Image

ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം: ബ്രിട്ടനില്‍ ഇന്ത്യന്‍ ലേഡി ഡോക്‌ടര്‍ക്കു സസ്‌പെന്‍ഷന്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 25 February, 2012
ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം: ബ്രിട്ടനില്‍ ഇന്ത്യന്‍ ലേഡി ഡോക്‌ടര്‍ക്കു സസ്‌പെന്‍ഷന്‍
ലണ്‌ടന്‍: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുത്ത ഇന്ത്യന്‍ വംശജയായ ലേഡി ഡോക്‌ടര്‍ ഉള്‍പ്പെടെ രണ്‌ടു ഗൈനക്കോളജിസ്റ്റുകളെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജനിക്കാനിരിക്കുന്ന കുട്ടി ആണോ പെണ്ണോ എന്നു മാത്രം നോക്കിയാണ്‌ അബോര്‍ട്ട്‌ ചെയ്‌തത്‌. മറ്റു കാരണങ്ങളൊന്നും പരിഗണിച്ചതു പോലുമില്ല. തമിഴ്‌നാട്‌ പോണ്‌ടിച്ചേരി സ്വദേശി ഡോ. പ്രഭ ശിവരാമനാണ്‌ സസ്‌പെന്‍ഷനിലായ ഇന്ത്യക്കാരി.

മാഞ്ചസ്റ്ററിലെ എന്‍എച്ച്‌എസിലും സ്വകാര്യ ആശുപത്രികളിലും ഇവര്‍ ജോലി ചെയ്‌തിട്ടുണ്‌ട്‌. മാഞ്ചസ്റ്ററിലെ എന്‍എച്ച്‌എസ്‌ ആശുപത്രിയായ നോര്‍ത്ത്‌ മാഞ്ചസ്റ്റര്‍ ജനറല്‍ ഹോസ്‌പിറ്റലില്‍ അബോര്‍ഷനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്ന ഇവരെ ടെലിഗ്രാഫ്‌ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറാണ്‌ രഹസ്യകെണിയില്‍ വീഴ്‌ത്തിയത്‌. ബ്രിട്ടീഷ്‌ ലേഡി ഡോക്ടര്‍ ക്ലോഡിന്‍ ഡൊമോണിയയാണ്‌ രണ്‌ടാം പ്രതി. ഇവര്‍ ചെല്‍സിയയിലെ വെസ്റ്റ്‌ മിന്‍സ്റ്റെര്‍ ആശുപത്രിയിലാണ്‌ പ്രാക്ടീസ്‌ ചെയ്യുന്നത്‌.

ഒളി കാമറ വച്ച്‌ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ഇതു സംബന്ധിച്ച്‌ പലരും ഡോക്‌ടറുമായി സംസാരിക്കുന്നത്‌ വിഡിയോയില്‍ പകര്‍ത്താന്‍ സാധിച്ചിരുന്നു. കൂടുതലൊന്നും ചോദിക്കാതെ ഡോക്‌ടര്‍ അബോര്‍ഷന്‍ ചെയ്‌തുകൊടുക്കുന്നു. ഇതിനാവശ്യമായ വ്യാജ രേഖകളും വേണ്‌ടിവന്നാല്‍ തയാറാക്കിക്കൊടുക്കാമെന്നു പറയുന്നുണ്‌ട്‌. ഭ്രൂണഹത്യയ്‌ക്ക്‌ എത്തിയവര്‍ ഫ്രാന്‍സില്‍ രക്തപരിശോധന നടത്തി ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന ലാബ്‌ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്‌ ഇവര്‍ ഡോ.പ്രഭയുടെ വിശിഷ്‌ട സേവനത്തിനെത്തുന്നത്‌.

രജിസ്റ്റേര്‍ഡ്‌ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമാണ്‌ ഡോ. പ്രഭ. മാഞ്ചസ്റ്ററിലെ പാള്‍ മാള്‍ മെഡിക്കല്‍ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടേഷന്‌ 500 പൗണ്‌ടും അബോര്‍ഷന്‌ 200-300 പൗണ്‌ടുമാണ്‌ ഇവര്‍ ഓരോരുത്തരില്‍നിന്നും വാങ്ങിയിരുന്നത്‌. പ്രഭയുടെ ഒരു പേഷ്യന്റ്‌ ഗര്‍ഭഛിദ്രത്തിനു വേണ്‌ടി നേരേ എന്‍എച്ച്‌എസിനെ സമീപിച്ചതോടെയാണ്‌ സംഭവം പുറത്തുവരുന്നത്‌. ഡോ.പ്രഭ ശിവരാമന്‍, പോണ്‌ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിടനട്ട്‌ ഓഫ്‌ പോസ്റ്റ്‌ഗ്രാഡ്വേറ്റ്‌ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ചില്‍ നിന്നും മെഡിക്കല്‍ ബിരുദവും പരിശീലനവും കഴിഞ്ഞശേഷമാണ്‌ ഇവര്‍ യുകെയിലെത്തിയത്‌.

ഡെര്‍ബിഷെയറിലെ ചെസ്റ്റര്‍ഫീല്‍ഡ്‌ റോയല്‍ ഹോസ്‌പിറ്റലില്‍ ഒഫ്‌ത്താല്‍മോളജി കണ്‍സല്‍ട്ടന്റായ മലയാളി ഡോ. മനു മാത്യുവാണ്‌ പ്രഭയുടെ ഭര്‍ത്താവ്‌. ഇതെത്തുടര്‍ന്ന്‌ രാജ്യത്തെ ഒന്‍പത്‌ ക്ലിനിക്കുകളില്‍ സ്വകാര്യ അന്വേഷണം നടത്തി. ഇതില്‍ മൂന്നിടത്തും കുട്ടി ആണോ പെണ്ണോ എന്നു നോക്കി അബോര്‍ഷന്‍ ചെയ്‌തു കൊടുക്കാമെന്നു സമ്മതിച്ചിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ ബര്‍മിംഗ്‌ഹാമില്‍ ക്ലിനിക്ക്‌ നടത്തുന്ന ഡോ. രാജ്‌ മോഹന്‍ എന്നയാളും കുടുങ്ങിയിട്ടുണ്‌ട്‌. ഇയാള്‍ ഗര്‍ഛിദ്രത്തിന്‌ വിദഗ്‌ധനാണെന്നാണ്‌ പൊതുവേയുള്ള സംസാരം. ഇദ്ദേഹം ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിട്ടുണ്‌ടെന്നു സ്വയം സമ്മതിച്ചു. ഇദ്ദേഹവും ഇന്ത്യന്‍ വംശജനാണ്‌.

ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും തനിക്ക്‌ ആശങ്കയുണ്‌ടെന്നും ഹെല്‍ത്ത്‌ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്‌ലി. വിവിധ അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ പരിശോധന നടത്താന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുമുണ്‌ട്‌. 2010 ല്‍ രാജ്യവ്യാപകമായി 189574 അബോര്‍ഷന്‍ കേസുകള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിയ്‌ക്കുന്നു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ എട്ടു ശതമാനം വര്‍ധനവാണ്‌ ഇത്തരം കേസുകളില്‍ ഉണ്‌ടായിരിക്കുന്നത്‌.
ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം: ബ്രിട്ടനില്‍ ഇന്ത്യന്‍ ലേഡി ഡോക്‌ടര്‍ക്കു സസ്‌പെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക