Image

ഉമ്മന്‍ ചാണ്ടിയും ഫൊക്കാനയും സെബിയയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം

Published on 27 May, 2017
ഉമ്മന്‍ ചാണ്ടിയും ഫൊക്കാനയും സെബിയയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം
പിറവം: പുറത്ത് കാലവര്‍ഷം ഇടിവെട്ടി പെയ്യുമ്പോള്‍ അടച്ചുറപ്പുള്ള വീട് കിട്ടിയതിന്റെ സന്തോഷം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു സെബിയ മുസ്തഫയുടെ മനസ്സില്‍. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പാര്‍പ്പാകോട് കട്ടിമുട്ടം മുതയില്‍ കോളനിയിലാണ് സെബിയ മുസ്തഫയുടെ വീട്. ഒരു മാസം മുമ്പുവരെ പണിതീരാതെ കിടന്നിരുന്ന വീട് ഇന്ന് എല്ലാ പണികളും തീര്‍ന്ന് സുന്ദരം. തേപ്പു കഴിഞ്ഞ് ജനാലയ്ക്കും വാതിലുകള്‍ക്കും കതകുകള്‍ പിടിപ്പിച്ച് പെയിന്റിങ്ങും കൂടി കഴിഞ്ഞതോടെ വീടിന് പുതിയ മുഖം.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ആകസ്മിക കൂടിക്കാഴ്ചയാണ് സെബിയയുടെ ജീവിതം മാറ്റിമറിച്ചത്. ട്രെയിനില്‍ കന്പാര്‍ട്ട്‌മെന്റ് മാറിക്കയറിയ സെബിയ ചെന്നുപെട്ടത് ഉമ്മന്‍ചാണ്ടിയുടെ മുന്നിലാണ്. ഭര്‍ത്താവ് മുസ്തഫയുടെ മരണത്തെത്തുടര്‍ന്ന് വഴിയാധാരമായ ഒരു കുടുംബത്തിന് ആ കൂടിക്കാഴ്ച അനുഗ്രഹമായി. ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്തപ്പോള്‍ സെബിയയ്ക്കും കുട്ടികള്‍ക്കും ഒരു വീട് ലഭിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിച്ചെന്ന സെബിയയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കളമശ്ശേരി ഐ.ടി.ഐ.യില്‍ ലാസ്റ്റ് ഗ്രേഡില്‍ ചെറിയൊരു ജോലി തരമാക്കിയതും ഉമ്മന്‍ ചാണ്ടിയാണ്.

വീടിന്റെ താക്കോല്‍ദാനച്ചടങ്ങ് നിര്‍വഹിച്ചതും ഉമ്മന്‍ ചാണ്ടി തന്നെ. കഴിഞ്ഞദിവസം രാത്രി പത്തേമുക്കാലോടെ എത്തിയ ഉമ്മന്‍ ചാണ്ടിയെ സെബിയയും മക്കളായ അസീന ബീവിയും അന്‍സുദീനും ചേര്‍ന്ന് സ്വീകരിച്ചു.

അനൂപ് ജേക്കബ് എം.എല്‍.എ., ഫൊക്കാനയുടെ നിയുക്ത പ്രസിഡന്റ് ജോയി ഇട്ടന്‍, രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചെയര്‍മാനും പിറവം നഗരസഭാധ്യക്ഷനുമായ സാബു കെ. ജേക്കബ്, ഗ്രാമപ്പഞ്ചായത്ത്്് മുന്‍ പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, ഡോ. എ.സി. പീറ്റര്‍,ജോയി ഇട്ടന്‍,പോള്‍ കറുകപ്പിള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭര്‍ത്താവ് മുസ്തഫയുടെ ആകസ്മികമായ അന്ത്യമാണ് കുടുംബത്തെ അനാഥമാക്കിയത്. കല്ലുമടയില്‍ പണിചെയ്ത് കുടുംബം നോക്കിയിരുന്ന മുസ്തഫ ആറു വര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന്് മരിച്ചത്. വീടില്ലാത്ത അവര്‍ക്ക്്് ഗ്രാമപ്പഞ്ചായത്തിന്റെ ഭവനപദ്ധതിയിന്‍ കീഴിലാണ് വീട് അനുവദിച്ചത്. മുതയില്‍ ലക്ഷംവീട് കോളനിയില്‍ സെബിയ സ്വന്തമാക്കിയ നാലു സെന്റ് സ്ഥലത്ത് പഞ്ചായത്ത്് അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് വീടിന്റെ ആദ്യഘട്ടം പണി പൂര്‍ത്തിയാക്കി. എന്നാല്‍ ബാക്കി പൂര്‍ത്തിയാക്കാനായില്ല.

പ്രായപൂര്‍ത്തിയായിവരുന്ന മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതിലെ അപകടം തിരിച്ചറിഞ്ഞ സെബിയ മകളെ നിലമ്പൂരിലെ അഭയ കേന്ദ്രത്തിലാക്കിയിരിക്കുകയായിരുന്നു.

ഇളയ മകന്‍ അന്‍സുദീനുമായി മകളെ കാണാന്‍ നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ അറിയാതെയാണ് അവര്‍ കണ്ണൂര്‍ എക്‌സ്!പ്രസിന്റെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. ചെന്നുപെട്ടതാകട്ടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നിലും. മുന്‍ മുഖ്യമന്ത്രി സെബിയയുടെ നമ്പറും വിലാസവും മറ്റും കുറിച്ചെടുത്തു.

സാബു കെ. ജേക്കബിനെ ഈ വിവരം അറിയിച്ചത്.സെബിയയെ വിളിച്ച് വീടുപണി പൂര്‍ത്തിയാക്കി അത് അടച്ചുറപ്പുള്ളതാക്കാനുള്ള ചുമതല സാബുവിനെ ഏല്‍പ്പിച്ച കാര്യം അറിയിക്കുകയും ചെയ്തു. ഫൊക്കാനയുടെ സഹായത്തോടെയാണ് വീടുപണി പൂര്‍ത്തിയാക്കിയത്. പണി തീര്‍ന്നതോടെ സെബിയ പ്ലസ് ടു കഴിഞ്ഞ മകളെ നിലമ്പൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. മകള്‍ക്ക്്് കല്യാണവുമായി. കുടുംബത്തിന്റെ കഥയറിഞ്ഞെത്തിയ വടുതലയില്‍ നിന്നുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 24നാണ് വിവാഹം. അടച്ചുറപ്പുള്ള വീട്, മകള്‍ക്ക് നിക്കാഹ്... സന്തോഷത്തിന്റെ ഇരട്ടിമധുരത്തിന്റെ നിമിഷങ്ങളിലാണ് സെബിയയും മക്കളും.

http://www.mathrubhumi.com/ernakulam/malayalam-news/piravam-1.1968129
ഉമ്മന്‍ ചാണ്ടിയും ഫൊക്കാനയും സെബിയയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം
ഉമ്മന്‍ ചാണ്ടിയും ഫൊക്കാനയും സെബിയയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം
Join WhatsApp News
Jose Jacob 2017-05-28 13:49:35
ഇതുപോലെയുള്ള കാരുണ്യ പ്രവർത്തികൾ കൂടുതൽ ചെയ്യുവാൻ ദൈവം കരുണ തരട്ടെ എന്ന് ആശംസിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക