Image

വസന്തത്തിന്റെ ആ ഇടി മുഴക്കം പൊലിഞ്ഞൊടുങ്ങുകയാണോ? (ദല്‍ഹി കത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 13 May, 2017
 വസന്തത്തിന്റെ ആ ഇടി മുഴക്കം പൊലിഞ്ഞൊടുങ്ങുകയാണോ? (ദല്‍ഹി കത്ത്: പി.വി.തോമസ്)
ആം ആദ്മി പാര്‍ട്ടി ഒരു സ്വപ്‌ന വിപ്ലവ വസന്തത്തിന്റെ ഇടിമുഴക്കം ആയിട്ടാണ് 2013-ല്‍ ഇന്‍ഡ്യയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. അഴിമതിക്കെതിരെ പൊതുവായും അതിനെ തളച്ച് നിര്‍ത്തുവാനുള്ള ലോക്പാല്‍ ബില്ലിനുവേണ്ടി പ്രത്യേകിച്ചും റെലേഗാന്‍സിഡിയിലെ ആ ഗാന്ധിയന്‍ അണ്ണാഹസാരെ നടത്തിയ വിപ്ലവത്തിന്റെ അഗ്നിയില്‍ കുരുത്ത തൈ ആയിരുന്നു അത്. അന്ന് ഈ വിപ്ലവം ജയ്പ്രകാശ് നാരായന്റെ സമ്പൂര്‍ണ്ണ വിപ്ലവത്തിന് തുല്യം ആയിരുന്നു. ഈ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് ഒരു രാഷ്ട്രീയ-ഭരണ പശ്ചാത്തലം ഉണ്ടായിരുന്നു. രണ്ടാം യു.പി.എ. ഭരണം കഴുത്തറ്റം അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുകയായിരുന്നു. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലക്ഷക്കണക്കിന് കോടിയുടെ അഴിമതിയാണ് 2-ജി സ്‌പെക്ട്രം, കല്‍ക്കരിഖനി ലേലം ഇടപാടുകളില്‍ ഭരണകക്ഷി അടിച്ചു മാറ്റിയത്. ജനം ഇതില്‍ തികച്ചും അസന്തുഷ്ടര്‍ ആയിരുന്നു. അങ്ങനെയാണ് മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത്(2014). അങ്ങനെ തന്നെയാണ് 2013-ലും 2015 ലും കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഗവണ്‍മെന്റും ദല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത്. പക്ഷേ, എന്താണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്കും കേജരിവാളിനും സംഭവിക്കുന്നത്? കേജരിവാള്‍ സ്വയം അഴിമതി ആരോപണ വിധേയന്‍ ആയിരുന്നു.

ഇന്‍ഡ്യ മുഴുവന്‍ പിന്തുണച്ച ഒരു അഴിമതി വിരുദ്ധ മുന്നേറ്റം ആയിരുന്നു കേജരിവാള്‍ കൂടെ ഭാഗവാക്കായ അണ്ണാഹസാരെയുടെ വിപ്ലവം. അത് ഇന്ന് കേജരിവാളിന്റെ നേതൃത്വത്തില്‍ പരാജയപ്പെടുകയാണോ എന്ന് സംരക്ഷിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ട്. പഞ്ചാബിലെയും ഗോവയിലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ പരാജയം മാത്രം അല്ല. അല്ലെങ്കില്‍ ദല്‍ഹി അസംബ്ലിയില്‍ രാജോരി ഗാര്‍ഡനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കെട്ടി വച്ച പണം നഷ്ടപ്പെട്ടതും മാത്രം അല്ല. അതുപോലെ അടുത്ത് നടന്ന ദല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയവും അല്ല. തെരഞ്ഞെടുപ്പുകളില്‍ ജയവും പരാജയവും സ്വാഭാവികം ആണ്. തോറ്റവര്‍ വീണ്ടും ജയിച്ചിട്ടുള്ള കഥയും അറിയാവുന്നതാണ്. പക്ഷേ, കേജരിവാളിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അവര്‍ നയിച്ച അഴിമതി വിരുദ്ധ സല്‍ഭരണ മുന്നേറ്റത്തിന്റെയും ആധാരശില ഇളക്കുന്നതാണ്. അതിന്റെ നാരായ വേരില്‍ കോടാലി എറിയുന്നതിന് തുല്യമാണ്. കോജരിവാള്‍ അഴിമതിക്കാരനോ അഴിമതിക്കാരന്‍ അല്ലാത്തവനോ ആകാം. ഇത് ഒരു പക്ഷേ, ഒരു ആസൂത്രിത ചതി ആയിരിക്കാം. പക്ഷേ, കേജരിവാള്‍ അത് തെളിയിക്കണം. അഴിമതിക്ക് എതിരെ കുരിശുയുദ്ധം നടത്തി ദല്‍ഹിയിലെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച ആ പഴയ കേജരിവാള്‍ ആണ് ഇതെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ജന്തര്‍മന്ദിര്‍ എന്ന ആ പഴയ സമരാങ്കണത്തിലേക്ക് വന്ന് ജനസമക്ഷം സത്യം തുറന്നു പറഞ്ഞ് ആരോപകരെ വെല്ലുവിളിക്കുന്നില്ല? സംശയമുണ്ട് ശ്രീ കേജരിവാള്‍.

അണ്ണാഹസാരെയില്‍ നിന്നും അഴിമതി വിരുദ്ധ ഭരണത്തിന്റെ പന്തം ഏറ്റെടുത്ത് കേജരിവാള്‍ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ സാഹചര്യം മനസിലാക്കണം. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരം യു.പി.എ. ഗവണ്‍മെന്റിനെ കിടിലം കൊള്ളിച്ചു. 2011 ലും 2012 ലും അത് ഒരു കൊടുങ്കാറ്റായി ദേശവ്യാപകമായി ഉയര്‍ന്നടിച്ചു. അവസാനം ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ കൊണ്ടു വരുവാന്‍ യു.പി.എ. ഗവണ്‍മെന്റ് നിര്‍ബ്ബന്ധിതമായി. മുന്നേറ്റത്തിന്റെ അവസാനം ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുവാന്‍ ഗാന്ധിയന്‍ ഹസാരെ തയ്യാറായില്ല. അദ്ദേഹം റെലേഗാന്‍സിദ്ധി (മഹാരാഷ്ട്ര)യിലെ ആശ്രമത്തിലേക്ക് പിന്‍വാങ്ങി. പക്ഷേ കേജരിവാള്‍ അടങ്ങിയില്ല. അഴിമതി രാഷ്ട്രീയക്കാരെ നേരിടുക രാഷ്ട്രീയമായി തന്നെ വേണം എന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. പ്രശാന്ത് ഭൂഷനും, യോഗേന്ദ്ര യാദവും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ രണ്ടുപേരും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. കേജരിവാളും അധികാര രാഷ്ട്രീയത്തിന്റെ പാത തുടരുകയായിരുന്നു. എങ്കിലും ജനം കേജരിവാളില്‍ പ്രതീക്ഷ അര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ മതമൗലീകവാദ രാഷ്ട്രീയത്തിനും ഉള്ള ഒരു മറുപടി ആയി ജനം കേജരിവാളിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കണ്ടു. അഴിമതിയില്ലാത്ത വര്‍ഗ്ഗീയതയില്ലാത്ത കുടുംബ വാഴ്ചയില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയായി ഇതിനെ ജനം കണ്ടു. അവര്‍ക്കു വേണ്ടിയിരുന്നത് ഇതില്‍ നിന്നൊക്കെ വിമുക്തമായ സുതാര്യമായ ഒരു സല്‍ഭരണം ആയിരുന്നു. ഇന്‍ഡ്യക്കു തന്നെ അത് ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ കേജരിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പ്രസക്തി വര്‍ദ്ധിച്ചു. അതിന്റെ പ്രവര്‍ത്തകര്‍ ചൂടും ശുഷ്‌ക്കാന്തിയുമുള്ള ഒരു സംഘം ചെറുപ്പക്കാര്‍ ആയിരുന്നു.

2013 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരംഭക്കാരായ ആം ആദ്മി പാര്‍ട്ടി ചരിത്രം സൃഷ്ടിച്ചു. 15 വര്‍ഷം തുടര്‍ച്ചയായി ദല്‍ഹി ഭരിച്ച കോണ്‍ഗ്രസിനെയും ഒന്നിലേറെ തവണ ഈ സംസ്ഥാനം ഭരിച്ച ബി.ജെ.പി.യെയും പിന്തള്ളി അത് ഭരണം പിടിച്ചെടുത്തു. പക്ഷേ, കേവല ഭൂരിപക്ഷം ലഭിച്ചില്ല. 70 സീറ്റുകളില്‍ 28 എണ്ണം മാത്രമെ ലഭിച്ചുള്ളൂ. എങ്കിലും അത് നല്ല ഒരു തുടക്കം ആയിരുന്നു. ഭരണവും പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നു. സുതാര്യവും സല്‍ഭരണവും പ്രകടമായിരുന്നു. തുടക്കം മുതലെ കേന്ദ്ര ഗവണ്‍മെന്റും അതിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണ്ണറും കേജരിവാള്‍ ഗവണ്‍മെന്റിന് വിലങ്ങു തടിയായി നിലകൊണ്ടു. പോലീസും ക്രമസമാധാന നിലയും ഭൂമിയും കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലായതിനാല്‍ പല പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നു. എങ്കിലും അതിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണ്ണറും കേജരിവാള്‍ ഗവണ്‍മെന്റിന് വിലങ്ങു തടിയായി നിലകൊണ്ടു. പോലീസും ക്രമസമാധനനിലയും ഭൂമിയും കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലായതിനാല്‍ പല പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്തു. അവസാനം 49 ദിവസം തികയുന്നതിനു മുമ്പ് കേജരിവാളിനു രാജി വയ്‌ക്കേണ്ടി വന്നു. കാരണം ബി.ജെ.പി.യും കോണ്‍ഗ്രസും ഒത്തു ചേര്‍ന്ന് വോട്ട് ചെയ്ത് പരാജയപ്പെടുത്തി നിയമസഭയില്‍. ബില്ലിന്റെ പരാജയവും കേജരിവാളിന്റെ രാജിയും ജനങ്ങളെ നിരാശപ്പെടുത്തി. എങ്കിലും അവയ്ക്ക് കേജരിവാളിലും ആം ആദ്മി പാര്‍ട്ടിയിലും വിശ്വാസം ഉണ്ടായിരുന്നു. അതു കൊണ്ടാണഅ 2015- ല്‍ വന്‍ഭൂരിപക്ഷത്തോടെ കേജരിവാളിനെ വീണ്ടും തെരഞ്ഞെടുത്തത്. 70 ല്‍ 67 സീറ്റുകളും ആം ആദ്മി പാര്‍ട്ടി നേടി. അതൊരു തകര്‍പ്പന്‍ വിജയം ആയിരുന്നു. ഒരു സംസ്ഥാന നിയമ സഭയിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതു പോലൊരു വിജയം ഉണ്ടായിട്ടില്ല. ബി.ജെ.പി.ക്ക് ബാക്കി ഉള്ള മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറോ ലഭിച്ചു. കേജരിവാള്‍ ഭരണരംഗത്തും മുന്നേറി. പക്ഷേ, കേന്ദ്രവും ലഫ്റ്റ്‌നന്റ് ജനറലുമായിട്ടുള്ള സംഘട്ടനം മുര്‍ച്ഛിച്ചു. പലപ്പോഴും ഭരണസ്തംഭനത്തിലേയ്ക്ക് തന്നെ അത് നയിച്ചു. പല ഭരണ നേട്ടങ്ങളും ഈ കലാപത്തില്‍ ഒലിച്ചുപോയി. ഇരുപതിലേറെ എം.എല്‍.എ.മാരും ഏതാനും മന്ത്രിമാരും പല കേസുകളില്‍ പ്രതികളായി. ഇവ രാഷ്ട്രീയ പ്രേരിതം ആണെന്ന് ആം ആദ്മി പാര്‍ട്ടി വാദിച്ചാലും അത് തെളിയിക്കേണ്ടതായിട്ടുണ്ട്. 21 എം.എല്‍.എ.മാര്‍ ഓഫീസ് ഓഫ് പ്രോഫിറ്റ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ വിധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെയാണ്. ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്കായിരിക്കും ദല്‍ഹി നീങ്ങുക. ഇവരുടെ നിയമനം കേജരിവാളിന്റെ ഭരണത്തിലുള്ള പരിചയകുറവാണ് വെളിപ്പെടുത്തുന്നത്. എങ്കിലും ജനങ്ങള്‍ക്ക് കേജരിവാളിലും ആം ആദ്മി പാര്‍ട്ടിയിലും പ്രതീക്ഷ ഉണ്ടായിരുന്നു. അതിനെ ദേശീയതലത്തില്‍ മോഡിക്കും ബി.ജെ.പിക്കും ബദലായി ജനം കാണുവാന്‍ തുടങ്ങിയിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. പക്ഷേ, നടന്നില്ല. എങ്കിലും കോണ്‍ഗ്രസിന്റെ പിറകില്‍, ബി.ജെ.പി.ക്ക് മുമ്പിലായി രണ്ടാം സ്ഥാനത്തെത്തി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ പരാജയം ആയിരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ആണ് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം.

ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോപ്പറേഷനുകളില്‍ നടന്ന വന്‍ പരാജയം ആം ആദ്മി പാര്‍ട്ടി എന്ന സ്വപ്‌നത്തിന് ഏറ്റ കനത്ത പ്രഹരം ആയിരുന്നു. ബി.ജെ.പി. മൂന്ന് കോര്‍പ്പറേഷനുകളും തൂത്തുവാരി. ദേശീയ പ്രാധാന്യം ഉണ്ടായിരുന്ന ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ കൂറ്റന്‍ വിജയത്തെക്കാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയം ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി 2015-ലെ വോട്ട് ശതമാനം ആയ 54 ശതമാനത്തില്‍ നിന്നും 26.2 ശതമാനത്തിലേക്ക് മൂക്കുകുത്തി വീണു. ബി.ജെ.പി. 181-ല്‍ 138 സീറ്റുകള്‍ നേടിയെങ്കിലും അതിന്റെ വോട്ടു ശതമാനം 36.7 ശതമാനത്തില്‍ നിന്നും 36.1 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസ് 21.1 ശതമാനം വോട്ട് നേടിയ ഈ ത്രികോണ മത്സരത്തില്‍ പ്രതിപക്ഷത്തിന്റെ വോട്ട് വിഭജിച്ചു പോയതാണ് ബി.ജെ.പി.ക്ക് ഗുണം ചെയ്തത്. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണമായി ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ഇലക്ട്രോണിക്ക് വോട്ടിംങ്ങ് യന്ത്രങ്ങളെ പഴി പറഞ്ഞത് മറ്റൊരു വന്‍വിവാദത്തിന് തിരകൊളുത്തി. 2004 ല്‍ ബി.ജെ.പി. തോറ്റപ്പോള്‍ അദ്വാനിയും ഇതേ കാരണം ഉന്നയിച്ചതാണ്. അതു പോലെ 2015 ല്‍ കേജരിവാള്‍ ജയിച്ചപ്പോള്‍ അദ്ദേഹം എന്തു കൊണ്ട് ഇതേ വോട്ടിംങ്ങ് യന്ത്രങ്ങളെ പഴി പറഞ്ഞില്ല. വിജയിക്കുമ്പോള്‍ യന്ത്രങ്ങള്‍ നല്ലതും തോല്‍ക്കുമ്പോള്‍ ചീത്തയും എന്നാണോ അര്‍ത്ഥം?

ഇവിടെ തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കാള്‍ പ്രധാനം കേജരിവാളിന് എതിരായി അദ്ദേഹത്തിന്റെ ഒരു മുന്‍ മന്ത്രി ഉന്നയിച്ച അഴിമതി ആരോപണം ആണ്. കേജരിവാള്‍ രണ്ട് കോടി രൂപാ  വാങ്ങുന്നത് കണ്ടെത്താണ് മുന്‍മന്ത്രി പറഞ്ഞത്. ഈ ആരോപണം ഉന്നയിച്ചത് പ്രസ്തുതവ്യക്തിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റി രണ്ട് ദിവസത്തിനുശേഷം ആണ്. ആയതിനാല്‍ പകപോക്കല്‍ ആണെന്നും മറ്റും വാദിക്കാം. പക്ഷേ, ഇത് സത്യമാണെങ്കില്‍? കേജരിവാളിനെപോലുള്ള ഒരു പ്രക്ഷോഭണകാരി ഇത് കേട്ട് ഉടന്‍ ജന്തര്‍മന്ദിര്‍ എന്ന ആ പഴയ പോര്‍ക്കളത്തില്‍ വന്നു പരസ്യമായി ജനസമക്ഷം ഇത് നിഷേധിക്കണമായിരുന്നു. അതുണ്ടായില്ല. എന്തുകൊണ്ട്? കേജരിവാള്‍ ഉത്തരം പറയുവാന്‍ ബാദ്ധ്യസ്ഥന്‍ ആണ്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഴമതി വിരുദ്ധ കുരിശുയുദ്ധം വെറും പൊള്ളയായിരുന്നുവെന്ന് ജനം പറയും. ആം ആദ്മി പാര്‍ട്ടിക്കെതിരായി ആദായ നികുതി വകുപ്പിന്റെ പുതിയ ആരോപണങ്ങള്‍ ഉണ്ട്. വിദേശ ഫണ്ട് സംബന്ധിച്ച ആരോപണങ്ങള്‍ വേറെയും. ഇതെല്ലാം സത്യവിരുദ്ധം ആണെന്ന് സ്ഥാപിക്കുവാനുള്ള ഉത്തരവാദിത്വം കേജരിവാളിനും സംഘത്തിനും ഉണ്ട്. അല്ലാതെ ഇതൊക്കെ രാഷ്ട്രീയത്തില്‍ പതിവാണ് എന്നു പറഞ്ഞ് ഒഴിവാകാന്‍ കേജരിവാള്‍ ശ്രമിച്ചതുപോലെ ശ്രമിക്കരുത്.

ആം ആദ്മി പാര്‍ട്ടി ഒരു വലിയ പ്രതീക്ഷ ആയിരുന്നു. അതിനെ പുതിയ വസന്തത്തിന്റെ ഇടിമുഴക്കം ആയി കണ്ടവരെ കേജരിവാള്‍ നിരാശപ്പെടുത്തരുത്. അഗ്നിശുദ്ധി വരുത്തി കേജരിവാള്‍ തിരിച്ചു വരണം. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങി സന്യാസം സ്വീകരിക്കണം. സന്യാസം പാലായനവാദികള്‍ക്കുള്ള അഭയകേന്ദ്രം ആണെന്ന് ഇവിടെ അര്‍ത്ഥമില്ല.

ഇന്‍ഡ്യന്‍ രാഷ്ട്രീയം വലിയ ഒരു പ്രതിസന്ധിയില്‍ ആണ്. ഇവിടെ ഇപ്പോള്‍ ഭരണകക്ഷിക്ക് ശക്തമായ ഒരു പ്രതിപക്ഷം ഇല്ല. കോണ്‍ഗ്രസിന് തല്‍ക്കാലം ആ റോള്‍ വഹിക്കുവാനുള്ള പ്രാപ്തിയില്ല. പിന്നെ പ്രാദേശിക പാര്‍ട്ടികള്‍. അഴിമതി ആരോപണ വിധേയര്‍ അല്ലാത്ത ഒരൊറ്റ പ്രാദേശിക നേതാവ് ഇല്ല. ലാലു യാദവും, മുലയം സിംങ്ങ് യാദവും, മായാവതിയും, മമത ബാനര്‍ജിയും ഇതില്‍ പെടും. ജയലളിതയും അഴിമതിക്കാരി ആയിരുന്നു. കരുണാനിധിയും മക്കളും എന്താമോശം ആണോ? ഇനി ആരുണ്ട് ഇവിടെ സ്വീകാര്യമായ, വിശ്വാസ്യമായ ഒരു നേതാവും പാര്‍ട്ടിയും ആയിട്ട്? അതുകൊണ്ടാണ് കേജരിവാളിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അദ്ദേഹം അഗ്നി സ്ഫുടം ചെയ്ത് ശുദ്ധി തെളിയിക്കണം.

 വസന്തത്തിന്റെ ആ ഇടി മുഴക്കം പൊലിഞ്ഞൊടുങ്ങുകയാണോ? (ദല്‍ഹി കത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക