Image

സുറിയാനി സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷം ഉത്സവമായി

ജോയിച്ചന്‍ പുതുക്കുളം Published on 29 February, 2012
സുറിയാനി സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷം ഉത്സവമായി
ന്യൂയോര്‍ക്ക്‌: ആദ്യനൂറ്റാണ്ടിന്റെ ആരംഭത്തില്‍ (AD-37 ല്‍) ക്രിസ്‌തുശിഷ്യന്മാരില്‍ മുമ്പനും അപ്പോസ്‌തോലനുമായ പത്രോസ്‌ ശ്ലീഹ പുരാതന ടര്‍ക്കിയിലെ അന്ത്യോഖ്യയില്‍ പാത്രിയാര്‍ക്കേറ്റ്‌ സംസ്ഥാപിച്ചതിന്റെ ഓര്‍മ്മയാണ്‌ ആകമാന സുറിയാനിസഭ പാത്രിയര്‍ക്കാ ദിനമായി ആഘോഷിയ്‌ക്കുന്നത്‌. പത്രോസ്‌ ശ്ലീഹായുടെ പിന്‍ഗാമിയായി സഭയെ ഇപ്പോള്‍ ഭരിക്കുന്നത്‌ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയാണ്‌.

സഭയുടെ അമേരിക്കന്‍ മലങ്കര ആര്‍ച്ച്‌ ഡയോസീസ്‌ ഈ വര്‍ഷത്തെ പാത്രിയാര്‍ക്കാ ദിനം വിപുല പരിപാടികളോടെ ഭദ്രാസനാടിസ്ഥാനത്തില്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ നയാക്ക്‌ സെന്റ്‌ മേരീസ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആചരിച്ചു. ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച രാവിലെ ആര്‍ച്ച്‌ ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ദേവാലയത്തില്‍ ലുത്തിനിയായ്‌ക്ക്‌ ശേഷം സഭയുടെ പാതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക്‌ ആരംഭം കുറിച്ചു. അതേത്തുടര്‍ന്ന്‌ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയ്‌ക്കും, കാലം ചെയ്‌ത പെരുമ്പിള്ളില്‍ ഗീവര്‍ഗ്ഗീസ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌ എന്നീ സഭാപിതാക്കന്മാരെ ഓര്‍മ്മിച്ചുള്ള പ്രാര്‍ഥനയ്‌ക്കും ശേഷം ആഘോഷപൂര്‍ണമായ പ്രദക്ഷിണവും പൊതു മീറ്റിംഗും നടന്നു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ സ്റ്റേറ്റുകളില്‍ നിന്നും വന്ദ്യ കോര്‍എപ്പിസ്‌ക്കോപ്പമാര്‍ , വൈദികര്‍, ശെമ്മാശ്ശന്മാര്‍, വിശ്വാസികള്‍ തുടങ്ങി നൂറു കണക്കിന്‌ ജനങ്ങള്‍ ഈ വാര്‍ഷിക ചടങ്ങില്‍ സംബന്ധിയ്‌ക്കാന്‍ എത്തിയിരുന്നു. പരി. പാത്രിയര്‍ക്കീസ്‌ ബാവയോടും ശ്രേഷ്‌ഠ കാതോലിക്കായോടും സഭയിലെ മറ്റു പിതാക്കന്മാരോടുമുള്ള ഭക്ത്യാദര പ്രമേയം സര്‍വരും എഴുന്നേറ്റു നില്‍ക്കവേ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. ജോസ്‌ ദാനിയേല്‍ പൈട്ടേല്‍ വായിച്ചവതരിപ്പിച്ചു പാസ്സാക്കിയതോടെ മീറ്റിങ്ങിനു തുടക്കമായി. വി. സഭയുടെ അഖണ്‌ഡതയും പരിപാവനതയും കാത്തു സൂക്ഷിക്കാനും, ആത്മീയ പിതാക്കന്മാരെ കരുതി സ്‌നേഹിപ്പാനും, കാലാകാലങ്ങളായി സ്വന്തം ചോരയൊഴുക്കിയും, ജീവന്‍ കൊടുത്തും സഭയെ വളര്‍ത്തി പരിപാലിച്ച പുണ്യ പിതാക്കന്മാരുടെ കാലടികളെ പിന്‍തുടരാനും തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ആര്‍ച്ചുബിഷപ്പ്‌ മോര്‍ തീത്തോസ്‌ വന്നുകൂടിയ വിശ്വാസ ജനസഞ്ചയത്തെ ഉത്‌ബോധിപ്പിച്ചു. വി. മാമ്മോദീസയാല്‍ വീണ്ടും ജനനം നല്‍കി ദൈവ മക്കളാക്കി തീര്‍ത്ത സഭാ മാതാവിനെ വിശ്വാസികള്‍ ഏവരും യോജ്യമാംവിധം കരുതാനും, പൂര്‍വികര്‍ പകര്‍ന്നു തന്ന സത്യവിശ്വാസം മുറുകെപ്പിടിയ്‌ക്കാനും വെരി.റവ .ഗീവര്‍ഗ്ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ, വെരി . റവ. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍ എപ്പിസ്‌കോപ്പാ, റവ . ഫാ. വര്‍ഗ്ഗീസ്‌ മരുന്നിനാല്‍ (വൈസ്‌ പ്രസിഡന്റ്‌ , സെന്റ്‌ പോള്‍സ്‌ മെന്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌) , റവ. ഡീക്കന്‍ ഷെറില്‍ മത്തായി (സെക്രട്ടറി , മോര്‍ ഗ്രീഗോറിയോസ്‌ സ്റ്റുഡന്റസ്‌ അസോസിയേഷന്‍), ബാബു ജേക്കബ്‌ നടയില്‍ (സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‌ വേണ്ടി), ശ്രീമതി സൂസന്‍ വര്‍ക്കി (സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിന്‌ വേണ്ടി ) ,ശ്രീ ഇ. വി. പൗലൂസ്‌ (അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയ്‌ക്ക്‌ വേണ്ടി) ശ്രീ റോയി പോള്‍ (വെസ്റ്റ്‌ നിയാക്ക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിനുവേണ്ടി) ശ്രീ ജോര്‍ജ്ജ്‌ പാടിയേടത്ത്‌ (ഭദ്രാസന ബില്‍ഡിംഗ്‌ കമ്മിറ്റി) എന്നിവര്‍ ആശംസാ പ്രസംഗങ്ങളില്‍ ആഹ്വാനം ചെയ്‌തു. ക്രിസ്‌തുവിനെ ദൈവപുത്രനെന്ന്‌ ഏറ്റു പറഞ്ഞ പത്രോസ്‌ ശ്ലീഹായുടെ വിശ്വാസം ജീവിതത്തില്‍ പകര്‍ത്തുവാന്‍, താന്‍ ആര്‍ക്കു വേണ്ടി ജീവന്‍ വച്ച്‌ മാതൃക കാട്ടിത്തന്നുവോ ആ ലോകരക്ഷകന്റെ മണവാട്ടിയായ സഭയെ പണിതുയര്‍ത്തുവാന്‍ വിശ്വാസിസമൂഹം കടപ്പെട്ടവരാണെന്ന്‌ ഭദ്രാസന ട്രഷറാര്‍ ശ്രീ സാജു പൌലൂസ്‌ സി.പി.എയും സദസ്സിനെ ഓര്‍മ്മിപ്പിച്ചു.

ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ ഒന്നാം നമ്പര്‍ റീജിയന്‍, ആ റീജിയനില്‍ നിന്നും 2011 ലെ സണ്‍ഡേ സ്‌കൂള്‍ പത്താം ക്ലാസ്‌ പബ്ലിക്‌ പരീക്ഷ എഴുതി വിജയം വരിച്ച കുട്ടികള്‍ക്കുവേണ്ടി കരുതിയിരുന്ന പുരസ്‌കാരങ്ങള്‍ ഭദ്രാസന മെത്രാപ്പോലീത്താ കുട്ടികളെ അനുഗ്രഹിച്ചു സമ്മാനിച്ചു. 2011 ല്‍ ഭദ്രാസനാടിസ്ഥാനത്തില്‍ നടന്ന പത്താം ക്ലാസ്‌ പരീക്ഷയില്‍ പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളെയും, പ്രത്യേകാല്‍ റാങ്കുകള്‍ നേടിയ ജേതാക്കളെയും മെത്രാപ്പോലീത്താ അനുമോദിച്ചു. ഉച്ചയ്‌ക്ക്‌ വെസ്റ്റ്‌ നിയാക്ക്‌ ദേവാലയം ഒരുക്കിയിരുന്ന സ്‌നേഹവിരുന്നിന്‌ മുമ്പായി അഭി .മെത്രാപ്പോലീത്താ മേല്‌പ്പട്ട സ്ഥാനത്തേയ്‌ക്ക്‌ പരി. പാത്രിയര്‍ക്കീസ്‌ ബാവായാല്‍ ഉയര്‍ത്തപ്പെട്ടതിന്റെ എട്ടാം വാര്‍ഷികത്തിന്റെ ആഹ്ലാദം കേക്ക്‌ മുറിച്ചു ഏവരും പങ്കിട്ടു. പ്രാര്‍ത്ഥനയോടെ പാത്രിയര്‍ക്കാ ദിനാഘോഷങ്ങള്‍ പര്യവസാനിച്ചു.

ബാബു ജേക്കബ്‌ നടയില്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസീസ്‌ ഓഫ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ) അറിയിച്ചതാണിത്‌.
സുറിയാനി സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷം ഉത്സവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക