Image

കേരളം അനാശാസ്യം വേവുന്ന അടുക്കളയോ?'

അഡ്വ. രാധിക (from Mathrubhumi-see link below) Published on 27 February, 2012
കേരളം അനാശാസ്യം വേവുന്ന അടുക്കളയോ?'
മലയാളിയുടെ സദാചാര ചിന്തകള്‍ ലജ്ജാകരവും വൃത്തികെട്ടതുമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. മനസ്സില്‍ കപട സദാചാരത്തിന്റെ സഞ്ചികള്‍പേറി നടക്കുന്ന ഈ ജനസമൂഹത്തിന് സമാനതകളില്ല. കേരളത്തിലെ കപട സദാചാര വെളിച്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ക്രൂരവിനോദത്തിന് കൂട്ടുപിടിക്കുന്നതോ പോലീസിനെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമത്തിന്റെ ദുര്‍ബലമായ ഒരു ഏടിനെയുമാണ്.

1950-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചശേഷമാണ് ഇന്ത്യ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗിക ചൂഷണം തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി ദി സപ്രഷന്‍ ഓഫ് ഇമ്മോറല്‍ ട്രാഫിക് ഇന്‍ വിമന്‍ ആന്‍ഡ് ഗേള്‍സ് ആക്ട് നിര്‍മിച്ചത്. പിന്നീട് പല പൊളിച്ചെഴുത്തുകള്‍ക്ക് ശേഷം ഇന്ന് നിലവിലുള്ള ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് രൂപപ്പെട്ടു.
ഈ ആക്ട് വ്യഭിചാരത്തെ നിര്‍വചിച്ചിരിക്കുന്നത് 'കച്ചവടവത്കരണത്തിന് വേണ്ടിയുള്ള ലൈംഗിക ചൂഷണം' എന്നാണ്. പക്ഷേ, ഈ ആക്ടില്‍ ഒരിടത്തും എന്താണ് കച്ചവടവത്കരണം എന്ന് പറഞ്ഞിട്ടില്ല. എന്നാലും സമാന്യബുദ്ധിയുള്ളവര്‍ക്കറിയാം കച്ചവടത്തിന് മൂലധനവും ലാഭനഷ്ടങ്ങളുമൊക്കെ ഉണ്ടാവുമെന്ന്. ചുരുക്കിപ്പറഞ്ഞാല്‍, ധനലാഭം ഉദ്ദേശിച്ച് നടത്തുന്ന ഒന്നുമാത്രമേ കച്ചവടമാകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ പ്രതിഫലം നല്‍കിക്കൊണ്ടുള്ള ലൈംഗിക ചൂഷണം- അതാണ് വ്യഭിചാരം.

സമൂഹം നിര്‍വചിച്ച് ഉറപ്പിച്ച ബന്ധങ്ങള്‍ക്കു പുറത്ത് ഒരാണും പെണ്ണും ഒരുമിച്ച് താമസിച്ചാലോ യാത്രചെയ്താലോ അത് അനാശാസ്യമാകില്ല എന്ന തിരിച്ചറിവ് എന്നാണ് മലയാളിക്കുണ്ടാകുക? അതുപോലെ, പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധത്തെ അനാശാസ്യത്തിന്റെ പട്ടികയില്‍പ്പെടുത്താന്‍ പറ്റില്ല. ലൈംഗികചൂഷണം തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി നിലവില്‍വന്ന ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് ഇന്ന് മലയാളിയുടെ ലൈംഗിക അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണത്തിന് ചൂട്ടുപിടിച്ചുകൊടുക്കുന്നു.

2008-ലും 2009-ലുമായി ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ടില്‍ രണ്ട് ശ്രദ്ധേയമായ വിധികള്‍ കേരള ഹൈക്കോടതിയില്‍ നിന്നുമുണ്ടായി. ഈ ആക്ട് വെറും ഒരു കടലാസ് പുലിയാണെന്ന് മനസ്സിലാക്കിത്തരുന്നു ഈ വിധികള്‍. ഈ ആക്ടിലെ സെക്ഷന്‍-7 പ്രകാരം പൊതുസ്ഥലങ്ങളില്‍ നടത്തുന്ന കച്ചവടവത്കരിക്കപ്പെട്ട ലൈംഗിക ചൂഷണങ്ങളെ മാത്രമേ വ്യഭിചാരമായി കണക്കാക്കാന്‍ പറ്റൂ.
ഏതൊക്കെ സ്ഥലങ്ങളാണ് പൊതുസ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്ന് കാണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പോലീസ് സ്റ്റേഷനുകളിലുണ്ട്. ഇതുകൂടാതെ, സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ആരാധനാലയമോ സ്‌കൂളോ ഹോസ്റ്റലോ ആസ്പത്രിയോ ഉണ്ടെങ്കില്‍ ഇതും പൊതുസ്ഥലമായി കണക്കാക്കാവുന്നതാണ്.
2008-ല്‍ റിപ്പോര്‍ട്ട് ചെയ്ത 'രാധാകൃഷ്ണന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന കേസിന്റെ പ്രോസിക്യൂഷന്‍ വാദം അവിശ്വസനീയമാണെന്ന് കോടതി കണ്ടെത്തി.

മലബാറിലെ ഒരു വാടകവീട്. അവിടെ കറുത്തതും വെളുത്തതുമായ കാറുകള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കാറുണ്ട് എന്ന് പോലീസ് ഭാഷ്യം. കാറുകള്‍ വന്നും പോയും കൊണ്ടിരിക്കുന്ന വാടകവീട് കേരളത്തിലെ സന്മാര്‍ഗവാദികളുടെ ഉറക്കം കെടുത്താതിരിക്കുന്നതെങ്ങനെ? അവരുടെ ഉറക്കമിളച്ചുള്ള കാത്തിരിപ്പിന് അര്‍ഥമുണ്ടായി. ഒരു ഹര്‍ത്താല്‍ ദിവസം രാത്രി ഒമ്പത് മണിയോടെ വാടകവീട്ടില്‍ നിന്നും പതിവിലധികം ശബ്ദം കേട്ടപ്പോള്‍ കപട സദാചാര വെളിച്ചപ്പാടുകള്‍ പാതിതുറന്ന കിടപ്പുമുറിജനലിലൂടെ ഒളിഞ്ഞുനോക്കിയപ്പോള്‍ കാണാന്‍ പാടില്ലാത്തത് ചിലതൊക്കെ കണ്ടുവത്രെ. നിമിഷനേരം കൊണ്ട് സൈക്കിള്‍ ചെയിന്‍, കത്തി, പാര തുടങ്ങിയ ആയുധങ്ങളുമായി വീട്ടിനകത്തേക്ക് ഇടിച്ചുകയറിയ അവര്‍ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും തല്ലിച്ചതച്ചു. നാട്ടുകാരായ ചില മനോരോഗികള്‍ക്ക് വീട്ടിലുണ്ടായിരുന്നവരെ തല്ലിച്ചതയ്ക്കാന്‍ ആരാണ് ലൈസന്‍സ് നല്‍കിയതെന്ന് കോടതി ചോദിക്കുന്നു. എന്തടിസ്ഥാനത്തിലാണ് വാടകവീട് നാട്ടുകാരുടെ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്ന് പറയുന്നതെന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷന്റെ മുട്ടുമടക്കി.
മേല്‍പ്പറഞ്ഞ കേസിന്റെ എഫ്.ഐ.ആര്‍. റദ്ദ് ചെയ്തുകൊണ്ട് ഹൈക്കോടതി കപടസദാചാരവാദികളെ കണക്കിന് പരിഹസിക്കുകയുണ്ടായി. പ്രസ്തുത കേസിനടിസ്ഥാനമായ സംഭവങ്ങള്‍ പരിശോധിച്ചാല്‍ അവിടെ വ്യഭിചാരം നടന്നു എന്ന് കാണിക്കാനുള്ള തെളിവുകള്‍ ഒന്നുംതന്നെ പോലീസിന്റെ കൈയിലുണ്ടായിരുന്നില്ല എന്നും ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം സി.ഐ.യോ അതിനുമുകളില്‍ റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥനോ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ളൂ എന്നും ജസ്റ്റിസ് വി. രാംകുമാര്‍ തന്റെ വിധിന്യായത്തിലെഴുതി.

2009-ല്‍ റിപ്പോര്‍ട്ട് ചെയ്ത 'എക്‌സ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന കേസിന്റെ പശ്ചാത്തലം കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. ഇവിടെ സ്വന്തം വീട്ടുജോലിക്കാരിക്ക് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍വെച്ച് കുറച്ച് രൂപ കൈമാറിയ, ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയാണ് അനാശാസ്യത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിനെ ഒരു പൊതുസ്ഥലമായി കണക്കാക്കാന്‍ പറ്റില്ല എന്നുപറഞ്ഞുകൊണ്ട് ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദ് ചെയ്യുകയുണ്ടായി.

പക്ഷേ, തെളിവില്ല എന്നുപറഞ്ഞ് ഹൈക്കോടതി റദ്ദ് ചെയ്തതുകൊണ്ടുമാത്രം ഇരകള്‍ സന്തോഷിക്കണമെന്നില്ല. കാരണം, ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരായുസ്സിന്റെ മുഴുവന്‍ സ്വാസ്ഥ്യവും നഷ്ടപ്പെട്ട ഇവര്‍ക്ക് അറിയാം വിജയത്തിന്റെ കനിക്ക് വേണ്ടത്ര മധുരമില്ല എന്ന്.
കോഴിക്കോട്ട് അനാശാസ്യമാരോപിച്ച് നാട്ടുകാര്‍ ഒരാളെ തല്ലിക്കൊന്നു. അതൊരു സാധാരണ വാര്‍ത്തയായി പത്രത്താളില്‍ നിന്നും മാഞ്ഞുപോയി. എറണാകുളത്ത് രാത്രി പുരുഷ സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്രചെയ്ത സ്ത്രീയെ അനാശാസ്യമാരോപിച്ച് കൈയേറ്റം ചെയ്തു 'നല്ലവരായ' നാട്ടുകാര്‍. മഞ്ചേരിയിലും ഏറ്റവുമൊടുവിലിപ്പോള്‍ തിരുവനന്തപുരത്തും സംഭവിച്ചത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് നിഷ്പക്ഷമതിയായ മലയാളി വിശ്വസിക്കുന്നു.

അനാശാസ്യമാരോപിച്ച് അറസ്റ്റിനുശേഷം ഒരുദിവസത്തേക്ക് ജയിലിലായ അഭിഭാഷകന്റെയും ഒപ്പമുണ്ടായിരുന്ന അധ്യാപികയുടെയും മാനസികാവസ്ഥയെക്കുറിച്ച്, കൂക്കുവിളിയും അട്ടഹാസവും നടത്തി ആക്രോശിച്ച മനോരോഗികളും അവരെ അക്ഷരംപ്രതി അനുസരിച്ച പോലീസും ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടാവുമോ?
രാജ്യദ്രോഹികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും അഴിമതിക്കാര്‍ക്കും കിട്ടുന്ന മാനുഷിക പരിഗണനയുടെ ഒരംശം പോലും അനാശാസ്യം ആരോപിച്ച് അറസ്റ്റുചെയ്യപ്പെടുന്നവര്‍ക്ക് കിട്ടുന്നില്ല. ആടുന്ന കഴുക്കോല് പോലുള്ള നിയമത്തിന്റെ കൂട്ടുപിടിച്ചാണ് പോലീസും രാഷ്ട്രീയക്കാരും പലപ്പോഴും അനാശാസ്യം ആരോപിച്ച് ഇരകളെ കുടുക്കുന്നത്.

അച്ഛന്‍ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുന്ന, സ്ത്രീധനം പോരാ എന്നുപറഞ്ഞ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊല്ലുന്ന നാട്. വയസ്സായ അച്ഛനെയും അമ്മയെയും പട്ടിക്കൂട്ടിലാക്കുന്ന പ്രബുദ്ധ മലയാളിയുടെ നാട്. പക്ഷേ, ഇവിടെ ഏറ്റവും വലിയ തെറ്റായിക്കാണുന്നത് ഒരാണും പെണ്ണും ഒരുമിച്ച് യാത്രചെയ്യുന്നതും ഉറങ്ങുന്നതുമൊക്കെയാണ്. അന്യന്റെ സ്വകാര്യതയെ മാനിക്കണം എന്ന അടിസ്ഥാനതത്ത്വം ഓരോ മലയാളിയും പഠിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഒരാളെ ഇല്ലായ്മ ചെയ്യാന്‍ കേരളം കണ്ടുപിടിച്ച ഏറ്റവും നൂതനമാര്‍ഗമാണ് അനാശാസ്യം. അയാള്‍ക്കൊപ്പം അയാളുടെ കുടുംബവും മാനസികമായി തകരുമല്ലോ? ഒരു വെടിക്ക് എത്ര പക്ഷികള്‍.
ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നിലനില്‍ക്കില്ലെന്നറിഞ്ഞിട്ടു തന്നെയാണ് ഈ വിഭാഗങ്ങളിലെ 90 ശതമാനം കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആരെ ബോധ്യപ്പെടുത്താനായാലും പ്രീതിപ്പെടുത്താനായാലും ശരി പോലീസിന്റെ ഈ നടപടി നിയമത്തിന്റെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണ്. പത്തും നാല്പതും വര്‍ഷം പൊതുപ്രവര്‍ത്തനം നടത്തിയവര്‍ അനാശാസ്യ ആരോപണത്തില്‍ ഉള്‍പ്പെടുന്നതോടെ അവര്‍ സകലര്‍ക്കും അനഭിമതരാവുന്നു.

ബംഗാളില്‍ നിന്നും കേരളത്തിലേക്ക് കെട്ടിടം പണിക്കെന്ന് പറഞ്ഞിറങ്ങിയ കാമുകന്റെ വിവരമൊന്നും അറിയാതെ വന്നപ്പോള്‍ കാമുകി അയാളെ അന്വേഷിച്ച് കേരളത്തിലേക്കുവന്നു. ആ യാത്ര മുഴുവനാക്കുന്നതിനുമുമ്പ് 'ദൈവത്തിന്റെ മക്കള്‍' അവളെ ശിക്ഷിച്ചു; അതി ക്രൂരമായി. അവളെ ബലാത്സംഗം ചെയ്ത വീരന്മാരെ പോലീസ് അറസ്റ്റുചെയ്തു എന്നറിയാന്‍ കഴിഞ്ഞു. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ബംഗാളി പെണ്‍കുട്ടിക്ക് പതിനഞ്ചു വയസ്സു മാത്രമേ ഉള്ളൂ. ഒരു സ്‌കൂള്‍കുട്ടിയുടെ മനസ്സും ശരീരവുമുള്ള ആ സാധുവിനെ ബലാത്സംഗം ചെയ്തശേഷം വിവസ്ത്രയാക്കി റോഡരികില്‍ തള്ളുകയായിരുന്നു. സംഭവത്തിനുശേഷം മാനസികനില തെറ്റിയ പെണ്‍കുട്ടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് പത്രങ്ങള്‍ പറയുന്നു. അവളെ ആ നിലയിലാക്കിയവര്‍ ജാമ്യത്തിലിറങ്ങി അധികം താമസിയാതെ സാധാരണ ജീവിതത്തിലേക്കു മടങ്ങിപ്പോകും. അവള്‍ ഒരു മുഴുഭ്രാന്തിയോ ഒരു മുഴുവന്‍സമയ ശരീരവില്പനക്കാരിയോ ഇവരില്‍ ആരായി മാറും? ഇന്ത്യയില്‍ ഇന്നു നിലവിലുള്ള സാമൂഹികാവസ്ഥവെച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം തിരിച്ചുകിട്ടി അവള്‍ സാധാരണജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. വനിതാ കമ്മീഷന്‍ പക്ഷേ, ഈ കോലാഹലമൊക്കെ അറിഞ്ഞിട്ടുണ്ടോ എന്തോ?

60 വയസ്സ് കഴിഞ്ഞ സ്ത്രീകളെപ്പോലും 'ചരക്ക്' എന്നു വിളിക്കുന്ന മലയാളിയുടെ സാംസ്‌കാരിക അധഃപതനത്തെ ഓര്‍ത്ത് മാധവിക്കുട്ടി ദുഃഖിച്ചിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ താമസിച്ച, ലോകം മുഴുവന്‍ സഞ്ചരിച്ച അവര്‍ക്കറിയാമായിരുന്നു, കേരളത്തിലെ സ്ത്രീവര്‍ഗം എത്രമാത്രം നിര്‍ഭാഗ്യവതികളാണെന്ന്. ഒരുമിച്ചു യാത്രചെയ്യുന്ന ആണിനെയും പെണ്ണിനെയും കെണിയൊരുക്കി പിടികൂടുന്ന കപട സദാചാരവാദികള്‍- അവരാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ആണിന്റെയും പെണ്ണിന്റെയും ശത്രു. സ്ത്രീയെ ഒരു വ്യക്തിയായി അംഗീകരിക്കാന്‍തക്ക മാനസികവളര്‍ച്ച അവര്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ സദാചാരപട്രോളിങ്ങിന്റെ ആവശ്യമില്ല.
കേരളത്തില്‍ നമുക്ക് മുമ്പേ നടന്നുപോയവര്‍ മടങ്ങിവന്നാല്‍ ചോദിച്ചേക്കാവുന്ന ഒരേയൊരു ചോദ്യം 'എങ്ങനെ ഇത്ര അധഃപതിക്കാന്‍ കഴിഞ്ഞു?' എന്നതാവും. മറുപടി പറയാന്‍ വാക്കുകള്‍ തപ്പുന്നതിനുമുമ്പ് നമുക്ക് നാരായണഗുരുവിനോട്, ചട്ടമ്പിസ്വാമികളോട്, കുമാരനാശാനോട്... അങ്ങനെ ഒരുപാട് പേരോട് മാപ്പ് പറയാം
http://www.mathrubhumi.com/story.php?id=254441
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക