Image

ആസ്വാദകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ദിലീപ് ഷോയ്‌ക്കെതിരെ പാഴ് പ്രചാരണം (എ.എസ് ശ്രീകുമാര്‍)

Published on 29 March, 2017
ആസ്വാദകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ദിലീപ് ഷോയ്‌ക്കെതിരെ പാഴ് പ്രചാരണം (എ.എസ് ശ്രീകുമാര്‍)
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സഹൃദയ മനസിലേയ്ക്ക് ചിരിയുടെ പൂരം തീര്‍ക്കാനെത്തുന്ന ജനപ്രിയ നടന്‍ ദിലീപിനെതിരെ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്ക് അര്‍ഹിക്കുന്ന അവഗണന. അമേരിക്കന്‍ മലയാളികളുടെ മൊത്തം പ്രതിനിധിയെന്ന ലേബലില്‍ ഒരാള്‍ പടച്ചുവിട്ട പോസ്റ്റ് അദ്ദേഹത്തിന്റെ വ്യക്തി താത്പര്യത്തിന്റെ പേരില്‍ മാത്രമാണെന്ന് 'ദിലീപ് ഷോ-2017' നടത്തുന്ന സംഘാടകര്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഏഴ് ലക്ഷത്തോളം മലയാളികള്‍ ഉണ്ട്. ഇവരില്‍ മൃഗീയ ഭൂരിപക്ഷവും അടിസ്ഥാനമില്ലാത്ത ഈ ദുരാരോപണങ്ങള്‍ ചവറ്റുകുട്ടയിലിട്ടുവെന്നാണ് മനസിലാക്കുന്നത്. തന്റെ ചില സ്ഥാപിത ഇഷ്ടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ വേദനയാണിയാള്‍ പോസ്റ്റിലൂടെ കരഞ്ഞ് തീര്‍ത്തതെന്ന്, ഇതിനോടകം തന്നെ ദിലീപ് ഷോയെ നെഞ്ചേറ്റിയ ആസ്വാദക ലക്ഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ദിലീപ് ഷോ തങ്ങള്‍ ബഹിഷ്‌കരിക്കുന്നുവെന്നവകാശപ്പെടുന്ന കഴമ്പില്ലാത്ത പോസ്റ്റിനെ പൊതുജനം തന്നെ ബഹിഷ്‌കരിച്ചിരിക്കുകയാണിപ്പോള്‍.

മലയാളികളെ ആവോളം ചിരിപ്പിക്കുകയും കണ്ണീരിറ്റിക്കുന്ന കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയിലൂടെ നോവിക്കുകയും മാതൃകാ വേഷങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന അനുഗ്രഹീത നടന്‍ ദിലീപും സംഘവും, വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് അമേരിക്കയിലെമ്പാടും ഏറെ സസ്‌പെന്‍സുള്ള സ്റ്റേജ് ഷോയുമായെത്തുന്നത്. ദിലീപിനൊപ്പം കാവ്യാ മാധവന്‍, നമിതാ പ്രമോദ്, നാദിര്‍ഷാ, റിമി ടോമി, രമേശ് പിഷാരടി, ധര്‍മജന്‍, ഹരീശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി പ്രേക്ഷക ഹൃദയം കവര്‍ന്ന  വന്‍ താരനിരതന്നെയുണ്ട്. അമേരിക്കയിലെ പ്രശസ്തമായ ഇടങ്ങളില്‍ 16 ഷോകളാണ് അരങ്ങേറുന്നത്. ഷോയോടുള്ള ആവേശകരമായ പ്രതികരണത്തിന്റെ തെളിവായി മിക്കയിടത്തും ടിക്കറ്റുകള്‍ക്കായി വന്‍ തിരക്കുണ്ടെന്ന് സംഘാടകര്‍ പറയുന്നു. 2010ല്‍ ഫിലഡല്‍ഫിയയില്‍ താരാ ആര്‍ട്‌സ് വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ദീലീപ് ഷോ വന്‍ വിജയമായിരുന്നു. ഇത്തവണത്തെ  ഷോയ്ക്ക് അമേരിക്കയിലെമ്പാടും സഹൃദയരുടെ അണമുറിയാത്ത സാന്നിധ്യമുണ്ടാവുമെന്ന് ഫിലഡല്‍ഫിയയിലെ സംഘാടകനായ ബെന്നി കൊട്ടാരത്തില്‍ അറിയിച്ചു. 

അമേരിക്കന്‍ മലയാളികളുടെ പേരില്‍ പോസ്റ്റ് ഇട്ടയാള്‍ ഒരുകാര്യം മനസിലാക്കണം, സോഷ്യല്‍ മീഡിയ എന്നത് എന്ത് തോന്നിയവാസത്തിനും വ്യക്തിഹത്യയ്ക്കുമുള്ള പ്ലാറ്റ്‌ഫോം അല്ല എന്ന കാര്യം. ഇവിടെ ദിലീപിന്റെ വ്യക്തിപരമായ ചില ജീവിത വിഷയങ്ങല്‍ ചികഞ്ഞെടുത്തുകൊണ്ടാണ് ഇയാള്‍ ധാര്‍മിക രോഷം പ്രകടിപ്പിക്കുന്നത്. ഇന്നേ നിമിഷം വരെ ദിലീപിനെതിരെ യാതെരു തരത്തിലുമുള്ള നിയമ നടപടിയുണ്ടായിട്ടില്ല. അറസ്റ്റ്, തെളിവെടുപ്പ്, കുറ്റപത്രം കൊടുക്കല്‍, വിചാരണ, ശിക്ഷ എന്നീ നിയമ നടപടികള്‍ക്കൊന്നും അദ്ദേഹം വിധേയനായിട്ടില്ല. ആരോപിക്കപ്പെട്ട കുറ്റള്‍ക്ക് തെളിവുകളുമില്ല. ഇക്കാര്യം ദിലീപും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ആവര്‍ത്തിച്ചിട്ടുള്ളതാണ്. നിലവാരമില്ലാത്ത മാധ്യമങ്ങളില്‍ വരുന്ന അബദ്ധജടിലമായ വാര്‍ത്തകളുടെ പേരില്‍ ഒരു കലാകാരന്‍, അത് ദീലീപോ ആരുമായിക്കൊള്ളട്ടെ ക്രൂശിക്കപ്പെടാന്‍ പാടില്ല. കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ മാധ്യമ ധര്‍മത്തെ മാനിക്കാത്ത മഞ്ഞപ്പത്രക്കാരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തങ്ങള്‍ ചോദിച്ച പണം കിട്ടിയില്ലെങ്കില്‍ ആ വ്യക്തിയെ എഴുതി നാറ്റിക്കുന്ന ജീര്‍ണിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്യംനിന്നുപോകുന്ന കൂലിയെഴുത്തുകാരും നമ്മുടെ പരിഷ്‌കൃത സമൂഹത്തിലുണ്ട്. അത്തരം വ്യാജ സദാചാരക്കാരെ തിരിച്ചറിഞ്ഞ് മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തുകയും വേണം.

ഊഹാപോഹങ്ങളും ഗോസിപ്പുകളും കൊണ്ട് സെലിബ്രിറ്റികളെ മോശപ്പെടുത്തുന്ന തരംതാണ പ്രക്രിയ പണ്ടേയുണ്ട്. അതൊരു സുഖമാണ്, ചികില്‍സ ഫലിക്കാത്ത മാനസിക രോഗവും. ഇന്ന് നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതയിലും സൗകര്യത്തിലും അത് വേഗത്തില്‍ പരസ്യപ്പെടുന്നു. ദിലീപിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സിനിമാ വ്യവസായത്തിലെ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് ആക്ഷേപിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്ത സംവിധായകരും നിര്‍മാതാക്കളും ക്വൊട്ടേഷന്‍ കൊടുക്കുന്നവരാണ് ഈ അസംബന്ധ പ്രചാരണ വേലകളുടെ വഴിവാണിഭക്കാര്‍. ഇത് കൃത്യമായ ഗൂഢാലോചനയാണെന്നും ദിലീപ് ഷോയെ ഈ കുപ്രചരണങ്ങള്‍ യാതൊരു തരത്തിലും ബാധിക്കില്ലെന്നും സംഘാടകര്‍ ഉറപ്പ് തരുന്നു. മാത്രമല്ല ദിലീപ് എന്ന താരത്തിലും നമുക്ക് വിശ്വാസമുണ്ട്. പ്രശസ്തനായ ഒരാളെപ്പറ്റി പിതൃത്വമില്ലാത്ത അപവാദം പറഞ്ഞ് പരത്തുമ്പോള്‍ പറയുന്നയാളും ശ്രദ്ധിക്കപ്പെടും. ഇത് ക്രൂരമായ വിനോദവും അനര്‍ഹമായ പബ്ലിസിറ്റിയുമാണ്. ദിലീപിനെ മോശമായി ചിത്രീകരിച്ചതുകൊണ്ട് ഇപ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകാരനും പബ്‌ളിസിറ്റി കിട്ടി. ഇത്തരം സമീപനങ്ങളാണ് നവമാധ്യമങ്ങളുടെ തീരാശാപം.

സമൂഹത്തിന് ശല്യമില്ലാതെ സ്വന്തം ജോലി ചെയ്ത് ജീവിക്കുന്നവര്‍ക്കെതിരെയുള്ള കൊതിക്കെറുവിന്റെ കമന്റുകള്‍ സമാന രോഗമുള്ളവര്‍ക്കും പ്രോല്‍സാഹനമാണെന്നോര്‍ക്കുക. ''എന്നെ വളര്‍ത്തിയത് പ്രേക്ഷകരാണ്. എന്റെ കഥാപാത്രങ്ങളെ കണ്ടുകൊണ്ടാണ് അവര്‍ എന്നെ ഇഷ്ടപ്പെട്ടത്. എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചതിന്റെ സത്യാവസ്ഥകള്‍ എന്തെന്ന് ഞാനും സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കറിയില്ല. ജീവിതത്തില്‍ പല പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം തരണം ചെയ്യാനുള്ള കരുത്ത് തരുന്നവരില്‍ എന്റെ പ്രേക്ഷകരും ഉണ്ട്...'' ദിലീപ് പ്രതികരിച്ചു. ദിലീപ് ഷോ കൂടുതലും നടക്കുന്നത് അമേരിക്കന്‍ മലയാളികളുടെ ആത്മീയ സ്ഥലങ്ങളായ പള്ളികളിലും അമ്പലങ്ങളിലുമാണ്. അതായത് ദേവാലയ സാന്നിധ്യത്തിന്റെ ഇരിപ്പിടങ്ങളില്‍. പ്രമുഖമായ അസോസിയേഷനുകള്‍ ഒരുക്കുന്ന വേദികളിലും പരിപാടി അവതരിപ്പിക്കപ്പെടും. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ചുകൊണ്ടുള്ള ഷോയില്‍ നിന്ന് കിട്ടുന്ന ലാഭവിഹിതം സമൂഹത്തിലെ അശരണരും നിരാലംബരും നിര്‍ധനരുമായവരുടെ നൊമ്പരങ്ങള്‍ക്കുള്ള പരിഹാര സഹായമാകും. അത്തരത്തില്‍ ഒരു ജീവകാരുണ്യത്തിന്റെ തെളിച്ചവും തുടിപ്പും ഈ ഷോയ്ക്കുണ്ട്. ജാതി-മത ഭേദമെന്യേ തികച്ചും മതേതരമായ കാഴ്ചപ്പാടോടെയാണ് ദിലീപ് ഷോ-2017 സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. 

ഇതിനുമുമ്പ് ദിലീപും സംഘവും അമേരിക്കയില്‍ നടത്തിയ ഷോകള്‍ പ്രേക്ഷക ഹൃദയം കവര്‍ന്നവയാണ്. ചേരുവകള്‍ക്ക് ഒരു കുറവും വരുത്താതെയാണ് ഈ കലാ സംഘം വീണ്ടും നമ്മെ രസിപ്പിക്കാന്‍ വരുന്നത്. അമേരിക്കന്‍ മലയാളികളുടെ ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടിക്കാന്‍ എത്തുന്ന അരസികന്‍മാരുടെ ആരും മാനിക്കാത്ത പോസ്റ്റുകള്‍ അവിടെക്കിടക്കട്ടെ. തിരക്കുപിടിച്ച ഈ കര്‍മഭൂമിയിലെ ജീവിത വ്യാപാരത്തിനിടയില്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍...മനം നിറഞ്ഞ് ചിരിക്കാന്‍...ടെന്‍ഷനും പ്രയാസങ്ങളുമകറ്റാന്‍...ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്ന്‍മെന്റിന്റെ ശുഭസായാഹ്നമറിയിച്ചെത്തുന്ന ദിലീപിനെയും അദ്ദേഹത്തിന്റെ പ്രൊഫഷല്‍ ടീമംഗങ്ങളെയും വഴുമുടക്കി പോസ്റ്റുകളില്‍ തട്ടിവീഴാതെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യാം...ശേഷം ഭാഗം സ്റ്റേജില്‍... 

ആസ്വാദകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ദിലീപ് ഷോയ്‌ക്കെതിരെ പാഴ് പ്രചാരണം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
sathyavaan 2017-03-29 07:10:06
ദിലീപ് ഷൊ നടത്തുന്നവരെ ചൊറിയേണ്ട കാര്യമൊന്നും ഇ-മലയാളിക്കില്ല. ദിലീപിനെതിരെ ജനവികാരം ഉണ്ടെന്നത് ഒളിച്ചു വച്ചിട്ടു കാര്യമില്ല 
Boycott 2017-03-29 07:24:41
അമേരിക്കയിലെ ഭക്തവർഗ്ഗമാണ്  ധാർമ്മികത നഷ്ട്പ്പെട്ട ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുനന്ത്. ശ്രീകുമാർ വെറുതെ ആസ്വാദകരുടെ തലയിൽ കെട്ടി വൈയ്ക്കാൻ നോക്കാതെ വേറെ എവിടെങ്കിലും ഈ നാറ്റ ട്രൂപ്പിനെ ചിലവാക്കാൻ നോക്ക്
ദൈവദാസൻ മാത്തു 2017-03-29 08:09:15
മൂന്നു പ്രാവശ്യം വിവാഹം കഴിച്ചു രണ്ടു പ്രാവശ്യം വിവാഹമോചനം നേടി  പന്ത്രണ്ട് പെണ്ണുങ്ങളെ പീഡിപ്പിച്ച ട്രംപിനെ പിടിച്ചു പ്രസിഡണ്ടടാക്കാൻ എൺപത് ശതമാനം കൃത്യാനിക്ക് കഴിഞ്ഞെങ്കിൽ വെറുതെ എന്തിനാ നിങ്ങൾ ദിലീപിന്റെ ഷോ കലക്കുന്നേ അയാൾ ഒരു വിവാഹം മോചനം രണ്ടു വിവാഹം പിന്നെ ഭാവനയില്ലാതെ ചിലർ പറഞ്ഞു പരത്തുന്ന തട്ടിക്കൊണ്ടു പോകൽ കഥയും അല്ലെ ഉള്ളു.  കർത്താവിന്റെ നാമത്തിൽ നിങ്ങൾ ക്ഷമിച്ചു കർത്താവിന്റെ പേരിൽ പണിയുന്ന പള്ളികൾക്ക്, ദിലീപ് എന്ന ദൈവദാസൻ നടത്തുന്ന ഷോയിൽ പങ്കെടുത്തു അതിനെ വിജയിപ്പിക്കുക. നിങ്ങളും നിങളുടെ കുടുംബവും അനുഗ്രഹിക്കപ്പെടും

Philiph 2017-03-29 08:42:37
പാവപെട്ട ദിലീപിനെയും ഭാര്യയെയും , റിമി ടോമി യെയും ഒക്കെ സഹായിക്കണം....അമേരിക്കൻ മലയാളികൾ പാവങ്ങളെ സഹായിക്കുന്നതിൽ ഒട്ടും മടി കാണിക്കാറില്ല... പിന്നെ നമ്മുടെ ആത്മീയ നേതൃത്വം , പള്ളികൾ ഒക്കെ നിലനിൽക്കുന്നത് ഇങ്ങനെ ഉള്ള ഷോ നടത്തിയാണ്....കർത്താവിന്റെ രണ്ടാമത്തെ വരവിനു നോക്കി പാർക്കുന്ന ഒരു സമൂഹം ഇതൊക്കെ അല്ലാതെ എന്ത് ചെയ്യും...
Badabhai 2017-03-29 12:25:01
ദിലീപ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗോപാലകൃഷ്ണന്‍ പദ്മനാഭ പിള്ളൈ പഴയ ധിലീപല്ല. അദ്ദേഹം ഇന്നു ഒരു മാടമ്പി ആണ്. ഫിലിം നിര്‍മാതാവ്, സിനിമാ അഭിനയം, വിതരണം, എന്ന് വേണ്ട ആര് അഭിനയിക്കണം ആരെ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനം എടുക്കുന്ന വ്യക്തി ആയി മാറിയിരിക്കുന്നു. ഇതു കൂടാതെ പൊതു സ്ഥലം കയ്യേറി പെരുമ്പാവൂരില്‍ ഉള്ള ഒരു തിയേറ്റര്‍ ഉടമ കൂടിയാണ്. തന്നെക്കാള്‍ പതിനാറു വയസ്സ് ഇളെതായ നടിയെ വിവാഹം കഴിച്ചു ഏപ്രില്‍ മാസത്തില്‍ അമേരിക്കയിലേക്ക്‌ മധുവിധുവിനു വരുവാനുള്ള പുറപ്പാടിലാണ്‌. ഒരു സഹ കലാകാരിയെ എങ്ങിനെയെല്ലാം ഒതുക്കാമോ അതെല്ലാം ചെയ്ത ജനപ്രിയ നായകാ നമോവാകം. ഇത്തിരിയെങ്കിലും മനുഷ്യത്വം ഉള്ള ഒരു അമേരിക്കന്‍ മലയാളിയും ഇതുമായി സഹകരിക്കരുത്. അമേരിക്കന്‍ മലയാളിക്ക് ചിരിക്കാന്‍ വേറെ എന്തെല്ലാം വഴികള്‍ കിടക്കുന്നു. എവെന്റെയൊക്കെ കോപ്രായം കണ്ടിട്ട് മതിയോ. കേരളത്തിലെ പോലീസോ നീതിന്യായ വ്യവസ്ഥിതിയോ ഇവരെപ്പോലെ ഉള്ളവരെ ഒന്നും ചെയ്യാന്‍ പോകുന്നില്ല.. പണമാണ് ഇവനയോക്കെ മാടമ്പി ആക്കുന്നത്. അതില്ലെങ്കില്‍ താനെ ഒതുങ്ങികോളും. ഇങ്ങനെയെങ്കിലും നമ്മുടെ ധാര്‍മിക രോഷം പ്രകടിപ്പിക്കുക, പ്രതികരിക്കുക. Make America GreaT !!! ബഡാഭായ്
2017-03-30 08:23:31
ദിലീപ് എന്ന ആക്ടറിൻറെ വേദിയിലുള്ള പ്രകടനം കാണാനാണ് ടിക്കറ്റ് എടുത്തു പോകുന്നത്. ഗോപാലകൃഷ്ണന്റെ വീട്ടിലെ പ്രകടനം കാണാനല്ല. അയാൾ വ്യക്തി ജീവിതത്തിൽ എന്തായാലും, അത് ഒരു ആസ്വാദകന് എന്തു വത്യാസം?

അറിയപ്പെടുന്ന സിനിമാ നടന്മാർക്കും നടികൾക്കും, സ്പോർട്സിൽ ഉള്ള വ്യക്തികൾക്കും, സാഹിത്യകാരന്മാർക്കും, രാഷ്ട്രീയക്കാർക്കും ഒക്കെ എന്തെങ്കിലും വീക്നെസ് ഉണ്ടാകും. വെള്ളമടിയോ, പെണ്ണുങ്ങളുടെ പിന്നാലെയുള്ള ഓട്ടമോ, കാശിനോടുള്ള ആർത്തിയോ, അങ്ങനെ എന്തെങ്കിലും...

നിങ്ങൾ എന്തിനാ അവരെ റോൾ മോഡൽ ആക്കുന്നത്? അവിടെയാണ് പ്രശ്‌നം...
അവരുടെ വ്യക്തി ജീവിതവും, അവർ ചെയ്യുന്ന ജോലിയും കൂട്ടികുഴക്കരുത്. എന്നാൽ എല്ലാം ശുഭം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക