Image

ഗള്‍ഫില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി എം.കെ. രാഘവന്‍ എം.പി

Published on 25 February, 2012
ഗള്‍ഫില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി എം.കെ. രാഘവന്‍ എം.പി
മസ്‌കറ്റ്‌: ഒമ്പതുവര്‍ഷമായി നാട്ടില്‍പോകാന്‍ കഴിയാതെ വലഞ്ഞിരുന്ന ആലപ്പുഴക്കാരി ശംസുമ്മക്കും, വൃക്കകള്‍ തകരാറിലായി റോയല്‍ ആശുപത്രിയില്‍ കഴിയുന്ന എറണാകുളം സ്വദേശി സനില്‍രാജിനും സഹായഹസ്‌തവുമായി പാര്‍ലമെന്റംഗം എത്തി. ഒമാന്‍ സന്ദര്‍ശനത്തിനിടയില്‍ അവശയതനുഭവിക്കുന്ന പ്രവാസികളെ നേരില്‍കണ്ട്‌ നാട്ടിലെ തുടര്‍ചികില്‍സക്കുള്‍പ്പെടെ നടപടികള്‍ സ്വീകരിച്ച കോഴിക്കോട്‌ എം.പി. എം.കെ. രാഘവന്‍ ഗള്‍ഫ്‌ സന്ദര്‍ശിച്ച്‌ നക്ഷത്രഹോട്ടലില്‍ തങ്ങി മടങ്ങുന്ന രാഷ്ട്രീയനേതാക്കളില്‍ നിന്ന്‌ വ്യത്യസ്‌തനായി.

കടുത്ത ഹൃദ്രോഗിയായ ശംസുമ്മ താമസിക്കുന്ന അല്‍ഖുവൈറിലെ വീടിനരികില്‍ എത്തിയ എം.പി. അവര്‍ക്ക്‌ നാട്ടില്‍ മുഖ്യമന്ത്രിയുടെ ചികില്‍സാഫണ്ടില്‍ നിന്ന്‌ നാട്ടില്‍ തുടര്‍ചികില്‍സക്കുള്ള സഹായം നല്‍കാന്‍ നടപടിയെടുക്കുമെന്നും ഉറപ്പ്‌ നല്‍കി. പാസ്‌പോര്‍ട്ടിന്‌ പകരം ഔട്ട്‌പാസ്‌ നല്‍കാത്തതിനാല്‍ നാട്ടില്‍പോകാന്‍ കഴിയാതെ വലയുന്ന ശംസുമ്മയെ കുറിച്ച്‌ 'ഗള്‍ഫ്‌ മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക്‌ അടിയന്തിരമായി സഹായം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ.ഐ.സി.സി. സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍, കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുലത്തീഫ്‌ എന്നിവര്‍ ഒമാനിലെ ഒ.ഐ.സി.സി. നേതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എം.പി. ശംസുമ്മയെ നേരില്‍ കാണാനെത്തിയത്‌. രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം നാട്ടിലെത്തിയാല്‍ വിദഗ്‌ധചികില്‍സ തേടണമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ചികില്‍സാഫണ്ടില്‍ നിന്നുള്‍പ്പെടെ സഹായങ്ങള്‍ നല്‍കാമെന്നും പറഞ്ഞു. നാട്ടിലേക്ക്‌ കൊണ്ടുപോകാനായി വസ്‌ത്രങ്ങളും മറ്റ്‌ അവശ്യസാധനങ്ങളും, മിഠായികളും അടങ്ങുന്ന കിറ്റ്‌ ഒ.ഐ.സി.സി. പ്രസിഡന്റ്‌ സിദ്ദീഖ്‌ ഹസന്‍ സമ്മാനിച്ചു.

രണ്ടുവൃക്കകളും തകരാറിലായി ഡയാലിസിസിന്‌ പോലും പണമില്ലാതെ അല്‍ഹൈലില്‍ കഴിയുകയായിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശിയായ സനില്‍രാജിനെ സാമൂഹിക പ്രവര്‍ത്തകരാണ്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ റോയല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്‌.
സനിലിന്‌ നാലുവര്‍ഷമായി പാസ്‌പോര്‍ട്ടില്ലാത്തതും ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ജയിലിലായതും കാര്യങ്ങള്‍ കുടുതല്‍ ഗൗരവതരമാക്കി. എം.പി.യുടെ എംബസി സന്ദര്‍ശനവേളയില്‍ അദ്ദേഹം അംബാസഡറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ സനില്‍കുമാറിന്‌ ഔട്ട്‌പാസ്‌ നല്‍കാനും, ഒമാനിലെ ചികില്‍സാ ചെലവ്‌ എംബസി തന്നെ വഹിക്കാമെന്നും നാട്ടിലേക്ക്‌ ടിക്കറ്റ്‌ നല്‍കാമെന്നും ധാരണയായതെന്ന്‌ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

പാര്‍ലമെന്റ്‌ അംഗം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടലാണ്‌ സനില്‍രാജിനെ നാട്ടിലെത്തിക്കുന്നതിനുള്ള വഴികള്‍ എളുപ്പമാക്കിയതെന്ന്‌ അല്‍ഹൈലിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പള്ളുരുത്തിയില്‍ ഡൊമിനിക്‌ പ്രസന്റേഷനുമായി ബന്ധപ്പെട്ട്‌ നാട്ടിലെ ചികില്‍സക്ക്‌ വഴികള്‍ കണ്ടെത്താമെന്ന്‌ ആശുപത്രിയില്‍ സനില്‍രാജിനെ കണ്ട എം.പി. പറഞ്ഞു.
തൊഴില്‍പ്രശ്‌നം നേരിടുന്ന വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന എംബസിയുടെ അഭയകേന്ദ്രവും എം.കെ. രാഘവന്‍ സന്ദര്‍ശിച്ചു.
ഗള്‍ഫില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി എം.കെ. രാഘവന്‍ എം.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക