പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ കൈയില്‍ പച്ചകുത്തിയ 'പ്രഭു' എന്ന എങ്ങനെ മായ്ക്കും എന്ന അന്വേഷണത്തിലാണ് നയന്‍താര ഇപ്പോള്‍. പ്രഭുദേവയുമായി പ്രണയം മൂത്ത് നിന്നപ്പോഴാണ് നയന്‍താര ഇടതു കൈയില്‍ പ്രഭുദേവയുടെ പേര് ചെറുതാക്കി 'പ്രഭു' എന്ന് പച്ച കുത്തിയത്. 'പി' എന്ന ആദ്യഅക്ഷരം ഇംഗഌഷിലും ശേഷിച്ചവ തമിഴിലുമാണ് എഴുതിയത്. ബന്ധം വേര്‍പെട്ട സ്ഥിതിയില്‍ ഇനി ഈ പേര് കൈയ്യില്‍ തെളിഞ്ഞു കാണുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ താരം 'പ്രഭു'വിനെ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത് എങ്ങനെ മായ്ക്കുമെന്നുള്ളതാണ് താരത്തിനെ പ്രധാനമായും അലട്ടുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പച്ച കുത്തിയത് മായ്ക്കുന്നതിന് സാധാരണ ഗതിയില്‍ പഌസ്റ്റിക് സര്‍ജറിയാണ് ആളുകള്‍ തെരഞ്ഞെടുക്കുക. എന്നാല്‍ അതിന് പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ട്. കാര്യം കൈയ്യിലാണെങ്കിലും പഌസ്റ്റിക് സര്‍ജറിക്ക് ശേഷം എന്തെങ്കിലും തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളുണ്ടായാല്‍ ആകെ പ്രശ്നമാകും.
ടാറ്റൂ മായ്ക്കാനായി പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യുമ്പോള്‍ അവിടെയുള്ള തൊലി നീക്കം ചെയ്ത് പകരം ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്നും അതേ നിറവും സ്വഭാവമുള്ള തൊലി വച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ചെയ്യുമ്പോള്‍ തൊലി എടുക്കുന്ന ഭാഗത്തിനോ അല്ലെങ്കില്‍ ടാറ്റു മറയ്ക്കുന്ന ഭാഗത്തിനോ എന്തെങ്കിലും അഭംഗി ഉണ്ടായാല്‍ മാധ്യമങ്ങള്‍ അത് കൊട്ടിഘോഷിക്കുമെന്നും മടങ്ങി വരുന്ന തന്റെ കരിയറിനെ തന്നെ അത് ബാധിക്കുമെന്നും നയന്‍സിന് അറിയാം. ഇതുകൊണ്ടാണ് അടുത്ത സുഹൃത്തുക്കളുടെ ഉപദേശം തേടാന്‍ നയന്‍സ് തീരുമാനിച്ചത്.
കഴിഞ്ഞ വാലന്റൈന്‍ ഡേയ്ക്ക് ഒരു മലയാളം വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നയന്‍സ് വെളിപ്പെടുത്തിയത് താന്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നാണ്. 'പ്രഭു' ടാറ്റുവിനെപ്പറ്റിയുള്ള ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. ഇപ്പോള്‍ ബന്ധം പൊളിഞ്ഞതോടെ ഈ ടാറ്റൂ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇനി ഈ ടാറ്റുവുമായി പുതിയ സിനിമയുടെ സെറ്റില്‍ ചെന്നാല്‍ അവിടെയുള്ളവര്‍ തന്നെ എങ്ങനെ കാണുമെന്നും നയന്‍സിന് സംശയമാണ്. പച്ച കുത്തിയ കൈയുമായി മുന്‍പ് ആതവന്‍ എന്ന സൂര്യയുമൊത്തുള്ള സിനിമാ സെറ്റില്‍ ചെന്നപ്പോഴും ഇത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. സിനിമയുടെ ചില സീനുകളിലെല്ലാം ഈ ടാറ്റു കാണുകയും ചെയ്യാമായിരുന്നു.
നയന്‍സ് അഭിനയിക്കുന്ന സിനിമകളില്‍ കൈയിലെ ടാറ്റൂ ഒളിപ്പിക്കുകയെന്നത് സാധ്യമായ ഒരു കാര്യമല്ല. മറ്റു നായകന്മാരൊത്ത് അഭിനയിക്കുമ്പോള്‍ 'പ്രഭു' എന്ന ടാറ്റൂ ഇനിയും കണ്ടാല്‍ തന്നെ ആളുകള്‍ ഒരു കോമാളിയായി കാണുമോയെന്നും താരം ഭയപ്പെടുന്നുണ്ട്. എ.എം രത്നം നിര്‍മ്മിക്കുന്ന വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അജിത്തിനൊപ്പമാണ് നയന്‍താര ഉടന്‍ അഭിനയിക്കാന്‍ പോകുന്നത്. അതിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും നയന്‍സിന് ടാറ്റൂ മറയ്ക്കുകയും ചെയ്യണം.
പ്ലാസ്റ്റിക്ക് സര്‍ജറി നടത്തുമ്പോള്‍ ഉണ്ടാകാവുന്ന സൗന്ദര്യപ്രശ്നങ്ങള്‍ എന്നപോലെതന്നെ വേദനയും താരത്തെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഈ ടാറ്റുവിനെ മറയ്ക്കുന്ന എന്തെങ്കിലുമൊരു പണിയാവും നയന്‍സ് സ്വീകരിക്കാന്‍ സാധ്യത. ഇതിന് ഒരു എളുപ്പവഴിയുണ്ടെങ്കില് നയന്‍സ് അത് സ്വീകരിക്കാന്‍ തയ്യാറായി അന്വേഷിച്ചുവരികയാണ്.