Image

കശ്മീര്‍ റിക്രൂട്ട്‌മെന്റ്: സാക്ഷി വിസ്താരം രഹസ്യമായി നടത്തും

Published on 29 February, 2012
കശ്മീര്‍ റിക്രൂട്ട്‌മെന്റ്: സാക്ഷി വിസ്താരം രഹസ്യമായി നടത്തും
കൊച്ചി: കോളിളക്കം സൃഷ്ടിച്ച കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ സാക്ഷികളുടെ വിസ്താരം പ്രത്യേക എന്‍.ഐ.എ കോടതി രഹസ്യമായി നടത്തും. സാക്ഷികളുടെ സുരക്ഷ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ തുടങ്ങിയ ഉടന്‍ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചു. കേസില്‍ 250 സാക്ഷികളാണുള്ളത്. ആദ്യഘട്ടത്തില്‍ 20 സാക്ഷികളെ വിസ്തരിക്കും.

കേസില്‍ തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ പാകിസ്താന്‍ സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടാന്‍ കേസ് അന്വേഷിച്ച എന്‍.ഐ.എക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രതിക്ക് കോടതി ജാമ്യമില്ലാത്ത അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റൊരു പ്രതിയായ അയൂബിനെയും പിടികിട്ടിയിട്ടില്ല. ഈ രണ്ട് പ്രതികളെയും മാറ്റിനിര്‍ത്തിക്കൊണ്ടാണ് കേസിന്റെ വിചാരണ തുടങ്ങുക. ഈ പ്രതികളെ പിടികൂടുന്ന മുറയ്ക്ക് വിചാരണ നടത്തും.


ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലയാളി യുവാക്കളെ കശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനത്തിന് വിധേയമാക്കുകയാണ് മുഖ്യപ്രതിയായ തടിയന്റവിട നസീര്‍ നടത്തിയിട്ടുള്ളതെന്ന് എന്‍ഐഎ പറയുന്നു. 2008ല്‍ കശ്മീരില്‍ ഉണ്ടായ സംഘട്ടനത്തില്‍ നാല് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ലഷ്‌ക്കര്‍ഇതോയിബയുമായി മലയാളി യുവാക്കളെയും കേസിലെ പ്രതികളെയും ബന്ധപ്പെടുത്തിയത് നസീറാണ്.


അബ്ദുള്‍ വാലി എന്ന പാകിസ്താന്‍ സ്വദേശിയാണ് ദക്ഷിണേന്ത്യയില്‍ പലയിടങ്ങളിലും ക്യാമ്പ് ചെയ്ത് യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസ് തുടര്‍ന്ന് അന്വേഷിച്ചത് എന്‍.ഐ.എ ആയിരുന്നു. അബ്ദുള്‍ വാലി പാകിസ്താനില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് എന്‍.ഐ.എക്ക് കിട്ടിയ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക