Image

മെഡിക്കല്‍ പിജി കഴിഞ്ഞവര്‍ക്കും ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി

Published on 28 February, 2012
മെഡിക്കല്‍ പിജി കഴിഞ്ഞവര്‍ക്കും ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി
തിരുവനന്തപുരം: മെഡിക്കല്‍ ബിരുദാനന്തര ബിരുദം,  സൂപ്പര്‍ സ്‌പെഷല്‍റ്റി പഠനം എന്നിവ   കഴിയുന്നവര്‍ക്കും ഗ്രാമീണസേവനം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ എംബിബിഎസിനു ശേഷം മാത്രമാണ് നിര്‍ബന്ധിത ഗ്രാമീണ സേവനം ചെയ്യേണ്ടത്. പുതിയ ഉത്തരവനുസരിച്ച് സൂപ്പര്‍ സ്‌പെഷല്‍റ്റി പഠനം വരെ പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് ഒരുവര്‍ഷം വീതം മൂന്നുതവണ ഗ്രാമീണസേവനം ചെയ്യേണ്ടിവരും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വാശ്രയ മേഖലയില്‍ സര്‍ക്കാര്‍ ഫീസിലും പഠിച്ചവര്‍ക്കും എംബിബിഎസിനു ശേഷം ഒരു വര്‍ഷം നിര്‍ബന്ധിത ഗ്രാമീണ സേവനം ചെയ്യണം. ഇതു കൂടാതെയാണ് പിജിക്കുശേഷവും സൂപ്പര്‍ സ്‌പെഷല്‍റ്റി പഠന ശേഷവും ഗ്രാമീണ സേവനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതായത്, മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട ഈ മൂന്നു തലങ്ങള്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുന്നവര്‍ക്ക് ഓരോ വര്‍ഷം വീതം മൂന്നുതവണ നിര്‍ബന്ധിതഗ്രാമീണസേവനം ചെയ്യണം. സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഒരു വര്‍ഷ നിര്‍ബന്ധിത ഗ്രാമീണ സേവനം പൂര്‍ത്തിയാക്കിയവരാണ് ഇപ്പോള്‍ പിജിക്കും സൂപ്പര്‍ സ്‌പെഷല്‍റ്റി പഠനത്തിനും ചേര്‍ന്നിരിക്കുന്നവരില്‍ ഭൂരിഭാഗവും. മാത്രമല്ല ബോണ്ട് കാലയളവില്‍ പല അവസരങ്ങളും നഷ്ടപ്പെടുമെന്നും പരാതി ഉണ്ട് . സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പിഎസ്‌സി വഴി ആളെ നിയമിക്കാനുള്ള പട്ടിക നിലനില്‍ക്കെ കുറഞ്ഞ വേതനത്തില്‍ ബോണ്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മെഡിക്കല്‍ പിജി, സൂപ്പര്‍ സ്‌പെഷല്‍റ്റി അസോസിയേഷനുകള്‍ വ്യക്തമാക്കി. ഇതിനെതിരെ ബുധനാഴ്ച മുതല്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക