Image

സേവനത്തിന്റെ വെള്ളരിപ്രാവുകളുടെ വണക്ക ദിനം (എ.എസ് ശ്രീകുമാര്‍)

Published on 12 May, 2017
സേവനത്തിന്റെ വെള്ളരിപ്രാവുകളുടെ വണക്ക ദിനം (എ.എസ് ശ്രീകുമാര്‍)
ഇന്ന് നേഴ്‌സസ് ദിനം. വേദനിക്കുന്ന രോഗികളിലേക്ക് പുഞ്ചിരിയിലൂടെ സമാശ്വാസത്തിന്റെ അമൃത് പകരുന്ന ആതുരസേവന രംഗത്തെ വെള്ളരിപ്രാവുകളുടെ ഉല്‍സവ സേവന വേള. അതോടൊപ്പം നേഴ്‌സസ് വാരാഘോഷത്തിന്റെ തുടക്കവും. സ്‌നേഹ പരിപാലനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മഹത് സന്ദേശവുമായി ആ സുദിനം എത്തി. ആധുനിക നേഴ്‌സിങ്ങിന്റെ മാതാവായ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമാണ് നാം നേഴ്‌സസ് ദിനമായി അന്താരാഷ്ട്ര തലത്തില്‍ മെയ് 12ന് ആചരിക്കുന്നത്. മെയ് ആറുമുതല്‍ 12 ഇവിടെ നേഴ്‌സസ് വാരാഘോഷമാണ്. ആശുപത്രികളിലെയും മറ്റും  വര്‍ണപ്പകിട്ടുള്ള ആഘോഷമായി നേഴ്‌സസ് ദിനത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ അടക്കമുള്ള നേഴ്‌സുമാര്‍ ഒരുങ്ങിക്കഴിഞ്ഞു. 

ഇഹലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടാണ് വിളക്കേന്തിയ ആ വനിതയുടെ രംഗപ്രവേശശം. ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന് പ്രണാമമര്‍പ്പിച്ചുകൊണ്ട് ആ സഫലജീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം... ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ വില്യം എഡ്വേര്‍ഡ് നൈറ്റിങ്‌ഗേലിന്റെയും ഫ്രാന്‍സിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12ന് ജനനം. ധനികരായിരുന്നു മാതാപിതാക്കള്‍. അവര്‍ തങ്ങളുടെ ഓമനപുത്രിക്ക് ജന്മദേശത്തിന്റെ പേരു നല്‍കി. അഛനമ്മമാര്‍ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത് കണ്ടത് കൊച്ചു നൈറ്റിങ്‌ഗേലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഗ്രീക്ക്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളും ചരിത്രവും തത്വശാസ്ത്രവും ഗണിതവും പഠിച്ച നൈറ്റിംഗേലിന് 1837 ഫെബ്രുവരി ഏഴിന് ദൈവത്തില്‍ നിന്നു വെളിപാടുണ്ടായത്രേ. ജീവിതം സേവനത്തിനു സമര്‍പ്പിക്കാനായിരുന്നു കല്‍പന. ജര്‍മനിയിലെ നേഴ്‌സുമാരെ പരിശീലിപ്പി ക്കുന്നതിനുള്ള സ്‌കൂളില്‍ ചേര്‍ന്ന നൈറ്റിങ്‌ഗേല്‍ 1853 ല്‍ ലണ്ടനിലെ അപ്പര്‍ ഹാര്‍ലി സ്ട്രീറ്റിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെയറിംഗ് സിക്ക് ജെന്റില്‍വുമണ്‍ ആശുപത്രിയിലെ സൂപ്രണ്ടായി. 

ക്രിമിയന്‍ യുദ്ധകാലത്തെ പ്രവര്‍ത്തനമാണ് നൈറ്റിങ്‌ഗേലിനെ പ്രശസ്തയാക്കിയത്. 1854ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് റഷ്യയ്‌ക്കെതിരായി ക്രിമിയന്‍ യുദ്ധമുണ്ടായപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാന്‍ നൈറ്റിങ്‌ഗേല്‍ യുദ്ധമുഖത്തെത്തി. മുറിവേറ്റവര്‍ക്ക് ഈ മാലാഖയുടെ സാമീപ്യവും ശുശ്രൂഷയും അനുഗ്രഹമായി. രാത്രികാലങ്ങളില്‍ രോഗവിവരങ്ങള്‍ അന്വേഷിക്കാന്‍ വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്‌ഗേലിനെ രോഗികള്‍ 'വിളക്കേന്തിയ വനിത' എന്ന് ആദരപൂര്‍വം വിളിച്ചു. 

ഇന്ത്യയിലെ ഗ്രാമങ്ങളിലും ശുചീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയ അവര്‍, വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാന്‍ ശ്രമം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ നൈറ്റിങ്‌ഗേലിനെ സന്ദര്‍ശിച്ച് ഉപദേശം തേടുമായിരുന്നു. 1860ല്‍ ലണ്ടനില്‍ നൈറ്റിങ്‌ഗേല്‍ ട്രെയിനിംഗ് സ്‌കൂള്‍ ഫോര്‍ നേഴ്‌സസ് സ്ഥാപിച്ചു. 1907ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 'ഓര്‍ഡര്‍ ഓഫ് മെരിറ്റ്' നല്‍കി ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി നൈറ്റിങ്‌ഗേല്‍. 1896 ആയപ്പോഴേക്കും നൈറ്റിങ്‌ഗേല്‍ രോഗശയ്യയിലായി, ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമെന്ന് വിളിക്കുന്ന അസുഖമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാമത്തെ വയസ്സില്‍ നൈറ്റിങ്‌ഗേല്‍ ഈ ലോകത്തോട് വിടചൊല്ലി. ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാര്‍ഗരറ്റ് ചര്‍ച്ചാണ് അന്ത്യവിശ്രമ സ്ഥലം. നൈറ്റിങ്‌ഗേലിന്റെ അനുപമമായ കരുതലും ശുചിത്വ കാര്യങ്ങളിലുള്ള നിഷ്‌കര്‍ഷയും ലോകം എന്നും അനുസമരിക്കുന്നു.

നേഴ്‌സുമാര്‍ ലോകത്തിനു നല്കിയ സേവനങ്ങള്‍ മാനിച്ച് അവരെ ആദരിക്കുന്നതിനായാണ് നേഴ്‌സസ് ദിനം കൊണ്ടാടുന്നതും വാരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമൊക്കെ. അപ്പോഴും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസി മലയാളി നേഴ്‌സുമാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുവെന്നു വേണം മനസിലാക്കാന്‍. ജോലി സ്ഥാപനങ്ങളിലെ ശാരീരിക, മാനസിക, സാമ്പത്തിക പീഡനങ്ങള്‍ക്കിടയിലും കഠിന ഷിഫ്റ്റുകള്‍ക്കിടയിലും കുടുംബ കോലാഹലങ്ങള്‍ക്കിടയിലും  സേവനത്തിന്റെ പാതയില്‍ ആശ്വാസമാവുകയാണ് മഹാ നഗരങ്ങളിലെ നേഴ്‌സുമാര്‍. നാട്ടിലെ കാര്യങ്ങളും വ്യത്യസ്തമല്ല. ലോകമെങ്ങും നേഴ്‌സിങ് സേവനത്തിന്റെ പര്യായമായി മലയാളി വനിതകള്‍ മാറുമ്പോഴും കേരളത്തിലും ഇന്ത്യയിലും ഈ വിഭാഗത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിയുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്. കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്‌നങ്ങളാണ്. പക്ഷേ പുഞ്ചിരിക്കിടയിലും കണ്ണീര്‍ പൊഴിയുന്നുണ്ട്. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍.

സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങളോട് അധികൃതര്‍ അനുഭാവത്തോടെ പ്രതികരിക്കാറുണ്ട്, കാരണം അവര്‍ സംഘടിതരാണ്. എന്നാല്‍ സ്വകാര്യ മേഖലയിലെ നേഴ്‌സുമാരുടെ വിവിധ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ സംഘടനകളോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ തയാറാവുന്നില്ല. ജോലി ലഭിച്ച് കുടുംബം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇവര്‍ക്ക് വേണ്ടത്ര പരിരക്ഷ നല്‍കാന്‍ ഇന്നുവരെ ശക്തമായ നിയമങ്ങളോ സംവിധാനങ്ങളോ ഇല്ല.  നഗരത്തിലെ ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളില്‍ പലതരത്തിലുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുന്നു. നമ്മുടെ ആരോഗ്യ മേഖലയുടെ നിലനില്‍പ്പ് നേഴ്‌സുമാരുടെ കൈകളിലാണെങ്കിലും ഈ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഒരു പരിപാടികളും  വേണ്ട രീതിയില്‍ ഇതേവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. നേഴ്‌സിങ്ങിന്റെ അടിസ്ഥാന പ്രമാണമായ നേഴ്‌സസ് മാനുവല്‍ ജോലി കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍ ഇതു കടലാസില്‍ മാത്രമേയുള്ളൂ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വിവിധ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ ശമ്പള വര്‍ധനവിനും പീഡനങ്ങള്‍ക്കുമെതിരെ രംഗത്തു വന്നത് ചെറിയ ചലനമുണ്ടാക്കിയെങ്കിലും വേതന കാര്യത്തില്‍ ഇപ്പോഴും സ്വകാര്യ മേഖലയില്‍ കാര്യമായ ഗുണമില്ലെന്നതാണ് യാഥാര്‍ഥ്യം. ലക്ഷക്കണക്കിനു രൂപ മുടക്കി പഠനം നടത്തുന്ന നേഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു വായ്പ തിരിച്ചയ്ക്കാന്‍ പോലും കഴിയാത്ത വിധം കുറഞ്ഞ വേതനം മാത്രമാകുന്നത് വെല്ലുവിളിയായിട്ടുണ്ട്. ഇതവരുടെ വിദേശ സ്വപ്നങ്ങളെയാണ് ബാധിക്കുക. കോടികള്‍ വരുമാനമുള്ള ആശുപത്രികള്‍ പോലും ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം കൊടുക്കുമ്പോള്‍, ഒപ്പം നില്‍കുന്ന നേഴ്‌സുമാര്‍ക്കു വളരെ കുറഞ്ഞ തുക മാത്രം നല്‍കുന്നത് നീതീരിക്കാനാവാത്ത വസ്തുതയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യ ഒഴികെയുള്ള മറ്റു രാജ്യങ്ങളില്‍ നേഴ്‌സുമാരെ ഡോക്ടര്‍മാര്‍ക്കൊപ്പം കണക്കാക്കി ആനുകൂല്യങ്ങളും ആദരവും നല്‍കുമ്പോള്‍ നാട്ടിലെ നേഴ്‌സുമാര്‍ രണ്ടാംതരം പൗരന്മാരാണെന്നത് സത്യം. ഒരു പുത്തന്‍ യുഗപിറവി സ്വപ്നം കാണകയാണ് കേരളത്തിലെ നേഴ്‌സ് സമൂഹമെന്ന് പറയട്ടെ.

അമേരിക്കയിലേയ്ക്കുള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റം അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമാണല്ലോ. സ്വന്തം കുടുംബത്തെ മാത്രമല്ല, ബന്ധുക്കളെയാകെ രക്ഷപെടുത്താനുള്ള ശ്രമകരമായ  ദൗത്യമേറ്റെടുത്തുകൊണ്ടാണ് ചെറു പ്രായത്തില്‍ തന്നെ മലയാളി വനിതകള്‍ തികച്ചും അപരിചിതമായ ഈ രാജ്യത്ത് നേഴ്‌സുമാരായെത്തുന്നത്. സാങ്കേതിക വിദ്യ വികാസം പ്രാപിക്കാതിരുന്ന അക്കാലത്ത് ഏഴുകടലുകള്‍ക്കിപ്പുറത്ത് ഒറ്റപ്പെട്ടുപോയ ഇവര്‍ക്ക് നാടുമായുള്ള ഏക ബന്ധം ആണ്ടിലും സംക്രാന്തിയിലുമുള്ള കത്തിടപാടുകളായിരുന്നു. പിന്നെ കൃത്യമായി നാട്ടിലേയ്ക്ക് അയയ്ക്കുന്ന ഡോളര്‍ ചെക്കുകളിലൂടെയും. നാടുകാണാതെ വര്‍ഷങ്ങളോളം പണിയെടുത്ത ആ പൂര്‍വകുടിയേറ്റക്കാരെ നാം ഈ നേഴ്‌സസ് ദിനാചരണ വേളയിലെങ്കിലും അകമഴിഞ്ഞ് സ്മരിക്കേണ്ടതുണ്ട്, പരിഗണിക്കേണ്ടതുണ്ട്.

ജന്‍മഭൂമിയിലേയ്ക്കിനിയൊരു മടക്കമില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ ഉറക്കമില്ലാത്ത രാപ്പകലുകളില്‍ സ്വന്തം ജീവിതം മാറ്റിവച്ച് ജോലിയില്‍ മാത്രം മുഴുകി. ഒടുവില്‍ നാട്ടില്‍ നിന്നൊരു വിവാഹഹം. അപ്പോഴേക്കും വീട്ടുകാരെ ഒരുവിധം രക്ഷപ്പെടുത്തിക്കഴിഞ്ഞിരിക്കും. വിവാഹത്തോടെ പണിയില്ലാത്ത ഭര്‍ത്താവ് തലയിലാവുകയും അയാളുടെ കുടുംബത്തിന്റെ കൂടി ചെലവ് തലവേദനയാവുകയും ചെയ്യും. അമേരിക്കയിലേയ്ക്ക് എത്തിക്കപ്പെടുന്ന ഭര്‍ത്താവ് കള്ളുകുടി, ചീട്ടുകളി, ഗാംബ്ലിങ് തുടങ്ങിയ കലാപരിപാടികളിലേര്‍പ്പെടുന്നതോടെ ഉള്ള മനസമാധാനം കൂടി പമ്പകടക്കും. ഇതിനിടെ സന്താനോല്‍പ്പദനം നടക്കും.  അതോടെ ഭര്‍ത്താവ് ബേബിസിറ്ററാവും. കുടുംബ ചെലവ് വര്‍ധിക്കുന്നതനുസരിച്ച് നേഴ്‌സിന്റെ ഷിഫ്റ്റുകളുടെ എണ്ണവും കൂടും. ഇതെക്കെ ഒരു കാലഘട്ടത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിലനിന്നിരുന്ന യാഥാര്‍ഥ്യങ്ങളാണ്. ഇന്നത്തെ അവസ്ഥയും നമുക്കറിയാമല്ലോ.

പഴയകാല മലയാളി നേഴ്‌സിന്റെ ദുരന്തകഥയല്ല പുതിയവരുടേതെന്നറിയുക. ഇവരില്‍ പലരും ഗള്‍ഫിലും നാട്ടിലും മറ്റു രാജ്യങ്ങളിലും ജോലി ചെയ്തിരുന്നവരാണ്. അങ്ങനെ നല്ല സാമ്പത്തിക അടിത്തറയുള്ള ഇവര്‍ക്ക് അമേരിക്കയിലെത്തിയ ഉടന്‍ ഇഷ്ടമുള്ള വീടും വാഹനങ്ങളും മറ്റ് ജീവിത സൗകര്യങ്ങളും സ്വന്തമാക്കാനായി. മുന്‍ഗാമികളെ പോലെ ആര്‍ക്കും നാട്ടിലേക്കു വലിയ സഹായങ്ങളൊന്നും ചെയ്യേണ്ടതായി വരുന്നില്ല. പക്ഷേ, ഇവരില്‍ ഭൂരിഭാഗത്തിന്റെയും ഭര്‍ത്താക്കന്മാര്‍ക്ക് മികച്ച വേതനം ലഭിക്കുന്ന ജോലിയില്ലാത്തതിനാല്‍ ഇന്നും ഈ നേഴ്‌സുമാരില്‍ മിക്കവരും കഠിനാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പഴയ തലമുറയിലെ നഴ്‌സുമാരുടെ ഗതി തന്നെയാണ് മറ്റൊരു രീതിയില്‍ ന്യൂജനറേഷന്‍ നേഴ്‌സുമാര്‍ക്കും. പുതിയവര്‍ ജീവിതം ആസ്വദിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും മക്കളോടൊപ്പം ചെലവിടുവാന്‍ ലഭിക്കുന്ന സമയം കുറവ്. ഇവിടെയെത്തിയപ്പോള്‍ മലയാളഭാഷ നന്നായി പറഞ്ഞിരുന്ന ഇവരുടെ കുട്ടികളും ഭാഷയും സംസ്‌കാരവും മറന്നെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലാണ് അനുഭവസ്ഥരുടെ നിരീക്ഷണം.

ആദ്യകാല നേഴ്‌സുമാരില്‍ മിക്കവരുടെയും അവസ്ഥ പരമ ദയനീയമാണ്. ഒരു കാലഘട്ടത്തിലെ ഓട്ടപ്പാച്ചിലില്‍ ആരോഗ്യം ക്ഷയിച്ച പലരും ഇഹലോകവാസം വെടിഞ്ഞു. ചിലര്‍ റിട്ടയര്‍മെന്റിനു ശേഷവും ജോലിയെടുക്കുന്നു. പെന്‍ഷന്‍ പറ്റി വിശ്രമിക്കുന്നവര്‍ പലരും രോഗികളാണ്. വൈധവ്യത്തിന്റെ ആഴക്കയങ്ങളില്‍പ്പെട്ടവരുമുണ്ട്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മക്കള്‍ തനി 'അമേരിക്കന്‍സായി' അവരുടേതായ ലോകത്തായതിനാല്‍ ഏകാന്തതയാണിവര്‍ക്ക് കൂട്ട്. വിശേഷദിവസങ്ങളില്‍ മാത്രം വിസിറ്റുണ്ടാവുമെന്നതിനാല്‍ അന്നെങ്കിലും വരുമെന്നോര്‍ത്തുള്ള കാത്തിരുപ്പ് വിരസമാവുന്നില്ല. 

പ്രായമായവരും നിരാലംബരുമായ, ഒരിക്കല്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്ന് ശയ്യാവലംബികളായ ആദ്യകാല നേഴ്‌സുമാര്‍ക്ക് വേണ്ടി മികച്ച ഭക്ഷണ ക്രമീകരണവും മറ്റു സൗകര്യങ്ങളുമുള്ള ഓള്‍ഡ് എജ് ഹോമുകള്‍ സ്ഥാപിക്കാന്‍ നേഴ്‌സുമാരും അവരുടെ സംഘടനകളും തയ്യാറായി വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വര്‍ഷാവര്‍ഷമുള്ള നേഴ്‌സസ് ദിനാഘോഷ പരിപാടികളിലെ പതിവ് പ്രസംഗങ്ങള്‍ക്കും മറ്റ് കലാപരിപാടികള്‍ക്കുമപ്പുറം ബഹുമുഖ യാതനകളനുഭവിക്കുന്ന പഴയകാല നേഴ്‌സുമാരുടെ ശിഷ്ടജീവിതം ആനന്ദകരമാക്കുവാനുള്ള കര്‍മപരിപാടികളിലേര്‍പ്പെട്ടാല്‍ അതായിരിക്കും ഉത്തമം. വിളക്കേന്തിയ വനിതയുടെ ഇഷ്ട പിന്‍ഗാമികളായ നേഴ്‌സുമാര്‍ രോഗാതുരര്‍ക്ക് പ്രത്യാശയുടെ പ്രകാശം പകര്‍ന്ന് സ്വയം ഉരുകി തീരുന്ന മെഴുകുതിരികളാണ്...അന്നും ഇന്നും ഇനിയെന്നും. 

''ഹാപ്പി നേഴ്‌സസ് ഡേ...''

സേവനത്തിന്റെ വെള്ളരിപ്രാവുകളുടെ വണക്ക ദിനം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക