Image

പത്മലക്ഷ്മിയുടെ രണ്ടു വയസുകാരി മകള്‍ ഇനി ശതകോടീശ്വരി; ഒബാമ സംഘത്തില്‍ മൂന്ന് ഇന്ത്യക്കാര്‍

Published on 25 February, 2012
പത്മലക്ഷ്മിയുടെ രണ്ടു വയസുകാരി മകള്‍ ഇനി ശതകോടീശ്വരി; ഒബാമ സംഘത്തില്‍ മൂന്ന് ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: നടിയും മോഡലും പാചക വിദഗ്ധയുമായ ഇന്ത്യന്‍ വംശജ പത്മലക്ഷ്മിയുടെ രണ്ടു വയസുകാരി മകള്‍ ഇനി ശതകോടീശ്വരി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് അന്തരിച്ച യുഎസ് ശതകോടീശ്വരന്‍ ടെഡി ഫോര്‍സ്റ്റ്മാനാണ് തന്റെ 1.8 ബില്യണ്‍ ഡോളറിന്റെ സ്വത്തിന്റെ ഒരു ഭാഗം (എത്രയെന്നു വ്യക്തമല്ല)പത്മ ലക്ഷ്മിയുടെ മകള്‍ കൃഷ്ണ ലക്ഷ്മിയുടെ പേരില്‍ നീക്കിവെച്ചത്. ഔദ്യോഗികമായി കൃഷ്ണ ലക്ഷ്മിയുടെ അച്ഛനല്ലെങ്കിലും പത്മ ലക്ഷ്മിയുമായി മരണത്തിന് മുമ്പ് ഫോര്‍സ്റ്റ്മാന്‍ ദീര്‍ഘകാലം പ്രണയത്തിലായിരുന്നു. പത്മ ലക്ഷ്മി തന്റെ മകള്‍ക്ക് ജന്‍മം നല്‍കുമ്പോള്‍ ഫോര്‍സ്റ്റ്മാന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. അന്നുമുതല്‍ കൃഷ്ണ ലക്ഷ്മിയുടെ പോറ്റച്ഛനായിരുന്നു ഫോര്‍സ്റ്റ്മാന്‍.

മാന്‍ഹട്ടന്‍ സരോഗേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഫോര്‍സ്റ്റ്മാന്റെ വില്‍ പത്രത്തിലാണ് തന്റെ
സ്വത്തിന്റെ ഒരു ഭാഗം കൃഷ്ണ ലക്ഷ്മിയ്ക്ക് എഴുതി വെച്ചിരിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. വില്‍ പത്രത്തില്‍ പത്മ ലക്ഷ്മിയെ തന്റെ സുഹൃത്തെന്നാണ് ഫോര്‍സ്റ്റ്മാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പത്മലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആദ്യകാലങ്ങളില്‍ ഫോര്‍സ്റ്റ്മാനാണ് കൃഷ്ണ ലക്ഷ്മിയുടെ അച്ഛനെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റും ഡെല്‍ കമ്പ്യൂട്ടേഴ്‌സ് സ്ഥാപകന്‍ മൈക്കല്‍ ഡെലിന്റെ സഹോദരനുമായ ആദം ഡെല്‍ ആണ് കൃഷ്ണ ലക്ഷ്മിയുടെ അച്ഛനെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. 2009ലാണ് ഇവര്‍ തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം കൃഷ്ണ ലക്ഷ്മിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദം ഡെല്‍ കോടതിയെ സമീപിച്ചിരുന്നു.
പദ്മാലക്ഷിമുടെ അച്ഛന്‍ മലയാളിയാണു. സല്‍മാന്‍ റുഷ്ദിയാണു മുന്‍ ഭര്‍ത്താവ്‌

ഒബാമ സംഘത്തില്‍ മൂന്ന് ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരായ 30 ലക്ഷം വോട്ടര്‍മാരില്‍ കണ്ണു വച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഏറ്റവും അറിയപ്പെടുന്ന മൂന്ന് ഇന്ത്യന്‍ വംശജരെ തിരഞ്ഞെടുപ്പു പ്രചാരണസംഘത്തില്‍ ഉള്‍പ്പെടുത്തി. ഹോളിവുഡ് നടന്‍ കല്‍പന്‍ മോഡി, കലിഫോര്‍ണിയ അറ്റോണി ജനറല്‍ കമല ഹാരിസ്, വൈറ്റ്ഹൗസില്‍ ഇന്റേണ്‍ ആയിരുന്ന സായി അയ്യര്‍ എന്നിവരടക്കം ഒബാമയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്നതു 35 പേരാണ്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന കാലത്ത് ഒബാമയുടെ ശക്തമായ പിന്തുണ ഹാരിസിന് ലഭിച്ചിരുന്നു.

2008ലെ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമായിരുന്നു ഹോളിവുഡ് നടന്‍ കൂടിയായ കാള്‍ പെന്‍. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് എന്‍ഗേജ്‌മെന്റില്‍ അസോസിയേറ്റ് ഡയറക്ടറായും പെന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ അയ്യര്‍ ഓര്‍ഗനൈസിംഗ് ഫോര്‍ അമേരിക്കയുടെ സംസ്ഥാന നേതാവാണ്. ഷിക്കാഗോ മേയര്‍ റാം ഇമ്മാനുവലിനു പുറമെ മറ്റു നിരവധി ഗവര്‍ണര്‍മാര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയം അയ്യര്‍ക്കുണ്ട്.

മരണത്തിന് രണ്ടു ദിവസം മുമ്പ് വിറ്റ്‌നി ഹൂസ്റ്റണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

ന്യൂയോര്‍ക്ക്: മരണത്തിന് രണ്ടു ദിവസം മുമ്പ് വിഖ്യാത പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ലോസ് ഏയ്ഞ്ചല്‍സിലുള്ള നൈറ്റ് ക്ലബ്ബിലെ ടോയ്‌ലറ്റില്‍ കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹൂസ്റ്റണെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായകനും വിറ്റ്‌നിയുടെ കാമുകനുമായ റേ ജെയുമായുള്ള തര്‍ക്കമാണ് ഹൂസ്റ്റണെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. റേ ജേ യുഎസ് എക്‌സ് ഫാക്ടര്‍ ഷോയിലെ ഫൈനലിസ്റ്റായ സ്റ്റാന്‍സി ഫ്രാന്‍സുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതില്‍ പ്രകോപിതയായ ഹൂസ്റ്റണ്‍ അദ്ദേഹവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ഇതിനുശേഷമാണ് നൈറ്റ് ക്ലബ്ബിന്റെ ടോയ്‌ലറ്റില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ ഹൂസ്റ്റണെ കണ്‌ടെത്തിയത്. എന്നാല്‍ മുറിവ് മാരകമല്ലാതിരുന്നതിനാല്‍ ഹൂസ്റ്റണ്‍ അന്ന് രക്ഷപ്പെട്ടു. പിന്നീട് രണ്ടു ദിവസത്തിനുശേഷം ഹോട്ടല്‍ മുറിയുടെ ബാത്ത് ടബ്ബില്‍ ഹൂസ്റ്റണെ മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു.

യുഎസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

അറ്റ്‌ലാന്റ: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു. അറ്റ്‌ലാന്റയില്‍ കട നടത്തുന്ന സുഹ്‌റീദ് ദാസ് (48) ആണു മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ ബന്ന ഗ്രോസറിലെ ഇര്‍വിന്‍ സ്ട്രീറ്റിലുള്ള കട അടയ്ക്കുന്നതിനിടെ അജ്ഞാതരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇദ്ദേഹ ത്തിനു വെടിയേല്‍ക്കുകയുമായിരുന്നു. വെടിയേറ്റ ദാസിനെ ഗ്രാന്‍ഡി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കടയിലെത്തിയ മോഷ്ടാക്കളാണ് വെടിയുതിര്‍ത്തതെന്നു പോലീസ് കരുതുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവയ്ക്കുന്ന ദൃശ്യം കടയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട് മുഖംമൂടി ധരിച്ച ഒരാള്‍ സുഹ്‌റീദ് ദാസിനെ വെടിവയ്ക്കുന്ന ദൃശ്യമാണു കാമറയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക