Image

മാതൃദിനാശംസകള്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 14 May, 2017
മാതൃദിനാശംസകള്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
കേവലം ഭ്രൂണാവസ്ഥയില്‍ മാത്രം ഒതുങ്ങുന്നതല്ല മൊത്തത്തില്‍ സസ്തന ജീവികളിലെ മാതൃസ്‌നേഹം. എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തില്‍ മാതാവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ജനനം മുതല്‍മരണം വരെസ്ഥായിയായിട്ടുള്ള ഒരു ബന്ധമാണ്. ആ സ്‌നേഹത്തിനു കിടപിടിക്കുന്ന സ്‌നേഹച്ചാര്‍ത്തുകളൊന്നും ഈ ഭൂവിലില്ല. അത്രയ്ക്കും അഭൗമമായ, സമാനതകളില്ലാത്ത, ഒരു സ്‌നേഹ നിര്‍വ്രുതിയാണു അമ്മയുടേത്.

അതുകൊണ്ടല്ലേ മഹാകവി വള്ളത്തോള്‍ പാടിയത് "മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്''.

അമ്മയുടെ കോടതിയില്‍ മാത്രമാണ് കുറ്റവിചാരണയും, മുന്‍കൂര്‍ജാമ്യവും ശിക്ഷയുമില്ലാത്തത്. എല്ലാ കുറ്റങ്ങളും പൊറുത്ത്, മറക്കാന്‍ സര്‍വ്വം സഹയായ ഒരമ്മക്കേ പറ്റൂ. അങ്ങിനെയുള്ള അമ്മയെ ഓര്‍ക്കാന്‍ ഒരു പ്രത്യേകദിവസം മാറ്റിവയ്‌ക്കേണ്ടതില്ല ..24 hours, 7 days a week
എന്നു പറയുന്ന പരസ്യത്തിന്റെ മൂര്‍ത്തീഭാവമാണ്, ജീവസാക്ഷാത്കാരമാണ്, അമ്മ.

ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം വെളിവാക്കുന്നതും സ്ത്രീ മഹത്വത്തെയാണ്. ഈ ഭാരതഭൂമിയുടെ അധഃപതനത്തില്‍ ഖിന്നനായ സ്വാമിവിവേകാനന്ദന്റെ കണ്ടെത്തല്‍, സ്ര്തീശക്തിയെ നിരാകരിക്കുന്ന, തിരസ്കരിക്കുന്ന, ഒരു രാജ്യത്തിനും, ധാര്‍മ്മികവും, സാത്വികവുമായവളര്‍ച്ച ഉണ്ടാകുക പ്രയാസമാണെന്നാണ്. ഇന്നുഭാരതത്തിലും വ്യവസായ വല്‍ക്കരിച്ച മാത്രുദിനമെല്ലാം കൊണ്ടാടപ്പെടുന്നു.എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വ്രുദ്ധരായ സ്ര്തീകള്‍വരെയുള്ളവരെ മാനഭംഗപ്പെടുത്തുന്ന കാഴ്ചയാണ് നാം ഇന്നു ദര്‍ശിക്കുന്നത്. മറ്റൊരു ദുഃഖ സത്യമാണ് വ്രുദ്ധസദനങ്ങളിലും തെരുവകളിലും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കള്‍.

സ്ത്രീ പുരുഷ സമത്വത്തിന്റെ അര്‍ദ്ധനാരീശ്വരതത്വം എന്ന് അര്‍ത്ഥവത്താവുന്നുവോ, അന്നേ ഭാരതത്തിലും സമസ്തലോകത്തിലും ഐശ്വര്യം യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമാകൂ. വനിതകളെ ആദരിക്കാത്ത സമൂഹം അവികസിതവും അപരിഷ്ക്രുതവുമെന്നേ പറയാവൂ.

എല്ലാ അമ്മമാര്‍ക്കും മാത്രുദിനാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക