Image

മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു

Published on 31 March, 2017
മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു
കൊച്ചി: മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു. അവളുടെ സിവില്‍ സര്‍വീസ് പ്രതീക്ഷകള്‍ക്ക് താങ്ങായി, തണലായി ഒപ്പമുണ്ടാകുമെന്നും പ്രഖ്യാപിച്ചു മലയാളിയുടെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍. കൈരളി ടിവിയുടെ ജ്വാല പുരസ്‌കാരം നേടിയ മാളു ഷെയ്കയുടെ തുടര്‍പഠനത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്നു മമ്മൂട്ടി പൊതുവേദിയില്‍ പ്രഖ്യാപിച്ചു. ജ്വാല പുരസ്‌കാരദാന ചടങ്ങായിരുന്നു വേദി. മമ്മൂട്ടി തന്നെ വാര്‍ത്തകളില്‍ നിന്നും തെരഞ്ഞെടുത്ത് പുരസ്‌കാരത്തിനായി നിര്‍ദേശിച്ച പേരാണ് മാളു ഷെയ്ക്ക എന്ന 21 കാരിയുടേത്.

മാളു ഷെയ്ക്ക. കെട്ടുകഥ പോലൊരു ജീവിതത്തിനുടമയാണ് അവള്‍. ഫെബ്രുവരി 20 ന് വേമ്ബനാട്ട് കായല്‍ നീന്തിക്കടന്ന ആദ്യ പെണ്‍കുട്ടിയായി മാറിയപ്പോഴാണ് മലയാളി ഇവളെ അറിഞ്ഞത്.

പക്ഷേ ആരും നീന്തിക്കയറാത്ത ദുരിതജീവിതത്തിന്റെ കരകാണാക്കടല്‍ ഏകാകിയായി നീന്തിക്കടന്നവളാണ് അവളെന്ന് എത്ര പേര്‍ക്കറിയാം. അച്ഛനും അമ്മയും വേര്‍പിരിയുന്നത് മൂന്നാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ കാണേണ്ടി വന്നവള്‍. കുട്ടിയായ ചേട്ടന്‍ അനാഥാലയത്തിലേക്കു പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നവള്‍.

പതിനാറാം വയസ്സില്‍ അവളുടെ പഠനം മുടങ്ങി. പിന്നാലെ നിര്‍ബന്ധിത വിവാഹത്തിനു വഴങ്ങേണ്ടി വരുമെന്നായപ്പോള്‍ ആലുവ പുഴയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു. ആരോ അന്നു പിന്തിരിപ്പിച്ചത് കൊണ്ടു മാത്രം അവള്‍ ജീവിതത്തിലേക്കു തിരികെ വന്നു. പിന്നെ ജീവിക്കാന്‍ ഹോട്ടല്‍ ജോലിക്കാരിയായി. ഓട്ടോ ഡ്രൈവര്‍, ലോറി ഡ്രൈവര്‍, ഡ്രൈവിംഗ് പരിശീലക അങ്ങനെ ഒട്ടേറെ വേഷങ്ങള്‍ അവള്‍ കെട്ടിയാടി ഈ ഇരുപത്തിയൊന്നു വയസ്സിനിടയ്ക്ക്. നന്നേ ചെറുപ്രായം മുതല്‍ പണിയെടുത്ത് പഠിക്കുകയും ജീവിക്കുകയും ചെയ്തു അവള്‍.

ഇപ്പോള്‍ ബിരുദധാരി. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. സിവില്‍ സര്‍വീസാണ് മാളുവിന്റെ സ്വപ്നം. കൈരളി ടിവിയുടെ ജ്വാല അവാര്‍ഡ് വേദിയില്‍ മാളുവിന്റെ ജീവിത വഴികള്‍ വരച്ചുകാട്ടിയ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അമ്ബരപ്പോടെ ശ്വാസം അടക്കിപ്പിടിച്ചാണ് സദസ്സ് കണ്ടിരുന്നത്. പുരസ്‌കാരം സ്വീകരിക്കാന്‍ മാളു വേദിയിലേക്ക് നടന്നു കയറിയപ്പോള്‍ ഏതോ അദൃശ്യശക്തിയുടെ പ്രേരണ എന്നപോല്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു. വേദിയില്‍ മമ്മൂട്ടി, മന്ത്രി എ.സി മൊയ്തീന്‍, ജോണ്‍ ബ്രിട്ടാസ്, മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍.

ആശ്ലേഷിച്ചു കൊണ്ട് മമ്മൂട്ടി അവളെ വേദിയിലേക്ക് സ്വീകരിച്ചു. നിറകണ്ണുകളോടെ അവള്‍ മമ്മൂട്ടിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. ആരെയും അമ്ബരിപ്പിക്കുന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു മറുപടി പ്രസംഗത്തിലെ വാക്കുകള്‍. എന്റെ സ്വപ്നം ഐഎഎസ് ഉദ്യോഗസ്ഥയാകാനാണ്. എന്നെ പോലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുന്ന ഒരു ഐഎഎസ് ഒഫീസര്‍. നിറഞ്ഞ കരഘോഷത്തോടെ സദസ്സ് അതിനെ പിന്തുണച്ചു.
മമ്മൂട്ടിയുടെ വക ഒരു പ്രഖ്യാപനം ഉണ്ടെന്ന മുഖവുരയോടെ ജോണ്‍ ബ്രിട്ടാസ് മൈക്കിനടുത്തേക്ക്.

 മാളുവിന്റെ തുടര്‍ വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചിലവും അതെത്ര വലുതായാലും മമ്മൂട്ടി വഹിക്കും. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ ഉടന്‍ കൈമാറും. സദസ്സ് ഇളകി മറിഞ്ഞു. നീണ്ട കരഘോഷം.
തുടര്‍ന്നു പ്രസംഗിച്ച മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു. മാളു ഷെയ്ക്ക എന്ന പേരിലെ ഷെയ്ക്ക എന്ന അറബി വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ചാണ് അവളെ രാജകുമാരി എന്നു വിശേഷിപ്പിച്ചത്. 

ഷെയ്ക്ക് എന്നാല്‍ രാജാവ്, രാജകുമാരന്‍. ആ വാക്കിന്റെ സ്ത്രീലിംഗമാണ് അറബി ഭാഷയില്‍ ഷെയ്ക്ക. മാളു രാജകുമാരിയാണ്. ഇരുപതു വര്‍ഷം കൊണ്ട് നൂറു വര്‍ഷത്തെ ജീവിതം അനുഭവിച്ച തീര്‍ത്തവള്‍.

അവളുടെ ഓരോ വിജയവും മാതൃകയാണ്. മമ്മൂട്ടി പറഞ്ഞു. ആര്‍ക്കും ആവേശവും ആത്മവിശ്വാസവും സമ്മാനിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മാതൃക. ചടങ്ങ് പൂര്‍ത്തിയായി എല്ലാവരും പിരിഞ്ഞ് പിന്നെയും ഏറെ നേരം ഈ വാക്കുകളും നിറഞ്ഞ സദസ്സിന്റെ കരഘോഷവും കുസാറ്റിലെ സെനറ്റ് ഹാളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക