Image

പേ ആന്‍ഡ്‌ യൂസ്‌ പൊന്നാടകള്‍

അനില്‍ പെണ്ണുക്കര Published on 29 February, 2012
പേ ആന്‍ഡ്‌ യൂസ്‌ പൊന്നാടകള്‍
സുഹൃത്തിനെ കുറ്റം പറയാനാവില്ല, അയാള്‍ക്കു കലാകാരനാവണം! ഹസ്‌തരേഖക്കാരനേയും സാമുദ്രികശാസ്‌ത്രക്കാരനേയും കണ്ടു. അവര്‍ ഫലങ്ങള്‍ പറഞ്ഞു. ഹസ്‌തരേഖ പ്രകാരം അയാള്‍ക്ക്‌ കല പോയിട്ട്‌, ശരീരകല പോലുമില്ലത്രേ!

സാമുദ്രിക ശാസ്‌ത്രകാരന്‍ വിരലും നഖവും മുടിയും കണ്ണും എല്ലാം നോക്കി. വിരലിനു നീളമില്ല. കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും വിരലുകള്‍ നീണ്ടതാണത്രേ! താങ്കള്‍ ഒരു കലയിലും ശോഭിക്കുമെന്ന്‌ ലക്ഷണശാസ്‌ത്രം പറയുന്നില്ല.

സുഹൃത്തിന്‌ വ്യസനമായി. നന്നായി വായിക്കാനാവുന്നില്ല. എഴുതുവാനാകുന്നില്ല. നടിക്കുവാനും അവതരിപ്പിക്കാനും ആവുന്നില്ല. വിരലിനു നീളമുണ്ടായാല്‍ കലവരുമല്ലേ? അന്നു മുതല്‍ അയാള്‍ വിരല്‍ പിടിച്ചു വലിക്കുവാന്‍ തുടങ്ങി. വിരല്‍ വലിയുവാന്‍ യ്‌തനമായി. ഇല്ലാത്ത ലക്ഷണം, കഴിവിനു വേണ്ടി അയാള്‍ ബദ്ധപ്പെടുകയാണ്‌ ഇന്നും! ഞാന്‍ സ്‌നേഹബുദ്ധ്യാ ഉപദേശിക്കും. ``തനിക്കിതു വഴങ്ങില്ലെടോ, വിരല്‍ സ്വയം നീളമുള്ളതാകണം. തനിക്കു പറഞ്ഞിട്ടുള്ളതു ബിസിനസ്സാണ്‌!'' അപ്പോഴൊക്കെ അവനെന്നെ ഇഷ്‌ടപ്പെടാത്ത രീതിയില്‍ നോക്കും. പിന്നെ ഞാനൊന്നും പറയാറില്ല.

സ്വന്തമായ കഴിവില്ലാത്ത ചിലര്‍ അതു പണംകൊണ്ടു നേടുവാന്‍ ശ്രമിക്കുന്നു. അര്‍ഹതയില്ലായ്‌മ പണം കൊണ്ട്‌ അര്‍ഹതയായി മാറ്റാന്‍ ശ്രമിക്കുന്നു. ഈ അനര്‍ഹത, അര്‍ഹതയായി മാറ്റുന്നതിലുള്ള ആത്മാമോദം ഒരുതരം ക്രേസിയായി വരുന്നു.

നമുക്ക്‌ എല്ലാവര്‍ക്കും ഒരുപോലെ പ്രകൃതി തരാത്ത ഒരുപാടു കാര്യങ്ങളുണ്ട്‌. ബുദ്ധി, സര്‍ഗ്ഗവൈഭവം, നന്മകള്‍ ഒക്കെ അതിലുണ്ട്‌. ചിലര്‍ മഹാബുദ്ധിമാന്മാരാകും. ചിലര്‍ ജന്മായത്തമായി ലഭിക്കാത്ത കഴിവുകള്‍ക്കുവേണ്ടി യത്‌നിക്കും. ചിലപ്പോള്‍ വിജയിച്ചെന്നുവരാം. അല്ലാത്തവര്‍ പണവും സ്വാധീനവും ഉപയോഗിച്ച്‌ അവ നേടിയെടുക്കുന്നു. അത്തരത്തിലുള്ള കുറെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ തമാശ തോന്നാം. അംഗീകാരങ്ങള്‍ക്കു പിറകേ പായുന്ന അനര്‍ഹരുടെ ചിത്രം ഇന്നൊരു കാഴ്‌ചയാണ്‌.

എന്തെങ്കിലും ഒരു വിഷയത്തിന്റെ പേരില്‍ എന്തെങ്കിലുമൊന്നു ചെയ്‌തിട്ട്‌ അതിനു പുരസ്‌കാരം നേടുന്ന ചിത്രം മാധ്യമങ്ങളില്‍ വരുന്നതു കാണുന്നത്‌ ഒരു സുഖമായി ചിലര്‍ക്ക്‌ മാറിയിരിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ ഇല്ലാത്ത കേമത്തവും മഹത്ത്വവും നേടുന്നതിനായിട്ട്‌ ഇക്കൂട്ടര്‍ സ്വന്തം ചെലവില്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നു. അവാര്‍ഡു വിതരണവും ഏറ്റുവാങ്ങലും വന്‍ വാര്‍ത്താ പരസ്യങ്ങളായി പ്രചരിപ്പിക്കുന്നു. പ്രമുഖ വ്യക്തിയില്‍ നിന്നും `മിടുക്കന്‍' പുരസ്‌കാരം ഏറ്റുവാങ്ങുന്നു. പിന്നെ പുരസ്‌കാരം വീട്ടില്‍ ഷോക്കെയ്‌സില്‍ വെണ്ടയ്‌ക്കാ ശീര്‍ഷകത്തോടെ അതിഥികളുടെ ശ്രദ്ധപെടുംവിധം അലങ്കരിച്ചുവയ്‌ക്കും. ഒപ്പം വാര്‍ത്താക്കട്ടിംഗും ഫോട്ടോയും.

സംസാരമദ്ധ്യേ അതഥികളുടെ ശ്രദ്ധ പുരസ്‌കാരത്തിലേക്കും ശില്‌പത്തിലേക്കും ഷീല്‍ഡുകളിലേക്കും മൊമെന്റോയിലേക്കും കൂട്ടിക്കൊണ്ടുപോകും. അവാര്‍ഡ്‌ വിതരണം നല്‍കിയവരുടെ ചിത്രവും പ്രഭാഷണത്തിന്റെയും ചടങ്ങിന്റെയും ദൃശ്യങ്ങള്‍ സിഡിയിട്ടു കാണിക്കും. അതിഥി ആതിഥേയന്റെ മഹത്ത്വവും വലിപ്പവും കണ്ട്‌ അന്ധാളിച്ചിരിക്കും! തന്റെ മുമ്പിലിരിക്കുന്ന ആതിഥേയന്‍ ഒരു മഹാസംഭവമാണെന്ന്‌ ധരിച്ചു വശാകും. ഒരു ലെജന്‍ഡാണ്‌ തന്റെ മുമ്പിലിരിക്കുന്നത്‌ എന്ന തോന്നല്‍ സൃഷ്‌ടിക്കാന്‍ പാടുപെടുകയാണ്‌ ഇത്തരക്കാര്‍!

ചിലര്‍ക്ക്‌ അവാര്‍ഡുകള്‍ പ്രശസ്‌തി പത്രമായി കിട്ടുന്നതാണ്‌ ഇഷ്‌ടം. ചിലര്‍ക്കു പൊന്നാട അണിയിക്കുന്നതാണ്‌ ഇഷ്‌ടം. മറ്റു ചിലര്‍ക്ക്‌ ശില്‌പങ്ങള്‍, വേറെ കുറേപ്പേര്‍ക്ക്‌ ഷീല്‍ഡും! എന്തുവേണമെങ്കിലും ഇഷ്‌ടാനുസരണം കാശുകൊടുത്തു വാങ്ങുന്നു. സ്വന്തം കീശയിലെ കാശുമുടക്കി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഇപ്പോഴത്തെ ഒരു ഭ്രമമാണ്‌ പൊന്നാട ചാര്‍ത്തല്‍. പൊന്നാട നേടാനായി കാശുമുടക്കി സംഘാടകസമിതിയുണ്ടാക്കുന്നു. പിന്നെ പൊന്നാട വാങ്ങിക്കൊടുത്തു ചടങ്ങില്‍ നിന്നും വിനീതനായി അതേറ്റുവാങ്ങുന്നു. മാധ്യമങ്ങള്‍ പ്രതിഭയ്‌ക്ക്‌ അല്ലെങ്കില്‍ മികവിന്‌ `ദിനേശനെ' പൊന്നാട ചാര്‍ത്തി ആദരിക്കുന്നു എന്ന്‌ വാര്‍ത്തയും. വാര്‍ത്തയുടെ പിന്നാമ്പുറത്തു ദിനേശന്റെ പണം. പക്ഷേ അതൊന്നുമറിഞ്ഞാലും അറിഞ്ഞില്ലെങ്കില്‍ പൊന്നാട ചാര്‍ത്തി ആദരിക്കപ്പെടുന്ന ആളിനോട്‌ അസൂയ ചിലര്‍ക്കുണ്ടാകും. അടുത്ത ലക്ഷ്യം അവനെപ്പോലെ പൊന്നാട നേടാനാണ്‌. എന്തിന്റെയെങ്കിലും പേരില്‍ അല്ലെങ്കില്‍ എന്തിന്റെയെങ്കിലും മികവിന്റെ പേരില്‍ അസൂയക്കാരനും വൈകാതെ പൊന്നാട ചാര്‍ത്തിച്ചു ഞെളിയും. അതിനായി ഒരു താല്‌ക്കാലിക കലാസംഘടന ഉണ്ടാക്കും. ????? കമ്മറ്റിയെന്നോ, മലയാളസംരക്ഷണഫോറമെന്നോ വ്യവസായരത്‌നമെന്നോ ഒക്കെ പേരുണ്ടാകാം ചടങ്ങു സംഘടിപ്പിക്കുന്നവര്‍ക്ക്‌. പക്ഷേ പണവും ബുദ്ധിയും എല്ലാം ഈ പൊന്നാടക്കാരന്റെ ആകും. ഇതെന്തു പുരസ്‌ക്കരണം? നാണമില്ലേ ഈ കൂത്താട്ടത്തിന്‌!

ഒരു മത്സരവേദിയിലിരിക്കുകയാണ്‌ ഈയുള്ളവന്‍. പതിനഞ്ചു വയസ്സു തോന്നിക്കുന്ന പെണ്‍കുട്ടി മത്സരത്തില്‍ പങ്കെടുത്തു പാടുകയാണ്‌. പാട്ടു പറയുകയാണെന്നു പറയുന്നതാവും ശരി. അടുത്ത്‌ ഒരാള്‍ വന്നിരുന്നു. അയാള്‍ പെണ്‍കുട്ടിയുടെ പാട്ടിനൊത്ത്‌ താളം പിടിക്കുന്നു. വാവാ എന്നൊക്കെ ഇടയ്‌ക്കിടെ വെക്കുന്നുണ്ട്‌. ``നന്നായിട്ടുണ്ടേല്ല... നല്ല കുട്ടി. കാണാനും കൊള്ളാം. കൊള്ളാം കൊള്ളാം അല്ലേ?'' എന്ന്‌ ഇരുവശത്തും ഇരിക്കുന്നവരോടു ചോദിക്കുന്നുമുണ്ട്‌. ആരും ഒന്നും മറുപടി പറയുന്നില്ല. സഹികെട്ട്‌ ഒടുവില്‍ ആസ്വാദകന്‍ ``അതേ എന്റെ മോളാ ആ പാടിയത്‌'' എന്നു പറഞ്ഞിട്ട്‌ എഴുന്നേറ്റുപോയി. ഞങ്ങള്‍ ചിരിച്ചുപോയി.

ഈ പണിതന്നെയാണ്‌ പൊന്നാടക്കാരനും പുരസ്‌ക്കാരങ്ങള്‍ വാങ്ങുന്ന ആദരണീയരും ഒപ്പിക്കുന്നത്‌. കഴുത മാലയിട്ടിട്ട്‌ ചുറ്റും നോക്കി ബേ ബേ എന്നു പാടുന്നത്‌ ഒന്നു സങ്കല്‌പിച്ചു നോക്കൂ!

അവാര്‍ഡുകളും പൊന്നാടകളും സ്വയം സജ്ജീകരിക്കുന്നതും വാങ്ങുന്നതും പണ്‌ഡിത സദസ്സില്‍ അധോശ്വാസംവിട്ട്‌ ശ്രദ്ധ നേടുന്നതുപോലെയുള്ളു. ഈ വിഡ്‌ഢികള്‍ അവാര്‍ഡുകളുടെ അല്ലെങ്കില്‍ പുരസ്‌കാരങ്ങളുടെ മാന്യതയും വിലയും കെടുത്തിക്കളയുകയാണ്‌. അവയുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുകയാണ്‌.

ഈ `ചക്കാട്ടക്കളി' ജനങ്ങള്‍ തിരിച്ചറിയണം. ഇത്തരം `പുങ്ക'ന്മാരെ പൊന്നാട അല്ല ചാര്‍ത്തേണ്ടത്‌, നായക്കുരണപ്പൊടിയാണ്‌. എന്നാലേ ഈ കട്ടിയുള്ള തൊലിയന്മാര്‍ക്കൊന്നു ചൊറിയൂ.

അര്‍ഹതയില്ലാത്ത ഉപഹാരങ്ങളും ആദരിക്കലും ശവത്തിനുമീതെ ചാര്‍ത്തുന്ന പൂമാലകള്‍പോലെ അളിരഹിതമാണ്‌. ഇല്ലാത്ത മഹത്വവും പെരുമയും ഉണ്ടെന്നു വരുത്തുവാന്‍ പണം മുടക്കി പൊന്നാടയും പുരസ്‌കാരവും വാങ്ങുന്നവരെ കണ്ടാല്‍ കുളിക്കണം. ഇത്തരക്കാരുടെ ഉപഹാരങ്ങള്‍ക്കുമേല്‍ എഴുതി വയ്‌ക്കേണ്ടത്‌ പൊതു സ്ഥലങ്ങളിലെ ടോയ്‌ലറ്റുകളുടെ പേ ആന്‍ഡ്‌ യൂസ്‌ എന്ന വാചകമാണ്‌. എന്തായാലും കരുതിയിരിക്കുക, പൊന്നാടന്മാര്‍ അടങ്ങുകയില്ല. വിരല്‍ വലിച്ചുനീട്ടി അവര്‍ വരും കലാകാരന്മാരായും പ്രമാണിയായും!
പേ ആന്‍ഡ്‌ യൂസ്‌ പൊന്നാടകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക