Image

എമിഗ്രേഷന്‍ പരിരക്ഷയില്ല; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം

ഹാഷിം എളമരം Published on 27 February, 2012
എമിഗ്രേഷന്‍ പരിരക്ഷയില്ല; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം
മനാമ: വിദേശരാജ്യങ്ങളില്‍ ജോലിയെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷാ ഭീതിയില്‍. ഇവരെ ഇന്ത്യാ ഗവണ്‍മെന്റിന്റെ എമിഗ്രേഷന്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതാണ് മത്സ്യത്തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് വിദേശ രാജ്യങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നത്. ഇതിനിടയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച കാരണത്താല്‍ നിരവധി മത്സ്യത്തൊഴിലാകളികള്‍ വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ ഇന്ത്യന്‍ എമിഗ്രേഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ അതത് രാജ്യത്തെ എംബസികള്‍ക്ക് ഇവരെ സഹായിക്കാനാകുന്നില്ല. ഇക്കാരണത്താല്‍ ഇവരുടെ ജയില്‍വാസം അനന്തമായി നീളുകയാണ്.

ബഹ്റൈനിലെ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഖത്തറിലെ ജയിലിലുണ്ട്. ബഹ്റൈന്‍ തീരത്ത് മത്സ്യ സമ്പത്ത് കുറഞ്ഞപ്പോള്‍ ഉള്‍ക്കടലില്‍ സമുദ്രാതിര്‍ത്തിക്കപ്പുറത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. 9000 മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയാണ് ഖത്തര്‍ കോടതി ഓരോ മത്സ്യത്തൊഴിലാളിക്കും പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരില്‍ പലരും ശമ്പളത്തിന് ജോലി ചെയ്യുന്നവരല്ല. ഓരോ ദിവസവും പിടിച്ചുകിട്ടുന്ന മത്സ്യത്തിന്റെ അളവനുസരിച്ചാണ് ഇവര്‍ക്ക് കൂലി നല്‍കുന്നത്. ഇക്കാരണത്താല്‍ ഭീമമായ പിഴ അടക്കാനാവാത്തതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ജയില്‍വാസം അനന്തമായി നീളുകയാണ്. സമുദ്രാതിര്‍ത്തി ലംഘിച്ച കാരണത്താല്‍ ഇവരുടെ തൊഴിലുടമകളും പിഴ അടക്കാന്‍ തയ്യാറാകുന്നില്ല. എമിഗ്രേഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ എംബസികള്‍ക്കും ഇവരെ സഹായിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

മുംബൈ ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്.എം) തദ്ദേശീയ മത്സ്യത്തൊഴിലാളികളെ 'സീ ഫയറേഴ്സ്' എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ തീരത്തുനിന്ന് സീഫയറിങ് വെസലുകളില്‍ കടലില്‍ പോവുകയും ഇന്ത്യന്‍ തീരത്തുതന്നെ തിരിച്ചെത്തുകയും ചെയ്യുന്നവരെയാണ് ഈ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്്. ഇവര്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ക്ഷേമത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവുക. വിദേശത്ത് ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിമാനത്തില്‍ വിദേശ രാജ്യങ്ങളില്‍ പോവുകയും എംപ്ലോയ്മെന്റ് വിസയില്‍ ജോലിയെടുത്ത് വിമാനത്തില്‍തന്നെ തിരിച്ചെത്തുകയും ചെയ്യുന്നതിനാല്‍ ഇവര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താണ്.

സീഫയറിങ് വെസലുകള്‍ കടല്‍ അതിര്‍ത്തിയില്‍ തകര്‍ന്നാല്‍ മറ്റ് രാജ്യങ്ങളിലെ കോസ്റ്റ് ഗാര്‍ഡാണ് അവരെ രക്ഷപ്പെടുത്തുന്നത്.  ഇങ്ങനെ രക്ഷപ്പെടുത്തിയോ അതിര്‍ത്തി ലംഘിച്ചതിന്‍െ പേരില്‍ അവരെ പിടികൂടുകയോ ചെയ്ത് അവരുടെ രാജ്യത്ത് എത്തിച്ചാല്‍ ഡി.ജി.എസ്.എം അവര്‍ക്ക് പാസ്പോര്‍ട്ടിന് പകരം താല്‍ക്കാലിക യാത്രാ രേഖ ശരിയാക്കി നല്‍കി അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് ചെയ്യുന്നത്. എന്നാല്‍, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ഉത്തരവാദിത്തം മുഴുവന്‍ അതത് രാജ്യങ്ങളിലെ തൊഴിലുടമക്കാണെന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്.

വീട്ടുവേലക്കാരെ വിദേശങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് നടപ്പാക്കിയ നിയമം മത്സ്യത്തൊഴിലാളികള്‍ക്കും ബാധകമാക്കിയാല്‍ തൊഴിലുടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി ജയിലിലുള്ളവരെ മോചിപ്പിക്കുന്നതിന് ഫണ്ട് കണ്ടെത്താനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

സ്പോണ്‍സര്‍ 2500 യു.എസ് ഡോളര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കിയാല്‍ മാത്രമേ ഇന്ത്യയില്‍നിന്ന് അംഗീകൃതമായി വീട്ടുവേലക്കാരെ വിദേശത്തേക്ക് കൊണ്ടുപോകാനാവൂ. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും ഇങ്ങനെ നിയമമുണ്ടാക്കിയാല്‍ ഇത്തരം ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് പിഴ സംഖ്യ നല്‍കി ജയിലിലുള്ളവരെ മോചിപ്പിക്കാനാകും.

സ്പോണ്‍സര്‍ മുഖേന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍ഷ് പരിരക്ഷ നല്‍കുന്നതും ആശ്വാസകരമാണ്. വിദേശത്ത് പോകുന്ന മത്സ്യത്തൊഴിലാളികളെ ഇ.സി.ആര്‍ തൊഴിലാളികളുടെ ഗണത്തില്‍ പെടുത്തിയാലും അവരെ എമിഗ്രേഷന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക