Image

ചിക്കാഗോ തെരുവില്‍ നിന്ന് ലോകം കേട്ട തൊഴിലാളി ശബ്ദം (എ.എസ് ശ്രീകുമാര്‍)

Published on 28 April, 2017
ചിക്കാഗോ തെരുവില്‍ നിന്ന് ലോകം കേട്ട തൊഴിലാളി ശബ്ദം (എ.എസ് ശ്രീകുമാര്‍)
സര്‍വരാജ്യ തൊഴിലാളികള്‍ അടിച്ചമര്‍ത്തപ്പെട്ട സംഭവങ്ങള്‍ ലോക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്. ജീവിക്കാന്‍ കഠിന ജോലി ചെയ്തവര്‍ മുതലാളി വര്‍ഗത്തിന്റെ കൊടിയ പീഡനങ്ങള്‍ക്കിരയാവുകയും മാന്യമായ വേതനം നിഷേധിക്കപ്പെടുകയും ചെയ്തപ്പോള്‍ അവരുടെ അണമുറിയാത്ത പ്രതിഷേധം വന്‍ പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുകയും അത് കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തു. പക്ഷേ സുധീര പോരാട്ട മുഖത്തുനിന്നൊടുവില്‍ തൊഴിലാളിയുടെ അവകാശങ്ങള്‍  ഉദയം ചെയ്തു. തൊഴിലാളി ശബ്ദത്തിലൂടെ തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടിയ മെയ്ദിനം അങ്ങനെ ചരിത്രത്തില്‍ ചുവന്ന ലിപികളിലെഴുതിയ സ്വാതന്ത്ര്യ ഗീതമായി. ആ സമര പരമ്പരകളുടെ ഓര്‍മപുതുക്കിക്കൊണ്ട് മറ്റൊരു മെയ്ദിനം കൂടി സമാഗതമാവുകയാണ്. തൊഴിലാളികള്‍ ഇന്നും ചൂഷിത വര്‍ഗമാണ്. അവരുടെ ശാശ്വത മോചനത്തിന്റെ ചുവന്ന സൂര്യന്‍ ഒരുനാള്‍ കിഴക്കുദിക്കുമെന്ന പ്രത്യാശയോടെ അ പഴയ ഗാഥയുടെ പുനര്‍ വായനയിലേക്ക്...

നൂറ്റിമുപ്പത്തിയൊന്ന് സംവല്‍സരങ്ങള്‍ക്ക് മുമ്പാണത്. കൃത്യമായി പറഞ്ഞാല്‍ 1886 മെയ് ഒന്ന്, ശനിയാഴ്ച. ചിക്കാഗോ നഗരത്തില്‍ ഒരു പടുകൂറ്റന്‍ പ്രകടനം നടക്കുകയാണ്. രാപകലില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് ഫാക്ടറി തൊഴിലാളികള്‍ അണിനിരന്ന ആ പ്രതിഷേധ  പ്രകടനത്തില്‍ പട്ടണം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. അവര്‍  മുതലാളിമാരോട് അന്ന് ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടുള്ളു, തങ്ങളുടെ ജോലിസമയം എട്ടു മണിക്കൂര്‍ ആക്കുക. ആ പ്രകടനം അന്നും പിറ്റെ ദിവസും ശാന്തമായി അവസാനിച്ചു.

മെയ് മൂന്ന്, തിങ്കളാഴ്ച. ചിക്കാഗോയിലെ 'മക്കോര്‍മിക് റീപ്പര്‍ വര്‍ക്‌സ്' എന്ന കമ്പനി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കു പകരം പുറത്തു നിന്നും വേളെ ആളെ വെച്ച് ഫാക്ടറി പ്രവര്‍ത്തിപ്പിച്ചു. ഇതറിഞ്ഞ സമരക്കാര്‍ ക്ഷുഭിതരായി. പ്രകടനമായി എത്തിയ അവര്‍ കമ്പനിക്കു മുന്നില്‍ മുദ്രാവാക്യം വിളികളുമായി നിന്നു. നേതാക്കള്‍ അനീതിക്കെതിരെ പ്രസംഗമാരംഭിച്ചു. കൂടാതെ ഫാക്ടറിക്കകത്തു കയറി താല്കാലികമായി നിയമിതരായ തൊഴിലാളികളെ പുറത്താക്കാന്‍ ശ്രമിച്ചു. അത് സംഘര്‍ഷത്തിന് ഇടയാക്കി. കമ്പനി മുതലാളിമാര്‍ സര്‍ക്കാരിന്റെ സഹായം തേടി. ഉടന്‍ സായുധപോലീസ് സ്ഥലത്തെത്തി. ഫാക്ടറിയില്‍ നടക്കുന്ന കൂട്ടത്തല്ല് അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കാനായി അവര്‍ക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. സമരക്കാര്‍ക്കു നേരെ നിറയൊഴിക്കുക. വെടിവെപ്പില്‍ നാല് സമരക്കാര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ഈ പോലീസ് നടപടി കൂടുതല്‍ പ്രതിഷേധത്തിനു വഴിവെച്ചു. തൊഴിലാളികളിലെ തീവ്രവാദികളും അരാജക വാദികളും  പ്രശ്‌നം ഏറ്റെടുത്തു. ആയുധങ്ങളും ബോംബുകളുനായുള്ള സമരമുറയായിരുന്നു അവരുടേത്. 

മെയ് നാല്. നേതാക്കളായ ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, അഗസ്റ്റ് സ്‌പൈസ്, ജോര്‍ജ് ഏംഗല്‍, അഡോള്‍ഫ് ഫിഷര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ അവര്‍ സംഘടിച്ചു. രാവിലെ മുതലേ തൊഴിലാളികള്‍ അവിടേയ്ക്ക് പ്രവഹിച്ചു. വൈകുന്നേരം വരെ സമരം ശാന്തമായിത്തന്നെ തുടര്‍ന്നു. സമരക്കാര്‍ അക്രമാസക്തരാവുന്നത് തടയാന്‍ ഒരുപറ്റം പോലീസും കാവല്‍ നിന്നു. പെട്ടെന്ന് എവിടെനിന്നോ ഒരു ബോംബ് പോലീസുകാര്‍ക്കിടയിലേക്ക് വന്നുവീണ് പൊട്ടിത്തെറിച്ചു. ആ സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആരാണ് ആ ബോംബെറിഞ്ഞത് എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കം അവശേഷിക്കുന്നു. തൊഴിലാളികളാണെന്ന് അധികാരികള്‍. അതല്ല, തൊഴിലാളികളെ പ്രകോപിപ്പിക്കാന്‍ പോലീസുകാര്‍ തന്നെ നിയമിച്ച ഏജന്റായിരിക്കും ബോംബ് എറിഞ്ഞതെന്ന് തൊഴിലാളികള്‍.

കുപിതരായ പോലീസുകാര്‍ അപ്പോള്‍ത്തന്നെ സമരനേതാക്കളെ വളഞ്ഞുപിടിച്ചു. പിന്നീടങ്ങോട്ട് വിചാരണയുടെ നാളുകളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയുടെ നീതിന്യായ ചരിത്രത്തിലെ കറപുരണ്ട അധ്യായങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട വിധി. ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, അഗസ്റ്റ് സ്‌പൈസ്, ജോര്‍ജ് ഏംഗല്‍സ്, അഡേള്‍ഫ് ഫിഷര്‍ എന്നിവരെ ഇല്ലിനോയിസ് സ്റ്റേറ്റ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്തവരെ തൂക്കിലേറ്റുന്നതു ശരിയല്ല. മാത്രമല്ല, ബോംബ് സ്‌ഫോടനം നടത്തിയത്  ഇവരാണെന്നതിനു തെളിവുമില്ല. 

എന്നാല്‍ ഭരണാധികാരികള്‍ ഇതൊന്നും ചെവികൊണ്ടില്ല. ഇവര്‍ കുറ്റക്കാരാണോ നിരപരാധികളാണോ എന്നതല്ല പ്രശ്‌നം. വഴക്കാളികളും തൊഴിലാളികളെ ഓരോന്നു പറഞ്ഞ് തെരുവിലിറക്കിയവരുമാണ്. ഇവരെ ഒരു പാഠംപഠിപ്പിക്കുക തന്നെ വേണം. ഇതായിരുന്നു കോടതിയുടെ നിലപാട്. അങ്ങനെ 1887 നവംബര്‍ 11ന് ഈ നാലുപേരുടെയും വധശിക്ഷ ഇല്ലിനോയിസ് ഭരണകൂടം നടപ്പാക്കി. ലോകമെങ്ങും ഈ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. പ്രവൃത്തി കൊണ്ടല്ല, വാക്കുകള്‍ കൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് ലോകം തിരിച്ചറിഞ്ഞു. അവകാശങ്ങള്‍ക്കു വേണ്ടി രക്തസാക്ഷികളായ അവരുടെ ശവഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെത്തിയത് രണ്ടര ലക്ഷത്തോളം തൊഴിലാളികളായിരുന്നു. തങ്ങളുടെ നേതാക്കളോടുള്ള ആദരവു മാത്രമല്ലായിരുന്നു അപ്പോഴവരുടെ മനസ്സില്‍. നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധവും ഉണ്ടായിരുന്നു.

മുതലാളിത്ത സമൂഹത്തിന്റെ അനീതിയുടെയും അസമത്വത്തിന്റെയും പ്രതീകമായി 'ഹേ മാര്‍ക്കറ്റ് സംഭവം' തൊഴിലാളികളുടെ മനസ്സില്‍ നിറഞ്ഞു. അങ്ങനെ 1889-ല്‍ പാരീസില്‍ വച്ച് 'ഇന്റര്‍ നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസേസിയേഷന്‍' എന്ന തൊഴിലാളി സംഘടന ഒരു പ്രഖ്യാപനം നടത്തി. തങ്ങളുടെ ആശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തിന് തുടക്കം കുറിച്ച മെയ് ഒന്നാം തീയതി ലോക തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ലോകതൊഴിലാളിദിനമായി മെയ് ഒന്ന് ലോകമെങ്ങും ആചരിച്ചു പോരുന്നു.

മെയ്ദിനം ലോകത്താകമാനം രാഷ്ട്രീയമാറ്റങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മെയ്ദിനത്തിന്റെ ചുവടുപിടിച്ചുള്ള മുദ്രാവാക്യങ്ങളും ആവശ്യങ്ങളും ഗാനങ്ങളും പല രാജ്യങ്ങളിലും മുഴങ്ങി. 'എട്ടുമണിക്കൂര്‍ ജോലി സമയം' എന്ന മുദ്രാവാക്യം എല്ലാ തൊഴിലാളി സംഘടനകളും ഏറ്റെടുത്തു. ലോക തെഴിലാളികളുടെ സ്വാതന്ത്ര്യദിനം, ലോകമര്‍ദ്ദിത വര്‍ഗദിനം, യുദ്ധത്തിനെതിരെയുള്ള യുദ്ധം, സാമ്രാജ്യവല്‍ക്കരണ വിരുദ്ധദിനം, പ്രകടനം നടത്താനുള്ള ദിനം, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള ദിനം.., എന്നിങ്ങനെ മെയ്ദിനം പല ആവശ്യങ്ങളുടെയും ദിനമായി.
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗമുന്നേറ്റത്തിന് മെയ്ദിനത്തിന്റെ ആവേശം ഊര്‍ജം പകര്‍ന്നിട്ടുണ്ട്. മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് ഇറക്കിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മെയ്ദിനത്തെ ഒരു ആവേശമായി കാണാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ്ദിനത്തില്‍ പണിനിര്‍ത്തി തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തുള്ള തങ്ങളുടെ എല്ലാ അനുയായികള്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു. എന്നാല്‍ അവര്‍ ഒരു തിരുത്ത് നടത്തുന്നുണ്ട്. എട്ടുമണിക്കൂര്‍ ജോലി സമയം ഏഴുമണിക്കൂറാക്കണം എന്ന് ആവശ്യമാണ് തൊഴിലാളികളെക്കൊണ്ട്  പറയിക്കുന്നത്. ജോലി സമയം കുറയുമ്പോള്‍ ശമ്പളം കുറയരുതെന്ന് പ്രത്യേകം പറയുന്നുണ്ട്.

ഒരു ദിവസം പെട്ടെന്നുണ്ടായ വിപ്ലവവും അതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമല്ല മെയ്ദിനത്തിന്റെ പിറവിക്കു കാരണം. വര്‍ഷങ്ങളായി തൊഴിലാളി-മുതലാളി സംഘര്‍ഷങ്ങള്‍ ലേകത്തിന്റെ പലഭാഗത്തും നടക്കുന്നു. പ്രത്യേകിച്ചും അമേരിക്കയില്‍. വ്യവസായ വിപ്ലവം വന്നതോടെ ധാരാളം ഫാക്ടറികള്‍ രംഗപ്രവേശം ചെയ്തു. ഒപ്പം മുതലാളിമാരും. ഈ ഫാക്ടറികളില്‍ ജോലിക്ക് എത്തുന്നവരാകട്ടെ പട്ടിണിപ്പാവങ്ങളും. അസംഘടിതരായ ഇവരെക്കൊണ്ട് മുതലാളിമാര്‍ പകലന്തിയോളം പണിയെടുപ്പിക്കും. തുച്ഛമായ വേതനവും. ഈ അനീതിക്കെതിരെ ചിലരെങ്കിലും രംഗത്തുവന്നു. കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടായിരുന്നു ആദ്യകാലത്തെ സമരങ്ങള്‍. എന്നാല്‍ അതിനു വഴങ്ങാതായപ്പോഴാണ് ജോലിസമയം കുറയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചത്. അക്കാലത്ത് ഫാക്ടറിജോലിക്ക് പ്രത്യേകിച്ച് ഒരു സമയക്രമം ഉണ്ടായിരുന്നില്ല. സൂര്യന്‍ ഉദിക്കുന്നതു മുതല്‍ അസ്തമിക്കും വരെയായിരുന്നു പണി. ചിലരാകട്ടെ, 14 മുതല്‍ 17 മണിക്കൂര്‍ വരെ പണിയെടുത്തിരുന്നു. 1806ല്‍ സമരത്തിനിറങ്ങിയ തൊഴിലാളികള്‍ ആവശ്യപ്പെട്ടത് ജോലിസമയം 10 മണിക്കൂര്‍ ആക്കുക എന്നായിരുന്നു. ഫിലാഡല്‍ഫിയയിലെ 'മെക്കാനിക്‌സ് യൂണിയന്‍' എന്ന സംഘടനയാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. മുതലാളിമാര്‍ ഇതു സമ്മതിച്ചില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. 1856-ല്‍ ഓസ്‌ട്രേലിയയില്‍ എട്ടുമണിക്കൂര്‍ ജോലിസമയമാക്കി. എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം. 

പക്ഷേ, അമേരിക്കയില്‍ എന്നിട്ടും മുതലാളിമാരുടെ മനസ്സ് അലിഞ്ഞില്ല. 1884-ല്‍ 'എട്ടുമണിക്കൂര്‍ ജോലിസമയം' ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംഘടിച്ചു. അങ്ങനെ ചില തൊഴിലാളി സംഘടനകള്‍ രൂപം കൊണ്ടു. എന്നാല്‍ 1861 മുതല്‍ 62 വരെ നടന്ന അമേരിക്കന്‍ ആഭ്യന്തരയൂദ്ധത്തില്‍ പല സംഘടനകളും ഇല്ലാതായി. എന്നാല്‍ അതിനുശേഷം അവ വീണ്ടും ഒന്നായിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. അങ്ങനെയാണ് അമേരിക്കയിലെ 'നാഷണല്‍ ലേബര്‍ യൂണിയന്‍' രൂപവത്കൃതമാകുന്നത്. 1866ല്‍ ഇവര്‍ ഒരു പ്രമേയം പാസ്സാക്കി. മുതലാളിത്ത അടിമത്തത്തില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രരാക്കുക എന്നതായിരുന്നു പ്രമേയത്തിലെ ആവശ്യം. ഒപ്പം ജോലിസമയം എട്ടുമണിക്കൂര്‍ ആക്കുക എന്നും. പക്ഷ, ഒരു ഫലവുമുണ്ടായില്ല. പ്രതിഷേധങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരുന്നു. അമേരിക്കന്‍ മുതലാളിത്തം തൊഴിലാളികളെയും അവരുടെ സംഘടനകളെയും അടിച്ചമര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെ ഒടുവില്‍ 1886 മെയ് മാസം അവരുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു.

മെയ്ദിനത്തിന്റെ ചരിത്രാവേശമുള്‍ക്കൊണ്ട് ലോകമെമ്പാടും ആഘോഷങ്ങള്‍ നടക്കുന്നു. നമ്മുടെ ജന്‍മ നാട്ടിലും. ചിക്കാഗോയിലെ തെരുവീഥികളിലുയര്‍ന്നു കേട്ടത് ''എട്ടു മണിക്കൂര്‍ ജോലി സമയവും മാന്യമായ വേതനവു''മെന്നാണണങ്കില്‍  കേരളത്തില്‍ നോക്കുകൂലിക്കു വേണ്ടിയാണ് യുദ്ധം. ഇങ്ങനെ മടിയന്‍മാരായ തൊഴിലാളികളും പണിയെടുക്കാത്ത ട്രേഡ് യൂണിയന്‍ നേതാക്കളും ചീര്‍ത്ത് കൊഴുത്തതോടെ വിപ്ലവത്തിന്റെ മണ്ണായ ബംഗാളില്‍ നിന്നുള്ള ലക്ഷങ്ങള്‍ നാട്ടിലെ സമസ്ത തൊഴില്‍ മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അവരുടെ ഗള്‍ഫാണിന്ന് കേരളം. ഒരു പക്ഷേ കേരളത്തിലെ ഇനിയുള്ള മെയ്ദിനാഘോഷങ്ങള്‍ അവര്‍ക്കുവേണ്ടിയുള്ളതാവാം.

ചിക്കാഗോ തെരുവില്‍ നിന്ന് ലോകം കേട്ട തൊഴിലാളി ശബ്ദം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Tom abraham 2017-04-29 04:58:12

Labor productivity is important in this technologically

Advanced labor environment. Heavy lifting goes to the 

Machine. New age of digital and robot surgery.

Bobcats are in construction. Don't blame the 

Capitalists alone. In May, they sway, their way

The Highway .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക