Image

സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക്‌ ഒസ്‌താത്തിയോസ്‌ തിരുമേനി ഉത്തമ മാതൃക: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

മാത്യു മാണി Published on 26 February, 2012
സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക്‌ ഒസ്‌താത്തിയോസ്‌ തിരുമേനി ഉത്തമ മാതൃക: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌
ന്യൂയോര്‍ക്ക്‌: സാധുജന സംരക്ഷണവും സേവന സന്നദ്ധതയും മുഖമുദ്രയാക്കി പ്രധാനാചാര്യത്വ ദൗത്യം നിര്‍വഹിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയെ ധന്യമാക്കിയ കാലം ചെയ്‌ത ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ പാത പിന്തുടരേണ്ടത്‌ മുഴുവന്‍ സഭാ സാമൂഹ്യ പ്രവര്‍ത്തകരുടേയും കടമയാണെന്ന്‌ ന്യൂയോര്‍ക്ക്‌- സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റും, ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന കൗണ്‍സിലംഗവുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അഭിപ്രായപ്പെട്ടു.

വൈദീക അനുഗ്രഹങ്ങള്‍ സാന്ത്വനത്തിന്റേയും പങ്കുവെയ്‌ക്കലിന്റേയും അനുഭവവേദ്യമാക്കിത്തീര്‍ക്കുന്ന ദര്‍ശനമാണ്‌ അദ്ദേഹം ലോകത്തിന്‌ പരിചിതമാക്കിയത്‌. സമ്പൂര്‍ണ്ണ സുവിശേഷീകരണത്തോടൊപ്പം സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരേ പടവാളോങ്ങിയ പ്രത്യയശാസ്‌ത്രമാണ്‌ ഒസ്‌താത്തിയോസ്‌ തിരുമേനി സഭയിലും സമൂഹ ജീവിതത്തിലും നടപ്പാക്കിയത്‌.

സാര്‍വ്വ ലൗകീകമായ സ്‌നേഹത്തിന്റേയും, സഹകരണത്തിന്റേയും സുവിശേഷകനും, സാമൂഹ്യ നീതിക്കായി യത്‌നിച്ച പ്രവാചനകനുമായിരുന്ന തിരുമേനി മുതലാളിത്തത്തിനും സ്വാര്‍ത്ഥതയ്‌ക്കും സ്വാശ്രയ രംഗത്തെ ചൂഷണങ്ങള്‍ക്കുമെതിരായ നിലപാടുകളാണ്‌ എന്നും കൈക്കൊണ്ടത്‌. വിമര്‍ശനങ്ങളെ പ്രേഷിതപ്രവര്‍ത്തിയിലൂടെ നേരിട്ട മോര്‍ ഒസ്‌താത്തിയോസ്‌ മുള്ളുകളെ വൈദീക നടത്തിപ്പ്‌ മാത്രമായാണ്‌ എന്നും കരുതിവന്നത്‌. ചെലവു കൂടിയ ചികിത്സകളും സംവിധാനങ്ങളും കൊണ്ട്‌ ജീവന്‍ നിലനിര്‍ത്തുന്നതിന്‌ എതിരായ നിലപാട്‌ കൈക്കൊള്ളുകയും മറ്റും ചെയ്‌തപ്പോള്‍ പുതിയൊരു സാമൂഹ്യ ചിന്തയ്‌ക്കാണ്‌ അദ്ദേഹം തിരികൊളുത്തിയത്‌. ഉത്തമ മഹാപുരോഹിത ശുശ്രൂഷയ്‌ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ തിരുമേനി തുടങ്ങിവെച്ച സാധുജന ക്ഷേമ പ്രസ്ഥാനങ്ങള്‍ ഇന്ന്‌ വളര്‍ന്നുവരുന്നത്‌ സഭയുടെ നീതിയുക്തമായ കാഴ്‌ച്ചപാടിന്‌ എന്നും തെളിവാകുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. വിശ്വാസ സ്ഥിരതയ്‌ക്കും, മതനിരപേക്ഷതയ്‌ക്കും, സാര്‍വ്വത്രിക സമാധാനത്തിനും നീതിക്കുമായി ജീവിതമര്‍പ്പിച്ച പുണ്യവാനായ ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ മാതൃക നമുക്ക്‌ പിന്തുടര്‍ന്നുകൊണ്ട്‌ അദ്ദേഹത്തിന്‌ സ്‌മരണാഞ്‌ജലിയര്‍പ്പിക്കാം.
സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക്‌ ഒസ്‌താത്തിയോസ്‌ തിരുമേനി ഉത്തമ മാതൃക: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക