Image

കുട്ടികളുടെ ബാലസംഘം `മൈക്ക ജൂനിയേഴ്‌സ്‌' രൂപീകരിച്ചു

ജയ്‌സണ്‍ കിഴക്കയില്‍ Published on 29 February, 2012
കുട്ടികളുടെ ബാലസംഘം `മൈക്ക ജൂനിയേഴ്‌സ്‌' രൂപീകരിച്ചു
ലീമെറിക്‌: മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലീമെറിക്കില്‍ ബാലസംഘം രൂപീകരണവും കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും നടന്നു. കുട്ടികളുടെ ബാലസംഘത്തിന്‌ അവര്‍തന്നെ തെരഞ്ഞെടുത്ത `മൈക്ക ജൂനിയേഴ്‌സ്‌` എന്ന പേരുനല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും മത്സരങ്ങളും നടന്നു. കഥ രചനാ മത്സരത്തില്‍ (മൈ പെറ്റ്‌) അഞ്ചു മുതല്‍ ഒന്‍പതു വയസ്സുവരെയുള്ളവരും, `എന്റെ യാത്ര` രചനാ മത്സരത്തില്‍ പത്തുമുതല്‍ പതിനാലു വയസ്സുവരെയുള്ളവരും പങ്കെടുത്തു. കുട്ടികള്‍ക്കുള്ള ക്വിസ്സ്‌ മത്സരത്തില്‍ അഞ്ചു ഗ്രൂപ്പുകള്‍ അണിനിരന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും ഏപ്രില്‍ 14ന്‌ ഈസ്റ്റര്‍-വിഷു പരിപാടിയില്‍ വച്ചു നടക്കും.

ബാലസംഘം കോഓഡിനേറ്റര്‍ തോമസ്‌ രാജു കുട്ടികളുടെ പരിപാടികളെ സംബന്ധിച്ചു വിശദീകരിച്ചു. അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക്‌ വിവിധ മത്സരങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ പ്രദീപ്‌ രാംനാഥും സെക്രട്ടറി രാജു തോമസും പറഞ്ഞു.

ക്രിസ്‌തുമസ്‌ കരോളിന്‌ ബാലസംഘം ശേഖരിച്ചതുക അസോസിയേഷന്‍ നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്‌ടിലേക്ക്‌ കുട്ടികള്‍ കൈമാറി. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉണ്‌ടാകണമെന്ന്‌ ബാലസംഘം സെക്രട്ടറി മെല്‍വിന്‍ ടോം, പ്രസിഡന്റ്‌ ആസ്റ്റില്‍ മോനച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ബാലസംഘം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ 9 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി രൂപീകരിച്ചു. തോമസ്‌ രാജു (കോഓഡിനേറ്റര്‍), മെല്‍വിന്‍ റ്റോം (സെക്രട്ടറി), ആസ്റ്റില്‍ മോനച്ചന്‍ (പ്രസിഡന്റ്‌), ശ്രുതി പി. കുറുപ്പ്‌ (ജോയിന്റ്‌ സെക്രട്ടറി), ജസ്‌ന യാക്കോബ്‌ (വൈസ്‌ പ്രസിഡന്റ്‌) ആല്‍വിന്‍ ജോര്‍ജ്‌ (ട്രഷറാര്‍) ജോര്‍ജ്‌ രാജു, അലീന മോനച്ചന്‍, സുജിത്‌ ബാബു എന്നിവര്‍ അംഗങ്ങളായി എക്‌സിക്യൂട്ടീവ്‌ കമ്മറ്റി നിലവില്‍ വന്നു. ബാലസംഘം പരിപാടികളുടെ വിശദാംശങ്ങള്‍ക്ക്‌ കോഓഡിനേറ്ററുമായി ബന്ധപ്പെടേണ്‌ടതാണ്‌.

പരിപാടികള്‍ക്ക്‌ രാജുതോമസ്‌, പ്രദീപ്‌ രാംനാഥ്‌, ബിനു ചാക്കോ, രാജന്‍ ചിറ്റാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ജയ്‌സണ്‍ വി ജോണ്‍ ക്വിസ്‌ മാസ്റ്ററും, സജി ജോയി സ്‌കോററും ആയിരുന്നു. വിവിധ പരിപാടികളിലുള്ള കുട്ടികളുടേയും മാതാപിതാക്കളുടേയും സജീവ പങ്കാളിത്തത്തിന്‌ കോഓഡിനേറ്റര്‍ തോമസ്‌ രാജു നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ ബാലസംഘം `മൈക്ക ജൂനിയേഴ്‌സ്‌' രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക