Image

"ഭാഷയ്‌ക്കൊരു ഡോളര്‍" പുരസ്കാരദാനം ; സുഗതകുമാരി വിശിഷ്ടാതിഥി

അനില്‍ പെണ്ണുക്കര Published on 12 May, 2017
"ഭാഷയ്‌ക്കൊരു ഡോളര്‍" പുരസ്കാരദാനം ; സുഗതകുമാരി വിശിഷ്ടാതിഥി
ലോകമലയാളികള്‍ക്ക് ഫൊക്കാനയുടെ കാണിക്കയായ "ഭാഷയ്‌ക്കൊരു ഡോളര്‍" പുരസ്കാരവേദിയില്‍ മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി മുഖ്യാതിഥി ആയി പങ്കെടുക്കുന്നു .

കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിന് ഫൊക്കാന ഏര്‍പ്പെടുത്തിയ "ഭാഷയ്‌ക്കൊരു ഡോളര്‍’ പുരസ്കാരം മേയ് 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ആണ് സമ്മാനിക്കുക .ഈ ചടങ്ങില്‍ പുരസ്കാര ജേതാവിനെയും ഫൊക്കാനയെയും വാക്കുകള്‍ കൊണ്ട് ആശിര്‍വദിക്കാനാണ് സുഗതകുമാരിടീച്ചര്‍ എത്തുക.അന്‍പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കേരളാ സര്‍വകലാശാലയുമായി സഹകരിച്ചു ഫൊക്കാന മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരത്തിന് ശേഷം നല്‍കുന്ന അവാര്‍ഡ് കൂടിയാണ് ഇത് .ഈ പുരസ്കാര വേദിയില്‍ മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ സാന്നിധ്യം വലിയ അനുഗ്രഹമാകുമെന്നു ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ഋല മലയാളിയോട് പറഞ്ഞു.

സുഗതകുമാരിയുടെ സാന്നിധ്യം ഈ ചടങ്ങിന് അനിവാര്യമാണ് .ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെങ്കിലും ഈ ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത് വലിയ അനുഗ്രഹമാണ് .ഫൊക്കാനയുടെ ആദത്തെ കേരളാ കണ്‍ വന്‍ഷനില്‍ ഭാഷയ്‌ക്കൊരു ഡോളര്‍ ചടങ്ങിലെ മുഖ്യ സാന്നിധ്യമായിരുന്നു സുഗതകുമാരി.എന്നും ഫൊക്കാന പ്രവര്‍ത്തകരോടും ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയോടും ഒരു മമത അവര്‍ വച്ച് പുലര്‍ത്തിയിരുന്നു .

സാമൂഹിക അനീതികള്‍ക്കെതിരായി തൂലിക ചലിപ്പിക്കുകയും ശബ്ദമുയര്‍ത്തുകയുംപരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹിത്യകാരിയാണ് സുഗതകുമാരി. സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത കവിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളജ് സംസ്കൃത പ്രൊഫസര്‍ ആയിരുന്ന കെ കാര്‍ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന് ജനിച്ചു. തത്വശാസ്ത്രത്തില്‍ എംഎ ബിരുദം നേടിയ സുഗതകുമാരി ആധുനിക മലയാള കവികളില്‍ പ്രമുഖയാണ്.

കാല്‍പനിക ഭാവുകത്വത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാവ്യശൈലിയാണ് സുഗതകുമാരിയുടേത്. സ്ത്രീപ്രശ്‌നങ്ങള്‍, പാരിസ്ഥിതിക വിഷയങ്ങള്‍ എന്നിവ പ്രമേയങ്ങളാക്കിയ കവിതകള്‍ ഏറെയാണ്. സെയിലന്റ്‌വാലിക്കുവേണ്ടി എഴുപതുകളില്‍ പ്രക്ഷോഭരംഗത്ത് എത്തിയ ടീച്ചര്‍ പ്രകൃതിസംരക്ഷണത്തിനായി ഇന്നും പോരാടുന്നു. എന്‍ വി കൃഷ്ണവാര്യരും സുഗതകുമാരി ടീച്ചറും മുന്നില്‍ നിന്ന് നയിച്ച എഴുത്തുകാരുടെ കൂട്ടായ്മ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് സെയിലന്റ്‌വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കൃഷ്ണവനം പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ പ്രവര്‍ത്തനം.

രാത്രിമഴ, മുത്തുച്ചിപ്പി, പാവം മാനവഹൃദയം, പാതിരാപ്പൂക്കള്‍, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, പ്രണാമം, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി (കവിതാസമാഹരങ്ങള്‍), വാഴത്തേന്‍, അയലത്ത് പറയുന്ന കഥകള്‍ (ബാലസാഹിത്യം), കുട്ടികളുടെ പഞ്ചതന്ത്രം, സോനയുടെ ധീരകൃത്യങ്ങള്‍ (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാനകൃതികള്‍. സ്വപ്നഭൂമി, പ്രണാമം, കാവുതീണ്ടല്ലേ എന്നീ ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1968ല്‍ പാതിരാപൂക്കള്‍ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, 1984ല്‍ അമ്പലമണിക്ക് ആശാന്‍െ്രെപസ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1986ല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കംഗീകാരമായി ഭാരതസര്‍ക്കാരിന്റെ ‘വൃക്ഷമിത്ര’ അവാര്‍ഡ്, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, മികച്ച സാംസ്കാരിക പ്രവര്‍ത്തകയ്ക്കുള്ള റേച്ചല്‍ തോമസ് അവാര്‍ഡ്, ജന്മാഷ്ടമി പുരസ്ക്കാരം, ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്ക്കാരമായ ‘സരസ്വതിസമ്മാന്‍’ (2013), സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന ഗ്രന്ഥശാലാസംഘത്തിന്റെ ഐ വി ദാസ് പുരസ്ക്കാരം (2015), പരിസ്ഥിതി സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്കുള്ള സഹ്യ പുരസ്ക്കാരം (2015), സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2015), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ സുഗതകുമാരിക്ക് ലഭിച്ച ബഹുമതികളാണ്.

കേരള വനിതാകമ്മീഷന്‍ അധ്യക്ഷ, ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പാള്‍, കേന്ദ്രസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, തളിര് മാസിക പത്രാധിപര്‍, പ്രകൃതിസംരക്ഷണ സമിതി, അഭയ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപക സെക്രട്ടറി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഫിലിം സെന്‍സര്‍ ബോര്‍ഡംഗം, സംസ്ഥാന സാമൂഹ്യക്ഷേമ ഉപദേശകസമിതി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തളിര് മാസികയുടെ പത്രാധിപ സമിതി അംഗമായും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭയ, ബോധി എന്നീ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്നു.

മെയ്ര 23 ന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരം നല്‍കുന്നത്.പുരസ്കാര ജേതാവിനെ മെയ് 20 നു കേരളാ യൂണിവേഴ്‌സിറ്റി പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കും .കേരളാ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. രാധാകൃഷ്ണന്‍ ഫൊക്കാനാ പ്രസിഡന്‍റ് തന്പി ചാക്കോ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സികുട്ടീവ് വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ ലീലാ മാരേട്ട്, ഡോ. എം.അനിരുദ്ധന്‍ ,ഫൊക്കാന പി ആര്‍ ഓ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കും
"ഭാഷയ്‌ക്കൊരു ഡോളര്‍" പുരസ്കാരദാനം ; സുഗതകുമാരി വിശിഷ്ടാതിഥി "ഭാഷയ്‌ക്കൊരു ഡോളര്‍" പുരസ്കാരദാനം ; സുഗതകുമാരി വിശിഷ്ടാതിഥി
Join WhatsApp News
cmc 2017-05-12 08:45:32
May the almighty keep her in good health and spirit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക