Image

ഐ.എം.എ മെഡിക്കല്‍ -ലീഗല്‍ സെമിനാര്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2012
ഐ.എം.എ മെഡിക്കല്‍ -ലീഗല്‍ സെമിനാര്‍ നടത്തി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ പൊതുജനാരോഗ്യ പ്രാവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍-ലീഗല്‍ സെമിനാര്‍ വിജയകരമായി നടത്തപ്പെട്ടു. ഷിക്കാഗോയിലെ കെസിഎസ്‌ കമ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച രാവിലെ മുതല്‍ ഉച്ചയ്‌ക്ക്‌ ഒരുമണി വരെയായിരുന്നു സൗജന്യമായി സെമിനാര്‍ നടത്തിയത്‌.

രാവിലെ 9.30-ന്‌ ഷിക്കാഗോ നഗരസഭയിലേക്ക്‌ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ ആള്‍ഡര്‍മാന്‍ അമേയാ പവാര്‍ ഭദ്രദീപം കൊളുത്തി സെമിനാറിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ-നിയമ മേഖലയിലെ പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ബഹുജനോപകാരപ്രദമായ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന്‌ ആള്‍ഡര്‍മാന്‍ പവാര്‍ ഐ.എം.എ പ്രവര്‍ത്തകരെ അനുമോദിച്ചു. നഗരസഭയിലെ 47-മത്‌ വാര്‍ഡിന്റെ കൗണ്‍സിലറായ അദ്ദേഹം ഒരു ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹകരണവും പിന്തുണയും സംഘടനയ്‌ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്നും ഉറപ്പു നല്‍കി.

ഉദ്‌ഘാടന ചടങ്ങിനുശേഷം രണ്ട്‌ സെഷനുകളിലായി നടന്ന സെമിനാറില്‍ ഡോ. എഡ്വിന്‍ കാച്ചപ്പള്ളി, അറ്റോര്‍ണി ദീപാ കിടങ്ങന്‍ എന്നിവര്‍ ക്ലാസെടുത്തു. ആധുനിക അമേരിക്കന്‍ ജീവിതത്തില്‍ നിര്‍ബന്ധമായും പരിശീലിക്കേണ്ട ജീവിതചര്യകളെക്കുറിച്ച്‌ പവര്‍പോയിന്റിന്റെ സഹായത്തോടെ ഐ.എം.എ കമ്മിറ്റിയംഗംകൂടിയായ ഡോ. എഡ്വിന്‍ അവതരിപ്പിച്ച അറിവുകള്‍ ഏറെ വിജ്ഞാനപ്രദമായിരുന്നു.

പരിഷ്‌കരിച്ച ഇല്ലിനോയി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബങ്ങള്‍ക്കും പ്രയോജനപ്രദമായ വില്‍പത്രം, ട്രസ്റ്റുകള്‍ എന്നിവയെക്കുറിച്ച്‌ അറ്റോര്‍ണി ദീപ കിടങ്ങന്റെ ക്ലാസും തികച്ചും വിജ്ഞാനപ്രദവും ഒട്ടേറെ പുത്തന്‍ അറിവുകള്‍ നല്‍കുന്നവയുമായിരുന്നു.

പ്രയോജനപ്രദമായ ഈ പരിപാടി സൗജന്യമായി സംഘടിപ്പിച്ചതിന്‌ സെമിനാറില്‍ പങ്കെടുത്തവര്‍ അസോസിയേഷനെ നന്ദിപൂര്‍വ്വം സ്‌മരിച്ചു.

ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, ട്രഷറര്‍ മാത്യു കളത്തില്‍, കമ്മിറ്റിയംഗങ്ങളായ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ചന്ദ്രന്‍ പിള്ള, മോഹന്‍ സെബാസ്റ്റ്യന്‍, സന്തോഷ്‌ മാത്യു, ജിഷ ഏബ്രഹാം, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, മറിയാമ്മ പിള്ള, ഫില്‍സ്‌ മാത്യു, ജോബി ലൂക്കോസ്‌, അശോകന്‍ കൃഷ്‌ണന്‍, ബിജു കൊല്ലാപുരം, ഡൊമിനിക്‌ ചൊള്ളമ്പേല്‍, രവീന്ദ്രന്‍ കുട്ടപ്പന്‍ എന്നിവര്‍ സെമിനാറിന്‌ നേതൃത്വം നല്‍കി.
ഐ.എം.എ മെഡിക്കല്‍ -ലീഗല്‍ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക