Image

തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ – അമേരിക്കന്‍ ഭദ്രാസന പ്രഥമ ശില്പി

വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, ന്യൂയോര്‍ക്കു് Published on 27 February, 2012
തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ – അമേരിക്കന്‍ ഭദ്രാസന പ്രഥമ ശില്പി
(revyohannan@gmail.com)

പതിനെട്ടു നീണ്ട വര്‍ഷങ്ങള്‍ അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന്റെ പ്രഥമ ശില്പിയായ ഭദ്രാസനാധിപന്‍, മലങ്കര സഭയെ ആഗോള സഭയായി ഉയര്‍ത്തിയ ശ്രേഷ്ഠാചാര്യന്‍, അമേരിക്കന്‍ വംശജരിലും മലങ്കര ഓര്‍ത്തഡോക്‌സ് പാരമ്പര്യം പടര്‍ത്തിയ വിശ്വമാനവന്‍, ഭൗതികതയുടെ പാരമ്യതയിലും ആദ്ധ്യാത്മികതയുടെ ദീപശിഖ തെളിയിച്ച സമാരാദ്ധ്യനായ തപോധനന്‍ - അഭി. ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി - ഫെബ്രുവരി 23, 2008ല്‍ ഇഹലോകവാസം വെടിഞ്ഞു. ആ വേര്‍പാടില്‍ ജന്മനാടും, സഭയാകമാനവും, അമേരിക്ക, കാനഡ, യൂറോപ്പ് ഭദ്രാസനങ്ങളും വിതുമ്പി.
അചഞ്ചലമായ ആത്മധൈര്യം, അനിഷേധ്യമായ നേതൃപാടവം, അനര്‍ഗ്ഗളമായ വാക്‌ധോരണി, അതുല്യമായ പ്രസംഗചാതുരി, അവിസ്മരണീയമായ സ്‌നേഹോഷ്മളത, അവസരത്തിനുതകുന്ന നര്‍മ്മ കുശലത, അവഗാഢമായ പാണ്ഡിത്യം, അവിതര്‍ക്കവും അഗാധവുമായ സഭാസ്‌നേഹവും വിശ്വാസ ധീരതയും എല്ലാം ഒരുമിച്ചു വിരാജിച്ച ഒരു വ്യക്തി ആരെന്നു ചോദിച്ചാല്‍ – അഭി. ഡോ. തോമസ് മക്കാറിയോസ് മെത്രാപ്പോലീത്താ എന്നാണു്്്് ഉത്തരം.
അഭിവന്ദ്യ തിരുമേനിയെ 1970 മുതല്‍ വൈദികനായി ഞാന്‍ അമേരിക്കയില്‍ കണ്ടപ്പോഴും 1975 മുതല്‍ അദ്ദേഹം അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായായി സ്ഥാനം ഏറ്റപ്പോഴും എനിക്കു്് വളരെയധികം സ്‌നേഹബന്ധവും അടുപ്പവും ഉണ്ടായിരുന്നുവെന്നത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. 1970 കളില്‍ അമേരിക്കയില്‍ കുടിയേറിയവര്‍ക്കു് ് നല്ല ജോലിയോ നല്ല വരുമാനമോ ഇല്ലാത്ത സാഹചര്യത്തില്‍, ജീവിക്കുവാനും കുഞ്ഞുങ്ങളെ വളര്‍ത്തുവാനും സ്വന്തമായി ഒരു കിടപ്പാടം കണ്ടെത്തുവാനും ഞെരുങ്ങിയിരുന്ന കാലയളവില്‍ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ക്കു് ആരാധനകള്‍ക്കു് ഞാനുള്‍പ്പടെയുള്ള ആദ്യകാല വൈദികരില്‍ ഒരാളായിരുന്ന ബ. കെ. സി. തോമസച്ചനും നേതൃത്വം നല്‍കി നടത്തിയിരുന്നു. 1971 ല്‍ വെര്‍ജീനിയാ തീയോളജിക്കല്‍ സെമിനാരിയില്‍നിന്നും തോമസ്സച്ചന്‍ ഡോക്ടറേറ്റു നേടി, ബഫലോയിലേക്കു താമസം മാറ്റിയപ്പോള്‍ അദ്ദേഹം ആരാധന നടത്തിയിരുന്ന വാഷിങ്ടണിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ചുമതല എന്നെ ഏല്പിക്കയുണ്ടായി. 1975 ല്‍ മെത്രാപ്പോലീത്താ ആയി അമേരിക്കയുടെ ചുമതല ഏറ്റപ്പോള്‍, ഒരു മെത്രാപ്പോലീത്തായ്ക്ക് ചെലവിനോ കൈത്താങ്ങലോ കൊടുക്കുവാന്‍ സാധ്യമല്ലാതിരുന്ന ആ കാലത്ത്, മക്കാറിയോസ് തിരുമേനി അമേരിക്കന്‍ ഭദ്രാസനത്തെ ആശ്രയിക്കാതെ സ്വയം ജോലി ചെയ്ത് 'ബഫലോ' യില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ സ്വയം വല്ലതും ഉണ്ടാക്കിക്കഴിച്ചു കൊണ്ടു് താമസിച്ചും, ഡ്രൈവു ചെയ്ത് വിവിധ സ്ഥലങ്ങളിലും സഞ്ചരിച്ച് വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചും പോന്നു. അഭി. തിരുമേനി ന്യൂയോര്‍ക്കു് സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ ഞങ്ങളുടെ എളിയ ഭവനമായിരുന്നു 'അരമന'യായി ഉപയോഗിച്ചിരുന്നത്. തിരികെപ്പോകുമ്പോള്‍ മീന്‍ വറുത്തത്, സമ്മന്തിപ്പൊടി, അച്ചാറുകള്‍ ഒക്കെയായി ഒരു പൊതി സമ്മാനിച്ച്് തിരുമേനിയെ യാത്രയാക്കിയിരുന്നത് ഇപ്പോഴും സന്തുഷ്ടിയോടെ സ്മരിക്കുന്നു. തിരുമേനിയുടെ ഒരു സെറ്റ് വൈദിക വേഷാദികള്‍ അദ്ദേഹത്തിന്റെ ആവശ്യത്തിനു് ഞങ്ങളുടെ ഭവനത്തിലെ ഒരു പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ദൂരെ എവിടെയോ ആരാധനയ്ക്കു പോയിട്ട് തിരികെ വരുമ്പോള്‍ കാപ്പ കൂടെ കൊണ്ടുവരുവാന്‍ സാധിച്ചില്ല. ഞാന്‍ കടയില്‍ പോയി തുണിയെടുത്ത് ശീലമുടി ഉള്‍പ്പടെയുള്ള അംശവസ്ത്രങ്ങള്‍ പകലും രാത്രിയുമായി ഇരുന്നു് തയ്ച്ചു കൊടുത്തതും ഇപ്പോള്‍ ഓര്‍ക്കുന്നു. 1970 കളിലും 1980 കളിലും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് യുവതലമുറയുടെ ആത്മീയഗുരുവും, പ്രശ്‌നപരിഹാരകനും, ഉത്തമ സുഹൃത്തും ആയി, സ്വന്ത മാതാപിതാക്കളോടു പോലും പങ്കിടാത്ത അവരുടെ പ്രശ്‌നങ്ങള്‍ അഭി. തിരുമേനിയോടു പങ്കിട്ട് ആ കുട്ടികള്‍ സാന്ത്വനം നേടിയിരുന്നു.
ഏതു പ്രതിസന്ധിയെയും ലാഘവത്തോടെ, നര്‍മ്മബോധത്തോടെ കൈകാര്യം ചെയ്തിരുന്ന തിരുമേനി, പ്രശ്‌നഘട്ടങ്ങളില്‍ തന്നോടു കൂടെ സമര്‍പ്പണബുദ്ധ്യാ നിന്നു പോരാടിയവര്‍ക്കു് എന്നും കൈത്താങ്ങായി നിലകൊണ്ടു. പ്രാവിനെപ്പോലെ കളങ്കമറ്റും, ഉരഗം
പോലെ ബദ്ധിശക്തിയോടും, വേണ്ടിടത്തു കൗശലത്തോടെയും പെരുമാറാന്‍ കഴിഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായി, നര്‍മ്മത്തില്‍ക്കൂടി കൊള്ളേണ്ടതു കൊള്ളേണ്ടിടത്തു
കൊള്ളിക്കുവാനും അദ്ദേഹം അതീവ സമര്‍ത്ഥനായിരുന്നു..
“അച്ചനെ സംബന്ധിച്ച് ഒരു സംഗതി മറക്കുവാന്‍ പാടില്ലാത്തതായി എന്റെ മനസ്സിലുണ്ട്. 1975 ല്‍ ഈ ഭദ്രാസനം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഞാന്‍ മുന്നോട്ടുവച്ച സമയത്ത് ആ പദ്ധതിയെ അനുകൂലിക്കുന്നവരായിട്ട് ജനങ്ങളുടെ ഇടയിലോ പട്ടക്കാരുടെ ഇടയിലോ അധികം പേര്‍ ഉണ്ടായിരുന്നില്ല. ഇന്നെല്ലാവര്‍ക്കും സന്തോഷമാങ്കെിലും അന്നു് അങ്ങനെ അല്ലായിരുന്നു. ആ സമയത്തൊക്കെ ഇവിടുത്തെ ഭദ്രാസനത്തിന്റെ ആവശ്യകത, ഇവിടെ കുഞ്ഞുങ്ങളുണ്ടാകും, കുഞ്ഞുങ്ങള്‍ വളരും, അവര്‍ക്കു് ഭദ്രാസനം പോലെയുള്ള ഒരു Entity ആവശ്യമാണു് എന്നു് എന്നോടുകൂടി നിന്നു വാദിക്കുകയും, അതിനുവേണ്ടി വളരെ കഷ്ടപ്പെടുകയും ചെയ്ത ഒരു വ്യക്തിയാണു് ബ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ എന്നുള്ള സത്യം, അമേരിക്കന്‍ ഭദ്രാസനവും ഓര്‍ത്തഡോക്‌സ് സഭയും ഒരു കാലത്തും മറന്നുപോകരുത ്” എന്നു് ന്യൂയോര്‍ക്കില്‍ വച്ച് ഈ ലേഖകന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷ സമ്മേളനത്തില്‍ അസന്നിഗ്ദ്ധമായ ഭാഷയില്‍ തിരുമേനി പ്രസ്താവിച്ചത് ഇപ്പോഴും ഞാന്‍ സ്മരിക്കുന്നു. അമേരിക്കന്‍ ഭദ്രാസന രൂപീകരണത്തിനു ശേഷം ഭദ്രാസനത്തിലെ പ്രഥമ വൈദിക യോഗ സെക്രട്ടറി, മാനേജിങ് കമ്മിറ്റി മെമ്പര്‍ എന്നീ നിലയില്‍ ഈ ലേഖകനും, ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി ലേഖകന്റെ സഹധര്‍മ്മിണി എല്‍സി യോഹന്നാന്‍ ശങ്കരത്തിലും അഭി. തിരുമേനിയോടു കൂടി സേവനം അനുഷ്ഠിക്കുവാന്‍ സാധിച്ചത് ഇപ്പോഴും ചാരിതാര്‍ത്ഥ്യം നല്‍കുന്നു. 
അഭി. തിരുമേനിയുടെ പ്രസംഗധാര നര്‍മ്മം കലര്‍ന്ന കഥകള്‍ കൊണ്ടു നിറയുമ്പോള്‍ ആത്മീയതയും ഭൗതികതയും കൈകോര്‍ത്തു നിന്നുകൊണ്ട് വേദിയാകമാനം ചിരിയുടെ ഘോഷമുയരാത്ത സന്ദര്‍ഭങ്ങളില്ല, കേട്ടാലും കേട്ടാലും മതിയാകാത്ത, കഥകള്‍ നിരക്കാത്ത പ്രസംഗങ്ങളില്ല, സദസ്സുകളില്ല. ഗാംഭീര്യമാര്‍ന്ന നാദം, ഇമ്പമാര്‍ന്ന വി. കുര്‍ബ്ബാന, തീഷ്ണവും ആഴത്തില്‍ ചുഴിഞ്ഞിറങ്ങുന്നതുമായ നയനങ്ങള്‍, സദാ പുഞ്ചിരി തഞ്ചുന്ന അധരങ്ങള്‍, ജാതി മത ഭേദമെന്യേ ആരിലും ആദരവു ജനിപ്പിക്കുന്ന പ്രൗഢതയാര്‍ന്ന മുഖശ്രീ, ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളിലും മതസൗഹാര്‍ദ്ദ സമ്മേളനങ്ങളിലും മുഴങ്ങിക്കേട്ട ഘനസ്വനം, വൈദികനായിരുന്നപ്പോഴും മേലദ്ധ്യക്ഷനായപ്പോഴും സദാ ലോഹ ധരിച്ചുകൊണ്ട് അമേരിക്കന്‍ വീഥികളില്‍ക്കൂടി സഞ്ചരിച്ച താപസശ്രേഷ്ടന്‍, അമേരിക്കന്‍ ഭദ്രാസനത്തിന്റെ അടിക്കല്ലുകള്‍ നിസ്വനായി പാടും ദുരിതവും സഹിച്ചു പാകിയ ശില്പി, ഇന്നു് അമേരിക്കയില്‍ പടര്‍ന്നു
പന്തലിച്ചു നില്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തെ സ്വന്തം ചോരയും നീരും നല്‍കി നട്ടു നനച്ചു കൈ, മെയ്, മനഃശക്തി പകര്‍ന്ന അഭി. മക്കാറിയോസ് തിരുമേനിയുടെ നാമം അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസന ചരിത്രത്താളുകളില്‍ സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തപ്പെടട്ടെ!. ആ വന്ദ്യ പിതാവിന്റെ സ്മരണയില്‍ വിങ്ങുന്ന ഹൃദയത്തോടെ തപ്തബാഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ!
തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ – അമേരിക്കന്‍ ഭദ്രാസന പ്രഥമ ശില്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക