Image

ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്‌തനാര്‍ബുദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 27 February, 2012
ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്‌തനാര്‍ബുദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌
അബൂദബി: രാജ്യത്ത് സ്ത്രീകളില്‍ പ്രധാന ആരോഗ്യ പ്രശ്നമായി മാറിയ സ്തനാര്‍ബുദം കണ്ടെത്താനുള്ള പരിശോധന നേരത്തെ നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ഹെല്‍ത്ത് അതോറിറ്റി-അബൂദബി നടത്തിയ കാമ്പയിനിന്റെ ഫലമായാണിത്.

സ്തനാര്‍ബുദം വൈകി കണ്ടെത്തുകയും ഇതുമൂലം രോഗം അപകടകരമായ ഘട്ടത്തിലെത്തുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതായി അതോറിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2009നെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 2010ല്‍ 11 ശതമാനം കുറവുണ്ടായി. 2007ല്‍ രോഗം വൈകി കണ്ടെത്തിയവരുടെ തോത് 65 ശതമാനമായിരുന്നു. എന്നാല്‍, 2009ല്‍ ഇതില്‍ 25 ശതമാനം കുറവുണ്ടായതിന്റെ തുടര്‍ച്ചയായാണ് 2010ല്‍ 11 ശതമാനം കുറഞ്ഞത്.
സ്തനാര്‍ബുദം കണ്ടെത്താനുള്ള അത്യാധുനിക പരിശോധനയായ മാമോഗ്രാം നേരത്തെ നടത്തുന്ന സ്ത്രീകളുടെ എണം 44 ശതമാനം വര്‍ധിച്ചു. 2010ല്‍ ഈ രീതിയില്‍ 9,512 പേരാണ് പരിശോധന നടത്തിയത്. 2010ല്‍ 20 ശതമാനമാണ് വര്‍ധന. 9,000 പേരാണ് വെബ്സൈറ്റ് പരിശോധിച്ചത്.

പ്രാഥമിക പരിശോധന സ്ത്രീകള്‍ക്ക് സ്വയം നടത്താവുന്നതാണ്. 80 ശതമാനം മുഴകളും സ്വയം കണ്ടുപിടിക്കാം. എങ്കിലും ഇതിനുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പരിശോധനയായ 'മാമോഗ്രാം' നടത്തുന്നത് ഏറെ പ്രയോജനപ്പെടും. ആദ്യ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്നതില്‍ 98 ശതമാനം കേസുകളും സുഖംപ്രാപിക്കുന്നതായി ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

കാമ്പയിനിന്റെ ഭാഗമായി 45 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് 74 സെമിനാറുകളും 83 പിങ്ക് കോര്‍ണറുകളും 12 പരിശീലന കോഴ്സുകളും സംഘടിപ്പിച്ചു. കാമ്പയിനില്‍ പങ്കാളികളായവരെ ഹെല്‍ത്ത് അതോറിറ്റിയും റെഡ് ക്രസന്റും ചേര്‍ന്ന് യാസ് ദ്വീപില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക