Image

ഇറ്റാലിയന്‍ കപ്പലുടമകള്‍ 3 കോടി കെട്ടിവയ്ക്കണം: ഹൈക്കോടതി

Published on 29 February, 2012
ഇറ്റാലിയന്‍ കപ്പലുടമകള്‍ 3 കോടി കെട്ടിവയ്ക്കണം: ഹൈക്കോടതി
കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച കേസില്‍ കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന എന്റിക്ക ലക്‌സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ മൂന്നു കോടി രൂപ ബാങ്ക് ഗാരന്റിയായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവ്. രണ്ടു രാജ്യങ്ങളുമായി ബ ന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ മധ്യസ്ഥച ര്‍ച്ചയിലൂടെ നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന കോടതിനിര്‍ദേശം കപ്പല്‍ കമ്പനി അവഗണിച്ച സാഹചര്യത്തിലാണു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും കെട്ടിവയ്ക്കാന്‍ ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

വെടിയേറ്റു മരിച്ച കൊല്ലം സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറമ്മ നല്കിയ ഹര്‍ജിയില്‍ ഒരു കോടി രൂപയും കന്യാകുമാരി സ്വദേശി അജീഷ് പിങ്കുവിന്റെ സഹോദരിമാരായ അഭിനയ സേവ്യര്‍, അഗുണ സേവ്യര്‍ എന്നിവരുടെ ഹര്‍ജിയില്‍ രണ്ടു കോടി രൂപയും ബാങ്ക് ഗാരന്റി ആവശ്യപ്പെട്ടിരുന്നു.

സിംഗിള്‍ ബെഞ്ച് ഉത്തരവു പ്രകാരം കപ്പല്‍ ഉടമകള്‍ കോടതിയില്‍ 50 ലക്ഷം രൂപ കെട്ടിവച്ചിരുന്നു. ഇതിനുപുറമേ 2.5 കോടി രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ബാങ്ക് ഗാരന്റിയായോ നല്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ തുക അടച്ചുവെന്നു ബോധ്യമായാല്‍ കൊച്ചിന്‍ പോര്‍ട്ട് അധികൃതര്‍ ഈ കേസുമായി ബന്ധപ്പെട്ടു കപ്പല്‍ തടഞ്ഞുവയ്ക്കരുതെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍, ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ തുടരുന്നതിന് ഈ ഉത്തരവു ബാധകമല്ല.

പ്രശ്‌നത്തില്‍ ദേശീയ, രാജ്യാന്തര തലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇക്കാരണത്താല്‍ കോടതിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഇന്ത്യയും ഇറ്റലിയുമായി നടക്കുന്ന ചര്‍ച്ചകളെ ബാധിച്ചേക്കാം. നഷ്ടപരിഹാരത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് അപക്വമാണ്. ഇതു കോടതി ഇപ്പോള്‍ പരിഗണിക്കുന്നില്ല. എന്നാല്‍, വാണിജ്യപരമായ ലക്ഷ്യങ്ങളുടെ ഭാഗമായാണു കപ്പല്‍ തടഞ്ഞതെന്ന വാദം ശരിയല്ല. വാണിജ്യ ഇടപാടുകളുടെ പേരിലല്ല നഷ്ടം. ബാങ്ക് ഗാരന്റി പരിഗണിക്കേണ്ടതുമാണ്- കോടതി പറഞ്ഞു. ഇന്നലെ രാവിലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ സിംഗിള്‍ ബെഞ്ച് ഉത്തരവു പ്രകാരമുള്ള ബാങ്ക് ഗാരന്റി കുറവാണെന്ന് അജീഷ് പിങ്കുവിന്റെ സഹോദരിമാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ശ്യാംകുമാര്‍ ബോധിപ്പിച്ചു.

വാലന്റൈന്റെ ഭാര്യ ഡോറമ്മയ്ക്കു വേണ്ടി ഹാജരായ അഡ്വ. സി. ഉണ്ണിക്കൃഷ്ണനും, ആവശ്യപ്പെട്ട മുഴുവന്‍ തുകയും ബാങ്ക് ഗാരന്റി നല്കണമെന്ന വാദമുയര്‍ത്തി. എന്നാല്‍, ബാങ്ക്ഗാരന്റി ആവശ്യപ്പെട്ടു നിരവധി ഹര്‍ജികളാണു കോടതിയില്‍ എത്തുന്നതെന്നും ഇത് അനിശ്ചിതമായി തുടരുകയാണെന്നും ഇറ്റാലിയന്‍ കപ്പല്‍ ഉടമകള്‍ക്കു വേണ്ടി ഹാജരായ അഡ്വ.വി.ജെ. മാത്യു ചൂണ്ടിക്കാട്ടി. കൂടുതല്‍ ബാങ്ക് ഗാരന്റി അനുവദിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മധ്യസ്ഥശ്രമത്തിലൂടെ ഇക്കാര്യം തീര്‍പ്പാക്കിക്കൂടേ എന്നു കോടതി ആരാഞ്ഞു.

ഇതു സംബന്ധിച്ച് ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തു വൈകുന്നേരം മൂന്നിന് അറിയിക്കാമെന്നു കപ്പല്‍ ഉടമകളുടെ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് അപ്പീല്‍ പരിഗണിക്കവേ, മധ്യസ്ഥശ്രമത്തിലൂടെ പരിഹാരം കാണേണ്ടതില്ലെന്നും കോടതി ആവശ്യപ്പെടുന്ന ന്യായമായ തുക ബാങ്ക് ഗാരന്റിയായി നല്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണു ഹര്‍ജിക്കാരുടെ ആവശ്യപ്രകാരമുള്ള മുഴുവന്‍ തുകയും കെട്ടിവയ്ക്കാന്‍ കോടതി ആവ ശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക