Image

മുണ്ടുരിയല്‍ കേസ്: പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ഉണ്ണിത്താന്‍

Published on 28 February, 2012
മുണ്ടുരിയല്‍ കേസ്: പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ഉണ്ണിത്താന്‍
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കെപിസിസി മുണ്ടുരിയല്‍ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. സംഭവം നടന്ന കാലത്ത് കെപിസിസി   പ്രസിഡന്റായിരുന്ന പി.പി.തങ്കച്ചന് പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയെന്ന് അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്തമാക്കി.

ഗൂഢാലോചനക്കാരുടെ പേരുകള്‍ പരസ്യമായി പറയാനാകില്ലെന്നും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമെന്ന് ജഡ്ജിയുടെ ചേംബറില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉണ്ണിത്താന്റെ വിസ്താരം പൂര്‍ത്തിയായി. 

അതേസമയം, സംഭവസമയത്ത് ഉണ്ണിത്താനോടൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരും കേസിലെ മറ്റു സുപ്രധാന സാക്ഷികളുമായ ചെമ്പഴന്തി അനിലും ശരത് ചന്ദ്ര പ്രസാദും വിചാരണക്കോടതിയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. പ്രതികളെ തിരിച്ചറിയാനാകില്ലെന്ന് ചെമ്പഴന്തി അനില്‍ ഇന്ന് മൊഴിനല്‍കുകയായിരുന്നു. 

2004 ജൂണ്‍ ആറിന് ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെപിസിസി യോഗസ്ഥലത്ത് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും  ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്. കെ. മുരളീധരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, എന്‍. വേണുഗോപാല്‍, ജി. രതികുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെ ആദ്യം കൊലപാതക ശ്രമത്തിനു കേസ് എടുത്തെങ്കിലും പിന്നീടു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വണ്ടന്നൂര്‍ സന്തോഷ്, പെരുങ്ങുഴി കൃഷ്ണകുമാര്‍, എച്ച്.പി. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ ആക്രമണക്കുറ്റത്തിനു കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക