Image

ഇറ്റാലിയന്‍ കപ്പല്‍ കൊച്ചി വിടുന്നതിന് വിലക്ക്‌

Published on 25 February, 2012
ഇറ്റാലിയന്‍ കപ്പല്‍ കൊച്ചി വിടുന്നതിന് വിലക്ക്‌
കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ 'എന്റിക ലെക്‌സി' അടുത്ത തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ കൊച്ചിവിടുന്നത് ഹൈക്കോടതി തടഞ്ഞു. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റിനാണ് ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് കെ. ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിട്ടുള്ളത്.

നീണ്ടകരയ്ക്കടുത്ത് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്മരിച്ച കൊല്ലം സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറമ്മയ്ക്കും കുട്ടിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കപ്പലുടമ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. തുക കെട്ടിവെച്ചാല്‍ തുറമുഖം വിട്ടുപോകാന്‍ കപ്പലിന് കഴിയുമായിരുന്നു.


സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് ഡോറമ്മയും കുട്ടിയും അപ്പീല്‍ നല്‍കിയത്. നഷ്ടപരിഹാരത്തുകയായി ഒരു കോടിയാണ് ആവശ്യപ്പെട്ടതെന്നും അത് ലഭിക്കാതെ കപ്പലിനെ കൊച്ചി വിട്ടുപോകാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. സി. ഉണ്ണികൃഷ്ണന്‍ വാദിച്ചത്. പട്ടാപ്പകല്‍ കേരള അതിര്‍ത്തിയില്‍ വെച്ച് രണ്ട് മലയാളികളെയാണ് ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കൊലപ്പെടുത്തിയതെന്നും ഈ കുറ്റകൃത്യത്തിന് അന്തര്‍ദേശീയ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിയില്‍ മറ്റ് നിയമപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.


കപ്പല്‍ കൊച്ചിവിട്ടാല്‍ കക്ഷികള്‍ക്ക് നഷ്ടപരിഹാരത്തുക ഈടാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഒരു സാധാരണ നഷ്ടപരിഹാരക്കേസായി ഇതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.


കേസിലുള്‍പ്പെട്ട നിയമപ്രശ്‌നങ്ങള്‍ കൂടി തിങ്കളാഴ്ച വിശദമായി കേള്‍ക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അതിനാലാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിവരെ തുറമുഖം വിട്ടുപോകാന്‍ കപ്പലിന് അനുമതി നല്‍കാത്തത്. ഒരു കോടി രൂപയെങ്കിലും ബാങ്ക് ഗാരണ്ടിയായി കെട്ടിവെക്കാന്‍ നിര്‍ദേശിക്കണമെന്നുള്ള ഹര്‍ജിക്കാരുടെ വാദം സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല. കൊല്ലപ്പെട്ട അജീഷ് പിങ്കുവിന്റെ സഹോദരി അഭിനയ സേവ്യര്‍ നല്‍കിയ നഷ്ടപരിഹാര കേസും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്.


കൊച്ചി തീരത്തുള്ള ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ തോക്കുകളുടെയും മറ്റും പരിശോധന ശനിയാഴ്ച നടക്കും. കപ്പല്‍ പുറങ്കടലില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി തുറമുഖട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തില്‍ എത്തിച്ചു. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക.

വെള്ളിയാഴ്ച ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശോധനയ്ക്കായി എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്തുനിന്ന് വിരലടയാള, ബാലിസ്റ്റിക് വിദഗ്ധരുടെ സംഘം പരിശോധനയ്ക്കായി കൊച്ചിയിലെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക