Image

കള്ളപ്പണം: അഡ്വാനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ

Published on 25 February, 2012
കള്ളപ്പണം: അഡ്വാനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ
പനജി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ബിജെപി നേതാവ് എല്‍.കെ.അഡ്വാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണമെന്ന് പറയുന്ന അഡ്വാനി എന്തുകൊണ്ട് ഭരണത്തിലിരുന്നപ്പോള്‍ അതിന് ശ്രമിച്ചില്ലെന്ന് സോണിയ ചോദിച്ചു. മാര്‍ച്ച് മൂന്നിന് നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ.

എന്‍ഡിഎ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു അഡ്വാനി. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ല. ഭരണത്തിലിരുന്നപ്പോള്‍ അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ പോലും അഡ്വാനി തയാറായിട്ടില്ല. വിദേശബാങ്കുകളിലെ കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കേണ്ടതു തന്നെയാണ്. ഇതിനായി നിയമാനുസൃത നടപടികള്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും സോണിയ പറഞ്ഞു.

യുപിഎ സര്‍ക്കാരിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ വ്യഗ്രത കാട്ടുന്ന ബിജെപി കര്‍ണാടകയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വന്തം സര്‍ക്കാരുകള്‍ നടത്തുന്ന അഴിമതി ഇല്ലാതാക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും സോണിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക