Image

ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 01 April, 2017
ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)
സനാതന ധര്‍മ്മം  ഉള്‍ക്കൊള്ളുന്ന   ഹിന്ദുമതത്തെ വൈകൃതമാക്കുന്ന തത്ത്വ സംഹിതകളാണ്  വിനായക് ദാമോദര്‍ സവര്‍ക്കര്‍  (Vinayak Damodar Savarkar) സ്ഥാപിച്ച ഹിന്ദുത്വയ്ക്കുള്ളത്.   യൂ.പി. മുഖ്യമന്ത്രിയും അമ്പല പൂജാരിയുമായ   ആദിത്യന്റെ വെറുപ്പില്‍നിന്നുമുണ്ടായ രാഷ്ട്രീയവും പ്രഭാഷണങ്ങളും  അതിനുള്ള തെളിവുകളാണ്. ആദിത്യ യോഗിയെന്ന കാവിവസ്ത്രധാരി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി പദമേറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് വീണടിഞ്ഞുവോയെന്നും തോന്നിപ്പോയി.   ഇന്ത്യയുടെ മതേതരത്വം കൈവെടിഞ്ഞുകൊണ്ട് ഇവിടം ഒരു ഹിന്ദുരാഷ്ട്രം കെട്ടിപൊക്കണമെന്ന മോഹങ്ങളായി നടക്കുന്നവര്‍! സവര്‍ണ്ണ മേധാവിത്വം രാജ്യത്തു പുനഃസ്ഥാപിക്കണമെന്നു ചിന്തിക്കുന്നവരാണ്.

ഹിന്ദുമതം ഒരു മതമല്ല മറിച്ച്  അനേക ഋഷിമാരാല്‍ എഴുതപ്പെട്ട ധര്‍മ്മിഷ്ട തത്ത്വങ്ങളടങ്ങിയ  ജീവിതത്തിലേക്കുള്ള ഒരു വഴികാട്ടിയാണ്. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന അനേകമനേകം ഋഷിമാരുടെ ചിന്തകളില്‍ നിന്നും രൂപം പ്രാപിച്ച  ധര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ അവരുടെ  ഗ്രന്ഥപ്പുരകളില്‍ നിറഞ്ഞിരിക്കുന്നു. ചരിത്രാതീത കാലം മുതല്‍ പൊതുവെ ഹിന്ദുക്കള്‍ നല്ലവരും സമാധാന പ്രിയരുമാണ്. പുറമെയുള്ള ശക്തികള്‍ ഇന്ത്യയെ ആക്രമിച്ച ചരിത്രമുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ മറ്റു മത വിഭാഗങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ പോയി ആക്രമിച്ച ചരിത്രമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും ഇന്ത്യാ ഭരിച്ചു. സത്യം, ധര്‍മ്മം, അഹിംസാ തത്ത്വങ്ങള്‍ പ്രായോഗിഗ  തലങ്ങളില്‍ വിശ്വസിച്ചിരുന്ന ഹിന്ദുക്കള്‍  പ്രതിരോധിച്ചതല്ലാതെ, അവരുടെ ഭരണം ഏറ്റുവാങ്ങിയതല്ലാതെ ശത്രുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടനയും നമുക്കുണ്ട്. നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഓരോ ഭാരതീയനും അഭിമാനിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ആ കാഴ്ചപ്പാട് ഹിന്ദുത്വയെന്ന പുതിയ മതത്തിന്റെ വരവോടെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മൗലിക ചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസ് എന്ന മതസംഘടനയുടെയും സ്വാധീനം വര്‍ധിച്ചതുമൂലം ഹിന്ദുമതത്തിലുണ്ടായിരുന്ന ധര്‍മ്മ ചിന്താഗതികള്‍ക്ക് പാളിച്ചകള്‍ സംഭവിച്ചു. പകരം ഹിന്ദുത്വ മതം അക്രമ ചിന്താഗതികള്‍ പ്രചരിപ്പിക്കുകയും ജനദ്രോഹ പരിപാടികള്‍ നടപ്പാക്കുകയും ചെയ്യുന്നു.

ഒരു പൂജാരി മുഖ്യമന്ത്രിയാകുന്നതും അദ്ദേഹത്തിന്റെ കഴിഞ്ഞകാല വര്‍ഗീയ ചിന്താഗതികളും അഹിന്ദുക്കളെയും ദളിതരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വര്‍ണ്ണാശ്രമ ധര്‍മ്മത്തിനു  വെളിയിലുണ്ടായിരുന്ന ഈഴവ ജാതി മുതല്‍ താഴോട്ടുള്ളവര്‍ ബ്രാഹ്മണ വൈഷ്ണവ ജാതികള്‍ക്കെതിരെ അവകാശങ്ങള്‍ക്കായി സമരം ചെയ്തവരാണ്. തീണ്ടലും തൊടീലും സഹികെട്ട വലിയൊരു ജനവിഭാഗം ഹൈന്ദവ മതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്ക് ചെക്കേറി.  വടക്കേ ഇന്ത്യയില്‍ ഇന്നും ദളിതരെ പച്ചയായി ചുട്ടു കരിക്കുന്ന കഥകളാണ് വാര്‍ത്തകളില്‍ വായിക്കുന്നത്. ഭാവിയില്‍ 'ഹിന്ദുത്വ' എന്ന പുതിയ മതസിദ്ധാന്തം  ബ്രാഹ്മണരൊഴിച്ചുള്ള  മറ്റുള്ളവര്‍ക്കും ഭീഷണിയാകുമെന്നു ചിന്തിക്കുന്നവരുമുണ്ട്.

യോഗി ആദിത്യ നാഥന്‍ ഉത്തര്‍ക്കണ്ഡിലെ പഞ്ചുര്‍ ഗ്രാമത്തില്‍ ഗര്‍വാള്‍ ഡിസ്ട്രിക്ടില്‍ 1972 ജൂണ്‍ അഞ്ചാം തിയതി ജനിച്ചു. ബാല്യത്തില്‍ 'അജയ് സിംഗ് ബിഷ്ട'നെന്നു വിളിച്ചിരുന്നു. അച്ഛന്‍ 'ആനന്ദ് സിംഗ് ബിഷ്ട്' വനം വകുപ്പ് ഓഫീസറായിരുന്നു. ഈ കുടുംബം രജപുത്രന്മാരുടെ പരമ്പരകളായി അറിയപ്പെടുന്നു. ഉത്തര്‍ഖണ്ഡിലുള്ള ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍  ബിരുദം നേടി. അയോദ്ധ്യാ ശ്രീ രാമ ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘടനയില്‍ ചേര്‍ന്നു. പിന്നീട് 1990ല്‍ വീട് വിട്ടിറങ്ങി. ഗോരഖ് നാഥ് മഠം അധിപന്‍ മഹന്ത് അവൈദ്യനാഥിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അവിടെ ആശ്രമ അന്തേവാസിയും പുരോഹിതനുമായി. അതിനുശേഷം 'യോഗി ആദിത്യനാഥ്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. യോഗി അവൈദ്യനാഥിന്റെ പിന്‍ഗാമിയായും തിരഞ്ഞെടുത്തു. പിന്നീട് അദ്ദേഹം സ്വന്തം നാട്ടില്‍ കൂടെക്കൂടെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. 1998ല്‍ ജന്മ നാട്ടില്‍  ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭൂരിപക്ഷം നേടിയതുകൊണ്ട് 2017 മാര്‍ച്ചുമുതല്‍ മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. വര്‍ഗീയത ഇളക്കി വിട്ടുകൊണ്ട് അതിതീവ്രമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചതും യോഗിയായിരുന്നു. 1998 മുതല്‍ അഞ്ചു പ്രാവിശ്യം തുടര്‍ച്ചയായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടു. 'യോഗി ആദിത്യന്‍' ഗോരഖ് പുര്‍ മഠത്തിലെ പ്രധാന മഠാധിപതി കൂടിയാണ്. അദ്ദേഹത്തിന്റെ ആത്മീയ ഗുരു മഹന്ത് അവൈദ്യനാഥ് 2014 സെപ്റ്റമ്പറില്‍ മരിച്ചു. അതിനുശേഷം ആ സ്ഥാനത്തേയ്ക്ക് ആദിത്യനെ തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹം പട്ടാളമുറയിലുള്ള 'ഹിന്ദു യുവ വാഹിനി'യെന്ന സംഘടനയുടെ സ്ഥാപകനാണ്. ഈ സംഘടന അനേക വര്‍ഗീയ ലഹളകള്‍ക്കും കാരണമായിട്ടുണ്ട്. കോടതി വിധികളെ തിരസ്‌ക്കരിച്ചുകൊണ്ടും നിയമം കൈകളിലെടുത്തുകൊണ്ടുമാണ് പ്രതിയോഗികളെ പലപ്പോഴും ഇവരുടെ മിലിറ്റന്റ് (Militant) സംഘടന അക്രമിക്കാറുള്ളത്.

ചതുര്‍ വേദങ്ങളില്‍ ഏകദൈവ വിശ്വാസങ്ങളാണുള്ളതെങ്കിലും  പുരാണങ്ങളും മനുവിയന്‍ തത്ത്വങ്ങളും പാലിക്കുന്നവര്‍ ജാതിയില്‍ കൂടിയവരെന്ന ചിന്തകളുമായി നടക്കുന്നവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സംഭവവികാസങ്ങളില്‍ കൂടുതലും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രങ്ങളുള്‍പ്പെട്ടതായിരുന്നു. ശ്രീ നാരായണഗുരുവും അയ്യങ്കാളിയും പല്‍പ്പുവും സഹോദരന്‍ അയ്യപ്പനും ഹൈന്ദവ മ്ലേച്ഛന്മാരുടെ മനോഭാവത്തിനെതിരെ വിപ്ലവം നടത്തി. ജനാധിപത്യത്തില്‍ മതവികാരങ്ങള്‍ വളര്‍ന്നാല്‍ അവിടം ഫാസിസമാകുമെന്നും മുസോളിനിയുടെ ഇറ്റലിയോ ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയോ ആവര്‍ത്തിക്കുമെന്നും ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എങ്കിലും ആദിത്യ നാഥിന്റെ  മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യപ്രകടനങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ആശ നല്‍കുന്നതാണ്. ഇത് അദ്ദേഹത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ കണക്കില്‍പ്പെടുത്തുമ്പോള്‍ 'കപടതയോ' 'ആത്മാര്‍ത്ഥതയോ' ഏതെന്നു നിശ്ചയമില്ല. 'ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം  വര്‍ഗീയതയെന്നുള്ള' വിവേകാനന്ദന്റെ ആപ്തവാക്യം ആദിത്യനെ  ബാധിക്കില്ലെന്നും ചിന്തിക്കാം.

മുഖ്യമന്ത്രിയായി ചാര്‍ജെടുത്ത ശേഷമുള്ള ആദിത്യനാഥിന്റെ അഴിമതിയ്‌ക്കെതിരെയുള്ള സുധീരമായ തീരുമാനങ്ങള്‍ അഭിനന്ദനീയമാണ്. കൈക്കൂലിയും കൈനീട്ടവുമായി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടു നടന്ന അഴിമതിക്കാരായ നൂറു പോലീസുദ്യോഗസ്ഥരെ ജോലിയില്‍നിന്നു പുറത്താക്കിയത്  ധീരമായ നടപടികളില്‍ ഒന്നായിരുന്നു. സാധാരണക്കാരെ സംബന്ധിച്ചടത്തോളം ആ വാര്‍ത്ത ആശ്വാസവും നല്‍കുന്നു. അഴിമതിക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നുള്ള അദ്ദേഹത്തിന്റെ  പ്രഖ്യാപനം നിലവിലുള്ള നിയമ വ്യവസ്ഥിതികളെ  നേരാംവണ്ണം ബലപ്പെടുത്തുമെന്നുള്ള സൂചനകള്‍ നല്‍കുന്നു.  സംസ്ഥാനത്തെ  പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്. 

രാജ്യത്ത് എന്തുതന്നെ പീഢനങ്ങളും കൊലപാതകങ്ങളും സംഭവിച്ചാലും അതിനുള്ള തെളിവുകള്‍ മുഴുവന്‍ നശിപ്പിക്കുന്നത് അഴിമതിയില്‍ പൂണ്ട പോലീസുകാരും അവരുടെ മേലുദ്യോഗസ്ഥരുമാണ്. കേരളത്തിന്റെ പശ്ചാത്തലം അവലോകനം ചെയ്താലും ജനമനഃസാക്ഷിയെ മുറിവേല്‍പ്പിച്ച അനേകമനേക ക്രൂരതയുടെ ചരിത്രങ്ങള്‍  തെളിഞ്ഞു വരുന്നത് കാണാം. ഇവിടം കമ്മ്യൂണിസവും കോണ്‍ഗ്രസ്സും മാറി മാറി ഭരിച്ചിട്ടും കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല. യു.പി.യില്‍ ആയിരക്കണക്കിന് ദളിതരെയാണ് സവര്‍ണ്ണ രാഷ്ട്രീയക്കാര്‍ വര്‍ഷംതോറും ചുട്ടുകരിക്കുന്നത്.  അവിടെ കൊലപാതക രാഷ്ട്രീയങ്ങള്‍ നിത്യ സംഭവങ്ങളുമാണ്.

ലക്‌നോവില്‍ സോണിയാ ഗാന്ധിയുടെ മണ്ഡലത്തില്‍ എട്ടുവര്‍ഷം മുമ്പ് ഒരു ദളിത യുവതി അതിദാരുണമാം വിധം ബലാല്‍സംഗത്തിനിരയായിരുന്നു. അതിനുശേഷം വര്‍ഷം തോറും അവര്‍ സവര്‍ണ്ണ മേധാവികളില്‍നിന്നും പീഢനങ്ങള്‍  ഏറ്റുകൊണ്ടിരുന്നു. ഈ വര്‍ഷവും അവരെ അതിക്രൂരതകള്‍ക്കിരയായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്! കൂട്ടബലാത്സംഗത്തിനും, തുടര്‍ച്ചയായ ആസിഡ് ആക്രമണങ്ങള്‍ക്കും ഇരയായ ദളിത് യുവതിയെ ലഖ്‌നൗ, കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചെന്നു സന്ദര്‍ശിച്ചു. നിരവധി തവണകള്‍ അവര്‍ ആസിഡ് ആക്രമണത്തിനു ഇരയായിരുന്നു. കഴിഞ്ഞ ഭരണകൂടങ്ങള്‍ ഒരിക്കലും  കുറ്റക്കാര്‍ക്കെതിരെ കേസുകളെടുക്കാന്‍ തയ്യാറായിരുന്നില്ല. യോഗി ഒരു ലക്ഷം രൂപയുടെ ചെക്ക് അവരുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. നീണ്ട എട്ടു വര്‍ഷത്തെ യുവതിയുടെ യാതനകള്‍ക്കു ശേഷം നാളിതുവരെ മറ്റാരില്‍നിന്നും കിട്ടാതിരുന്ന സഹായം മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിച്ചത് തികച്ചും മാനുഷിക പരിഗണനകള്‍ തന്നെയായിരുന്നു.

കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടികളെടുക്കാനും ആജ്ഞാപിച്ചു. എത്രയും വേഗം അവരെ പിടികൂടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് ഈ വിഷയത്തില്‍ ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഇക്കാലമത്രയും കുറ്റവാളികള്‍ യാതൊരു ശിക്ഷണ നടപടികളുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു. യോഗിയുടെ ഉത്തരവിനെ തുടര്‍ന്ന് പോലീസന്വേഷണം ആരംഭിച്ചു. നേരത്തെ ആക്രമിച്ച സംഘങ്ങള്‍ തന്നെയാണ് അടുത്ത കാലത്തും അവരെ ആക്രമിച്ചത്. ഏതോ ദ്രാവകം ബലമായി അവരെ കുടിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങളില്‍ അധികൃതര്‍ ഒരിക്കലും ചെറുവിരല്‍ പോലും അനക്കിയിട്ടുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി മോദിയുടെ കേന്ദ്രത്തിലെ  പദ്ധതികള്‍ യൂ.പി.യിലും നടപ്പാക്കുമെന്ന്  അദ്ദേഹം  വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ മതമോ വര്‍ഗ്ഗമോ വര്‍ണ്ണ ചിന്തകളോ ഉണ്ടായിരിക്കില്ലാന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും അഹിന്ദുക്കള്‍ക്ക് ആശ്വാസം നല്‍കുന്നു. 'ഒരു പ്രത്യേക സമൂഹത്തെയോ സമുദായത്തെയോ പ്രീതിപ്പെടുത്തുന്ന നയങ്ങളും ഉണ്ടായിരിക്കില്ല. സ്ത്രീകളുടെ സുരക്ഷിതത്തിനും ജോലിക്കും പ്രാധാന്യം നല്‍കും. ഗുണ്ടാ വിളയാട്ടം, അഴിമതികള്‍, സര്‍ക്കാരിന്റെ ചുവപ്പുനാടകള്‍ മുതലായവകള്‍ അവസാനിപ്പിക്കും. രാജ്യത്തിലെ അരാജകത്വവും രാഷ്ട്രീയ കുഴപ്പങ്ങളും ഇല്ലാതാക്കും. നിയമരാഹിത്യവും അനുവദിക്കില്ല'. ഇങ്ങനെ രാജ്യധര്‍മ്മത്തിനായുള്ള മൗലിക ചിന്തകള്‍ അദ്ദേഹത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഭാരതത്തിന്റെ ഹൃദയസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇനിമുതല്‍ നീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം സ്ഥാപിക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജാതിയോ, മതമോ, രാഷ്ട്രീയമോ വിത്യാസമില്ലാതെ എല്ലാവരും ഇന്ത്യക്കാരെന്ന കാഴ്ചപ്പാടില്‍ ഭരണം നടപ്പാക്കുമെന്നും പറഞ്ഞു. തുല്യനീതിയും തുല്യനിയമവും തന്റെ ഭരണത്തിന്റെ സവിശേഷതകളായിരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പ്ലാറ്റ്‌ഫോറങ്ങള്‍ പങ്കിട്ടിരുന്ന സമയങ്ങളില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഹിറ്റ്‌ലറിന്റെയും മുസോളിനിയുടെയും ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്.  അധികാരം ലഭിച്ച നാളുമുതല്‍ അദ്ദേഹത്തില്‍ ഒരു പാകത നിറഞ്ഞ രാഷ്ട്രീയക്കാരനെയും നിരീക്ഷകര്‍ കാണുന്നു.

ഉത്തര്‍ പ്രദേശം മുഴുവന്‍ തെരുവുകളില്‍ പ്രേമിച്ചു നടക്കുന്നവര്‍ക്കെതിരെ 'ആന്റി റോമിയോ' സ്‌ക്വാഡ് (Anti Romeo squad)രൂപീകരിച്ചു. പരസ്പ്പര സമ്മതത്തോടെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വഴിയേ പ്രേമിച്ചുനടക്കാനും ബുദ്ധിമുട്ടാവും. സ്ത്രീകള്‍ക്ക് തെരുവുകള്‍ സുരക്ഷിതമാക്കാനുള്ള പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. ഏതു പാതിരാത്രിക്കും സ്ത്രീകള്‍ക്ക് പേടിക്കാതെ നടക്കാമെന്നും ആദിത്യ പറയുന്നു. നിയമവിരുദ്ധമായി നടത്തുന്ന കന്നുകാലികളുടെ അറവുശാലകള്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം നിരോധിച്ചു. ഗോക്കളെ കള്ളക്കടത്തു നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷണ നടപടികള്‍ നടപ്പാക്കി. ടുബാക്കോ, പാന്‍ എന്നിവകള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിരോധിച്ചു. ഒരോ ജോലിക്കാരും വര്‍ഷത്തില്‍ 100 മണിക്കൂര്‍ സ്വച്ഛ ഭാരതത്തിനായി യത്‌നിക്കാന്‍ പ്രതിജ്ഞ ചെയ്യണമെന്നും നിര്‍ദേശിച്ചു.

2005ല്‍ ആദിത്യ യോഗിയുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികളെ ശുദ്ധികലശം നടത്തി ഹിന്ദു മതത്തിലേക്ക്  മതം മാറ്റാനുള്ള യജ്ഞം ആരംഭിച്ചു.  ഉത്തര്‍പ്രദേശിലെ എട്ടായില്‍ ഒരു തവണ 1800 ക്രിസ്ത്യാനികളെ മതം മാറ്റി. ഉത്തര്‍പ്രദേശിനെ പൂര്‍ണ്ണമായും ഹിന്ദു സംസ്ഥാനം ആക്കുന്നവരെ തനിക്കു വിശ്രമമില്ലെന്നാണ് ആദിത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മദര്‍ തെരേസായെ അദ്ദേഹം വെറുത്തിരുന്നു. ദാരിദ്ര്യം മുതലെടുത്ത് ദരിദ്രരായ ഹിന്ദുക്കളെ മതം മാറ്റുകയെന്നത് അവരുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്കു വേണ്ടിയിരുന്നത് ദരിദ്രരെയല്ല ദാരിദ്ര്യമായിരുന്നുവെന്നും പറഞ്ഞു. പാര്‍ലമെന്റ് മെമ്പറും അമ്പലപൂജാരിയുമായ ആദിത്യന്റെ മുഖ്യമന്ത്രിപദം തികച്ചും അയാളുടെ ഇസ്‌ലാമിയ ക്രിസ്തീയ വിരോധത്തില്‍നിന്നും നേടിയെടുത്തതായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശില്‍ ഒരു മുസ്ലിം യുവാവ് പശുവിനെ കൊന്നതിന് വര്‍ഗീയവാദികള്‍ അയാളെ പച്ചയോടെ പിച്ചിക്കീറി. ആ മനുഷ്യന്റെ കുടുംബത്തെ മുഴുവനും കുറ്റക്കാരാക്കിക്കൊണ്ട് കേസ് കൊടുക്കണമെന്നാണ് ആദിത്യനും അയാളുടെ അനുയായികളും അന്നു പറഞ്ഞത്. യൂ.പി. യെ ഒറ്റ മുസ്ലിമില്ലാത്ത സ്വതന്ത്ര സംസ്ഥാനമാക്കാമെന്നാണ് അയാള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പുപ്രചരണങ്ങള്‍ നടത്തിയിരുന്നത്. ദളിതര്‍ക്ക് മോഹനങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് വോട്ടു ബാങ്കില്‍ നേട്ടങ്ങള്‍ കൊയ്തു.  നിരുത്തരവാദപരങ്ങളായ പ്രസ്ഥാനവനകളുമായി വോട്ടുകളില്‍ക്കൂടി അധികാരം പിടിച്ചെടുത്ത ആദിത്യന്‍ ഭരണത്തിലും അങ്ങനെയുള്ള ചിന്തകള്‍ തുടര്‍ന്നാല്‍ രാജ്യം അരാജകത്തിലാകുമെന്നും ബോധ്യപ്പെട്ടുവരുന്നു.

2007 ജനുവരിയില്‍ ഹിന്ദു മുസ്ലിം ലഹളയില്‍ അപകടപ്പെട്ട 'രാജ് കുമാര്‍ അഗ്രഹാരി' എന്ന ഒരു ഹിന്ദു യുവാവിനെ ഗുരുതരമായ പരിക്കുപറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പ്രകോപനപരമായ അന്തരീക്ഷം ഉണ്ടാകാതിരിക്കാന്‍ സ്ഥലത്തെ മജിസ്‌ട്രേറ്റ് ആദിത്യനെ അവിടം സന്ദര്‍ശിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു. ആദ്യം അദ്ദേഹം സമ്മതിച്ചെങ്കിലും അഗ്രഹാരിയുടെ മരണശേഷം മജിസ്‌ടേറ്റിന്റെ ഉത്തരവിനെ വകവെക്കാതെ ഒരു കൂട്ടം അനുയായികളുമായി അവിടേയ്ക്ക് യാത്ര ചെയ്തു. ആദിത്യനും അനുയായികളും അഗ്രഹാരിയുടെ മരണത്തില്‍ വികാരഭരിതരായി  സത്യാഗ്രഹം ആരംഭിച്ചു.  പ്രകോപനപരമായ പ്രസംഗം ചെയ്യുകയും അദ്ദേഹത്തിന്റെ അനുയായികള്‍ സമീപത്തുള്ള ഒരു മുസ്ലിം പള്ളി തീ വെച്ച് നശിപ്പിക്കുകയുമുണ്ടായി. പോലീസ് അവിടെ കര്‍ഫ്യു ഏര്‍പ്പെടുത്തി. ആദിത്യന്‍ നിയമം ലംഘിക്കുകയും പോലീസ് ഉടനടി  അറസ്റ്റ് ചെയ്യുകയുമുണ്ടായി. സമാധാന ലംഘനത്തിന് ഇരുപത്തിനാല് മണിക്കൂറുകള്‍ ജയിലില്‍ ഇട്ടു. അദ്ദേഹത്തിന്റെ അറസ്റ്റ് നാടു മുഴുവന്‍ പ്രത്യാഘാതത്തിനു കാരണമായി. മുംബൈ ഗോരഖ്പൂര്‍ ട്രെയിനിന്റെ അനേക കോച്ചുകള്‍ 'ഹിന്ദു യുവ വാഹിനികള്‍' കത്തിച്ചു നശിപ്പിച്ചു. അറസ്റ്റിനുശേഷം ഡിസ്ട്രിക്റ്റ് ജഡ്ജിയെയും സ്ഥലത്തെ പോലീസ് ചീഫിനെയും സ്ഥലം മാറ്റം നടത്തിയിരുന്നു. ഗോരഖ്പൂര്‍ മുഴുവന്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. മോസ്‌ക്കുകളും ഭവനങ്ങളും, ബസുകളും ട്രെയിനും ലഹളക്കാര്‍ കത്തിച്ചു. അദ്ദേഹം ജയില്‍ വിമുക്തനായശേഷം പാര്‍ലമെന്റിലും പ്രതിഷേധങ്ങളുണ്ടായിരുന്നു.

2011 മാര്‍ച്ചില്‍ ഒരു ഡോക്യുമെന്ററി ഫിലിമില്‍ ഹിന്ദുമത മൗലിക വാദിയായ ആദിത്യനാഥനെ സമുദായ മൈത്രി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും റാലികള്‍ സംഘടിപ്പിക്കുന്നതിലും വിമര്‍ശിക്കുന്നുണ്ട്. ആദിത്യനാഥന്‍ സന്നിഹിതനായിരുന്ന  ഒരു സ്‌റ്റേജിലെ മറ്റൊരു പ്രാസംഗികന്റെ  വെറുപ്പിന്റെ പ്രസംഗം  വിവാദപരവും ക്രൂരവുമായിരുന്നു. മുസ്ലിം സ്ത്രീകളുടെ ശവങ്ങള്‍ കുഴിമാടത്തില്‍ നിന്നുപോലും മാന്തി പുറത്തെടുത്ത് ലൈംഗിക ഭോഗത്തിലേര്‍പ്പെടണമെന്ന് സ്‌റ്റേജിലുണ്ടായിരുന്ന ഒരുവന്‍ പ്രസംഗിച്ചതും കോളിളക്കം സൃഷ്ടിച്ചിരുന്നു.   അയാളുടെ പ്രസംഗം സോഷ്യല്‍ മീഡിയാകളില്‍ വൈറലാവുകയും ചെയ്തു. 2014ല്‍ പുറത്തുവന്ന യൂട്യൂബില്‍ ആദിത്യന്റെ വര്‍ഗീയ വിദ്വേഷം  നിറഞ്ഞ ഒരു പ്രസംഗം ശ്രവിക്കാന്‍ സാധിക്കും. 'ഒരു ഹിന്ദുവായ  പെണ്‍കുട്ടിയെ ഒരു മുസ്ലിം വിവാഹം ചെയ്യുകയാണെങ്കില്‍ നൂറു മുസ്ലിം യുവതികളെ ഹിന്ദുക്കളാക്കി വിവാഹം ചെയ്യണമെന്നു' അദ്ദേഹം പറഞ്ഞു. അവര്‍ ഒരു ഹിന്ദുവിനെ കൊല്ലുന്നുവെങ്കില്‍ നാം നൂറു മുസ്ലിമുകളെ വധിക്കണമെന്നും അതേ വീഡിയോയില്‍ പറയുന്നുണ്ട്.

യോഗ പ്രാക്റ്റീസ് ചെയ്യാന്‍ ആഗ്രഹമില്ലാത്തവര്‍ ഇന്ത്യ വിടണമെന്നും ആഹ്വാനം ചെയ്തു.  സുപ്രിസിദ്ധ നടന്‍ ഷാരൂഖാനെ പാകിസ്ഥാനിലെ ഒരു ഭീകരനായ 'ഹഫീസ് സായിദ്‌നോടും ഉപമിച്ചു.  'ഷാരൂഖാനെ ഒരു താരമാക്കിയത് രാജ്യത്തിലെ ഭൂരിഭാഗം ജനമെന്നും അവരെല്ലാം ഒത്തുചേര്‍ന്നുകൊണ്ട് ഷാരൂഖാന്റെ സിനിമ ബോയ്‌ക്കോട്ട് ചെയ്യുന്നുവെങ്കില്‍ അയാള്‍ പിന്നെ തെരുവില്‍ക്കൂടി നടക്കേണ്ടി വരുമെന്നും' ആദിത്യന്‍ പറഞ്ഞു. അറബി നാടുകളിലും ഗള്‍ഫ് മേഖലകളിലുമുള്ള തൊഴിലുടമകള്‍ രാജ്യത്തുനിന്നും  ഹിന്ദുക്കളെ നീക്കം ചെയ്താലുള്ള ഒരു സ്ഥിതിവിശേഷത്തെപ്പറ്റി ശ്രീ ആദിത്യനാഥ് ചിന്തിച്ചിട്ടുണ്ടോ? താങ്കള്‍ പറയുന്ന ഒരു ഷാരൂഖാന്‍ തെരുവില്‍ നടന്നേക്കാം. ഗള്‍ഫ് നാടുകളില്‍ മുസ്ലിമുകളുടെ ഔദാര്യ മനസ്ഥിതിയില്ലായിരുന്നെങ്കില്‍  എത്രയായിരം ഹിന്ദു ജനങ്ങള്‍ തെരുവുകളില്‍ക്കൂടി അലയുമായിരുന്നുവെന്ന സത്യം മനസിലാക്കാനുള്ള കഴിവ് ശ്രീ യോഗി ആദിത്യനില്ലാതെ പോയി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയും ആദിത്യനും രണ്ടു ഭിന്ന ധ്രുവങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സമയാസമയങ്ങളില്‍ ആശയപരമായി അവര്‍ ഇരുവരും ഐക്യപ്പെടാറുണ്ട്.  2002ല്‍ നടന്ന ഗുജറാത്ത് കലാപം മോദിയെ ദേശീയ രാഷ്ട്രീയത്തിലും സ്വന്തം പാര്‍ട്ടിയിലും പ്രസിദ്ധനാക്കി. ആദിത്യന്‍ പാര്‍ട്ടിയില്‍ പ്രസിദ്ധനല്ലായിരുന്നെങ്കിലും അദ്ദേഹവും ജന പ്രിയനായി അറിയപ്പെട്ടു കഴിഞ്ഞു.   കാരണം, രണ്ടുപേരും ഹിന്ദുത്വയുടെ വക്താക്കളും പശുവിനെ അമ്മയായി കരുതുന്നവരും അയോദ്ധ്യായില്‍ രാമക്ഷേത്രം പണിയണമെന്ന് ചിന്തിക്കുന്നവരുമാണ്. മുസ്ലിമുകളെ വെറുപ്പിച്ചുകൊണ്ടു രണ്ടുപേരും അധികാരം നേടുകയും ചെയ്തു. അയോദ്ധ്യാ പ്രശ്!നം വടക്കേ ഇന്ത്യയിലുള്ള ഓരോ  ഹിന്ദുവിന്റെയും മനസുകളില്‍ ആളിക്കത്തുന്ന ഒരു വിഷയമാണ്. അതുപോലെ പശുവിനോടുള്ള അത്യഗാധമായ ആരാധന വിദ്യാഹീനരായ ഹിന്ദുക്കളില്‍ മേലെക്കിടയിലുള്ള ഹിന്ദുക്കള്‍ കുത്തി നിറച്ചു. ഭൂരിഭാഗം ജനങ്ങളും പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. മോദിയുടെ കറന്‍സി റദ്ദാക്കല്‍ (ഡീമോണിറ്റഷന്‍) പദ്ധതികള്‍ക്കും ആദിത്യന്റെ പിന്തുണയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് 'മോദിക്കണോമിസ്' ശക്തി നല്‍കുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ആദിത്യനാഥും ബി.ജെ.പി യും തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു.  എങ്കിലും ആദിത്യനാഥ് സ്വാധീനമുള്ള രാഷ്ട്രീയക്കാരനായതിനാല്‍ ബി.ജെ.പി. വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് സൗമ്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.  ഏതാനും വര്‍ഷങ്ങളായി ബിജെപി യുമായി ആദിത്യനാഥിന് നല്ല ബന്ധമുണ്ടായിരുന്നില്ല. ഹിന്ദുത്വ വിഭാവന ചെയ്ത ആശയങ്ങളില്‍നിന്ന് ബി.ജെ.പി. വ്യത്യസ്തങ്ങളായി പ്രവര്‍ത്തിക്കുന്നതിനാല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. 'ഹിന്ദു യുവ വാഹിനി'യുടെയും ഗോരഖ് പുര്‍ മഠത്തിന്റെയും  പിന്തുണ ബലത്തോടെ  ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ടകളെ അദ്ദേഹം അംഗീകരിക്കില്ലായിരുന്നു. ബിജെപി അദ്ദേഹത്തെ ശ്രദ്ധിക്കാതെ വന്നപ്പോള്‍ അവരുടെ പാര്‍ട്ടിയുടെ  ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തുടങ്ങി. ഉദാഹരണമായി 2002ല്‍ ഗോരഖ് പുരില്‍ ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ഥി രാധ മോഹന്‍ ദാസ് അഗര്‍വാള്‍നെ ബി.ജെ.പി യ്ക്ക് എതിരായി മത്സരിപ്പിച്ചു. ആദിത്യന്റെ നിലപാടുമൂലംക്യാബിനറ്റ് മന്ത്രിയായിരുന്ന  ബിജെപി യുടെ സ്ഥാനാര്‍ഥി 'ശിവ് പ്രതാപ് ശുക്ല'  ദയനീയമായി പരാജയയപ്പെടുകയുമുണ്ടായി. എതിര്‍പ്പുകളും ആശയസംഘട്ടനങ്ങളും സാധാരണമെങ്കിലും ആദിത്യ ബിജെപി നേതാക്കന്മാരുമായി നല്ല ബന്ധത്തിലാണ് കഴിയുന്നത്. സുപ്രധാനങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്ന സമയം എല്‍.കെ.അദ്വാനിയും രാജേന്ദ്ര സിങ്ങും അശോക സിങ്ങും അദ്ദേഹത്തെ വ്യക്തിപരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.

ആദിത്യ നാഥ്, ഡൊണാള്‍ഡ് ട്രംപിന്റെ വലിയ ആരാധകനാണ്. ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിരോധിച്ചതില്‍ അദ്ദേഹം ട്രംപിനെ അഭിനന്ദിക്കുന്നുണ്ട്. ഭീകരതയെ തടയാന്‍ ഇന്ത്യയും അതേ വഴികള്‍ തുടരണമെന്നാണ് ആദിത്യന്‍ ആഹ്വാനം ചെയ്തത്. ഇന്ത്യയ്ക്ക് മുസ്ലിം രാജ്യങ്ങള്‍ ഓയില്‍ നല്കില്ലെന്നു തീരുമാനിച്ചാല്‍ ആദിത്യന്റെ വിഷം ചീറ്റുന്ന ഇത്തരം ചിന്തകളും വാക്കുകളും നിര്‍വീര്യമാകും.

മതമെന്നു പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്നു കാറല്‍ മാര്‍ക്‌സ് പറഞ്ഞിരുന്നു. അത് ഇന്ത്യയെ സംബന്ധിച്ച് സത്യമല്ലെന്നാണ് ആദിത്യന്റെ അഭിപ്രായം. എങ്കിലും ജനാധിപത്യത്തില്‍, മതത്തിന്റെ വിഷം കലര്‍ത്താതെ ഒരു പാര്‍ട്ടിക്കും നിലനില്‍ക്കാന്‍ സാധിക്കില്ലെന്നുള്ളതും  സത്യങ്ങളാണ്.  മതത്തിന്റെ രക്ഷകരെന്നു പ്രഖ്യാപിച്ചുകൊണ്ട് വാസ്തവത്തില്‍ അവര്‍ ഹിന്ദുമതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പശുവാണ് അവരുടെ പരിശുദ്ധ ദൈവമെങ്കില്‍ ആയിക്കൊള്ളട്ടെ, വിരോധമില്ല. പശുവിന്റെ ഇറച്ചി നിങ്ങള്‍ തിന്നരുത്. കാരണം അത് നിങ്ങളുടെ ദൈവം മാത്രം. എന്നാല്‍ പശു ഹിന്ദുക്കള്‍ അല്ലാത്തവരുടെ ദൈവമല്ല. സനാതന ധര്‍മ്മത്തിലെ വേദങ്ങളുടെ ദൈവമല്ല. പശുവിന്റെ ചാണകവും മൂത്രവും ദിവ്യ ഔഷധങ്ങളായി കരുതാന്‍ അഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ട്. മുസ്ലിമുകളും ക്രിസ്ത്യാനികളും കാളയിറച്ചിയും പശുവിറച്ചിയും തിന്നരുതെന്നു പറയാന്‍ നിങ്ങള്‍ക്കെന്തവകാശം? പശുവിനെ കൊന്നാല്‍ ജീവപര്യന്തം. മനുഷ്യനെ കൊന്നാല്‍ ഒന്നുമില്ല. അത് കിരാത യുഗത്തിലെ അപരിഷ്‌കൃത മനുഷ്യരുടെയും ഇന്നത്തെ കാവിവസ്ത്ര ധാരികളുടെയും മതമൗലിക വാദികളുടെയും ചിന്തകളാണ്. അറവു ശാലകള്‍ അടച്ചുപൂട്ടിയവഴി ആയിരക്കണക്കിന് മുസ്ലിമുകളും ഹിന്ദുക്കളും തെരുവുകളില്‍ പട്ടിണിയായി കഴിയുമ്പോള്‍ ആദിത്യ യോഗി പശുക്കളെ തീറ്റിയും കുരങ്ങന്മാരെ കൊഞ്ചിച്ചും നീറോയുടെ അതേ വീണ വായിച്ചുകൊണ്ടിരിക്കുന്നു.



ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
anti-RSS 2017-04-11 14:46:31
The RSS-BJP people have to support Aditya nath. What else can they do? When Tarun Vijay said racist comments, they keep quiet. What else can they do? Thye say it was slip of tongue
Only upper castes, north Indians have a place in the scheme of RSS ideology
Joseph 2017-04-11 13:55:22
മുഖ്യമന്ത്രിയായുള്ള ആദിത്യന്റെ ഭരണം വിലയിരുത്തുമ്പോൾ വെറും സാമാജികനായുള്ള ആദിത്യനുമായി തികച്ചും വ്യത്യസ്തനായ മറ്റൊരാളിനെയാണ് അവിടെ കാണുന്നത്. ഒരു പക്ഷെ വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇല്ലാത്തതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു അഭിപ്രായം എനിക്കുണ്ടായത്. യു.പി.യിൽ നിന്നുള്ള വാർത്തകൾ കേൾക്കുമ്പോൾ യോഗി ആദിത്യനോട്‌ ആദരവും  വരുന്നു. അദ്ദേഹത്തെപ്പറ്റി പ്രതികൂലമായ വാദങ്ങൾ പലതുമുണ്ടെങ്കിലും നല്ല കാര്യങ്ങളെ നാം അംഗീകരിക്കണം. 

ഒരു ഭരണാധികാരി ആദ്ധ്യാത്മിക ചിന്തകനായിരിക്കണമെന്ന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. വർണ്ണ ജാതികളാൽ തുടർച്ചയായി ആക്രമിക്കപ്പെട്ടിരുന്ന ഒരു ദളിത യുവതിയെ ഹോസ്പിറ്റലിൽ സന്ദർശിച്ചതും അവർക്കു വേണ്ട സാമ്പത്തിക പരിരക്ഷണവും നിയമ പരിപാലനവും നൽകിയതും അദ്ദേഹത്തിലെ ഒരു നല്ല മനുഷ്യനെ കാണാൻ സാധിച്ചു. അദ്ദേഹം, മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു മാസത്തെ ഭരണത്തിൽനിന്നും ഒരു വർഗീയ വാദിയല്ലെന്നും തെളിയിച്ചു. ലൈസൻസില്ലാത്ത അറവു ശാലകളാണ് നിർത്തൽ ചെയ്തത്. കൈക്കൂലി മേടിക്കുന്ന പോലീസുകാരെയും അഴിമതിക്കാരെയും താക്കീത് കൊടുക്കുകയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്യുന്നു. 

പെരുമഴയത്തും ഗ്രാമത്തിൽക്കൂടി ഇറങ്ങി സഞ്ചരിച്ചും അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. സമയം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ആ ദിവസത്തെ ശമ്പളം തടഞ്ഞു വെക്കുന്നു. പല ഓഫിസുകളും മിന്നൽ പരിശോധന നടത്തി അഴിമതിക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നു.  ഏ.സിയും ഫാനും അനാവശ്യമായി ഓഫീസുകളിൽ ഉപയോഗിക്കുന്നവരെ പിടി കൂടുന്നു. കോളേജുകളിൽ പഠിക്കുന്നവർ മാന്യമായ വേഷങ്ങൾ ധരിക്കാൻ നിയമമാക്കി. സർവ്വകലാശാലകളിൽ ജീൻസ് നിരോധിച്ചു. 

മൃഗങ്ങളോടും മരങ്ങളോടും അദ്ദേഹത്തിന് പ്രത്യേകമായ സ്നേഹമുണ്ട്. ആദിത്യൻ നല്ലയൊരു പ്രകൃതി സ്നേഹിയാണ്. പല വിധ ആയുർവേദ മെഡിസിൻ ചെടികൾ അദ്ദേഹത്തിൻറെ ആശ്രമത്തിനു ചുറ്റും നട്ടു വളർത്തിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ വികസനത്തിന് വനസമ്പത്തും മൃഗ സമ്പത്തും ആവശ്യമെന്നും ശ്രീ ആദിത്യ വിശ്വസിക്കുന്നു. യൂ. പി. യിൽ അഴിമതിയെ വെറുക്കുന്ന കറ പുരളാത്ത ഒരു മുഖ്യ മന്ത്രിയെ കിട്ടിയതിൽ യൂ.പി.ക്കാർക്ക് അഭിമാനിക്കാം.

കേരളത്തിലെ അഴിമതി രാഷ്ട്രീയക്കാർക്ക് പല കാര്യങ്ങളും അദ്ദേഹത്തിൽനിന്ന് പഠിക്കാൻ സാധിക്കും. രാഷ്ട്രീയ കാഴ്ചപ്പാടിൽ ചിന്തിക്കാത്തവർക്ക് ആ മനുഷ്യനിൽ നന്മകൾ ധാരാളം കാണാൻ സാധിക്കും.
Pothulla 2017-04-11 18:18:04
 ബി ജെ പി ക്രിസ്ത്യാനിയും ആർ എസ് എസ്സ് ക്രിസ്ത്യാനിയും ഒന്നിച്ചു ഇറങ്ങിയത് കണ്ടോ ? അന്ത്രൂസും അന്തപ്പനും ഒക്കെ മിണ്ടാതിരിക്കുന്നു. അവസാനം ഒരു കഷ്ണം ഇറച്ചി തിന്നാതെ ചാവേണ്ടി വരുമോ എന്റെ ഗീവറീത് പുണ്ണ്യാളാ. മാത്തുള്ള അണ്ണാ കാപ്പാത്തുങ്കോ 
Just a Reader 2017-04-12 06:08:00
He has a 'Mongoloid' look. If he is willing to take a genomic test, it may show that he has more mongloid DNA than the so called 'Savarna' DNA. Who he is trying to fool these days...?That is same the case with a lot of North Indian so called savarnas........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക