Image

ഗാന്ധിജിയെ മരണാനന്തരം മാമോദീസ മുക്കിയെന്ന്; ഇന്ത്യന്‍ വംശജരുടെ പിന്തുണ ഒബാമയ്‌ക്കെന്ന് സര്‍വെ

Published on 29 February, 2012
ഗാന്ധിജിയെ മരണാനന്തരം മാമോദീസ മുക്കിയെന്ന്; ഇന്ത്യന്‍ വംശജരുടെ പിന്തുണ ഒബാമയ്‌ക്കെന്ന് സര്‍വെ
വാഷിംഗ്ടണ്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ഇന്ത്യന്‍ വംശജരും പിന്തുണയ്ക്കുന്നത് പ്രസിഡന്റ് ബറാക് ഒബാമയെ തന്നെയാണെന്ന് സര്‍വെ. ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ 80 ശതമാനം ഇന്ത്യക്കാരും ഒബാമയെ പിന്തുണയ്ക്കുമെന്നാണ് ബോസ്റ്റണ്‍ ആസ്ഥാനമായ ഐഎന്‍ഇ മീഡിയ ഇന്‍ക് നടത്തിയ സര്‍വെ പറയുന്നത്. ആദ്യമായാണ് ഇന്ത്യന്‍ വംശജരുടെ ഇടയില്‍ ഇത്തരമൊരു സര്‍വെ നടത്തുന്നതെന്ന് സ്ഥാപനം അവകാശപ്പെട്ടു. ഫെബ്രുവരി 22 മുതല്‍ 26വരെ ഓണ്‍ലൈനിലൂടെയാണ് സര്‍വെ നടത്തിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ റോംനിയെയാണ് ഇന്ത്യന്‍ വംശജര്‍ പിന്തുണയ്ക്കുന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ 51.9 ശതമാനം പേരും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് റോംനിയെ പിന്തുണച്ചപ്പോള്‍ റിക് സാന്റോറത്തിന് 33.4 ശതമാനം പേരും റോണ്‍ പോളിനെ 24.1 ശതമാനം പേരും പിന്തുണയ്ക്കുന്നുവെന്നും സര്‍വെ പറയുന്നു.

ഗാന്ധിജിയെ മരണാനന്തരം മാമോദീസ മുക്കിയെന്ന്

വാഷിംഗ്ടണ്‍: മഹാത്മാഗാന്ധിക്ക് യുഎസിലെ മോര്‍മോണ്‍ സഭ മരണാനന്തരം ജ്ഞാനസ്‌നാനം നല്‍കിയതായുള്ള വെളിപ്പെടുത്തല്‍ വിവാദമായി. മോര്‍മോണ്‍ സഭാ രേഖകളനുസരിച്ച് 1996 മാര്‍ച്ച് 27ന് ഗാന്ധിജിക്കു ജ്ഞാനസ്‌നാനവും 2007 നവംബര്‍ 17ന് സ്ഥിരീകരണവും നല്‍കിയെന്നു മോര്‍മോണുകളെക്കുറിച്ചു ഗവേഷണം നടത്തിയിരുന്ന ഹെലന്‍ റാഡ്‌കെയാണു വെളിപ്പെടുത്തിയത്.

താന്‍ ഇതിന്റെ രേഖകള്‍ കണ്ടിട്ടുണെ്ടന്നും എന്നാല്‍ പിന്നീട് ഈ രേഖകള്‍ സഭാ റെക്കോര്‍ഡില്‍ നിന്ന് അപ്രത്യക്ഷമായെന്നും ഹെലന്‍ പറഞ്ഞു. രഹസ്യസ്വഭാവമുള്ള മോര്‍മോണുകളെക്കുറിച്ച് പുറംലോകത്തിന് അറിഞ്ഞുകൂടാതിരുന്ന ഒട്ടേറെ വിവരങ്ങള്‍ ഈയിടെ വെളിപ്പെടുത്തി ശ്രദ്ധേയയായ ഹെലന്‍ നേരത്തേ മോര്‍മോണ്‍ സഭാംഗമായിരുന്നു. പിന്നീട് അവരെ പുറത്താക്കി.ഗാന്ധി വിവാദത്തില്‍ ഗാന്ധിജിയുടെ പൗത്രന്‍ അരുണ്‍ ഗാന്ധി ന്യൂയോര്‍ക്കില്‍ പ്രതിഷേധിച്ചിട്ടുണ്ട്.
(see chintha-matham section also)

ഒഹായോ സ്‌കൂള്‍ വെടിവയ്പ്: പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തി

ഒഹയോ: യുഎസിലെ ഒഹായോവിലെ കാര്‍ഡന്‍ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത കേസില്‍ അറസ്റ്റിലായ പതിനേഴുകാരനെ കോടതിയില്‍ ഹാജരാക്കി. ടി.ജെ.ലെയ്‌നിനെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ കോടതിയില്‍ കുറ്റസമതം നടത്തിയതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു. 22 കാലിബര്‍ പിസ്റ്റളും കത്തിയുമായാണ് സംഭവ ദിവസം ഇയാള്‍ സ്‌കൂളിലെത്തിയതെന്നും കഫെറ്റീരിയയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. പത്തു തവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നിറയൊഴിച്ചത്. ലെയ്‌നിനെ കോടതി 15 ദിവസത്തേക്ക് ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം, വെടിവയ്പില്‍ മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. ഡാനിയേല്‍ പാര്‍മെര്‍റ്റര്‍, റസ്സല്‍ കിംഗ് ജൂനിയര്‍, ദെമെട്രിയസ് ഹെല്‍വിന്‍ എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്.

ഇറാനില്‍ നിന്ന് എണ്ണ: ഇന്ത്യയ്ക്കു മേല്‍ വീണ്ടും യുഎസ് സമ്മര്‍ദം

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദം തുടരുന്നു. ഇറാനു മേലുള്ള ആശ്രയത്വം കുറയ്ക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി യുഎസ് ഗൗരവമേറിയ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിക്കു മുന്‍പാകെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി തുറന്ന ചര്‍ച്ചകളാണ് യുഎസ് നടത്തിവരുന്നത്. ഇതു സംബന്ധിച്ച് ഒട്ടേറെ നടപടിക്രമങ്ങള്‍ യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ ഈ രാജ്യങ്ങള്‍ നടപ്പിലാക്കുമെന്നു തന്നെയാണ് യുഎസ് കരുതുന്നതെന്നും ഹിലറി വ്യക്തമാക്കി

യുവതിയെ പീഡിപ്പിച്ചു: ഇന്ത്യക്കാരായ ഭര്‍ത്തൃവീട്ടുകാരെ യുഎസ് കോടതി ശിക്ഷിച്ചു

ന്യൂയോര്‍ക്ക്: യുവതിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്ന് കണെ്ടത്തിയ ഇന്ത്യക്കാരായ ഭര്‍ത്താവിനെയും സഹോദരിയെയും ഭര്‍ത്തൃമാതാവിനെയും യു.എസിലെ കോടതി ശിക്ഷിച്ചു. വിശാല്‍ ജഗോട്ട (34), അമ്മ പര്‍വീണ്‍ ജഗോട്ട (57), മകള്‍ രജനി ജഗോട്ട (31) എന്നിവരെയാണ് റോക്ക്‌ലാന്‍ഡിലെ കോടതി ശിക്ഷിച്ചത്. പര്‍വീണ്‍, മകള്‍ രജനി എന്നിവര്‍ ഏഴു വര്‍ഷം വീതവും വിശാല്‍ ഒരു വര്‍ഷവും ശിക്ഷ അനുഭവിക്കണമെന്ന് വിധി പ്രസ്താവിച്ച ജഡ്ജി വില്യം നെല്‍സണ്‍ വ്യക്തമാക്കി.

ശാരീരികവും മാനസികവുമായി യുവതിയെ പീഡിപ്പിച്ച ഭര്‍ത്തൃവീട്ടുകാര്‍ അടിമയെപ്പോലെയാണ് ഇവരെ കണക്കാക്കിയതെന്ന് കോടതി പറഞ്ഞു. 25കാരിയായ യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. വിവാഹശേഷം അഞ്ചുവര്‍ഷം മുമ്പ് യുഎസിലേക്ക് പോയ യുവതി ഇക്കാലമത്രയും ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം അനുഭവിക്കുകയായിരുന്നു. ഇരുമ്പ് പഴുപ്പിച്ച് യുവതിയുടെ കൈപൊള്ളിച്ച ഭര്‍ത്തൃമാതാവും ഇവരുടെ മകളും ആസ്?പത്രിയില്‍പോയി ചികിത്സതേടാന്‍ അനുവദിച്ചില്ലെന്നും ടൂത്ത്‌പേസ്റ്റ് പൊള്ളിയ സ്ഥലത്ത് തേയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഭര്‍ത്തൃപിതാവിനെ കോടതി വെറുതെ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക