറിയന്‍ പ്രസംഗത്തില്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് ദൈവത്തിന്റെ ഡിക്ഷണറിയില്‍ ഇല്ലെന്നും ആല്‍ഫ്രഡ് കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവിതത്തില്‍നിന്നും താന്‍ പഠിച്ചതുപോലെ, പ്രശ്‌നങ്ങളില്‍ തളരാതെ ഉന്നതമായ ലക്ഷ്യത്തോടെ മുന്നോട്ടുപോകാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തു.

എവി സ്‌കോളര്‍ ഓണര്‍ അവാര്‍ഡും, നാലു വര്‍ഷമായി പഠന മികവിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. വെക്‌സ് റോബോട്ടിക്, മെയ്‌ക്കേഴ്‌സ് ക്ലബ്, ജൂണിയര്‍ സ്റ്റേറ്റ് ഓഫ് അമേരിക്ക എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. പഠനത്തില്‍ എന്നതുപോലെ തന്നെ പിയാനോ വായിക്കുന്നതിലും അതീവ സമര്‍ത്ഥനായ ആല്‍ബര്‍ട്ട് ആ മേഖലയിലും അനേകം സമ്മാനങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഹൈസ്കൂളിലെ സംഗീത പരിപാടിയില്‍ പിയാനോ വായിച്ചിട്ടുണ്ട്. മാരിക്കോപ്പാ ഫുഡ് ബാങ്കിലും, വേനല്‍ക്കാല ബൈബിള്‍ ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാരിക്കോപ്പാ ഔവര്‍ ലേഡി ഓഫ് ഗ്രേഡ് ദേവാലയത്തിലേയും ഫീനിക്‌സിലെ തിരുകടുംബ ദൈവലയത്തിലേയും അംഗമാണ്. ഔവര്‍ ലേഡി ഓഫ് ഗ്രേഡ് ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പണത്തിന് പിയാനോ വായിക്കുന്ന ആല്‍ഫ്രഡ് അഞ്ചുവര്‍ഷം അള്‍ത്താര ബാലനും ആയിരുന്നു.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗിലാണ് പഠനം തുടരുന്നത്. ഫ്രോന്‍സി കുന്നേല്‍ ഏബ്രഹാമിന്റേയും, നീതമോള്‍ ഏബ്രഹാമിന്റേയും മകനാണ്. ഫ്രേയ ഏബ്രഹാം ഇളയ സഹോദരിയാണ്.
ആല്‍ഫ്രഡ് ഏബ്രഹാം- മാരിക്കോപ്പാ ഹൈസ്കൂള്‍ കോ- വാലിഡിക്‌ടോറിയന്‍
Join WhatsApp News
Joseph Padannamakkel 2017-06-12 14:13:35
സ്‌കൂളിലും യൂണിവേഴ്സിറ്റികളിലും ഉന്നത വിജയം നേടിയ പല പ്രതിഭകളുടെ വിവരങ്ങളും ഫോട്ടോകളും ഈ മലയാളിയിൽ വായിച്ചിട്ടുണ്ട്. മക്കൾ ഉന്നത വിജയം നേടുന്നത് ഏതു മാതാ പിതാക്കൾക്കും അഭിമാനമുള്ള കാര്യമാണ്. എന്നാൽ കണ്ടും പരിചയവുമില്ലാത്ത ആരെയും എനിയ്ക്ക് അഭിനന്ദിക്കാൻ തോന്നിയിട്ടില്ല. പക്ഷെ ആൽഫ്രഡ് എന്ന യുവാവിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തിൻറെ വാലിഡിറ്റോറിയൻ പ്രസംഗം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.  

ചെറുപ്രായത്തിൽ സംസാരിക്കാനും എഴുതാനും പ്രയാസമുണ്ടായിരുന്നതും സ്പീച് തെറാപ്പിയ്ക്ക് പോയ കഥയും ഹൃദ്യമായി തന്നെ ഈ യുവാവ് പ്രസംഗത്തിൽക്കൂടി വിവരിച്ചിട്ടുണ്ട്. കഠിനാധ്വാനവും ഒപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണവും എടുത്തു പറയുന്നുമുണ്ട്. പലരും ബലഹീനത മറച്ചുവെച്ചുകൊണ്ടു സ്വന്തം മഹത്വം ഉയർത്തി കാണിക്കാനേ ശ്രമിക്കുകയുള്ളൂ. ജീവിതത്തിൽ കടന്നുപോയ പ്രയാസങ്ങളെ ഉൾക്കൊണ്ടുകൊണ്ട് താൻ നേടിയ വിജയ രഹസ്യം മറ്റുള്ളവർക്കും കൂടി പകരാൻ സന്മനസ് കാണിച്ച ആൽഫ്രഡിന് എന്റെ അഭിനന്ദനങ്ങൾ. 

വാലിഡിറ്റോറിയൻ പ്രസംഗത്തിൽ ഈ യുവാവിന്റെ വാക്കുകൾ ഞാൻ ഇവിടെ എടുത്തു കുറിക്കട്ടെ " അസാധ്യം എന്നൊരു വാക്ക് ദൈവത്തിന്റെ ഡിക്ഷണറിയില്‍ ഇല്ല. സ്വന്തം ജീവിതത്തില്‍നിന്നും താന്‍ പഠിച്ചതുപോലെ, പ്രശ്‌നങ്ങളില്‍ തളരാതെ ഉന്നതമായ ലക്ഷ്യത്തോടെ മുന്നേറൂ." ഉഗ്രനായിരിക്കുന്നു ആൽഫ്രെഡ്. നല്ല പാകതയുള്ള ഒരു യുവാവിന്റെ ശബ്ദമായിരുന്നു. 

ചെറുപ്പകാലത്ത് സംസാരിക്കാൻ പുറകോട്ടായവർ നല്ല ബുദ്ധിയുള്ളവരായിട്ടാണ് കാണുന്നത്. അമേരിക്കൻ വൈസ് പ്രസിഡണ്ടായിരുന്ന ജോസഫ് ബൈഡനു സംസാരിക്കാൻ ബലഹീനതയുണ്ടായിരുന്നു. അദ്ദേഹം 1973-ൽ മുപ്പതാം വയസിൽ അമേരിക്കയുടെ ചരിത്രത്തിലെ ആറുപേരിൽ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർമാരിൽ ഒരാളായി. അദ്ദേഹത്തിൻറെ അമ്മയുടെ സഹായത്താലാണ് ആ ബുദ്ധിമുട്ടുകൾ തരണം ചെയ്തത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനും സംസാരിക്കാനുള്ള ബലഹീനതയുണ്ടായിരുന്നു. അത്തരം ബലഹീനതകൾ സ്വന്തം പ്രയത്‌നം കൊണ്ട് അദ്ദേഹം തരണം ചെയ്യുകയായിരുന്നു. 

ഉന്നതമായ വിജയങ്ങൾ ഇനിയും താങ്കളെ കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക