Image

കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് അംഗത്വ വിതരണം ആരംഭിച്ചു

പി.പി. ചെറിയാന്‍ Published on 28 February, 2012
കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് അംഗത്വ വിതരണം ആരംഭിച്ചു
ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് 2012 വര്‍ഷത്തേക്കുള്ള അംഗത്വ വിതരണ ഉദ്ഘാടനം ഫെബ്രുവരി 18-ന് ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന വിപുലമായ പ്രവര്‍ത്തക യോഗത്തില്‍ വെച്ച് പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് നിര്‍വഹിച്ചു.

ഈ വര്‍ഷം അസോസിയേഷന്‍ അംഗത്വം ആയിരമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ എല്ലാ അംഗങ്ങളും സജീവമായി രംഗത്തിറങ്ങണമെന്നും മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ റോയ് കൊടുവത്ത് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞവര്‍ഷങ്ങളില്‍ കൂടുതല്‍ അംഗത്വം നല്‍കിയിട്ടുള്ളത് 960 പേര്‍ക്കാണ്. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സില്‍ സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടുന്നതിനും നേതൃത്വം നല്‍കുവാന്‍ അസോസിയേഷന് കഴിഞ്ഞിട്ടുണ്ടെന്ന് സെക്രട്ടറി ബാബു സി. മാത്യു അറിയിച്ചു.

അര മില്യന്‍ ഡോളറിലധികം വിലമതിക്കുന്ന അസോസിയേഷന്‍ പുതുതായി വാങ്ങിയ കെട്ടിടം ആവശ്യമായ മിനുക്കുപണികള്‍ നടത്തി പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറന്നുകൊടുക്കുമെന്ന് ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ. വര്‍ഗീസ്, ബോബന്‍ എന്നിവര്‍ യോഗത്തില്‍ അറിയിച്ചു.

സംഘടനാ ചര്‍ച്ചയില്‍ രാജന്‍ ഐസക്ക്, പീറ്റര്‍ നെറ്റോ, ഡേവീസ് മുണ്ടന്‍മാണി, ഹരിദാസ് തങ്കപ്പന്‍, സുധീര്‍, ഐപ്പ് സ്കറിയ, ജോയ് ആന്റണി, തോമസ് വര്‍ഗീസ്, സെബാസ്റ്റ്യന്‍ പ്രാക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു. മെമ്പര്‍ഷിപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് (972 569 7165), ബാബു മാത്യു (214 293 8851).
കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് അംഗത്വ വിതരണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക