Image

ഇന്ത്യയ്ക്ക് ബോണസ് പോയിന്റോടെ വിജയം

Published on 28 February, 2012
ഇന്ത്യയ്ക്ക് ബോണസ് പോയിന്റോടെ വിജയം
ഹൊബാര്‍ട്ട്: ഇന്ത്യയുടെ പ്രതീക്ഷകളെ വിരാട് കോഹ്‌ലി കൈപിടിച്ചു കരകയറ്റി. ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബോണസ് പോയിന്റോടെ ഏഴു വിക്കറ്റ്  ജയം. ഇതോടെ ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ശ്രീലങ്കയുടെ  50 ഓവറില്‍ നാലിന് 320 എന്ന സ്‌കോര്‍ ഇന്ത്യ 36.4 ഓവറില്‍ മൂന്നിന് 321 എന്ന നിലയില്‍ മറികടന്നു. വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ് മാച്ച്. 

ഇന്ത്യയ്ക്കു വേണ്ടി വിരാട് കോഹ്‌ലി വെറും 86 പന്തുകളില്‍ നിന്ന് പുറത്താകാതെ 133 റണ്‍സ് നേടി. ഗൗതം ഗംഭീര്‍ 64 പന്തുകളില്‍ നിന്ന് 63 റണ്‍സും സുരേഷ് റെയ്‌ന 24 പന്തുകളില്‍ പുറത്താകാതെ 40 റണ്‍സും നേടി. മലിംഗയുടെ ഒരു ഓവറില്‍ 24 റണ്‍സ് വിരാട് കോഹ്‌ലി സ്‌കോര്‍ ചെയ്തത് വിജയം എളുപ്പമാക്കി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 30 പന്തുകളില്‍ നിന്ന് 39 റണ്‍സും വീരേന്ദര്‍ സേവാഗ് 16 പന്തുകളില്‍ നിന്ന് 30 റണ്‍സും നേടി. 

ശ്രീലങ്കയുടെ ബോളര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിലംപരിശാക്കി. യോര്‍ക്കറുകള്‍ സ്ഥിരമായി എറിയുന്ന മലിംഗയാകട്ടെ ഇത്തവണ പിഴവാര്‍ന്ന ബോളിങ്ങാണ് കാഴ്ചവച്ചത്. 7.4 ഓവറുകളില്‍ 96 റണ്‍സ് ആണു വിട്ടുകൊടുത്തത്. സച്ചിന്റെ വിക്കറ്റ് കിട്ടിയതു മാത്രമായിരുന്നു മലിംഗയുടെ നേട്ടം. കുലശേഖര എട്ട് ഓവറുകളില്‍ 71 റണ്‍സും പെരേര ഏഴ് ഓവറുകളില്‍ 59 റണ്‍സും വിട്ടുകൊടുത്തു. 300 നു മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് 40 ഓവറില്‍ താഴെ ഒരു ടീം ജയിക്കുന്നത് ലോകത്തു രണ്ടാം തവണയാണ്. 2006ല്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 37.4 ഓവറില്‍ ശ്രീലങ്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് നേടിയതാണ് ആദ്യത്തേത്.

ഇനി ശ്രീലങ്ക ഓസ്‌ട്രേലിയയോടു തോല്‍ക്കാനായി ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ഥിക്കും. എങ്കില്‍ മാത്രമേ ഇന്ത്യയ്ക്കു ഫൈനല്‍ സാധ്യതയുള്ളൂ. ആ മത്സരത്തില്‍ ശ്രീലങ്ക ജയിച്ചാലോ മത്സരം ടൈ ആയാലോ മഴ വന്ന് മത്സരം ഉപേക്ഷിച്ചാലോ ഇന്ത്യ പുറത്തുപോകും. 

സച്ചിനെയും സേവാഗിനെയും വലുതല്ലാത്ത സ്‌കോറില്‍ നഷ്ടപ്പെട്ടിട്ടും ഇത്ര വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചു എന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം. അസാധ്യമെന്നു തോന്നിച്ചത് ഇന്ത്യ സാധിച്ചെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക